നിരാമിഷ്‌

പനിച്ചൂടിൽ പൊള്ളുന്ന വിരലുകളിൽ അഗ്നി പെയ്യുമ്പോൾ

മഴക്കാറ്റുകളുടെ തീരങ്ങളിൽ നിന്ന്‌ ഒരാൾ വന്ന്‌

തളർന്ന കവിളുകളിലേക്ക്‌ കിളിക്കൂടുകളിലെ തണുപ്പ്‌ പോലെ

ലയിച്ചുചേർന്നുകൊണ്ടിരുന്നു.

പൂക്കൾ പെയ്‌തുതിർന്ന കൊന്നമരങ്ങൾപോലെ

എന്റെ മുറിക്കപ്പെട്ടചുണ്ടുകളും കവിളുകളും

നിന്റെ പ്രണയകാലത്തെ ഓർമ്മിപ്പിക്കുന്നു.

രാത്രികളിൽ എന്റെ ഓർമ്മകളിലെ നഖക്ഷതങ്ങൾ

ചിറക്‌ മുറിഞ്ഞ നീലപ്രാവുകളെപ്പോലെ പിടഞ്ഞുകൊണ്ടിരിക്കുന്നു.

പ്രിയപ്പെട്ട നിരാമിഷ്‌

വാക്കുകൾക്കിടയിൽ ശാന്തസമുദ്രത്തെക്കാൾ ആഴത്തിൽ വിറങ്ങിലിച്ച പ്രണയം

നീ അറിയുന്നുണ്ടാവില്ല.

എന്റെ കപ്പൽ തകർന്നുകൊണ്ടിരിക്കുന്നു.

ഈ യാത്രയിൽ ഉറഞ്ഞുപോകുന്ന കടലിന്റെ തണുപ്പ്‌

എന്റെ നാഡീവ്യൂഹത്തിൽ കലരുന്നു.

ഈ യാത്രയിൽ ഞാൻ അതിർത്തികളുടെ ആഴങ്ങളിലേക്കു പലായനം ചെയ്യുന്നു.

Generated from archived content: poem1_april13_09.html Author: cyrilaugustine_v

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English