ഇരുപത്തിയാറ്‌

ചെറുപ്പത്തിൽതന്നെ വിദ്യാഭ്യാസം നിർത്തേണ്ടിവന്നതിൽ വിഷ്ടിക്ക്‌ കുണ്‌ഠിതമുണ്ടായിരുന്നു. ഇഷ്ടപ്പെട്ട വിഷയത്തിൽ ഒരു ബിരുദമെങ്കിലും വേണം. വയറ്റുപിഴപ്പിനു വേണ്ടത്ര പരിജ്ഞാനമുണ്ടെന്നതു ശരി. പക്ഷെ എന്തെല്ലാം പഠിക്കാൻ കിടക്കുന്നു? അതിനെപ്പറ്റിയൊന്നും കാര്യമായി ആലോചിക്കാൻ ഇട കിട്ടിയിരുന്നില്ല. ഇപ്പോൾ കുറെ സ്വസ്ഥതയുണ്ട്‌. ജോലിയോടൊത്ത്‌ അതുംകൂടി ഏറ്റെടുത്താലോ?

സാമൂഹ്യശാസ്ര്തം തനിക്കു പ്രിയമാണ്‌. ചരിത്രവും ഭൂമിശാസ്ര്തവും മനഃശാസ്ര്തവും ഒത്തിണങ്ങിയ ശാഖ. വായനയാണു പ്രധാനം. അതിനു സമയം കണ്ടെത്തണം. ഓഫീസ്‌ സമയം കഴിഞ്ഞ്‌ വീട്ടിലെത്തിയാൽ പിന്നെ കാര്യമായ ജോലിയൊന്നുമില്ല. വെറുതെ ടെലിവിഷനും കണ്ടിരിക്കാതെ അർഥമുള്ള വല്ലതും ചെയ്യാം.

സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസവിഭാഗത്തിലെത്തി കാര്യങ്ങളാരാഞ്ഞു. കുറെ പ്രയത്നം വേണ്ടിവരും. സാരമില്ല. പ്രയത്നിച്ചേ പറ്റൂ. വിയർക്കാതെ കിട്ടുന്നതിന്‌ വിലയുണ്ടാകില്ല. ചോര ചിന്താതെ സൃഷ്ടിയില്ല.

അതിനുള്ള തയാറെടുപ്പിനിടയ്‌ക്കാണ്‌ കപ്പൽകമ്പനിക്കാർ വീണ്ടും വിളിച്ചത്‌ഃ ‘തിരിച്ചു വരാമോ? ഒരാഴ്‌ചയ്‌ക്കകം യാത്രക്കപ്പൽ ഇന്ത്യയിലെത്തുന്നു. താൽപര്യമുണ്ടെങ്കിൽ ഉടൻ വിവരമറിയിക്കുക.’

വെറും താൽപര്യമോ? നല്ല കാര്യം. വിഷ്ടി ഫ്രെഡിയോടും നാസറോടും ആലോചിച്ചു. “പോയ്‌വരൂ. സാമ്പത്തികബാധ്യതകൾക്ക്‌ അൽപം അറുതിയുണ്ടാവും. ഈ കമ്പനി നിലനിൽക്കുന്നിടത്തോളം ഈ ജോലി ഒഴിഞ്ഞുതന്നെ കിടക്കും.” അവർ പ്രോത്സാഹിപ്പിച്ചു.

രാത്രി വൈകിയാണ്‌ എനിക്കു ഫോൺ വന്നത്‌. “അവസാനം ഞാൻ ഇന്ത്യയിൽ കാൽകുത്താൻ പോകുന്നു. മൂന്നുദിവസം നേരത്തെ പുറപ്പെടുന്നു. എവിടെക്കാണാം? എവിടെക്കാണൂം? എവിടെക്കാണണം?” ഫോണില്ലാതെ തന്നെ വിഷ്ടിയുടെ സ്വരം കേൾക്കാമെന്നായി.

ഒരേയൊരു ദിവസത്തെ ഇടവേളയേ ഉള്ളൂ. ഭാര്യക്കും ആഹ്ലാദമായി. വിമാനത്താവളത്തെത്തി. ദൂരെനിന്നേ വിഷ്ടി വിളിച്ചു കൂകിഃ “നമസ്തെ!”

നേരിട്ടവളെ വീട്ടിലേക്കു കൊണ്ടുവന്നു. വരൂ. വലത്തുകാൽവച്ചു കയറൂ. നീയെന്നോ ഈ ഗൃഹത്തിൽ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. ഇതു നിന്റെ പുനഃപ്രവേശമാണ്‌. ഇതു നിന്റെ നിയോഗമാണ്‌. ഞങ്ങൾ വെറും നിമിത്തം മാത്രം. ഇതല്ലെങ്കിൽ ഇന്ത്യയിൽ വേറൊരു വീട്ടിൽ നീ എന്നെങ്കിലും എത്തിപ്പെടും എന്ന്‌ ഞങ്ങൾക്കറിയാം. അതു ഞങ്ങളുടേതായത്‌ ഞങ്ങളുടെ സുകൃതം.

ഒരു നൂറ്റാണ്ടു മുമ്പ്‌ കുറ്റിയിളക്കി കടൽകടന്നു കുടിയേറി കൂടുമാറിയ കുഗ്രാമക്കാരുടെ കുഞ്ഞുമകൾ. കഴിഞ്ഞകാലം കരളിലൊതുക്കി കണ്ണിൽ കിനാക്കളുമായി കടൽതാണ്ടിയിതാ കൂടണയുന്നു. തന്റെ തനിമ തേടി. തന്റെ മഹിമ തേടി. ഒരു ചരിത്രത്തെയാകെ പുനരാഖ്യാനം ചെയ്യാൻ പുറപ്പെട്ടുവന്നവൾ. അവൾ ഒരു പഴങ്കഥയുടെ രത്നച്ചുരുക്കമായി. ഒരു വ്യക്തി ഒരു തലമുറയുടെ പ്രതീകമായി. ഒരു ദേശത്തിന്റെ പ്രതിബിംബമായി.

കാലം പിന്നോട്ടൊഴുകി. ദേശങ്ങൾ ഒഴുകിവന്നൊട്ടി. കാലവും ദേശവും തലതിരിഞ്ഞുനിൽക്കുന്ന അസുലഭ സന്ദർഭം.

വിഷ്ടി ഞങ്ങളെ കെട്ടിപ്പുണർന്നു. എന്റെ മകൾ തിടുക്കംകൂട്ടി ഒരു പൊതി കൊണ്ടുവന്നു. അതഴിച്ച്‌ അമ്മയും മകളുംകൂടി വിഷ്ടിയെ സാരിയുടുപ്പിച്ചു. നെറ്റിയിലണിയാൻ പ്ലാസ്‌റ്റിക്‌ പൊട്ടെടുത്തപ്പോൾ വിഷ്ടി വിലക്കി. “എനിക്കു കുങ്കുമപ്പൊട്ടുതന്നെ വേണം. സീമന്തരേഖയിലും സിന്ദൂരം വേണം.”

“അതിന്‌ നീ വിവാഹിതയല്ലല്ലോ,” ഭാര്യ ചൂണ്ടിക്കാട്ടി.

“അങ്ങിനെയോ?” വിഷ്ടി കരയുമെന്നായി. “അതിനിപ്പോൾ ഞാനെന്തു ചെയ്യും? എവിടെപ്പോകും?”

എല്ലാം കണ്ടും കേട്ടുമിരുന്ന എന്റെ മകൻ കുങ്കുമച്ചെപ്പുമായി വന്നു.

(അവസാനിച്ചു)

Generated from archived content: vishtikkoru26.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English