ഞാൻ വൃക്ഷദേവത.
തളിർത്തുമ്പു മുതൽ വേരറ്റം വരെ
പ്രാണ ശക്തിയായ് നിറയുന്നവൾ
എന്റെ ചില്ലകളിൽ കൂടുകൂട്ടിയോരെത്ര?
ഈ തണലിലിളവേറ്റവരെത്ര?
എന്നെ മദിപ്പിച്ച
എന്നെ കൊതിപ്പിച്ച
ഋതുഭേദങ്ങളെത്ര!
എന്നെ കുളിരണിയിച്ച മഴമേഘങ്ങളെത്ര
ചുംബിച്ചുണർത്തിയോരിളം കാറ്റുകളെത്ര
എന്നെ ത്രസിപ്പിച്ച
എന്നെ വിറപ്പിച്ച
മിന്നലൊളികളെത്ര!
എന്റെ വേരുകൾ തേടിപ്പിടിക്കാത്ത
തീർത്ഥങ്ങളേതിനി?
എന്റെ പൂവുകൾ ഗന്ധം പടർത്താത്ത
സീമകളേതിനി?
ഋതുക്കൾ… പ്രിയമാനസർ
എനിക്കു പകുത്തുതരാത്തതെന്തുണ്ടവർക്കിനി!
ഞാൻ വൃക്ഷദേവത
പ്രകൃതിയായ് തുടിക്കുന്നവൾ!
പ്രണയമായ് ജ്വലിക്കുന്നവൾ!
Generated from archived content: poem1_july9_07.html Author: dr_beena_sajith_kumar
Click this button or press Ctrl+G to toggle between Malayalam and English