പതിമൂന്ന് ശുഭനമ്പറായി മാറട്ടെ

ഇന്‍ഡ്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നു.

പതിമൂന്ന് പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം നല്ല നമ്പറായി കണക്കാക്കുന്നില്ല . ജീസ്സസിനെ ഒറ്റുകൊടുത്തത് 13- ആ മത്തെ ശിക്ഷ്യനായ യൂദാസായിരുന്നു എന്നതാണ് പ്രധാനമായും ആ നമ്പര്‍ ഒഴിവാക്കേണ്ട ഒന്നായി അവര്‍ കണക്കാക്കുന്നത്. ഇന്‍ഡ്യയിലും ഏറെ നാളായി 13 -ആം നമ്പറിനെ ദൗര്‍ഭാഗ്യം പിടിച്ച നമ്പറായി കണക്കാക്കിത്തുടങ്ങിയിട്ടുണ്ട്. പല ഗസ്റ്റ് ഹൗസുകളിലും കോടതികളില്‍ പോലും 13 ആം നമ്പര്‍ കണ്ടെന്നു വരില്ല. പക്ഷെ 13 -ആം നമ്പറിനെ സ്നേഹിച്ച ഒരെമ്മല്ലെ കേരളത്തിലെ കഴിഞ്ഞ ഭരണകാലത്തുണ്ടായിരുന്നു. എല്ലാവരും കയ്യൊഴിഞ്ഞ 13- ആം നമ്പര്‍ ക്വാര്‍ട്ടേഴ്സ് മതി എന്നദ്ദേഹം നിര്‍ബന്ധം പിടിച്ചെത്രെ.

ഇവിടെ രാജ്യത്തിന്റെ പ്രഥമപുരുഷനായി പ്രണബ് മുഖര്‍ജി അധികാരമേല്‍ക്കുമ്പോള്‍ ആ നമ്പറുണര്‍ത്തുന്ന അശുഭചിന്തകള്‍ ആശങ്കയുണര്‍ത്തുന്നത് വേറെ പല കാരണങ്ങള്‍ കൊണ്ടാണ്. ഇന്ദിരാഗാന്ധിയുടെ കാലശേഷം മുതല്‍ ക്യാബിനറ്റില്‍ രണ്ടാം റാങ്ക് അലങ്കരിച്ച അദ്ദേഹത്തിന് ഒരിക്കലും പ്രധാനമന്ത്രി പദത്തിലേക്കെത്താന്‍ കഴിഞ്ഞില്ല. ഏറെക്കാലം ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ രാജ്യത്തിന് സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടികള്‍ക്ക് സമാധാനം പറയേണ്ട അവസ്ഥ പാര്‍ലമെന്റിനകത്തും ക്യാബിനറ്റിലും ഉണ്ടായിരുന്നു. രൂപയുടെ മൂല്യം ഇത്രമാത്രം ഇടിഞ്ഞ ഒരു സംഭവം ഇതിനുമുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. ഡോളറിന്റെ ക്രയവിക്രയ വില 60 രൂപയോളം എത്തിയെന്ന് പറയുമ്പോള്‍ രൂപയുടെ മൂല്യം അന്താരാഷ്ട്ര നിലയില്‍ പരിഹാസ്യമാം വിധം താഴ്ന്ന നിലയിലായിരുന്നു. ഒരു പരിഹാര നടപടിയെന്ന നിലയില്‍ ഭക്ഷ്യസാധനങ്ങള്‍ക്കും ഓയിലിനും സബ്സിഡി വെട്ടിക്കുറച്ചതും ചില രംഗങ്ങളില്‍ തീര്‍ത്തും ഇല്ലാതാക്കിയതും ഫലത്തില്‍ നിത്യോപയോഗസാധനങ്ങളുടെ വില കൂട്ടാനേ സാധിച്ചുള്ളു. രൂക്ഷമായ വിലക്കയറ്റം ജീവന്‍ രക്ഷാ മരുന്നുകള്‍ക്കു വരെ കൂട്ടിയപ്പോള്‍ സാധാരണക്കാര്‍ക്ക് അവയൊക്കെ അപ്രാപ്യമായി മാറി. അതോടൊപ്പം അവശ്യ സാധനങ്ങളുടെ പൂഴ്ത്തി വയ്പ്പും കരിഞ്ചന്തയില്‍ അവയൊക്കെ അമിതമായ വിലക്ക് ലഭ്യമാണെന്ന നില വന്നതും ധന വകുപ്പിന്റെ എന്നല്ല ഭരണകൂടത്തെ ആകെത്തന്നെ പ്രതിരോധത്തിലാക്കി. ഒരു രൂപക്കും രണ്ടു രൂപക്കുമൊക്കെ കേരളത്തിലും ചില സംസ്ഥാനങ്ങളിലും ബി. പി. എല്‍ കാര്‍ക്ക് അരി ലഭ്യമാണെങ്കിലും മറ്റ് ഭക്ഷ്യ സാധങ്ങള്‍ക്ക് തീവില കൊടുക്കണമെന്നാകുമ്പോള്‍‍ അരി വില കുറഞ്ഞതിന്റെ പ്രയോജനം ഫലത്തില്‍ ഇല്ലാതാവുന്നു.

ഇതിനൊക്കെ പുറമെയാണ് കല്‍ക്കരി ഖനികള്‍ സ്വകാര്യവ്യക്തികള്‍ക്ക് ലേലത്തിനു കൊടുത്തതിലെ അഴിമതി പുറത്തു വന്നത്. കഴിഞ്ഞ 2ജി സ്പ്രെക്ട്രം, കോമണ്‍ വെല്‍ത്ത് ഗയിംസ് നടത്തിപ്പ് ഇവയേക്കാളേറെ ഭീമമായ അഴിമതിയാണ് സി. എ. ജി റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നത്. ഈ ഉത്തരവദിത്വമൊക്കെ വഹിക്കേണ്ട ഒരാളെന്ന നിലയിലാണ് പ്രണബിനെ ഇന്‍ഡ്യ ആന്റി കറപ്ഷന്‍ മൂവ്മെന്റ് കാണുന്നത്. പക്ഷെ യു. പി എ യുടെ നോമിനേഷന്‍ ലഭിച്ചത് വഴി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുകയും കഴിഞ്ഞ ജൂലായ് 19 ലെ തെരെഞ്ഞെടുപ്പില്‍ വിജയിയാവുകയും ചെയ്തതോടെ പ്രണബ് മുഖര്‍ജിക്ക് ആരോപണങ്ങളില്‍ നിന്നെല്ലാം രക്ഷനേടാനായി എന്നു മാത്രമല്ല ഭരണഘടന പ്രസിഡന്റിനു നല്‍കുന്ന പരിരക്ഷ കാരണം ഒരാരോപണവും നില നില്‍ക്കുന്നതല്ല എന്നും വന്നു.

ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആരോപണ വിധേയനായ ഒരാള്‍ ഈ പരമോന്നത പദവിയിലേക്ക് ഉയര്‍ന്ന് വരുന്നത്. 13- ആം എന്ന നമ്പരിന്റെ ദൗര്‍ഭാഗ്യം വന്നത് മൂലമാണോ ഇതെല്ലാം എന്ന് ചില അണികളില്‍ നിന്നെങ്കിലും ചോദ്യമുയരുന്നുണ്ട്. ഇന്‍ഡ്യയുടെ രാഷ്ട്രപതിമാര്‍ക്ക് ക്യാബിനറ്റ് എടുക്കുന്ന തീരുമാനം അംഗീകരിച്ച് ഒപ്പു ചാര്‍ത്തിക്കൊടുക്കുക എന്നതൊഴിച്ച് പ്രത്യേകിച്ച് യാതൊരധികാരവും കൈകാര്യം ചെയ്യേണ്ടതില്ല എന്നതാണ് ഭരണഘടനയില്‍ അനുശാസിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഭരിക്കുന്ന ഗവണ്മെന്റിന്റെ റബ്ബര്‍ സ്റ്റാമ്പ് മാത്രമാണ് പരമോന്നത പദവിയിലിരിക്കുന്ന പ്രസിഡന്റ് എന്നു വരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിയന്താ‍രാവസ്ഥ പ്രഖ്യാപനം ഒപ്പിട്ടത് അര്‍ദ്ധരാത്രി സമയത്ത് അന്നത്തെ പ്രസിഡന്റ് കുളിമുറിയിലായിരുന്ന സമയത്തായിരുന്നു എന്നൊരാക്ഷേപം അന്ന് പ്രചരിച്ചിരുന്നു. ( കുളിമുറിയിലെ ബാത്ത് സബ്ബില്‍ കിടക്കുന്ന പ്രസിഡന്റ്റിന്റെ നേരെ അടിയന്തിരാവസ്ഥ ഫയല്‍ നീട്ടുന്നതും അതില്‍ ഒപ്പു ചാര്‍ത്തുന്നതുമായ ഒരു കാര്‍ട്ടൂണ്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ചതിനു ശേഷം പ്രസിദ്ധികരിച്ചത് അന്ന് പ്രമാദമായ വാര്‍ത്തയായിരുന്നു.

എങ്കിലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ക്യാബിനറ്റ് തീരുമാനം തൃപ്തികരമല്ലെങ്കില്‍ വിശദീകരണം ചോദിക്കാനോ അതല്ലെങ്കില്‍ ചോദിക്കാതെ തന്നെയോ മടക്കി വിടാനോ ഉള്ള അവകാശം പ്രസിഡന്റിനുണ്ട്. പക്ഷെ രണ്ടാമതും ക്യാബിനറ്റ് തന്നെ ആ തീരുമാനം പ്രസിഡന്റിന്റെ പക്കലേക്കയച്ചാല്‍ പ്രസിഡന്റിന് ഒപ്പു ചാര്‍ത്തുകയേ നിവൃത്തിയുള്ളു. അതാണ് ഭരണഘടന അനുശാസിക്കുന്നത്.

ഭരണകൂടവും പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച പ്രസിഡന്റ്മാരായിരുന്നു ഡോ. രാജേന്ദ്രപ്രസാദും ഡോ. എസ് രാധാകൃഷണനും. പ്രസിഡന്റിന്റെ വ്യക്തിത്വം കാത്തുസൂക്ഷിച്ച അപൂര്‍വം ചില പ്രസിഡണ്ടുമാരില്‍ ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ, ഡോ. എ. പി. ജെ അബ്ദുള്‍കലാം ഇവരും ഉള്‍പ്പെടുന്നു.

അഴിമതിയും സ്വജനപക്ഷപാതവും അതുമൂലം വന്നുപെട്ട വിലക്കയറ്റവും കരിഞ്ചന്തയും ഇവയെല്ലാം ഏറെക്കുറെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിനില്‍ക്കുന്ന സമയത്താണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യാനായി പ്രണബ് മുഖര്‍ജി പ്രസിഡന്റായി സ്ഥാനമേറ്റത് എന്നത് ഇപ്പോള്‍ ആന്റി കറപ്ഷന്‍ മൂവ്മെന്റിന്റെ പേരില്‍ സമരം നടത്തുന്നവര്‍ക്കും ആക്ഷേപം ഉന്നയിക്കാനുള്ള ഒരവസരമായി മാറി. രാജ്യത്ത് രാഷ്ട്രീയത്തിലും ഭരണത്തിലും കാര്യമായ പങ്കുവഹിച്ചയാള്‍ എന്ന നിലയില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവാനായ ഒരു പ്രസിഡന്റാണ് ഇപ്പോള്‍ ആ സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്ന് സമാധാനിക്കാം. 13 ഒരിക്കലും അശുഭനമ്പറല്ല എന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനുള്ള കരുത്തും ആര്‍ജ്ജവവും രാജ്യത്തിന്റെ പുതിയ പ്രസിഡന്റിന് ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ പുഴ. കോമിന്റെ പരശതം വായനകാര്‍ക്ക് എല്ലാ വിധ സ്വാതന്ത്ര്യദിന ആശംസകളും നേരുന്നു.

Generated from archived content: edito1_july31_12.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English