രണ്ട്‌

നമ്മെ ഒന്നിക്കുന്നതും പിരിക്കുന്നതും ഭാഷ. ശരീരത്തിനും മനസ്സിനും ഭാഷയൊന്നേയുള്ളൂ; സുഖദുഃഖങ്ങളുടെ ഭാഷ. ബാക്കിയെല്ലാം ഭാഷാന്തരങ്ങൾ. ആ കരീബിയൻദ്വീപിൽ ആദ്യമെല്ലാം ശരീരങ്ങളും മനസ്സുകളും പകച്ചുനിന്നു. ഭാഷയും. ഹിന്ദുസ്ഥാനിയും ഭോജ്‌പുരിയും, ഇംഗ്ലീഷിനും ഡച്ചിനും ഫ്രെഞ്ചിനും സ്പാനിഷിനുമായി വഴിയോരം ചേർന്നു. പുതിയൊരു സങ്കരഭാഷ സംജാതമായി. സംഗീതമയമായി, സംഗീതലയമായി, അത്‌ മനസ്സിന്റെ ഭാഷയായി. മനസ്സിന്റെ ഭാഷ മണ്ണിന്റെ ഭാഷയായി.

ഉണ്ടവൻ ഇടം തേടി; ഉണ്ണാത്തവൻ ഇല തേടി. ഇണയില്ലാത്തവൻ തുണതേടി; ഇണചേരാത്തവൻ ഇരതേടി.

കരിമ്പിൻചണ്ടി കത്തിച്ച്‌ ചപ്പാത്തി ചുടുകയായിരുന്നു ദേവയാനി. ഈ മണ്ണിൽ കാൽകുത്തുമ്പോൾ കുഞ്ഞിപ്പെണ്ണായിരുന്നു അവൾ. കപ്പലിലും തുടർന്ന്‌ കരയിലും എന്തിനെന്നറിയാതെ കരഞ്ഞുകരഞ്ഞു കണ്ണുപൊട്ടിച്ചകാരൃം ഇനിയുമവൾ മറന്നിട്ടില്ല. ഇന്നോർക്കുമ്പോൾ ചിരിവരുന്നു. താനൊരു മണ്ടിപ്പെണ്ണായിരുന്നു.

അന്നെല്ലാം അച്ഛനമ്മമാരോടൊപ്പം കരിമ്പിൻതോട്ടത്തിൽ ചവറും പെറുക്കി നടന്നു. അമ്മയുടെ ഗ്രാമക്കണ്ണ്‌ അവളെ ചുറ്റിപ്പറ്റിയാകും. അച്ഛന്റേത്‌ മധുരത്തണ്ടു വെട്ടിവെട്ടിയേറുന്ന പെർസാദ്‌ചെക്കനെ ചുറ്റിയും. പ്രായം തികഞ്ഞപ്പോൾ അവർ അവളെ വീട്ടിലിരുത്തി പണിക്കുപോകും. അന്തിക്കെല്ലാവരും ഒന്നിക്കും.

ഒരുനാൾ ഉടുത്തൊരുങ്ങി അച്ഛനുമമ്മയും പെർസാദിന്റെ കുടിയിലെത്തി. കലൃ​‍ാണമുറപ്പിക്കാൻ രണ്ടുവീട്ടുകാർക്കും നേരമേറെയെടുക്കേണ്ടിവന്നില്ല. ഒരാണും പെണ്ണും ഒന്നാകാൻ ഇത്ര പോരേ?

പെണ്ണിന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയതോടെ വിവാഹവും തീർന്നു.

കലൃ​‍ാണപ്പിറ്റേന്ന്‌ ചെക്കന്റമ്മ പെണ്ണിനോടു പറഞ്ഞുഃ

‘എനിക്ക്‌ മകളും മരുമകളും നീ. ഇനി വീട്ടുകാരൃമെല്ലാം നിന്റേത്‌. ഞങ്ങളിതുവരെയെത്തി. ഇനിയങ്ങോട്ടു നിങ്ങൾ. ഇനിയെല്ലാം നിങ്ങൾ.’

പതിവുപോലെ വൃദ്ധദമ്പതിമാർ മകനോടൊപ്പം തോട്ടത്തിലേക്കു നടന്നു. ഒരു വീട്ടിൽ ഒരംഗം കുറഞ്ഞു. മറുവീട്ടിൽ ഒരംഗമേറി. ഇന്നലെവരെ തുള്ളിച്ചാടിനടന്ന ഒരു കൊച്ചുപെണ്ണ്‌. ഇന്നവൾ ഭാര്യ. മരുമകൾ. ഒരു പുതിയ കുടുംബക്കെട്ടിന്റെ അസ്തിവാരം.

പണിയും പകൽക്കിനാവുമായി, പണിക്കുപോയവർ തിരിച്ചെത്തുന്നതുവരെ അവളിരിക്കും. ഇടയ്‌ക്കിടെ അയൽക്കൂട്ടങ്ങളിൽ അലയുമ്പോൾ ഭാവത്തിനും ഭാവനയ്‌ക്കും ഭാഷ മാറും. ആഫ്രിക്കുടെ കറുപ്പും യൂറോപ്പിന്റെ വെളുപ്പും അവൾ കണ്ടു; കൊണ്ടു. കഴിഞ്ഞകാലം അച്ഛനമ്മമാരിൽ ചുരുണ്ടു. പുതിയൊരു ലോകം അവളുടെ മുന്നിൽ നിവർന്നു.

മാസച്ചന്തയിൽനിന്ന്‌ പുതിയൊരുടുപ്പുമായാണ്‌ പെർസാദ്‌ അന്നു വന്നത്‌. ഇളംമഞ്ഞത്തുണിയിൽ ചെമ്പരത്തിപ്പൂക്കൾ നിറഞ്ഞ കുപ്പായം. അന്നാദ്യമായി കാലുറയണിഞ്ഞ പയ്യൻ, അതവൾക്കു സമ്മാനിച്ചു. അതോടെ അവളുടെ വേഷവും മാറി.

ദേവയാനിയിലെ മാറ്റങ്ങൾ ഒരു തലമുറയുടേതായിരുന്നു.

ഒത്തുകിട്ടുന്ന രാത്രികളിൽ, പുതുമണ്ണിൽ ഇടവേളയ്‌ക്കിടമില്ലാതെ അവൻ മുന്നേറുമ്പോൾ അവൾ പലതുമറിഞ്ഞു. കാറ്റിൽ വേരുകൾ പുഴങ്ങി ആകാശത്തു പാറിപ്പറക്കുന്ന ചെടിയായി. കടലലയിൽ ഉയർന്നുതാഴുന്ന ഓടമായി. ഉഴുതുമറിച്ച നിലമായി. ഉയരത്തിൽ, ആഴിക്കയത്തിൽ, മണൽപ്പരപ്പിൽ അവൾ കണ്ടതെല്ലാം വ്യത്യസ്തമായിരുന്നു. മനുഷ്യജീവിതമാകെ കാണാപ്പുറങ്ങളാണല്ലോ. മേച്ചിൽപുറങ്ങൾ മരുഭൂമിയാകും. മണലരണ്യങ്ങൾ മലരണിക്കാടുകളാകും.

ഏറെനാൾ ചെന്നില്ല. അസുഖമെന്നറിഞ്ഞ്‌ വീട്ടിലെത്തിയപ്പോഴേയ്‌ക്കും അമ്മ മരിച്ചിരുന്നു. കൂടെ കുന്തിച്ചിരിക്കുന്ന അച്ഛനെ അവൾ കെട്ടിപ്പിടിച്ചു കരഞ്ഞു. രണ്ടുകുടുംബങ്ങളും കേട്ടറിഞ്ഞുവന്ന കുറേപ്പേരുംകൂടി ശവദാഹം കഴിച്ചപ്പോഴേക്കും സന്ധ്യ മയങ്ങിയിരുന്നു.

ദേവയാനിയോടൊപ്പം ചെല്ലാൻ അച്ഛൻ മടിച്ചു. അച്ഛനെ തനിയെ വിട്ടിട്ടുപോകാൻ ദേവയാനിയും മടിച്ചു. ഒടുവിൽ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി അവൾ പെർസാദിന്റെ കൂടെ മടങ്ങി.

ആദ്യഗർഭത്തിന്റെ ആലസ്യത്തിൽ നാളുകൾ നീങ്ങിയതറിഞ്ഞില്ല. തോട്ടത്തിലെ തൊഴിലിലും പാവങ്ങളുടെ ജീവിതത്തിലും നാളുകൾക്കു വേർതിരിവില്ലല്ലോ. ഋതുക്കൾ മാത്രമാണു പ്രധാനം. ദേവയാനിയും ഋതുമാറ്റത്തിലായിരുന്നു. പിറക്കാൻ പോകുന്ന കുഞ്ഞിനെപ്പറ്റി അവൾ ആലോചിച്ചുകൊണ്ടേയിരിക്കും. വീട്ടുജോലികളെല്ലാം തിടുക്കത്തിൽ തീർത്താൽ പിന്നെ സ്വപ്നം കാണുന്നതു പണി.

ഇരുട്ടുന്നതോടെയാണ്‌ വീടും പരിസരവും അൽപം ഉണരുന്നത്‌. ഓട്ടപ്പാട്ടയിൽ തട്ടിമുട്ടി അയൽപിള്ളേർ പാട്ടുപാടുന്നുണ്ടാവും. പൂർണചന്ദ്രനെക്കണ്ടാൽ ചിലർക്കിളകും. അപ്പോൾ പാട്ടിനോടൊപ്പം ആട്ടവുമുണ്ടാകും. ഒറ്റയാൻമാർ ഒന്നിക്കും. ഒറ്റക്കൂട്ടം വട്ടക്കൂട്ടമാകും. വൻകരകളെ വളയുന്ന വടമായി, വ്യക്തികളെ വരിയുന്ന വികാരമായി, വട്ടമിട്ടവർ ചുവടുവയ്‌ക്കും. കാൽ മണ്ണിലും തല വിണ്ണിലും. കടിഞ്ഞാണില്ലാത്ത ശരീരത്തിൽ കടിഞ്ഞാണില്ലാത്ത മനസ്സായി, പ്രകൃതി അവരിൽ പ്രതിബിംബിച്ചുനിൽക്കും.

തളർന്നവർ തളർന്നവർ വീണുറങ്ങും.

അതുപോലൊരു രാത്രിയിലായിരുന്നു ദേവയാനിയുടെ കടിഞ്ഞൂൽ പ്രസവം. പെർസാദെത്താൻ വൈകിയിരുന്നു. കരിമ്പേറ്റിയോടുന്ന ചരക്കുതീവണ്ടിയിൽ പണികിട്ടിയതന്നാണ്‌. കരുത്തനും സുമുഖനുമായ അവനെ കമ്പനിക്കാർ നേരത്തേ കണ്ടുവച്ചിരുന്നു. മണ്ണിൽനിന്നും ഒരടി പൊന്തിയ സന്തോഷത്തിൽ മൂളിപ്പാട്ടുമായെത്തിയ അവനെ വീട്ടിലെതിരേറ്റത്‌ ദേവയാനിയുടെ ഈറ്റുനോവായിരുന്നു. ഒരു ആഫ്രിക്കൻകരിങ്കാളി പേറെടുക്കാൻ ഒരുങ്ങിനിൽക്കുന്നു. അമ്മയും അച്ഛനും മുൾമുനയിലാണ്‌. അവൻ എന്തുചെയ്യണമെന്നറിയാതെ പരുങ്ങി. കാത്തിരിപ്പിന്റെ അവസാനം ഒരാൺകുട്ടി. പിള്ളക്കരച്ചിൽകേട്ട്‌ മറ്റുള്ളവരും ഓടിക്കൂടി.

അന്നവർ ഉറങ്ങിയില്ല.

പിറ്റേന്നു തൊട്ട്‌ ദേവയാനിക്കും കുഞ്ഞിനും കൂട്ടായി പെർസാദിന്റെ അമ്മ വീട്ടിലായി. നേരം പുലർന്നാൽ പെർസാദും അച്ഛനും ജോലിക്കിറങ്ങും. അന്തിമയങ്ങിയാൽ കുഞ്ഞിനുചുറ്റും എല്ലാവരും. ഇരുട്ടിലൊരു നെയ്‌വിളക്കായി കുഞ്ഞു തിളങ്ങി.

ദേവയാനിയുടെ അച്ഛൻ കുഞ്ഞിനെ കാണുവാൻ വന്നതു തനിയെ അല്ല. കൂടെ ഒരു സ്ര്തീ. കപ്പലിൽ കൂടെവന്നവരിൽ ഒരാൾ. കരയിലെത്തി മാസം തികയുന്നതിനുമുമ്പ്‌ ഭർത്താവു മരിച്ചിരുന്നു. ഒറ്റത്തടിയായി ജീവിതത്തെ മല്ലിട്ട അവൾക്കൊരു തുണ കിട്ടി. ഭാര്യയുടെ കാലശേഷം അച്ഛനുമതൊരു കൂട്ടായി.

അച്ഛനെക്കണ്ട സന്തോഷവും അമ്മയില്ലാത്ത സങ്കടവും ദേവയാനിയെ ഒന്നിച്ചു കുലുക്കി. പുതിയ അമ്മയിൽ സന്തോഷവും സങ്കടവുമല്ലാത്ത ഏതോ ഒരു വികാരം അവളെ കുടുക്കി. ഇവൾക്ക്‌ താനാര്‌? ഇവൾ തനിക്കാര്‌? മരിച്ച അമ്മയോടും ജീവിക്കുന്ന അച്ഛനോടുമുള്ള തന്റെ സ്നേഹബഹുമാനങ്ങൾ, ജീവിക്കാൻ വെമ്പുന്ന ഈ സ്ര്തീയോടുള്ള സഹതാപവുമായി കെട്ടിപ്പിണഞ്ഞു. ഒരുവശത്തെന്തോ നേടിയപോലെ. മറുവശത്തെന്തോ നഷ്ടപ്പെട്ടപോലെ. എത്തുംപിടിയുമില്ലാതെ ദേവയാനി കുഴങ്ങി. പായ്‌ മുറിഞ്ഞ കപ്പൽപോലെ.

തീവണ്ടിപ്പണിയിൽ കുറെ പണം സ്വരൂപിച്ച പെർസാദ്‌ ഒരു ചെറുകട തുടങ്ങി അച്ഛനെയിരുത്തി. തോട്ടപ്പണിക്കാർക്ക്‌ നിത്യേന ആവശ്യം വരുന്ന അല്ലറചില്ലറ സാമാനങ്ങൾ വിൽക്കുന്ന പീടിക. തോട്ടംപണിയിൽനിന്ന്‌ അച്ഛനുമൊരു വിശ്രമമായി.

ദേവയാനിയുടെയും അമ്മയുടെയും തണലിൽ അല്ലലറിയാതെ കുഞ്ഞും വളർന്നുവന്നു. അടുത്ത്‌ മിഷനറിമാർ നടത്തുന്ന പള്ളിക്കൂടത്തിൽ നവീൻ ചേർന്നു. കളിയും ചിരിയുമായി സമപ്രായക്കാരോടൊത്ത്‌ അവൻ തിമിർത്തു. അവൻ കണ്ടതെല്ലാം പുതുനാമ്പുകൾ. പുതിയ നാടും കൂടും പുന്നാരിച്ച പൊൻമക്കൾ.

വീട്ടിലും അവനൊരു കളിക്കൂട്ടുവന്നു. അവന്‌ രമേഷെന്നു പേരുവച്ചു. വളരുന്ന വീട്‌. നിറയുന്ന മനസ്സുകൾ. അച്ഛന്‌ വയ്യാതായിത്തുടങ്ങിയപ്പോൾ പെർസാദ്‌ തീവണ്ടിപ്പണി വേണ്ടെന്നുവച്ച്‌ മുഴുവൻ സമയവും കച്ചവടത്തിലാക്കി. മാസത്തിലൊരിക്കൽ തുറമുഖനഗരത്തിൽപോയി സാമാനങ്ങളെല്ലാം കൊണ്ടുവരും. അതൊരു വലിയ കടയായി മാറി. അയാളുടേത്‌ അറിയപ്പെട്ട കുടുംബമായി. അടുത്തടുത്ത്‌ രണ്ടു കുഞ്ഞുങ്ങൾകൂടി അംഗങ്ങളായി. പഠിപ്പിൽ മിടുക്കനായിരുന്ന നവീൻ തുടർന്നും പഠിക്കാൻ ബ്രിട്ടനിലേക്കു കടന്നതോടെ ആ കുടുംബത്തിന്റെ മുഖച്ഛായ മാറി. തിരിച്ചുവന്ന അവൻ ഒരു പഞ്ചസാരക്കമ്പനിയിലെ മാനേജറായി. മാഡലീൻ എന്ന പെൺകുട്ടി അവന്റെ ഭാര്യയുമായി. നവീന്റെ അനുജത്തിമാർ കുടുംബിനികളായി. അനുജൻ അച്ഛന്റെ കച്ചവടം ആകാശത്തേയ്‌ക്കുയർത്തി.

അതോടെ ഒരു ഉത്തരേന്തൃൻ ഗ്രാമക്കുരുക്കിന്റെ അവസാനത്തെ ഇഴയും പിഞ്ഞിപ്പൊട്ടി.

Generated from archived content: vishtikkoru2.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English