മൊഴിമാറ്റം

ഒന്ന്‌

സർവ്വാഭരണവിഭൂഷിതയായി

ശുഭ്രവസ്‌ത്രധാരിണിയായി,

കവിയോടൊപ്പമായിരുന്നു,

കവിത അവിടെയെത്തിയത്‌.

നിരൂപകവൃന്ദത്തിന്റെ

കുടുസ്സുമുറിയിലേക്ക്‌

ക്യാറ്റ്‌വാക്കിംഗിനായി

കവിതയെ തളളിക്കയറ്റി,

കവി, പുറത്തുനിന്നും വാതിലടച്ചു.

നിരൂപണത്തിന്റെ

നാനാവിധ പ്രവണതകളാൽ

കവിതയുടെ അനാട്ടമി

സൂക്ഷ്‌മമായി, ഇഴപിരിച്ച്‌

പരിശോധിക്കപ്പെട്ടതിനാൽ;….

ഉടലാകെ, അംഗോപാംഗം

രദ,നഖമുനകളാഴ്‌ന്നിറങ്ങിയ

ചോരപ്പാടുകളോടെ,

അല്പവസ്‌ത്രധാരിണിയായി,

ഒരുവിധത്തിൽ രക്ഷപ്പെട്ട്‌

കവിത പുറത്തിറങ്ങിയപ്പോഴേക്കും,

കവി, കടന്നുകളഞ്ഞിരുന്നു…!

രണ്ട്‌

നിരൂപകൻമാരാൽ പീഡിപ്പിക്കപ്പെട്ട്‌,

സ്രഷ്‌ടാവിനാൽ തിരസ്‌കൃതയായിട്ടെങ്കിലും,

കാലത്തിന്റെ കനൽത്തിളക്കം മായാത്ത

കണ്ണുകളുമായി,

എവിടെനിന്നോ വന്ന,

ആരുടെയോ ഒരു കവിത,

എനിക്കുമുമ്പിലെത്തുമ്പോൾ…

ഒരു പുതുകവിതയുടെ രചനാവേളയിലെ

അസ്വസ്ഥനിമിഷങ്ങളിലായിരുന്നു, ഞാൻ.

പാവം തോന്നി….

തോളത്തു തട്ടി, പീഡിതകവിതയെ

ആശ്വസിപ്പിക്കാനൊരുങ്ങിയ

എന്നെ നോക്കി,

പാതിവഴിയിലായ എന്റെ പുതുകവിത

കണ്ണുരുട്ടി, “വേണ്ട, പൊല്ലാപ്പാണ്‌.”

ആരു നീ…?

ആരാണു നിന്നെ…? ഞാൻ ചോദിച്ചു.

സ്വന്തം കവിതകൾ മുമ്പേറ്റുവാങ്ങിയ

പീഡനങ്ങൾ പെട്ടെന്നോർമവന്നപ്പോൾ….

ഞാൻ പറഞ്ഞു.

‘വിടരുതവരെ… മുമ്പവർ എന്റെ കവിതകളെയും…

ഇതുപോലെ…

എല്ലാം നമുക്ക്‌ വിളിച്ചു പറയണം.

ഞാനുണ്ട്‌ കൂടെ…

പറയൂ… ആരൊക്കെയാണ്‌ നിന്നെ…?

ദൃഢസ്വരത്തിൽ കവിത മൊഴിഞ്ഞു.

“എല്ലാം പറയാം…

വലിച്ചുകീറാം മുഖം മൂടികൾ…

നാളെയാവട്ടെ… പത്രസമ്മേളനം…

മൂന്ന്‌

പീഡനകഥകളിലെ നവരസങ്ങൾ

ആസ്വദിക്കാനെത്തിയ നിറഞ്ഞ സദസ്സ്‌

കണ്ണും കാതും, തൂലികയും ക്യാമറയും

കൂർപ്പിച്ച്‌ പത്രമാധ്യമക്കാർ…

ആവേശത്തോടെ ഞാൻ…

ചോദ്യോത്തരവേള…

ചോദ്യങ്ങളേറെ…

ഒറ്റയുത്തരം….

പീഡിതകവിത, എന്റെ നേരെ വിരൽചൂണ്ടി…

ഇയാളാണ്‌… ഇയാളാണ്‌… എന്നെ…

നാല്‌

ബോധം നഷ്‌ടപ്പെട്ടു തുടങ്ങിയപ്പോൾ,

അപൂർണമായിക്കിടന്ന

എന്റെ പുതുകവിതയെ

ഞാൻ, മേശമേൽ പരതി….

അത്‌, സ്ഥലം വിട്ടിരിക്കുന്നു…!!

Generated from archived content: poem2_mar31.html Author: cm_vinayachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English