ഇരുപത്തിയൊന്ന്‌

തലയുംകുമ്പിട്ട്‌ എന്തോ കാര്യമായി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്‌ അയാൾ വന്നത്‌. അയാൾക്കുമുമ്പേ മദ്യത്തിന്റെ മണമെത്തി. കപ്പലിൽ കരീബിയൻ-റെസ്‌റ്റോറന്റിലെ ‘ചെഫ്‌ ’ആണ്‌. അയാൾ സ്വയം പരിചയപ്പെടുത്തി. “ഇന്നു വൈകുന്നേരം ‘ഫ്രീ’യാണോ? ആണെങ്കിൽ ഒന്നിച്ചു ചെലവഴിക്കാം കുറെ സമയം. വരില്ലേ?”

വിഷ്ടിക്കാകെ പെരുത്തു കയറി. ഇത്തരം അടുക്കലുകൾ ആദ്യമായൊന്നുമല്ല. അന്നെല്ലാം എന്തെങ്കിലും ഒഴിവുപറഞ്ഞ്‌ കമിതാക്കളെ പിന്തിരിപ്പിച്ചിട്ടുണ്ട്‌. പക്ഷെ അതെല്ലാം വലിയൊരു ലോകത്തിൽ. ഉറച്ച മണ്ണിൽ. ഇത്‌ വളരെ ചെറിയ ലോകം. അടിയിളകുന്ന ആട്ടക്കളം. എവിടെക്കോടിയാലും എവിടെ ഒളിച്ചാലും തിരിച്ചെത്തുന്നത്‌ ഗുഹാമുഖത്തുതന്നെയായിരിക്കും.

“ഇല്ല. സോറി. എനിക്കൊഴിവില്ല,” അവൾ കഷ്ടി പറഞ്ഞുതീർത്തു.

“അതിനെന്ത്‌? ഇന്നില്ലെങ്കിൽ വേണ്ട. നാളെ? മറ്റന്നാൾ?” അയാൾ വിടുന്ന മട്ടിലല്ലായിരുന്നു.

“ഒഴിവുള്ളപ്പോൾ പറയാം.” വേറൊരു മറുപടി അവൾക്കപ്പോൾ തോന്നിയില്ല.

“പ്രോമിസ്‌? പറയില്ലേ?” ആടിയാടി അയാൾ എഴുന്നേറ്റുപോയി. “വീണ്ടും കാണാം. വീണ്ടും കാണാം,” അയാൾ ഉരുവിട്ടുകൊണ്ടിരുന്നു.

തത്‌ക്കാലം സൊല്ലയൊഴിഞ്ഞെങ്കിലും ഇതാവർത്തിച്ചേക്കും. മനസ്സു മന്ത്രിച്ചു. ഇയാളല്ലെങ്കിൽ വേറൊരാൾ. ഒരു ചക്രവ്യൂഹം ഉരുത്തിരിഞ്ഞുവരുന്നത്‌ അവളറിഞ്ഞു. സൂക്ഷിക്കണം. ഓരോ കാൽവയ്പും സൂക്ഷിച്ചുവേണം. ചുറ്റും കടലാണ്‌. അടിതെറ്റിയാൽ ആഴിത്തട്ടിൽ.

വീണ്ടും കണ്ടു അയാളെ. അവളുടെ അവഗണന അയാൾക്കേറ്റിരിക്കണം. അയാൾ അടുക്കാൻ മുതിർന്നില്ല.

വിഷ്ടിയുടെകൂടെ കാബിനിൽ വേറൊരു പെണ്ണുമുണ്ട്‌. സോഫിയ. അമേരിക്കക്കാരിയാണ്‌. കപ്പലിലെ ക്ലബ്ബുകളിലൊന്നിൽ ആതിഥേയയായി പണിയെടുക്കുന്നു. അൽപം അഹങ്കാരമുണ്ടെങ്കിലും വയ്യാവേലിക്കൊന്നുമില്ല. അവൾക്ക്‌ രാത്രിയാണു ഡ്യൂട്ടി മിക്കപ്പോഴും. തമ്മിൽ കാണുന്നതേ അപൂർവം. പ്രഭാതത്തിൽ ഏതാനും മണിക്കൂർ മാത്രം ഒന്നിച്ച്‌. വല്ലപ്പോഴും പകൽസമയത്തു മുറിയിൽവന്നാലും കണ്ടെന്നിരിക്കും. കാണുമ്പോഴൊക്കെ ചെവിയിൽ ഹെഡ്‌ഫോണും കുത്തി പാട്ടുകേൾക്കുകയായിരിക്കും. പേരിനു കയ്യിൽ ഒരു പുസ്തകവുമുണ്ടാകും. തമ്മിലൊരു ‘ഹായ്‌’. അതാണു പതിവു സംസാരം.

ആഴ്‌ചയിലൊരിക്കൽ ഒഴിവുകിട്ടും. അന്നാണ്‌ വിഷ്ടിക്ക്‌ സോഫിയയെ നേരെചൊവ്വെ കാണാൻ കഴിയുക. എന്തെങ്കിലും ചോദിച്ചാൽ കുഴഞ്ഞ മൃദുസ്വരത്തിൽ മൂക്കുകൊണ്ട്‌ മറുപടി കിട്ടും. വിഷ്ടിക്ക്‌ പലപ്പോഴും ചോദ്യം ആവർത്തിക്കേണ്ടിവരും. കരീബിയൻ-ഇംഗ്ലീഷിന്റെ മേന്മ.

തികച്ചും സുഖകരമായ താമസം. ആഹാരം. വ്യായാമത്തിനും വിശ്രമത്തിനും നേരംപോക്കിനുമുള്ള സൗകര്യങ്ങൾ. എല്ലാത്തിനും യന്ത്രസാമഗ്രികൾ. എങ്കിലും എന്തിന്റെയോ കുറവ്‌. പണിയുള്ള ദിവസങ്ങളിൽ ഒന്നുമറിഞ്ഞില്ല. ഒഴിവുദിവസങ്ങൾ അസഹ്യമായിത്തുടങ്ങി.

കാര്യമായൊന്നും ചെയ്യാനില്ലാത്തപ്പോൾ വിഷ്ടി കടലുംനോക്കിയിരുന്നു.

നിമിഷംപ്രതി സ്വന്തം വീട്ടിൽനിന്നും വീട്ടുകാരിൽനിന്നും അകലുന്നു. അലയാഴിയെപ്പോലെ തന്റെ മനസ്സും പൊങ്ങിത്താഴുന്നു. ഒരു കാറ്റടിച്ചാൽ ഓളംതള്ളൂം. ആകാശം ചിരിച്ചാൽ കടലും ചിരിക്കും. കൺവെട്ടത്തൊന്നും കരയില്ല. ഏതോ ലക്ഷ്യംവച്ചു നീങ്ങുന്നു. കാണാപ്പൊന്നിനു പോകുന്നു.

കപ്പിത്താൻ ആ വഴി വന്നത്‌ അവളറിഞ്ഞില്ല. ഞെട്ടിത്തിരിഞ്ഞ്‌ അഭിവാദ്യം ചെയ്തു. ‘നോർവീജിയ’നാണ്‌. അവർ കടലിന്റെ മടിയിൽ പിറന്നുവീണവർ. ജന്മനാ കപ്പലോട്ടക്കാർ. എട്ടടി ഉയരമുണ്ടാകും കപ്പിത്താന്‌. വ്യായാമംചെയ്തു മെരുക്കിയ ശരീരം. കാറ്റിൽ വെള്ളിത്തലമുടി പാറിക്കളിക്കുന്നു. വയസ്സേറെച്ചെന്നെങ്കിലും യൗവനം ബാക്കിനിൽക്കുന്നു.

“കരീബിയനാണല്ലേ?” അദ്ദേഹം കുശലംചോദിച്ചുകൊണ്ട്‌ കയ്യിലുള്ള ചോളപ്പൊരി നീട്ടി. “എങ്ങിനെയുണ്ടു ജോലി?”

“പ്രശ്നങ്ങളൊന്നുമില്ല,” വിഷ്ടി ഭവ്യതയോടെ പറഞ്ഞു.

“എന്തെങ്കിലുമുണ്ടെങ്കിൽ ഓഫീസറെ അറിയിക്കണം. കപ്പലിൽ ചെറിയ പ്രശ്നങ്ങൾ വലുതാകാൻ നിൽക്കരുത്‌.” കപ്പിത്താൻ നടന്നുനീങ്ങി.

ഈ കൊട്ടാരം മുഴുവൻ ഈ മനുഷ്യന്റെ വരുതിയിലാണ്‌. പണ്ടൊക്കെ കപ്പലിനുള്ളിലെ കലാപക്കാരെ വെടിവച്ചുവീഴ്‌ത്താൻവരെ അധികാരമുണ്ടായിരുന്നവർ കപ്പിത്താൻമാർ. കപ്പലിൽവച്ച്‌ ആരെങ്കിലും മരിച്ചാൽ മരണസർട്ടിഫിക്കറ്റ്‌ എഴുതാം. മൃതദേഹം കടലിൽതള്ളി സൈറൻമുഴക്കി കപ്പലൊരു വലവുംവച്ചാൽ കാര്യംതീർന്നു. ആവശ്യമെങ്കിൽ വിവാഹസർട്ടിഫിക്കറ്റും ഒപ്പിടാം. പകർച്ചവ്യാധിയുള്ളവരെയും ഭ്രാന്തുമുഴുത്തവരെയും ഒറ്റയ്‌ക്കു പാർപ്പിക്കാം. അത്യാധുനികസജ്ജീകരണങ്ങളുണ്ടെങ്കിലും ഇന്നും കപ്പിത്താൻമാരുടെ ഉത്തരവാദിത്വത്തിനു യാതൊരു കുറവുമില്ല. ആത്യന്തികമായി കപ്പൽ കപ്പിത്താന്റേതാണ്‌.

കപ്പിത്താനെ കണ്ടതിനുശേഷം വിഷ്ടിയുടെ ആത്മധൈര്യമുയർന്നു. തന്നെ കാക്കാൻ ഒരു ശക്തി ഇതിനുള്ളിലുണ്ട്‌. താൻ നിരാലംബയല്ല. താനെടുത്ത തീരുമാനം തെറ്റുമല്ല. മുന്നോട്ടുവച്ച കാൽ മുന്നോട്ടു തന്നെ.

ഒരു മൂളിപ്പാട്ടുംപാടി മുറിയുടെ കതകുതുറക്കുമ്പോൾ സോഫിയ കിടക്കയിൽ ചുരണ്ടുകിടക്കുന്നു. ആദ്യം ഉറങ്ങുകയാണെന്നാണു വിചാരിച്ചത്‌. മുക്കും മൂളലും കേട്ടപ്പോൾ അടുത്തുചെന്നുനോക്കി. എന്തോ പന്തികേടുണ്ടെന്നു തോന്നി. തൊട്ടുനോക്കുമ്പോൾ കടുത്ത പനി. കാര്യമെന്തെന്നു തിരക്കി. സംസാരിക്കാൻകൂടി പ്രയാസം. ടെലിഫോൺനമ്പർ കണ്ടെടുത്ത്‌​‍്‌ ആസ്പത്രിയിലെ ഡോക്ടറെ വരുത്തി.

ആസ്പത്രിക്കിടക്കയിൽ മൂന്നുനാൾ അവൾ പനിച്ചു കിടന്നു. സമയംകിട്ടുമ്പോഴെല്ലാം വിഷ്ടി ചെന്നു നോക്കും. ഡോക്ടർമാർ വിഷ്ടിയെ വിലക്കി. കപ്പലിൽ രോഗം പടരരുതല്ലോ.

തിരിച്ചുവന്നിട്ടും സോഫിയ ക്ഷീണിതയായിരുന്നു. ഒരു സഹോദരിയെ എന്നപോലെ വിഷ്ടി അവളെ പരിചരിച്ചു. മുടി ചീകിക്കൊടുക്കും. പുതപ്പിച്ചുകൊടുക്കും. പഥ്യാഹാരം പകർന്നുകൊടുക്കും. ഒരാഴ്‌ച കഴിഞ്ഞപ്പോൾ അവൾ പഴയ മട്ടിലെത്തി. പണിയും തുടങ്ങി.

വിഷ്ടിക്കും സന്തോഷമായി. സോഫിയ അവളുമായി കാര്യമായടുത്തു. കുറച്ചിടകിട്ടിയാൽ അവർ വർത്തമാനം പറഞ്ഞിരിക്കും. പൊട്ടിച്ചിരിക്കും. പാട്ടുപാടും. അന്യോന്യം കളിയാക്കും.

അവരിരുവരും കടൽജീവിതം തികച്ചും ആസ്വദിച്ചു തുടങ്ങി.

Generated from archived content: vishtikkoru21.html Author: g_narayanaswamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English