കലാം.. അണയാത്ത അഗ്നി

കാലം കരുതിവയ്ക്കുന്ന ചില സ്വപ്നങ്ങളുണ്ട്. അവ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് ചരിത്രമാകുന്നു. അത്തരമൊരു ചരിത്രമാണ് ഡോ. എ.പി.ജെ അബ്ദുള്‍ കലാം. ഒരു മനുഷ്യന്‍ നടന്നു തീര്‍ത്ത വഴികളെല്ലാം മായ്ച്ചുകളയാനാകാത്ത അടയാളങ്ങളായി തീരുന്നത് അപൂര്‍വമാണ്. കലാം നടന്നുതീര്‍ത്ത വഴികളും ഒരിക്കലും മായ്ച്ചുകളയാനാകാതെ തെളിഞ്ഞു തന്നെ നില്‍ക്കുമെന്നത് യാഥാര്‍ത്ഥ്യം.

എ.പി.ജെ. അബ്ദുള്‍കലാം ഇന്ത്യയെന്ന രാഷ്ട്രത്തിന് എന്തായിരുന്നു. പ്രശസ്തനായ ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, വേറിട്ട വഴിയിലൂടെ സഞ്ചരിച്ച രാഷ്ട്രപതി എന്നിങ്ങനെ പല രീതിയിലും നമുക്ക് കലാമിനെ തിരിച്ചറിയാം. എന്നാല്‍ ഇവയില്‍ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നോ ഈ അപൂര്‍വ വ്യക്തിത്വം. ഇപ്പറഞ്ഞ വിശേഷണങ്ങള്‍ക്കപ്പുറം മാനവീകതയുടെ മറ്റൊരു മുഖം കൂടിയായിരുന്നു കലാം. വെറും മിസൈല്‍മാന്‍ എന്നോ യുദ്ധോപകരണങ്ങളുടെ നിര്‍മാതാവ് എന്നോ കലാമിനെ ചെറുതാക്കിപ്പറയുന്നവര്‍ ഓര്‍ക്കേണ്ട ചില സത്യങ്ങളുണ്ട്. ഗവേഷണ രംഗത്ത് കലാം തെരഞ്ഞെടുത്ത വഴികളില്‍ ചിലത് മാത്രമാണ് ഇത്. ഒരു ശാസ്ത്രജ്ഞന്റെ പ്രാഥമിക കടമകളില്‍ ചിലത് മാത്രം.

അതിന് അപ്പുറമായിരുന്നു കലാമിന്റെ മനസും അന്വേഷണ ത്വരയും. രാമേശ്വരത്തിന്റെ മണ്ണില്‍ വളര്‍ന്ന കലാമിന്റെ മതേരത മനസിന് പകരം വയ്ക്കാന്‍ ഇന്ന് അപൂര്‍വ ജീവിതങ്ങളേ കാണൂ. അതുകൊണ്ടു തന്നെയാണ് ഇന്ത്യയിലെയും ഈ ലോകത്തിലെ തന്നെയും യുവജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശിയാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ മാത്രമല്ലെന്ന് പഠിപ്പിക്കാനും കഴിഞ്ഞത്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഭയപ്പെട്ടിരുന്നു കലാം. സ്‌നേഹം വേദനയെ കൊണ്ടുവരുമെന്ന തിരിച്ചറിവ് ജീവിതത്തില്‍ അദ്ദേഹത്തെ ഏകാകിയാക്കി. എന്നാല്‍ അദ്ദേഹം കരുതിവച്ച സ്‌നേഹം മുഴുവന്‍ പ്രതീക്ഷകളായി അദ്ദേഹം വരുംതലമുറയ്ക്ക് കൈമാറുകയായിരുന്നു. അതോടെ അദ്ദേഹത്തിന്റെ അഗ്നിച്ചിറകുകള്‍ ലോകത്തിന് ആവേശമായി മാറുകയും ചെയ്തു. ആ ആവേശം എന്നും മനസില്‍ സൂക്ഷിക്കുകയാണ് ഒരു ഇന്ത്യക്കാരന്‍ എന്ന രീതിയിലും ഒരു മനുഷ്യന്‍ എന്ന രീതിയിലും നാം ചെയ്യേണ്ടത്. കലാം എന്ന മഹാഗുരുവിന് നല്‍കുന്ന ദക്ഷിണ തന്നെയാകും അത്.

സ്വപ്നം കാണാന്‍ പഠിപ്പിച്ച… അത് യാഥാര്‍ഥ്യമാക്കാന്‍ ആവേശം നല്‍കിയ വലിയ മനുഷ്യന് നന്ദി പറയാതെ വയ്യ..

ആദരാഞ്ജലികളോടെ

പുഴ ഡോട് കോം

Generated from archived content: edit1_july28_15.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English