നാല്‌

നന്നേ വൈകിയാണെഴുന്നേറ്റത്‌. മുറിക്കുപുറത്ത്‌ പ്രഭാതസൂര്യന്റെ പ്രസന്നതയും അകത്ത്‌ യന്ത്രക്കുളിരിന്റെ ദുർമുഖവും. വശത്തെ മേശമേൽ ഒരുക്കിയിരുന്ന സാധനസാമഗ്രികൾകൊണ്ട്‌ കാപ്പിയുണ്ടാക്കിക്കുടിച്ചു. വാതിൽപഴുതിലൂടെ അകത്തേക്കിട്ടിരുന്ന ഇംഗ്ലീഷ്‌ പത്രം ഓടിച്ചു വായിച്ചു. വിസ്തരിച്ചു കുളിച്ചു പുറത്തിറങ്ങി. റെസ്‌റ്റോറന്റിൽ യൂറോപ്യൻ ഭക്ഷണമാണ്‌. പഴച്ചാറുകൾ, പഴവർഗങ്ങൾ, മുട്ട, റൊട്ടി, വെണ്ണ, ചീസ്‌, ജാം, കോൺഫ്ലേക്സ്‌, പാൽ, കാപ്പി. പൊങ്ങച്ചക്കാരുടെ പതിവു പ്രാതൽവിഭവങ്ങൾ.

ജമൈക്കൻ ഓറഞ്ച്‌ജൂസും ഡച്ചുറൊട്ടിയും പപ്പയപ്പാതിയും ബ്രസീലിയൻ കാപ്പിയും കഴിച്ചു.

ഒന്നു പുറത്തിറങ്ങി നടക്കണം.

റിസപ്‌ഷനിൽ ആഫ്രിക്കൻ യുവാവ്‌. തോളിൽതൂങ്ങി ഒരു പെൺകിടാവും. അവൻ വഴിപറഞ്ഞു തന്നു. “അടുത്തുതന്നെയാണ്‌ ലോകത്തിലെ ഏറ്റവും വലിയ നാൽക്കവലച്ചുറ്റ്‌. ക്വീൻസ്‌ പാർക്ക്‌ സവാന. നടന്നിട്ടു വരൂ. ഇപ്പോൾ തിരക്കുണ്ടാവില്ല. ശനിയാഴ്‌ചയുമല്ലേ. വഴിതെറ്റാതിരിക്കാൻ ഇതാ ഭൂപടം.”

മേയ്‌ മാസമാണെങ്കിലും വേനൽച്ചൂടില്ല. ഇവിടെ രണ്ടേരണ്ടു കാലങ്ങളേയുള്ളത്രെ. മഴക്കാലവും മഴയില്ലാത്ത കാലവും. പകലും രാവും ഒരേപോലെ നേരിയ കുളിർമ. ഒരിടത്തും ഫാൻ കണ്ടില്ല. പകൽ ഇടയ്‌ക്കു വിയർപ്പുകൂടും. അത്രമാത്രം. കാലമില്ലാത്ത കാറ്റ്‌. ചിലപ്പോളതു കൊടുങ്കാറ്റാകും.

ഒരുമണിക്കൂറോളമെടുത്തു സവാന ചുറ്റിവരാൻ. പുൽത്തകിടികളെ വട്ടംവളയുന്ന രാജപാത. നാലുവശത്തേക്കും വീതിയേറിയ വഴികൾ. മേലും കീഴും നിറംതെറിപ്പിച്ചു പൂമരങ്ങൾ. അഴകിൽകൊത്തിയ കൈവരികൾ.

റോഡുമുറിച്ചു കടക്കാൻ ട്രാഫിക്‌ ലൈറ്റ്‌ സ്വയം പ്രവർത്തിപ്പിക്കണം. അപ്പോൾ ഇരുവശവും വണ്ടികൾ നിരങ്ങിനിൽക്കും. കുറെക്കഴിഞ്ഞാൽ വിളക്കിനു തനിയെ നിറംമാറും. അപ്പുറം കടക്കുമ്പോൾ ആരുമെന്നെ പ്രാകിയില്ല; ഹോണടിച്ചുപദ്രവിച്ചുമില്ല.

ഒരുമൂലയിൽ ഒരു ക്രിസ്ത​‍്യൻ വിവാഹത്തിരക്കാണ്‌. സ്യൂട്ടിട്ട പുരുഷൻ ഒഴുകുന്ന വെള്ളവസ്ര്തത്തിൽ മുങ്ങിയ വധുവിനെ കൈകോർത്തു നടത്തുന്നു. മുന്നിലും പിറകിലും ഒരുകൂട്ടം ആളുകൾ. കുഞ്ഞുങ്ങൾ തുള്ളിച്ചിരിക്കുന്നു. മുതിർന്നവർ നോക്കി രസിക്കുന്നു.

ഒരു ജീവിതത്തിന്റെ തുടക്കം.

മറുവശം റോഡരുകിൽ കണ്ണാടിപ്പെട്ടിക്കുപിറകെയിരുന്ന്‌ ഒരാൾ പൂരിയും പട്ടാണിക്കറിയും പൊതിഞ്ഞു വിൽക്കുന്നു. അടുത്തുതന്നെ അയാളുടെ പഴകിയ ‘പിക്‌ അപ്‌’ വണ്ടിയുമുണ്ട്‌.

ഇതൊരു ജീവിതത്തിന്റെ ഒതുക്കം.

യുവമിഥുനങ്ങൾ മുട്ടിയുരുമ്മി നടന്നുപോകുന്നു. കുറെ പ്രായം ചെന്നവർ പുകയും തുപ്പി ബെഞ്ചിലിരിക്കുന്നു. തലേരാത്രി സമ്മാനിച്ച ഉറക്കച്ചടവിൽ ചില പെണ്ണുങ്ങൾ നിഴലിൽ പതുങ്ങുന്നു.

അതുമൊരു ജീവിതം.

മടക്കത്തിൽ കറുത്തിരുണ്ടു കൊഴുത്ത ഒരു നീഗ്രോവംശജൻ എതിരെ വന്നു. അയാൾ ദൈവത്തിന്റെ നാമത്തിൽ എന്തോ ആവശ്യപ്പെട്ടു കൈനീട്ടി. എന്റെ കയ്യിലോ പണം കഷ്ടി. നാണയങ്ങളുമില്ല. ‘സോറി’യെന്ന വാക്ക്‌ ഇതിനൊക്കെയാണല്ലോ വെള്ളക്കാർ ഉണ്ടാക്കിവച്ചിരിക്കുന്നത്‌. അയാൾ ക്രുദ്ധനായി. മുഖമടുപ്പിച്ചു കുരച്ചു. മദ്യത്തിന്റെയോ കഞ്ചാവിന്റെയോ മണം. ഞാൻ ഇവിടത്തുകാരനല്ലെന്നു പറഞ്ഞ്‌ വലിഞ്ഞുനടന്നു. ആടിയാടി അയാളെന്റെ പിറകിൽ കൂടി കുറേനേരം. പിന്നെ ആകാശം നോക്കി കുന്തിച്ചിരുന്നു വഴിയോരം. കുണ്ടിൽ പുതഞ്ഞ ഭോഗാലസതയുടെ മറ്റൊരു മുഖം.

അവരും ജീവിക്കുന്നു.

പ്രഭാതം പലർക്കും പലേവിധം.

മുറിയിൽ വന്നപ്പോഴേക്കും ക്ഷീണം തിരിച്ചെത്തി. ഇപ്പോൾ നാട്ടിൽ രാത്രിയായിരിക്കണം. വീടും വീട്ടുകാരുമായി ബന്ധപ്പെടാൻ തൽക്കാലം വഴിയൊന്നുമില്ല. ടെലിവിഷനിൽ നാട്ടുവാർത്തയില്ല. ഒരു ചാനലിൽ ഇടയ്‌ക്കിടെ ഹിന്ദി സിനിമയും പരമ്പരകളും. വസ്ര്തം മൂടിയ വൈകൃതം. മറ്റുള്ളവയിൽ വസ്ര്തമില്ലാത്ത വൈകൃതം. വെള്ളത്തൊലിയും കറുത്തതൊലിയും തുണിയൂരുന്നു. ഇരുന്നുറങ്ങിപ്പോയത്‌ അറിഞ്ഞേയില്ല. പിന്നെപ്പോഴോ കട്ടിലിൽ കയറിക്കിടന്നു.

വാതിലിൽ മുട്ടുകേട്ടാണ്‌ ഉറക്കംതെളിഞ്ഞത്‌. പെട്ടെന്നൊരു സ്ഥലകാലവിഭ്രാന്തി. ഒരുനിമിഷം. ലുങ്കി അഴിച്ചുചുറ്റി കതകുതുറന്നു. ഒന്നരയാൾപൊക്കത്തിൽ കറുത്തുകൂറ്റനൊരുത്തി. കാലറ്റം കുപ്പായവും തലയിലൊരു വർണത്തുണിക്കെട്ടും. മീശകിളുർത്ത മേൽച്ചുണ്ട്‌. കവിളിലും താടിയിലും രോമരാശി. അവരുടെ മുമ്പിൽ ഞാനൊരു എലിക്കുഞ്ഞായി. പാറയിൽ ചിരട്ടയുരയ്‌ക്കുന്ന ശബ്ദംഃ “ Good evening.”

ഞാനും തിരിച്ചു മന്ത്രിച്ചു.

പകുതി അകത്തും പകുതി പുറത്തുമായിനിന്ന്‌ അവരാരാഞ്ഞുഃ “സുഖമല്ലേ? താൻ ഡ്യൂട്ടി സൂപ്പർവൈസറാണ്‌. മുറിയിലെല്ലാമുണ്ടല്ലോ? പരാതിയുണ്ടെങ്കിൽ പറയാം.”

ഉണ്ടായാലും പറയില്ലെന്നു മനസ്സു ചൊല്ലി.

അവർ മുറിക്കുള്ളിൽ കടന്ന്‌ എല്ലാം ചിട്ടയിലാണെന്ന്‌ ഉറപ്പുവരുത്തി. കിടക്കവിരി ചുളുക്കുതീർത്തിട്ടു. കുളിമുറിയിൽ പരിമളം പീച്ചി. കാപ്പിക്കൂട്ടുകൾ ഒരുക്കി. തൂവെള്ളപ്പല്ലൊന്നായി ചോദിച്ചുഃ “ഈസ്‌റ്റ്‌ ഇന്റീസ്‌?”

“അതെ.” നമ്മൾ അവർക്ക്‌ East Indian ആണ്‌. അവർ നമുക്ക്‌ West Indian-ഉം.

“ഉടൻ മടങ്ങുമോ?”

“ഇല്ല. കുറെനാൾ ഇവിടെയുണ്ടാകും.”

“Enjoy yourself. Bye.”

ഒരു കൊടുങ്കാറ്റൊടുങ്ങിയതായി തോന്നി. ഇത്തരം പുരുഷസ്ര്തീകളെ പിന്നെയും ഒരുപാടു കണ്ടു. മനുഷ്യരാശിക്ക്‌ ഡച്ചാഫ്രിക്കൻ സമ്മാനം.

നല്ല വിശപ്പു തോന്നി. ഉച്ചയ്‌ക്കുണ്ടിട്ടില്ലല്ലോ. താഴെ ഒരു റെസ്‌റ്റോറന്റുള്ളത്‌ കാലത്തു കണ്ടിരുന്നു. എല്ലാം പോളിനേഷ്യൻ വിഭവങ്ങൾ. ചോറിനുവേണ്ടി പരതി. വെയ്‌റ്റർ സഹായത്തിനെത്തി. ആവിയിൽ വേവിച്ച ചോറുണ്ട്‌. തേങ്ങാപ്പാലിൽ പുഴുങ്ങിയ മീനുണ്ട്‌.

അതുമതിയെന്നു പറഞ്ഞു. കാന്താരിമുളകരച്ചതും കൊണ്ടുവന്നു വച്ചു. അങ്ങ്‌ പസഫിക്‌ സമുദ്രത്തിലെ തോണിക്കാരുടെ ഭക്ഷണമായിരിക്കണം. തേങ്ങക്കൂട്ടിൽ ചിരട്ടക്കഷ്ണവും ചകിരിനാരുമുണ്ടായിരുന്നു എന്നതു വേറെ കാര്യം.

പിറ്റേന്നു നേരത്തേ ആമിയെത്തി. നഗരപ്രാന്തത്തിൽ വൃത്തിയുള്ള ഒരിടത്ത്‌ വലിയ പുത്തനൊരു വീട്‌. വീടിനുമുമ്പിൽ പൂന്തോട്ടം. പിന്നിൽ നീന്തൽകുളം, മരക്കൂട്ടം. തെങ്ങ്‌, മാവ്‌, ബദാം, മുരിങ്ങ, കരിവേപ്പ്‌, മാതളം, പേര, വാഴ, ചെമ്പരത്തി. മരങ്ങൾക്കെല്ലാം അസാധാരണ ഉയരം. കരിവേപ്പിലയ്‌ക്ക്‌ മാവിലയുടെ വലിപ്പം.

ഭർത്താവ്‌ ചാങ്ങ്‌ പലേ പഴങ്ങളും പഞ്ച്‌റമ്മും ചേർത്ത്‌ പാനീയമുണ്ടാക്കി. സ്‌റ്റീരിയോവിൽ കരീബിയൻ സംഗീതമുയർത്തി. ആമിയും അവിവാഹിതയായ അനിയത്തിയും ചേർന്ന്‌ ആഹാരമൊരുക്കി. ചൈനീസ്‌ നൂഡിലും ഇന്ത്യൻ പുലാവും യൂറോപ്യൻ പൈയും. കൂട്ടിന്‌ സോസുകൾ പലവിധം. ഊണുതീരുംമുമ്പെ അനിയത്തിയെത്തേടി കൂട്ടുകാരനെത്തി. അവരിരുവരും കാറിൽ പറന്നു.

വലിയൊരു അൽസേഷ്യനും കൊച്ചൊരു പൊമൊറേനിയനും എന്നിൽ അലോസരമുണ്ടാക്കി. പക്ഷെ അവരെല്ലാം തമ്മിൽ ഒത്തൊരുമയായിരുന്നു. വർണ്ണവിവേചനമില്ലാതെ.

ഊണുകഴിഞ്ഞിരിക്കുമ്പോൾ ആമി അവരുടെ കഥ പറഞ്ഞു.

പണവും പ്രതാപവും പ്രഗൽഭനായ ഭർത്താവും അഞ്ചാറു കുട്ടികളുമുണ്ടായിരുന്ന മുതുമുത്തശ്ശി, ഒരുനാൾ സാമാനം വാങ്ങാൻ ചൈനയിലെ ചന്തയിലെത്തിയതാണ്‌. അന്നവർക്ക്‌ വയസ്സ്‌ മുപ്പതുകഴിഞ്ഞിരിക്കണം. തിരക്കിനിടെ ആരോ പിന്നിൽ കൈകെട്ടി വലിച്ചിഴച്ചു. തലയ്‌ക്കടിയേറ്റതറിയാം. അവർ കണ്ണുതുറക്കുമ്പോൾ ഒരു ഇരുട്ടറയിലായിരുന്നു. കയ്യിലും കാലിലും ചങ്ങലത്തളപ്പ്‌. നാളേറെക്കഴിഞ്ഞപ്പോൾ ഒരുപറ്റമാളുകളുടെ കൂടെ കപ്പലിൽ. നരകത്തിനവസാനം ഈ ദ്വീപിൽ. കരിമ്പുതോട്ടത്തിൽ പണി. അടിമജീവിതം. യജമാനന്മാർ മാറിമാറി വന്നു. മാറിമാറിപ്പുണർന്നു. കൈകാലിലെ ചങ്ങലക്കെട്ടഴിഞ്ഞിട്ടും മനസ്സിലെ കുരുക്കഴിഞ്ഞില്ല. ഭീകരസ്മൃതിയുടെ കരിനിഴലിലും അവർ ജീവൻ നിലനിർത്തി.

ആഴക്കയത്തിൽ മുങ്ങിയും പൊങ്ങിയും വർഷങ്ങൾ നീങ്ങിയപ്പോൾ വൈക്കോൽതുരുമ്പായി ഒരു ചൈനക്കാരനെ കണ്ടുമുട്ടി. നാടും വീടും കുടുംബവും നഷ്ടപ്പെട്ട മറ്റൊരു പേക്കോലം. പങ്കുവയ്‌ക്കാൻ ദുഃഖം മാത്രം. അനുതാപം അടുപ്പമായി. അടുപ്പം ആശയായി. ആശ ആവശ്യമായി. ആവശ്യം അഭിനിവേശമായി. അഭിനിവേശം ആശങ്കയായി. ആശങ്കയലിഞ്ഞപ്പോൾ അവരൊന്നായി.

അടിമക്കച്ചവടം നിലച്ച പുത്തൻ യുഗത്തിലേയ്‌ക്കാണ്‌ അവരുടെ മകൻ പിറന്നുവീണത്‌. എങ്കിലും ദുഃഖത്തിന്റെ പുത്രൻ. വളർന്നുവരുമ്പോൾ അവന്റുള്ളിൽ ഒന്നേ മോഹം. അമ്മയുടെയും അച്ഛന്റെയും അറ്റുപോയ വേരുകൾ കണ്ടെത്തണം. അവരെ അവരുടെ കുടുംബങ്ങളുമായി ഒന്നിപ്പിക്കണം.

അതിനായി അവൻ കപ്പൽപണിക്കു ചേർന്നു. എന്നെങ്കിലും ചൈനയിലെത്തണം. കഷ്ടപ്പാടിലും കരളിലെ കെടാവിളക്കു കാത്തു.

വൃദ്ധരായ അച്ഛനുമമ്മയും കാത്തിരുന്നു.

ചീനത്തുറമുഖത്തെത്തിയ അവൻ ഭാഷയറിയാതെ പകച്ചു. എങ്ങും തുറക്കാൻ വയ്യാത്ത മണിച്ചിത്രത്താഴ്‌. കയ്യിലുള്ള വിവരങ്ങൾ വച്ചു പരതി. വെറുങ്കയ്യോടെ മടങ്ങി.

ദ്വീപിലും മാറ്റങ്ങൾ പലതായി. തപാൽ സൗകര്യം വന്നപ്പോൾ അമ്മയെക്കൊണ്ടു കത്തെഴുതിച്ചു. ആരെയോ കണ്ടെത്തി ചൈനീസ്‌ മേൽവിലാസം ഇംഗ്ലീഷിലുമാക്കി. മാസങ്ങൾ കഴിഞ്ഞ്‌ അതു തിരിച്ചുവന്നു. വിലാസക്കാരനില്ല. ചരിത്രപരമായ ഇരുട്ടിൽ ചൈനയിലും മാറ്റങ്ങളായിരുന്നല്ലോ.

അവന്‌ വാശിയേറിയതേയുള്ളൂ. ഒത്തുകിട്ടിയപ്പോൾ മാതാപിതാക്കളെക്കൂട്ടി അവൻ കപ്പൽകയറി. രണ്ടും കൽപ്പിച്ചുള്ള യാത്ര.

നാട്ടിൽ കാൽകുത്തിയപ്പോൾ അമ്മയുടെയും അച്ഛന്റെയും ഓർമ പതറി. എല്ലാം മാറിയിരിക്കുന്നു. കണ്ടതെല്ലാം കാണാത്തതായിരുന്നു. സ്വദേശത്തവർ വിദേശികളായലഞ്ഞു.

അമ്മയുടെ പട്ടണം. തന്നെ വിധി തട്ടിയെടുത്ത ചന്ത. തേങ്ങിക്കൊണ്ടവർ പഴയ വീടും കണ്ടു. ഇപ്പോൾ അവിടെ കുറെ സർക്കാരാപ്പീസുകൾ. വീട്ടുകാരെല്ലാം എന്നോ ഒഴിഞ്ഞുപോയിരുന്നു. ആർക്കുമില്ല ഒരു വിവരവും. തന്നോടൊപ്പം തന്റെ കുടുംബവും തകർന്നിരിക്കണം. ഇനി എവിടെച്ചെന്നു തിരയാൻ?

പിന്നെ അച്ഛന്റെ ഊഴമായി. അച്ഛന്റെ ഗ്രാമത്തിലും അതേ വിധി. എങ്ങും കൂട്ടുകൃഷിയിടങ്ങൾ. ഒറ്റപ്പെട്ട വീടുകളേ കുറവ്‌. ആർക്കും ആരേയും അറിയാത്ത അവസ്ഥ. ആർക്കുമാരേയും വിശ്വാസമില്ലാത്ത അവസ്ഥ. ആ നെഞ്ചും തേങ്ങി.

മകനൊന്നുറച്ചു. കഴിഞ്ഞതു കഴിഞ്ഞു. താൻ ഈ കുലം കാത്തുസൂക്ഷിക്കും. തിരിച്ചെത്തിയ ഉടൻ അവനൊരു ചീനപ്പെണ്ണിനെ കല്യാണം കഴിച്ചു. മക്കളായി. മക്കൾക്കും മക്കളായി. അതിലൊരുവളാണ്‌ ആമി. അമ്മ മരിച്ചു. അച്ഛനിന്നുമുണ്ട്‌. ചൈന കണ്ടിട്ടില്ല. കാണണമെന്നുമില്ല.

ചാങ്ങ്‌ ആമിയെ തോളിൽ ചേർത്തിരുന്നു. ഇതേപോലൊരു കഥനകഥ ചാങ്ങിനുമുണ്ടാകണം. സ്വതേ മിതഭാഷിയായ അദ്ദേഹം മിണ്ടിയതേയില്ല.

കഴിഞ്ഞകാലത്തിൽ തൂങ്ങിയാടാനല്ലല്ലോ ജീവിതം.

അവർക്ക്‌ എല്ലാം ഉണ്ടിന്ന്‌. അവർക്കില്ലാത്തത്‌ കുട്ടികൾ മാത്രം. അതൊരു ദുഃഖമേ അവർക്കുണ്ടായിരുന്നുള്ളൂ.

Generated from archived content: vishtikkoru4.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English