ദേശാന്തരങ്ങളിൽ
ചുറ്റിത്തിരിഞ്ഞിവർ
എത്തിയതെന്റെ ഗ്രാമത്തിൽ.
വേഷം പരിചിതമല്ലല്ലോ
ഭാഷയും;
തീർത്തും നവാഗതർ നാട്ടിൽ.
ഭൂപടം നോക്കി
സ്ഥലകാലക്കാഴ്‌ചകൾ
തേടുന്ന ദമ്പതിമാരോ,
വീടുവെടിഞ്ഞ്
പുറം നാട്ടിലെത്തിയ
കാമുകീ കാമുകന്മാരോ.
കാണാത്ത നാടും
നഗരവും ചുറ്റുന്ന
ലോകസഞ്ചാരികൾ താനോ.
ചക്രമുരുളുന്നു,
ദൂരങ്ങൾ താണ്ടുവാ
നൊട്ടും മടിയില്ലിവർക്ക്.
എത്തുന്ന ദേശം
സ്വദേശമായ് മാറ്റുന്നു,
നിത്യമീയാത്ര തുടരാൻ
കാലപ്പകർച്ചയിൽ
പ്പോലും തളരാതെ
കാലുകൾ വച്ചു നടക്കാൻ
ആരിവർക്കേകി
മനക്കരുത്തും, രാഗം
വായ്‌ക്കുന്ന തേന്മൊഴിച്ചാർത്തും.
വിശ്രമകേന്ദ്രത്തി
ലെത്തിയിവരിപ്പോൾ
രാത്രിയിലല്പം മയങ്ങാൻ.
വിഖ്യാതനായ
കവിയുടെ പേരാലീ
യാശ്രമം, നമ്മൾക്കറിയാം.
കാലത്തെ വെല്ലാൻ
കരുത്താർന്ന സ്വപ്നങ്ങൾ
മാലോകർക്കേകിയതാരോ.
പിന്നെയുമെത്രയോ
ദൂരങ്ങൾ താണ്ടുവാ
നുണ്ടവർക്കീ വഴിയോരം
സർഗ്ഗപ്രതീക്ഷകൾ
കൊണ്ടു നിറയട്ടെ;
സ്വർഗ്ഗീയമീ ഭൂപ്രദേശം.
Generated from archived content: poem3_june29_07.html Author: dheerapalan_chalipattu
Click this button or press Ctrl+G to toggle between Malayalam and English