അഷ്ടാനുധാവൻ

ഒരുകാലത്ത്‌ രണ്ടുകൈകൊണ്ടും ഹാർമോണിയം വായിക്കുന്ന പെണ്ണുങ്ങൾക്ക്‌ വലിയ പ്രിയമായിരുന്നുവത്രെ കല്യാണമാർക്കറ്റിൽ. എന്റെയൊരു വല്യച്ഛൻ വല്യമ്മയെ വിവാഹംകഴിച്ചത്‌ ഇക്കാരണത്താലായിരുന്നുവെന്നു കേട്ടിട്ടുണ്ട്‌.

അർജുനന്‌ രണ്ടുകൈകൊണ്ടും അസ്ര്തപ്രയോഗം സാധ്യമായിരുന്നുവെന്നും കഥ. അത്തരത്തിലുള്ളവരെ ‘സവ്യസാചി’യെന്നാണു ഗീർവാണത്തിൽ പറയുക.

ഇപ്പോഴത്തെ ‘എക്സിക്കുട്ടന്മാ’രും സവ്യസാചികളായിരിക്കും. ഒരു കംപ്യൂട്ടർ മേശപ്പുറത്ത്‌, മറ്റൊന്നു മടിയിൽ. ഒരേസമയം രണ്ടിലും പണിയുമായിരിക്കും. ഓരോ കൈകൊണ്ടും ഓരോ ജോലിയോ, അതോ രണ്ടുകൈകൊണ്ടും ഒരേ ജോലിയോ?

ഇത്തരത്തിൽ ഞാൻ പറഞ്ഞത്‌, എന്റെ മേലധികാരി-സുഹൃത്തിനു ഒട്ടും രസിച്ചില്ല. ആയിടയ്‌ക്കുമാത്രം ‘മാനേജ്‌മെന്റ്‌-പ്രണയം തുടങ്ങിയ അദ്ദേഹം, ’മൾട്ടി-ടാസ്‌കിംഗ്‌‘ (പലകാര്യപ്രവൃത്തി) ഒരു ബൈബിൾപോലെ ഉരുക്കഴിച്ചിരുന്നു. തന്റെ ’എൻജിനീയറിംഗ്‌‘-കീഴാളരോട്‌, ഒരേസമയം ആറു കാര്യങ്ങൾ ഒന്നിച്ചുചെയ്യണമെന്ന്‌ ഇന്നും എന്നെന്നും ഉപദേശിക്കുന്ന കാലവുമായിരുന്നു.

“എന്തിനാറുമാത്രം? എട്ടാക്കരുതോ?”, എന്റെ ചോദ്യം അദ്ദേഹത്തെ വീണ്ടും ചൊടിപ്പിച്ചു. “പണ്ടത്തെ രാജാക്കന്മാർ ’അഷ്ടാനുധാവൻ‘മാരായിരുന്നു — ഒരേ സമയം എട്ടുജോലികൾ ചെയ്യുന്നവർ!”

ഞരമ്പിൽ അൽപം രാജരക്തം അവകാശപ്പെടുന്ന അദ്ദേഹം ഇതുകൂടി കേട്ടപ്പോൾ വിഷയം മാറ്റി.

എന്നാൽ ഇക്കാലത്തെ പിള്ളേർ മൾട്ടി-ടാസ്‌ക്കിംഗിൽ അഷ്ടാനുധാവൻമാരെയും കവച്ചുവയ്‌ക്കുമെന്നു ഞാൻ കണ്ടറിഞ്ഞതാണ്‌.

ബൈക്കിൽ റോഡുനിറഞ്ഞ്‌ ഒരു പയ്യൻഃ

ഒന്ന്‌ഃ എഞ്ചിനണയ്‌ക്കാതെ ഒറ്റക്കാലൂന്നി നിൽക്കുന്നു.

രണ്ട്‌ഃ പുറകിൽ പെണ്ണുണ്ട്‌, അവളെയും ചാരിയാണ്‌ മുൻസീറ്റിൽ ഇരിപ്പ്‌.

മൂന്ന്‌ഃ റോഡരികിലെ തട്ടുകടയിൽനിന്ന്‌ ഇടതുകൈനീട്ടി പൊതി വാങ്ങുന്നു.

നാല്‌ഃ വായിൽ ച്യൂയിങ്ങ്‌ ഗം ചവയ്‌ക്കുന്നു.

അഞ്ച്‌ഃ വലതുകയ്യിലെ മൊബൈൽ തന്റെയും പെണ്ണിന്റെയും കാതുകളോടുചേർത്തു വേറൊരാളോടു വർത്തമാനം.

ആറ്‌ഃ അതിനിടെ കാൽകൊണ്ട്‌ ബൈക്കിന്റെ സൈഡ്‌-സ്‌റ്റാന്റ്‌ ഇടുന്നു.

ഏഴ്‌ഃ പിന്നിൽനിന്നു ഹോണടിച്ചു ശല്യപ്പെടുത്തുന്ന മറ്റു ഡ്രൈവർമാരെ തെറിപറയുന്നു.

എട്ട്‌ഃ അതോടൊപ്പം നിലത്തു തുപ്പുന്നു.

ഒൻപത്‌ഃ ആ വഴി വന്ന മറ്റൊരു ചെത്തുപയ്യനു കൈ കാണിക്കുന്നു.

പത്ത്‌ഃ അപ്പോൾ ചരിഞ്ഞ ബൈക്കിനെ ബാലൻസു ചെയ്യുന്നു.

അപ്പോൾ മണംപിടിച്ചു വാലാട്ടിവന്ന പട്ടിക്കിട്ടവൻ കൊടുത്ത ഒരു തൊഴികൂടി ആയപ്പോൾ ടാസ്‌ക്‌-എണ്ണം പതിനൊന്ന്‌!

Generated from archived content: chilarum6.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English