എൽ.ഡി.എഫ്‌ യോഗത്തിൽ മന്ത്രി സുധാകരനെതിരെ രൂക്ഷവിമർശനം

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്രശ്നങ്ങൾക്ക്‌ കാരണക്കാരൻ മന്ത്രി സുധാകരൻ മാത്രമാണെന്ന്‌ എൽ.ഡി.എഫ്‌ യോഗത്തിൽ രൂക്ഷവിമർശനം. സി.പി.ഐ, ആർ.എസ്‌.പി അംഗങ്ങളാണ്‌ സുധാകരനെ ശക്തമായി വിമർശിച്ചത്‌. മന്ത്രി സുധാകരൻ പോഴനാണെന്നുവരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ പറഞ്ഞു. ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിവാദ പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും മന്ത്രി സുധാകരൻ, പ്രസിഡന്റ്‌ സി.കെ ഗുപ്തൻ, അംഗങ്ങളായ സുമതിക്കുട്ടിയമ്മ, പി. നാരായണൻ എന്നിവരെ ഇടതുമുന്നണി വിലക്കി. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനോ, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോ ഘടകകക്ഷികളുടെ വിമർശനത്തിനെതിരെ ശക്തമായ നിലപാടെടുത്തില്ല.

മറുപുറം ഃ മഴപെയ്താൽ മാക്രികൾ പേക്രോം പേക്രോം എന്ന്‌ അലറാതിരിക്കുന്നതെങ്ങിനെ? അത്‌ മാക്രികളുടെ ജന്മസ്വഭാവമല്ലയോ. അതിനെതിരെ ദൈവം തമ്പുരാൻ പോലും വിലക്കേർപ്പെടുത്തിയാൽ ഫലം വട്ടപ്പൂജ്യമായിരിക്കും. ദേവസ്വം ബോർഡിൽ മഴക്കോള്‌ കണ്ടാൽ ഈ മാക്രികളെല്ലാം പേക്രോം അടിക്കുമെന്നത്‌ ഏതൊരു കാലാവസ്ഥാനിരീക്ഷകരെപോലെ അച്ചുമാമനും പിണറായിയേട്ടനും അറിയാമെന്നിരിക്കെ ഘടകകക്ഷി വിമർശനത്തിനെതിരെ എന്തിന്‌ വാളെടുക്കണം. സുധാകരന്റെ വായ്‌ക്കെതിരെ വിലക്കേർപ്പെടുത്തണമെന്നു പറഞ്ഞ വെളിയം സഖാവ്‌ ഇത്രയും പോഴനായിപ്പോയല്ലോ. സി.പി.ഐയിലെ ആശാന്മാർ എന്നുംകുന്നും ഇങ്ങനെതന്നെയാണോ. സുധാകരനെ ഒതുക്കാൻ വിലക്കല്ല മറിച്ച്‌ ഇസ്മായിലിനേയോ ദിവാകരനേയോ ട്രെയിനിംഗ്‌ കൊടുത്ത്‌ ഗോദയിലിറക്കുന്നതാണ്‌ ഭേദം.

Generated from archived content: maru1_mar17_08.html Author: chanakyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English