ഏഴ്‌

ശനിയാഴ്‌ച രാവിലെതന്നെ അസീസ്‌ കാറും കൊണ്ടെത്തി. ഹിന്ദി സിനിമയിലെ ഒരു ബോംബെവില്ലന്റെ മട്ടും ഭാവവുമാണ്‌ അസീസിന്‌. പക്ഷെ പഞ്ചപാവം.

വഴിനീളെ കാഴ്‌ചകൾ കാട്ടിത്തന്നു. തലസ്ഥാനനഗരത്തിൽ കുറേനേരം ചുറ്റി. കാപ്പിരികളുടെ കയ്യിൽനിന്ന്‌ ‘കലബാഷ്‌’കായ്‌ തുരന്നു കൊത്തുപണികൾ ചെയ്ത കുട്ടിച്ചെപ്പുകൾ വാങ്ങി. വിലപേശാൻ അവർ മോശമല്ലായിരുന്നു.

രാഷ്രപതിയുടെ ഭവനവും പൊതുജനസഭയുടെ മന്ദിരവും കോടതിയുടെ ആസ്ഥാനവും കണ്ടു. അലസരായലയുന്ന നീഗ്രോകൾ. ധൃതിപിടിച്ചോടുന്ന ചൈനക്കാർ. ഓരം ചേർന്നിരിക്കുന്ന വെള്ളക്കാർ. കടകൾ കയറിയിറങ്ങുന്ന കരീബിന്ത്യക്കാർ. കിട്ടുന്നേടത്തെല്ലാം പുൽത്തകിടികൾ. പൂമരങ്ങൾ. എമ്പാടും നിറങ്ങളും നിറഭേദങ്ങളും. വിസ്താരമേറിയ നഗരകേന്ദ്രത്തെച്ചുറ്റി പഴയ കെട്ടിടങ്ങളും പുതിയ സൗധങ്ങളും തോളോടുതോൾ. പുത്തൻ റോഡുകളിൽനിന്ന്‌ പഴഞ്ചൻ പാതകൾ ഇഴപിരിയുന്നു. കാലപ്പഴക്കമുള്ള ‘റോട്ടി’ഷോപ്പുകൾക്കിടയിൽ നൈറ്റ്‌ ക്ലബ്ബുകൾ… ബാറുകൾ. ഗതകാലസ്മരണയും വരുംകാലത്തിമർപ്പും ഇണചേരുംപോലെ.

അസീസ്‌ മെല്ലെ കാറെടുത്തു. വഴിയാകെ കരിമ്പിൻതോട്ടങ്ങൾ. അവയ്‌ക്കിടയിൽ മലമ്പാമ്പുപോലെ മലർന്നുകിടക്കുന്ന റോഡ്‌. ഇളംവെയിൽ. ഇളംതെന്നൽ. വളരെയകലെ ഒരു ഗ്രാമപ്രദേശത്താണു വീട്‌. അതും പൊയ്‌ക്കാലിൽ പണിത വീട്‌. വെള്ളപ്പൊക്കം ഭയന്നാണത്രേ.

അതിനടിയിൽ കാറുമിടാം. രണ്ടുതൂണുകളിൽകെട്ടി ചരടിൽ നെയ്ത ആട്ടുകട്ടിൽപോലെ ‘ഹാമക്ക്‌’. ഇരിക്കാം. ആടാം. കിടക്കാം.

“ഒരു നിമിഷം കാക്കാമോ?” – എന്നെ വിശാലമായ മുറ്റത്തിറക്കി, ഗേറ്റ്‌ അടയ്‌ക്കാനായി പുറത്തേയ്‌ക്കിറങ്ങി അസീസ്‌.

എന്നെ കണ്ടയുടൻ അസീസിന്റെ വയസ്സേറെച്ചെന്ന അമ്മായിയച്ഛൻ ഇറങ്ങിവന്നു. താടിയും ജുബ്ബയും നിസ്‌ക്കാരത്തഴമ്പുമായി കറുത്തുമെലിഞ്ഞ കൂനുള്ളൊരു മാന്യൻ. ഇന്ത്യയിൽനിന്ന്‌ ഒരു സ്വാമിജി വരുന്നുണ്ടെന്നും വന്ന ഉടൻ ഒന്നിച്ചു മുകളിൽ പോകാമെന്നും പറഞ്ഞ്‌ എന്നെ ഹാമക്കിലിരുത്തി വൃദ്ധൻ തോട്ടത്തിലേക്കിറങ്ങി. പൂക്കളെ ലാളിച്ചും ചെടികളെ ശുശ്രൂഷിച്ചും സമയം കഴിച്ചു. തിരിച്ചെത്തിയ അസീസിനോട്‌ ഒരു ചൊദ്യംഃ

“സ്വാമിജിയെവിടെ?”

ചിരിപൊട്ടിയ അസീസ്‌ എന്നെ വൃദ്ധന്റെ മുമ്പിലേക്കുന്തി. വൃദ്ധനും തൊണ്ണപൊട്ടെ ചിരിച്ചു. സ്വാമി വരുന്നെന്നു കേട്ടപ്പോൾ ഊശാൻതാടിയും കാവിത്തുണിയും തലേക്കെട്ടും കുങ്കുമപ്പൊട്ടുമായൊരു സാത്വികശിരോമണിയെയാണത്രെ പ്രതീക്ഷിച്ചത്‌. എന്നെ കണ്ടപ്പോൾ ഏതോ സ്വദേശിയാണെന്നു കരുതി.

തെറ്റിദ്ധരിച്ചതാണ്‌. ഇത്തരം സ്വാമിമാരുമുണ്ടെന്നറിഞ്ഞിരുന്നില്ല. താനൊരു ഇമാമാണ്‌. ഒരു സ്വാമിയാരുമായി പരിചയപ്പെട്ടു സംസാരിച്ചാൽ കൊള്ളാമെന്ന്‌ കാലമേറെയായി മോഹം. “സാരമില്ല. വരൂ. അകത്തു വരൂ.”

എന്റെ വരവുപ്രമാണിച്ച്‌ അസീസിന്റെ കുടുംബം മുഴുവൻ ഭാരതീയ വേഷത്തിൽ. ഭാര്യ നന്നേ ചെറുപ്പം. മുസ്ലീമുടുപ്പിൽ അതിസുന്ദരി. പെൺമക്കൾ രണ്ടും ചുരിദാറിൽ. കുഞ്ഞോമനകൾ. എന്നെ കാണാനായി മാത്രം വേറെയും കുറെ ബന്ധുക്കൾ വന്നിരിക്കുന്നു. സ്‌റ്റീറിയോവിൽ ഹിന്ദുസ്ഥാനിസംഗീതം. അസീസ്‌ ഇന്ത്യയിൽ നിന്നുവന്നപ്പോൾ കൊണ്ടുവന്ന കൗതുക വസ്തുക്കൾ വീടുമുഴുവൻ. ഞാനാകെ അന്ധാളിച്ചുപോയി. മേശനിറയെ ഭക്ഷണമൊരുക്കിയിരിക്കുന്നു. എന്നെ നിർബന്ധിച്ചു തീറ്റിച്ചു. എല്ലാം സസ്യാഹാരം. ‘സ്വാമിജി’ക്കുവേണ്ടി പ്രത്യേകം.

ഇമാമിന്‌ ഉർദുവറിയാം. ഹിന്ദിയുമറിയാം കുറച്ചൊക്കെ. ഇംഗ്ലീഷിലാണു പ്രാഗൽഭ്യം.

പെൺകുട്ടികളെ പഠിപ്പിക്കണം. അദ്ദേഹം പറഞ്ഞു. എന്നാലേ കുടുംബമപ്പാടെ നന്നാകൂ. ദ്വീപിലെ പള്ളികളിൽ ആദ്യമായി സ്ര്തീകൾക്കുവേണ്ടി പ്രാർഥനാസൗകര്യം ചെയ്തുകൊടുത്തത്‌ ഈ ഇമാമാണ്‌. അദ്ദേഹം വാചാലനായി. മതങ്ങൾ വെറും പാതമാത്രം. പലേവഴി പലർക്കും. ലക്ഷ്യമൊന്ന്‌. അതെന്തെന്നറിയാത്തതാണ്‌ മതവിദ്വേഷത്തിനു കാരണം.

മരണമല്ല പ്രധാനം. അതെല്ലാവർക്കും ഒരുപോലെ. ജീവിതമാണു പ്രധാനം. എങ്ങിനെ ജീവിച്ചു എന്നതിലാണ്‌ മഹത്വം. കർമം കൊണ്ടാണതു നേടേണ്ടത്‌. മതംകൊണ്ടല്ല. ആചാരങ്ങളും അനുഷ്‌ഠാനങ്ങളുംകൊണ്ടല്ല. ഓരോ മതത്തിനും ഓരോ നിരത്തുനിയമങ്ങൾ. തമ്മിൽ കൂട്ടിയിടിക്കാതിരിക്കാനാണ്‌ ഈ നിയമങ്ങൾ. തമ്മിലടിക്കാനല്ല. മനുഷ്യന്നാണു മതം. മതത്തിന്നല്ല മനുഷ്യൻ. മനുഷ്യനില്ലെങ്കിൽ മതമില്ല. മതമില്ലെങ്കിലും മനുഷ്യനുണ്ടാകും. രാഷ്‌ട്രം മതാതിഷ്‌ഠിതമാകരുത്‌. മതത്തിന്നതീതമായിരിക്കണം. അതേസമയം രാഷ്‌ട്രം മനുഷ്യരുടേതാണ്‌. അതുകൊണ്ട്‌ മതങ്ങളെ ബഹുമാനിക്കുകയും വേണം.

“ഞങ്ങളുടെ നാടു നോക്കൂ”, ഇമാം എഴുന്നേറ്റ്‌ മേശവലിപ്പിൽനിന്ന്‌ മൂന്നു തപാൽ സ്‌റ്റാമ്പുകൾ എടുത്തുകാട്ടി. ഒന്നിൽ ‘ഓം’. മറ്റൊന്നിൽ കുരിശ്‌. വേറൊന്നിൽ ചന്ദ്രനും നക്ഷത്രവും. “ഇവ ഈ നാട്ടിലേതാണ്‌. കൊണ്ടുപോകൂ. ഇന്ത്യയിൽ ഏതെങ്കിലും നല്ല സ്‌റ്റാമ്പുശേഖരത്തിനു ദാനം ചെയ്യൂ.”

പ്രസാദം ഞാൻ കൈനീട്ടി വാങ്ങി.

ധനികരാജ്യങ്ങളിലെന്നപോലെ ഇവിടെയും കച്ചവടസമുച്ചയങ്ങൾ നഗരത്തിൽനിന്നകന്ന്‌ നാട്ടിൻപുറങ്ങളിലാണ്‌. അതുപോലൊന്ന്‌ അടുത്തുണ്ട്‌. അസീസ്‌ എന്നെ അവിടേക്കു കൊണ്ടുപോയി. അത്യാധുനിക സജ്ജീകരണങ്ങളോടെ പണിതീർത്ത ‘ഹൈപ്പർ മാർക്കറ്റ്‌’. മിക്ക പീടികകളും ഇന്ത്യൻവംശജരുടേതാണ്‌. കുറച്ചധികം സിന്ധികളുമുണ്ട്‌. ഇന്ത്യൻ സാധനങ്ങൾ വിൽക്കുന്നു. പ്രത്യേകിച്ച്‌ സാരികൾ. ഒരു പെണ്ണ്‌ മുംബൈയിലെ എനിക്കറിയാവുന്ന ഒരു ഹീരാനന്ദാനിയുടെ അടുത്ത ബന്ധു. ആധുനികോപകരണങ്ങളും തുണിത്തരങ്ങളും വീട്ടുസാമാനങ്ങളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും നിത്യവസ്തുക്കളും പൂജാസാമഗ്രികളും കാറുകളുംവരെ അവിടെ വാങ്ങാം. ആഹാരക്കടകളുമുണ്ട്‌. കുടംബസമേതം കാറിൽവന്ന്‌ ദിവസം മുഴുവൻനിന്ന്‌ സാമാനങ്ങൾ വാങ്ങിക്കൂട്ടുന്നവർ ഏറെ. മുടക്കദിവസങ്ങളിൽ ഉത്സവത്തിരക്കാണവിടെ. എല്ലാംകണ്ടു മടങ്ങിയപ്പോൾ ഉച്ചതിരിഞ്ഞു.

“ഉച്ചയൂണുകഴിക്കാം”, അസീസ്‌ വീട്ടിലേയ്‌ക്കു തിരികെ.

“അപ്പോൾ കഴിച്ചതോ?”

“അതു വെറും പ്രാതലായിരുന്നില്ലേ?”

ഞാൻ കുഴങ്ങി. എനിക്കുവേണ്ടി പ്രത്യേകം പാചകം ചെയ്തിരിക്കുന്നു. എല്ലാം ഇന്ത്യൻവിഭവങ്ങൾ. കഴിച്ചെന്നു വരുത്തി.

പുറപ്പെടുന്നേരം അസീസിന്റെ ഇളയകുഞ്ഞ്‌ കൈപിടിച്ചുവലിച്ചു. “ഒന്നിച്ചൊരു ഫോട്ടോ എടുക്കണം. വന്നിരിക്കൂ.”

അവൾക്കു ഞാനൊരു പൂപ്പാലിക സമ്മാനിച്ചു.

യാത്രപറയാൻ ഒരു കുടുംബംമുഴുവൻ കാറിന്റടുത്ത്‌. അടുത്തുകിടക്കുന്നത്‌ അമേരിക്കയെങ്കിലും അവരുടെ ആതിഥ്യമര്യാദ ആർഷഭാരതത്തിന്റെ.

Generated from archived content: vishtikkoru7.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English