പത്ത്‌

ഈ നാട്‌ ഒരു ഇരട്ടദ്വീപാണ്‌. പ്രധാനപ്പെട്ടത്‌ വലിയ ദ്വീപുതന്നെ. ചെറുത്‌ വളരെയടുത്താണ്‌. കൊച്ചുദ്വീപിലെത്താൻ പത്തുമിനിറ്റെടുക്കില്ല വിമാനത്തിൽ. സർക്കാർ സബ്‌സിഡിയാൽ ചെലവധികമില്ല. കപ്പലിലും കയറിപ്പോകാം. കാറുംകയറ്റി പോകാം. അവിടെ ആൾപാർപ്പു കുറവാണ്‌. ഉള്ളവർ ഒരു പ്രത്യേക സങ്കരവർഗമാണ്‌. വിദേശവിനോദയാത്രക്കാരാണ്‌ ജനസംഖ്യയിൽ അധികവും. കടപ്പുറം കഴിഞ്ഞാൽ പിന്നെ മുഖ്യം കാടാണ്‌. ടൂറിസവും വനസമ്പത്തുമാണ്‌ വരുമാനമാർഗം. അൽപാൽപ്പം മത്സ്യബന്ധനവുമുണ്ട്‌.

അവിടത്തെ നഗരസഭയ്‌ക്ക്‌ മലിനജലം ഒഴുക്കിക്കളയാൻ പറ്റിയൊരിടം കണ്ടെത്തണം. പവിഴക്കടലിനു കേടേൽക്കരുത്‌. കുഴലും കുന്തവുമൊന്നും കൺവെട്ടത്താകരുത്‌. ചെലവേറെക്കൂടരുത്‌. സ്ഥലവിസ്തീർണമോ വളരെക്കുറവും. പരിമിതികളേറെ. സമ്പന്നരാജ്യങ്ങളിൽനിന്ന്‌ പദ്ധതീനിർദ്ദേശങ്ങൾ പലതുമുണ്ട്‌. അവയെല്ലാം പഠിച്ച്‌ സ്ഥലവും കണ്ട്‌ സ്വന്തം നിലയിൽ ഒരഭിപ്രായം പറയാനാണ്‌ എന്നെ അവിടേക്കു കൊണ്ടുപോയത്‌.

വിമാനത്താവളത്തിൽ കാറിട്ട്‌ മാർസലും ബ്രൂസും ഷാർമീനും ഞാനും ടിക്കറ്റെടുത്തു വിമാനത്തിൽ കയറി. ബസ്സിലെപ്പോലെ കിട്ടിയ സീറ്റിലിരുന്നു. എന്റടുത്തൊരു പെണ്ണ്‌. സുന്ദരി. ഇളം പ്രായം. പേര്‌ മരിയ. അമേരിക്കക്കാരിയാണത്രെ. എന്റേതു വിനോദസഞ്ചാരമല്ലെന്നറിഞ്ഞപ്പോൾ അവൾക്കു കൗതുകം. ക്രിസ്ത​‍്യാനിയാണോ? ഭാരതീയനാണെന്നു പറഞ്ഞു. അപ്പോൾ അതികൗതുകം. പിന്നൊരു പള്ളിപ്രസംഗം. അവൾ സ്വർഗവാതിൽ തുറന്നുകാട്ടി. മാലാഖമാരെ പരിചയപ്പെടുത്തി. വരാൻ പോകുന്ന നല്ലനാളുകൾക്കുവേണ്ടി സ്തുതിചൊല്ലി. വിമാനമിറങ്ങിയിട്ടും അവളെന്റെ കൈ വിടുന്നില്ല. കവിളത്തൊരു ഉമ്മയും കൂടിയായതോടെ ഞാൻ പിടിവിടുവിച്ചോടി.

നീലക്കടലിലെ പവിഴത്തുരുത്ത്‌. നിറങ്ങളുടെ നിറമാലച്ചാർത്ത്‌. പവിഴത്തടാകങ്ങൾ പളുങ്കുപോലെ വെട്ടിത്തിളങ്ങി. പവിഴപ്പുറ്റുകളെ ജീവനോടുകൂടി കാണാം. അതിനായി അടിവശം കണ്ണാടിയിൽ തീർത്ത ബോട്ടുകൾ. കായലിൽ സവാരിക്ക്‌ കൊച്ചു ‘പിറോഗു’കൾ. പായ്‌വഞ്ചികൾ. തുഴവള്ളങ്ങൾ. മികച്ച ഹോട്ടൽ സംവിധാനങ്ങളുണ്ടവിടെ. സർക്കാരിന്റെ ഒരാസ്ഥാനവും. പിന്നെല്ലാം വനസങ്കേതങ്ങൾ.

പകൽ മുഴുവൻ പദ്ധതിപ്രദേശം കണ്ടു. വാടകയ്‌ക്കെടുത്ത കാറിലും കാൽനടയായും വള്ളത്തിലും. നാട്ടുകാരിൽനിന്നും നാട്ടുപ്രമാണികളിൽനിന്നും സർക്കാരുദ്യോഗസ്ഥരിൽനിന്നുമെല്ലാം വിശദാംശങ്ങൾ തേടി. ഉച്ചതിരിഞ്ഞതോടെ മാർസൽ മടങ്ങി. ഞങ്ങൾ സർക്കാർവക താമസസ്ഥലത്തേക്കു പോയി.

വിജനമായൊരിടത്തെ ഒറ്റപ്പെട്ട കെട്ടിടം. ആളനക്കമില്ല. ആകാശം നിറയെ നക്ഷത്രങ്ങൾ. മുനിഞ്ഞുകത്തുന്ന വിളക്കുകൾ. അരണ്ട വെളിച്ചം.

കൂട്ടരൊത്തു സംസാരിച്ചിരിക്കുമ്പോൾ അകലെ തപ്പുകൊട്ട്‌. ഇടറുന്ന താളം. ഇഴപൊട്ടിയ ഈണം. മട്ടുപ്പാവിൽനിന്നു നോക്കിയപ്പോൾ ആകാശത്തേക്ക്‌ തീനാമ്പുകൾ നീളുന്നു. അട്ടഹാസം. ഏതോ പ്രേതകഥയിലെ രക്തോത്സവത്തിന്റെ പ്രതീതി. അഭൗമവും അതിഭീകരവുമായ ഒരാകർഷണം. പോയി നോക്കാമെന്നു പറഞ്ഞപ്പോൾ കൂട്ടുകാർ വിലക്കി. ഇതു നമുക്കുള്ളതല്ല.

ഡച്ചുകാർ അടിമകളാക്കിക്കൊണ്ടുവന്ന നീഗ്രോകളുടെ സന്തതിപരമ്പര. ആഫ്രിക്കക്കാരുടെ തടിമിടുക്കും ഡച്ചുകാരുടെ തലമിടുക്കും ഒന്നിച്ചുചേർന്നൊരു തലമുറയ്‌ക്കായി പ്രത്യേകം ഇണചേർത്തുണ്ടാക്കിയ സങ്കരവർഗം. കൂട്ടത്തിൽ പിഴച്ച ചില സങ്കരസന്തതികൾ ആൺ-പെണ്ണായി. നിറഞ്ഞ ശബ്ദവും നിറയെ മാറിടവും നനുത്ത താടിമീശയുമുള്ള ആജാനുബാഹുക്കൾ. ഒരുതരം മൃഗവർഗമായി, മൃതവർഗമായി അവരിന്നും നിലനിൽക്കുന്നു. ആഭിചാരവും ബലികർമങ്ങളും ഇന്നും തുടരുന്നു. അകലെ നടക്കുന്നത്‌ അതിലൊന്നായിരിക്കണം.

കൊതുകുകടികൊണ്ട്‌ ഉറക്കംവന്നില്ല. പിറ്റേന്നു കാലത്ത്‌ ഒരു കട്ടൻകാപ്പിയുംകുടിച്ച്‌ ബ്രൂസിനോടൊപ്പം വിമാനത്താവളത്തെത്തി. ഷാർമീന്‌ ഒന്നുരണ്ടുദിവസംകൂടി അവിടെ പണിയുണ്ട്‌. അവളവിടെ തങ്ങി. ഞാൻ ഉച്ചയ്‌ക്കുമുമ്പേ വീട്ടിലെത്തി. കടുത്ത തലവേദനയും നേരിയ പനിയും. അന്നിനി ഓഫീസിൽ പോകേണ്ടെന്നുവച്ചു. തലേന്നുരാത്രികേട്ട ചെണ്ടകൊട്ട്‌ തലയിൽ മുഴങ്ങുന്നു. ഉച്ചയുറക്കത്തിൽ ദുഃസ്വപ്നങ്ങൾ. ഇടയ്‌ക്കിടെ വിയർക്കുന്നു. പിന്നെ തണുക്കുന്നു. വിശക്കുന്നു. ആഹാരമുണ്ടാക്കിക്കഴിക്കാൻ മടി. കുറെ പഴം തിന്നു. കുരുമുളകുകാപ്പി കുടിച്ചു. കടപ്പുറത്തെ പ്രാണികൾ കടിച്ചിടത്തെല്ലാം ചുട്ടുനീറുന്നു. തലയുംമൂടിക്കിടക്കുമ്പോൾ കടലിന്റെ ആരവം ചെവിയിലെത്തി. താമസിയാതെ കൊടുങ്കാറ്റെത്തി. ലൈറ്റും പോയി. കൂരിരുട്ട്‌. വീടുമുഴുവൻ വിറയ്‌ക്കുന്നു. ജനൽപാളികൾ തുടിക്കുന്നു. അതിനിടെ ടെലഫോൺമണി. എടുത്തില്ല. ഇരുട്ടിൽ തപ്പാൻ വയ്യ. കാറ്റിന്റെ ശീൽക്കാരത്തിൽ കണ്ണടച്ചു. പിന്നെ ഉറങ്ങി.

നേരംപുലർന്നത്‌ അറിഞ്ഞില്ല. ഞെട്ടിയുണർന്ന്‌ ജനലിന്നരികെ ചെന്നു. “ഹലോ, ഹലോ”. അടുത്തവീട്ടിൽനിന്ന്‌ ഒരു വിളി. ഞാനും പറഞ്ഞു ‘ഹലോ’. മുറ്റത്തേക്കിറങ്ങിച്ചെന്നു നോക്കി. ആരുമില്ല. വേലിക്കടുത്തു ചെന്നു. വീണ്ടും വിളി. ആരെയും കാണാനുമില്ല. ‘ഹാവ്‌ എ നൈസ്‌ ഡേ’. പിന്നെയും അഭിവാദനം. കണ്ടുപിടിച്ചു. അയൽപക്കത്തെ കൂട്ടിനുള്ളിൽ ഒരു പക്ഷി. സംസാരശേഷിയുള്ള പക്ഷി. ആദ്യമായി കാണുകയാണ്‌. ഞാനെന്തോ പറഞ്ഞു. അതു തിരിച്ചെന്തോ ചൊല്ലി. ഞാൻ ഭാഷ മലയാളമാക്കി. അതു മിണ്ടാതിരുന്നു.

അന്നാദ്യമായി ഞാനൊരുങ്ങുംമുമ്പേ ഫ്രെഡിയെത്തി. കൊടങ്കാറ്റുമൂലം ഒരുപാടുമരങ്ങൾ മറിഞ്ഞിരുന്നു. വഴിയിലെ തടസ്സങ്ങൾ കാരണം വന്നതുതന്നെ വൈകിയായിരുന്നു. പക്ഷിയുടെ കാര്യം പറഞ്ഞപ്പോൾ ഫ്രെഡിക്കും പിരികേറി. അതാണ്‌ ‘മക്കാവ്‌’. പരിശീലിപ്പിച്ചാൽ മനുഷ്യരെപ്പോലെ സംസാരിക്കും. അവരെന്തെല്ലാമോ സംസാരിച്ചുനിന്നു. അതിനിടെ ഞാനും തയ്യാറായി. മക്കാവിനോട്‌ വിടപറഞ്ഞിറങ്ങി.

പിന്നെ ഞങ്ങളതു പതിവാക്കി. കാണുമ്പോഴെല്ലാം ഹലോ ഹലോ. മലയാളം പറഞ്ഞാൽ മാത്രം മിണ്ടാട്ടമില്ല.

ആഴ്‌ചകൾ കഴിഞ്ഞപ്പോൾ നാട്ടിൽനിന്ന്‌ കത്തുകൾ കിട്ടിത്തുടങ്ങി. വൈകിയെങ്കിലും നാട്ടിലെ വിവരങ്ങൾ അറിഞ്ഞുതുടങ്ങി. ടെലിവിഷനിൽ ആഴ്‌ചയിലൊരിക്കലേ ഏഷ്യൻ വാർത്തകൾ കിട്ടൂ. പക്ഷെ മിക്കദിവസവും ഹിന്ദിപരിപാടികൾ ഉണ്ടാവും. പാട്ടും സിനിമയും. ഒന്നുരണ്ടുതവണ കർണാടകസംഗീതവും കേട്ടു.

മിക്ക സമയവും പോപ്‌, റാപ്‌, കാലിപ്സോ സംഗീതം. കാലിപ്സോ നാടൻപാട്ടുകളാണ്‌. ദ്രുതഗാനങ്ങൾ. മണ്ണിന്റെയും മനസ്സിന്റെയും മണംപേറുന്ന ശീലുകൾ. അതിൽ കാമുകന്റെ വികാരവും കാമുകിയുടെ പരിഭവവും അടിമയുടെ അമർഷവും യജമാനവിമർശനവും സാധാരണക്കാരന്റെ വിദ്വേഷവും എല്ലാമെല്ലാം കലർന്നിരിക്കും. വികാരവിചാരങ്ങൾ തലപൊക്കുമ്പോൾ താളരാഗങ്ങൾ തലകുത്തിനിൽക്കും. വാക്കുകൾ ഭാഷയുടെ അതിരുപൊട്ടിക്കും. ഭാഷ വാക്കുകളുടെ വക്കുപൊട്ടിക്കും. അശ്ലീലത്തിന്റെ വരമ്പും തകരും. മാക്വെറീപ്‌ കടപ്പുറത്ത്‌ ഒരുനാൾ ചെന്നതാണ്‌. ആണുങ്ങളും പെണ്ണുങ്ങളും തിരയിൽ നീന്തിത്തകർക്കുന്നു. കരയിലൊരു കറുമ്പൻ നിന്നുപാടുന്നുഃ “ബേബീ കം ഫോർ ‘ആക്ഷാൻ’. ഐ ഗിവ്‌ യൂ ‘സാറ്റിസ്‌ഫാക്ഷാൻ’. യൂർ ബോഡി ‘മോഷാൻ’ ടേൺസ്‌ മി ഓൺ…….”. (“Baby, C’me for action, I give y’u satisfaction; Y’ur body motion turns me on……”)

നിന്നനിലയ്‌ക്ക്‌ ഉണ്ടാക്കിയതായിരിക്കണം. നിമിഷകവിയാവണം. കയ്യും കലാശവും അകമ്പടിക്കുണ്ട്‌.

വർഷങ്ങൾക്കുമുമ്പ്‌ കരയിൽ ആദ്യമെത്തിയവർക്ക്‌ കൊട്ടാനും തട്ടാനും ഒന്നുമുണ്ടായിരുന്നില്ല. അവർ വയറ്റത്തടിച്ചായിരിക്കും പാടിയിരിക്കുക. കരയിലും കടലിലും എണ്ണ കണ്ടെത്തിയതോടെ എണ്ണക്കമ്പനികളുടെ വരവായി. കൂടെ എണ്ണപ്പാട്ടകളും. ഹൃദയത്തുടിപ്പങ്ങനെ എണ്ണപ്പാട്ടകളിലായി. എണ്ണബാരലുകൾ ശ്രുതിചേർത്ത്‌ അവർ വാദ്യോപകരണങ്ങളുണ്ടാക്കി. അതങ്ങനെ വളർന്ന്‌ ‘സ്‌റ്റീൽ ബാന്റാ’യി. ഇന്നതൊരു അപൂർവകലയാണ്‌. നൂറുകണക്കിനാളുകൾ ചേർന്ന വൃന്ദവാദ്യക്കച്ചേരി. കടുത്ത പരിശീലനവും ആഴം കണ്ട ശ്രുതിബോധവും കടുകിട തെറ്റാത്ത താളപ്പൊരുത്തവും മികച്ച സംഗീതവാസനയും കറകളഞ്ഞ കൂട്ടായ്മയും സ്വയം സമർപ്പണവും ഇതിനുവേണം. ലോകത്ത്‌ ഇതെവിടെയുമില്ല വേറെ.

കാർണിവലിനാണ്‌ ഇതെല്ലാം അരങ്ങേറുക. ‘കരിക്കുറി’പ്പെരുന്നാളിനു രണ്ടുദിവസംമുമ്പ്‌ കാർണിവൽ തുടങ്ങുന്നു. ആകെ ബഹളമായിരിക്കും. പീലിക്കെട്ടും പ്രച്ഛന്നവേഷവുമണിഞ്ഞ്‌ ആണും പെണ്ണൂം കളിച്ചുകൂത്താടും. നൂറുകണക്കിനു പാട്ടുകാർ. ആയിരക്കണക്കിനു കൂട്ടാളികൾ. പെരുവഴികൾ നിറഞ്ഞുതുളുമ്പൂം. രാജാവും റാണിയുമായി പട്ടംകിട്ടാൻ കടുത്തമത്സരമായിരിക്കും. എന്നിട്ടും ക്രമസമാധാനത്തിന്‌ യാതൊരു പാളിച്ചയുമുണ്ടാകില്ലത്രേ. മറ്റു ലാറ്റിൻ രാജ്യങ്ങളിലേതുപോലെയല്ല. ഇതിന്റെ പൊരുളറിയാൻ പല അക്രമനിയന്ത്രണസംഘടനകളും ശ്രമിച്ചിട്ടുണ്ടത്രെ. ഇവിടത്തെ പൊതുജനമനഃശാസ്ര്തം ഒന്നു വേറെയാണുപോൽ.

‘ചട്ട്‌ണി’പ്പാട്ടുകൾക്കും പ്രിയമേറുന്നു. ഹിന്ദിപ്പാട്ടുകൾ ഇംഗ്ലീഷ്‌രീതിയിലും ഇംഗ്ലീഷ്‌ പാട്ടുകൾ ഹിന്ദിരീതിയിലും. നമ്മുടെ ‘റീമിക്സി’നു തുല്യം. തുണിയൂരിക്കാട്ടാൻ പറ്റിയ പണി.

ടെലിവിഷനിൽ ക്രിസ്തുജനനം കണ്ടു. ആഫ്രിക്കൻകുഞ്ഞിനെ ആഫ്രിക്കൻപരിവാരം പരിചരിക്കുന്നു. കറുത്ത ക്രിസ്തു. അതുപോലെ കൃഷ്ണജയന്തിയും. കൃഷ്ണൻ ഒരു നീഗ്രോകുഞ്ഞ്‌. ശരിയല്ലേ, കൃഷ്ണൻ കോടക്കാർവർണനല്ലേ?

അന്ന്‌ ഒരു അമേരിക്കൻ പരിപാടിയും കണ്ടു. ഒരു വിശ്വാസശുശ്രൂഷ. സ്വന്തം വിഷമങ്ങൾ വിവരിച്ച്‌ സ്വന്തംപാപങ്ങൾ ഏറ്റുചൊല്ലി ഒരുകൂട്ടം ആളുകൾ. ഇരുട്ടിലലയുന്നവർ. കരിങ്കടലിൽ മുങ്ങിപ്പൊന്തുന്നവർ. ബോധംമറിഞ്ഞു കേഴുന്നവർ. അവരുടെ കണ്ണീരൊപ്പി അവർക്കെല്ലാം ആശ്വാസം പകർന്ന്‌ ആ പെണ്ണ്‌. മരിയ. വിമാനത്തിൽ എന്നെ വിടാതെ പിടികൂടിയ മരിയ.

Generated from archived content: vishtikkoru10.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English