വർണം, വിവേചനം

ജാതിമതചിന്തകൾ പിൻവാതിൽപ്പുറത്താകുന്ന കാലത്താണ്‌ എന്റെ സ്‌ക്കൂൾ-പഠനം. അമേരിക്കയിലെ അടിമക്കച്ചവടത്തെക്കുറിച്ചും ആഫ്രിക്കയിലെ വർണവിവേചനത്തെക്കുറിച്ചുമെല്ലാം അധ്യാപകർ വാചാലരാകുമ്പോൾ സത്യത്തിൽ ഒരുതരം നിസ്സംഗതയായിരുന്നു മനസ്സിൽ. അന്നെല്ലാം ചുറ്റൂവട്ടംമാത്രം കാണാനുള്ള കാഴ്‌ചയല്ലേയുള്ളൂ. അകക്കണ്ണുതുറപ്പിക്കാൻമാത്രം കഴിവുള്ള ആശാൻമാരില്ലായിരുന്നു ആ ബാല്യത്തിൽ.

അതേസമയം അൽപം വിവേചനം അനുഭവിച്ചിട്ടില്ലെന്നുമില്ല. ചിലരിൽനിന്ന്‌ അനുഭാവവും ചിലരിൽനിന്ന്‌ അവഹേളനവും. അതെല്ലാം പേരുപറ്റിച്ച പണിയായിരുന്നു.

അന്നത്തെ മലയാളം കഥകൾ തന്നെ മതിയായിരുന്നു ജാതിമതഭേദങ്ങളെപ്പറ്റി മനസ്സിലാക്കാൻ. പിന്നീടെപ്പോഴോ ‘Gone with the Wind’ (Margaret Mitchell)-ഉം ‘Roots'(Alex Haley)-ഉം വായിച്ചപ്പോഴാണ്‌ അടിമത്തത്തിന്റെ ആക്കവും ആഴവും അറിഞ്ഞത്‌. എന്നിട്ടും വർണവിവേചനം ഒരു വിളിപ്പാടകലെ നിന്നു.

നോർവേയിൽ നല്ലൊരുകാലം കഴിക്കുമ്പോൾ അവിടത്തെ ചെറുമക്കൾ (ചെറിയ മക്കൾ) എന്നെ ‘നീഗ്രോ’ എന്നുപറഞ്ഞു ചുറ്റും പൊതിയുമായിരുന്നു. തികച്ചും നിഷ്‌കളങ്കരായി. ‘നീഗ്രോ’ എന്നാൽ കറുപ്പെന്നുമാത്രം അവർക്കർത്ഥം.

കൊല്ലങ്ങൾക്കുശേഷം വെസ്‌റ്റ്‌ ഇൻഡീസിലെ ട്രിനിഡാഡിലാണ്‌ ഞാൻ കാപ്പിരികളുമായും കരാർപണിക്കാരുമായും (Indentured Labourers – അതുമൊരുതരം അടിമത്തം തന്നെ) അടുത്തിടപഴകുന്നത്‌. (പുഴ മാഗസിനിലെ ‘വിഷ്ടിക്കൊരു കുങ്കുമപ്പൊട്ട്‌’ എന്ന നോവലിൽ ഇക്കാര്യങ്ങളുണ്ട്‌​‍്‌).

ആ യാത്രയിലാണ്‌ ഞാൻ വർണവിവേചനം നേരിട്ടനുഭവിച്ചതും.

ഡച്ച്‌ തലസ്ഥാനമായ ആംസ്‌റ്റർഡാമിലാണ്‌. അൽപം അത്യാവശ്യസാധനങ്ങൾക്കായി ഒരു സൂപ്പർമാർക്കറ്റിൽ കയറിച്ചെന്നതേയുള്ളൂ. കയ്യിലിരിക്കുന്ന ബാഗ്‌ എവിടെ വയ്‌ക്കണമെന്നു തിരയുമ്പോഴേക്കും ഡച്ചിൽ ഒരട്ടഹാസം. ഒരു സ്ര്തീ. കാവൽക്കാരിയാണ്‌. എന്റെ കയ്യിൽനിന്ന്‌ സഞ്ചി പറിച്ചെടുത്ത്‌ അവർ ഒരു മൂലയിൽ വച്ചു.

തിരിച്ചടിക്കാൻ ഭാഷ വശമില്ലാത്തതിനാൽ ക്ഷമിച്ചു.

അകത്തെത്തിയപ്പോൾ വേറൊരു പ്രശ്നം. എന്റെ അറിവിൽ ഡച്ച്‌ നാണയം ‘ഗിൽഡർ’ ആണ്‌ (അന്നേയ്‌ക്ക്‌ ‘യൂറോ’ ആയിട്ടില്ല). സാധനങ്ങളിൽ വിലയെല്ലാം ‘ഫ്ലോറിൻ’-ൽ എഴുതിവച്ചിരിക്കുന്നു. കയ്യിലാണെങ്കിൽ ഗിൽഡർ നോട്ടുകളും. അടുത്തുനിന്നിരുന്ന ഒരാളോട്‌ ഇംഗ്ലീഷിൽ അന്വേഷിച്ചു. അയാൾക്കുമൊരു പൊട്ടിത്തെറി. താൻ കടയിലെ ജോലിക്കാരനല്ലെന്നും വേണമെങ്കിൽ വേറെ വല്ലവരോടും തിരക്കിക്കൊള്ളാനും. അതുകേട്ടുവന്ന ഒരു മാന്യൻ (ഇംഗ്ലീഷുകാരനായിരിക്കണം) ചിരിച്ചുകൊണ്ട്‌ എന്നെ പറഞ്ഞുമനസ്സിലാക്കി, രണ്ടും ഒന്നാണെന്ന്‌. കറൻസിയുടെ പേര്‌ ഗിൽഡർ (ഡച്ചിൽ ‘ഗുൾഡെൻ’) എന്ന്‌, എഴുതുന്നത്‌ ഫ്ലോറിൻ എന്ന്‌!

തീർന്നില്ല.

ഹോട്ടലിൽനിന്ന്‌ എയർപോർട്ടിലേക്കുള്ള ബസ്സിൽ പെട്ടി കയറ്റുമ്പോഴാണ്‌. വെള്ളക്കാർക്കെല്ലാം ഡ്രൈവർ-കം-കണ്ടക്‌റ്റർ (അവിടെയെല്ലാം അങ്ങിനെയാണല്ലോ) പെട്ടി കയറ്റിക്കൊടുക്കുന്നു. എന്റെ മുമ്പിൽ ഒരു നീഗ്രോപയ്യൻ. അവനെയും എന്നെയും ഗൗനിക്കാതെ, വരുന്ന വെള്ളക്കാരുടെയെല്ലാം പെട്ടി കയറ്റുന്നു. തന്റെ പെട്ടി സ്വയംവയ്‌ക്കാൻ പയ്യനാഞ്ഞപ്പോൾ അവനോട്‌ മാറിനിൽക്കാൻ വൃത്തികെട്ടൊരു കൽപന. ക്ഷമകെട്ട്‌ ഞാൻ എന്റെ പെട്ടി കയറ്റിയപ്പോൾ എന്നോടും അലർച്ച. ഞാൻ ചുട്ട രണ്ടുവാക്കു പറഞ്ഞപ്പോൾ അയാളടങ്ങി.

പിന്നീട്‌ യാത്രയിൽ റോയൽഡച്ച്‌ വിമാനത്തിലെ ജോലിക്കാരോട്‌ കൊച്ചിയിലെ ഡച്ചുകൊട്ടാരത്തെപ്പറ്റിയെല്ലാം കിന്നരിച്ചെങ്കിലും എന്റെ മനസ്സിൽ ഒരു ഉറുമ്പ്‌ കടിച്ചുതൂങ്ങിനിന്നു. അപ്പോൾ നൂറ്റാണ്ടുകളോളം കാപ്പിരികളുടെ മനസ്സിൽ എന്തായിരിക്കണം വേദന?

അന്നേ മോഹമായിരുന്നു ആഫ്രിക്ക കാണാൻ. നമ്മുടെ ഗാന്ധി(ജി)യുടെകൂടി നാടല്ലേ.

ദക്ഷിണാഫ്രിക്ക സ്വതന്ത്രമായതിനു തൊട്ടുപിന്നാലെയാണ്‌ അതിനു തരപ്പെട്ടത്‌. വിമാനത്താവളത്തിൽനിന്ന്‌ എന്നെ കൊണ്ടുപോയത്‌ ഒരു വെള്ളക്കാരൻ ഡ്രൈവർ. ഭാഷ പ്രശ്നമല്ലാത്തതിനാൽ അയാളോട്‌ പുത്തൻജീവിതത്തെപ്പറ്റി തിരക്കി. കറുത്തവരെപ്പറ്റി അയാളുടെ വായിൽനിന്നു പുറത്തുവന്നതെല്ലാം വെറും വിഷം. വെള്ളക്കാരുടെ വർഗവിദ്വേഷം അന്നെനിക്കു പിടികിട്ടി. ഞാൻ ഒരു തവിട്ടുനിറക്കാരൻ ഭാരതീയനായതുകൊണ്ടുമാത്രമാണ്‌ അയാളെന്നെ കൊല്ലാതെ ഹോട്ടലിൽ എത്തിച്ചത്‌!

എന്റെ കൂട്ടിനു പക്ഷെ ഒരു കറുത്ത ആഫ്രിക്കക്കാരനും ഒരു വെളുത്ത ആഫ്രിക്കക്കാരനും (ആഫ്രിക്കാൻ, ആഫ്രിക്കാനർ ഇത്യാദി വേർതിരിവൊന്നും എനിക്കു ദഹിക്കില്ല; Nelson Mandela-യുടെ ‘Long Walk to Freedom’ വായിച്ചു ഞാൻ കുഴഞ്ഞു), പിന്നെ ഒരു മൗറീഷ്യസ്‌ ഇന്ത്യക്കാരനുമായിരുന്നു. ഔദ്യോഗികപരിപാടികളെല്ലാം കഴിഞ്ഞ്‌ ഞങ്ങൾ പ്രിട്ടോറിയ നടന്നുകാണാനിറങ്ങി. നഗരമെങ്കിലും ആഫ്രിക്കയെ മുഖാമുഖം കണ്ടതപ്പോഴാണ്‌. ഒരു വശത്ത്‌ വെള്ളക്കാരുടെ മണിമന്ദിരങ്ങൾ. അവയ്‌ക്കെല്ലാം കനത്ത സുരക്ഷാസന്നാഹങ്ങൾ. മറുവശത്ത്‌ കറുത്തവരുടെ കൊടുംചേരികൾ. അവിടെ ഇല്ലാത്ത നരകമില്ല.

കറുത്തവരെ നേരിടാൻ വെള്ളക്കാർ തോക്കുകൊണ്ടുവന്നു. അവരെ നേരിടാൻ കറുത്തവനും തോക്കേന്തി. സ്വാതന്ത്രൃംകിട്ടിയപ്പോൾ തോക്കെടുത്തവർക്കു പണിയില്ലാതായി. പട്ടിണിയായി. പട്ടിണിപ്പാവങ്ങൾ ചെയ്യാനറയ്‌ക്കുന്ന പണിയുണ്ടോ? കയ്യിലുള്ളതു തോക്കുമാത്രം.

വഴിക്കെല്ലാം പെൺകൂട്ടിനും നഗ്നനൃത്തത്തിനും ആളെ വേണമെന്നുള്ള പരസ്യങ്ങൾ. ആണും പെണ്ണും വരുന്നു, പോകുന്നു.

വഴിതെറ്റിയപ്പോൾ അടുത്തുകണ്ട ഹോട്ടലിൽ അന്വേഷിച്ചു. അവർ പറഞ്ഞു, മണി അഞ്ചാവുന്നു, തിരിയെ നടക്കാതെ ടാക്സിയിൽ പൊയ്‌ക്കൊള്ളാൻ. പറഞ്ഞുനിൽക്കുമ്പോൾ കേൾക്കുന്നു ഒരു വെടിയൊച്ച. തുടർന്നു പോലീസ്‌ സൈറനുകളും.

ഞാൻ കാലത്തു കണ്ട ഒരു ശിൽപമോർത്തു. കാരിരുമ്പിൽ ഒരു കറുത്ത രൂപം. തലയില്ല, കയ്യില്ല, കാലില്ല. അകം പൊള്ള. നെഞ്ചിൽ ശരിക്കും ഒരു തോക്കുകൊണ്ടു വെടിവച്ചുണ്ടാക്കിയ വൻതുള.

മറ്റൊരിക്കൽ താരതമ്യേന ശാന്തമായ കേപ്‌ ടൗണിൽ പോയപ്പോഴും ഇതുതന്നെ കഥ.

മടക്കയാത്രയിൽ ഒരു ആഫ്രിക്കൻ ദിനപ്പത്രമെടുത്തു മറിച്ചപ്പോൾ കണ്ട ഒരു ലേഖനത്തിന്റെ തലക്കെട്ട്‌ഃ ‘YOU are because WE are.’

വെളുത്തവന്‌ കറുത്തവന്റെ മറുപടി.

Generated from archived content: chilarum10.html Author: dr_g_narayanawamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English