മാനവികത നെഞ്ചിലേറ്റിയ കര്‍മയോഗി

നീതിയും നിയമവും തമ്മിലുള്ള സമാന്തര സഞ്ചാരത്തിന്റെ അളവും ആഴവും അറിയാനാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ എന്നും ശ്രമിച്ചത്. നീതിബോധമില്ലാത്ത ഇടങ്ങളില്‍ നിയമത്തിന്റെ കരുത്തുമായി മാനവികത തേടുകയായിരുന്നു അദ്ദേഹം. നിയമജ്ഞന്‍ എന്നതിലുപരി ലോകത്തിന്റെ വേദനകള്‍ക്ക് മറുമരുന്നു തേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് അതിനാലാണ്. രാഷ്ട്രീയക്കാരനാകാന്‍ ആഗ്രഹിച്ചില്ലെങ്കിലും രാഷ്ട്രീയത്തിന്റെ വഴി അദ്ദേഹം ആദ്യം തെരഞ്ഞെടുത്തത് അതുകൊണ്ടു തന്നെയാണ്. വിചിത്രമെന്നു തോന്നാം ഒരുപക്ഷെ അടുത്ത തലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിതം. വേറിട്ട വഴികളിലൂടെയാണ് കൃഷ്ണയ്യര്‍ തന്റെ നീതിനിര്‍വഹണ ജീവിതത്തിന്റെ പടവുകള്‍ ഓരോന്നും ചവുട്ടിക്കയറിയത്. അതുകൊണ്ടു തന്നെയാണ് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു മടങ്ങിയപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും കാതും കണ്ണും കൂര്‍പ്പിച്ച് ലോകം കാത്തിരുന്നത്. ഇടതുപക്ഷ സഹയാത്രികനായി കമ്യൂണിസ്റ്റ് പാളയത്തില്‍ കഴിഞ്ഞപ്പോഴും താനൊരു കമ്യൂണിസ്റ്റല്ല എന്നു പറയാന്‍ ശേഷിയുണ്ടാക്കിയതും അദ്ദേഹത്തിന്റെ വേറിട്ട ചിന്തകള്‍ തന്നെ. രാഷ്ട്രീയം എന്നത് മാനവികതയാണ് എന്നു മാത്രമാണ് കൃഷ്ണയ്യര്‍ തിരിച്ചറിഞ്ഞത്. അതില്‍ കമ്യൂണിസവും ഗാന്ധിസവും ഹൈന്ദവത അടക്കമുള്ള എല്ലാ മതചിന്തകളും ഉള്‍ക്കൊള്ളുന്നു എന്ന വലിയ തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ രീതിയില്‍ ആരേയും ഉള്‍ക്കൊള്ളാനും ആരെയും തള്ളിപ്പറയാനും അദ്ദേഹത്തിന് കരുത്തുണ്ടായി എന്നതാണ് സത്യം. ആ കരുത്ത് ജീവിതത്തിന്റെ അന്ത്യ ദിനങ്ങള്‍ വരെ കൈമോശം വരാതെ കാത്തുസൂക്ഷിക്കാനും കൃഷ്ണയ്യര്‍ക്കായി. ഒരു മേല്‍വിലാസവുമില്ലാതെ ആലംബഹീനരുടെ നാവായി മാറാനും ഈ കര്‍മയോഗിക്ക് കഴിഞ്ഞു.

ചില നഷ്ടങ്ങള്‍ മനസിനെ ജീവിതകാലം വരെയും നൊമ്പരപ്പെടുത്തും. അവ നമ്മുടെ കരുത്തിനെ ചോര്‍ത്തിക്കളയും. അതു കൊണ്ടുതന്നെ കൃഷ്ണയ്യര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ടില്ലെന്ന് വിശ്വസിക്കുകയാണ് ശരി. നൊമ്പരപ്പെടുത്താതെ, കരുത്ത് ചോര്‍ത്തിക്കളയാതെ, കൊച്ചിയിലെ സദ്ഗമയില്‍ എന്നും അദ്ദേഹം ജീവിച്ചിരിക്കുന്നു എന്ന് കരുതാം..

എഡിറ്റര്‍

Generated from archived content: edit1_dec5_14.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English