രക്ഷാവാതിൽ തുറന്നാറെ

പ്രശ്‌നങ്ങളെ ലഘുവായി സമീപിക്കുക

ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ എനിക്ക്‌ മനോജിന്റെ ഫോൺ വന്നത്‌. വളരെ നാളുകൾ കൂടിയാണ്‌ അവൻ വിളിക്കുന്നത്‌. ഞങ്ങൾ തമ്മിലുള്ള സൗഹൃദം പൂത്തുലഞ്ഞു നിന്നിരുന്ന കാലത്ത്‌, ദിവസം ഒരു പ്രാവശ്യമെങ്കിലും വിളിക്കുകയോ, കാണുകയോ ചെയ്യണമെന്നത്‌ നിർബന്ധമായിരുന്നു. കുറെ നാളുകളായി, പ്രത്യേകിച്ച്‌ സൗഹൃദക്കുറവുകളൊന്നുമുണ്ടായിട്ടല്ലെങ്കിലും, അതിൽ മാറ്റം വന്നിരിക്കുന്നു. മെട്രോ സിറ്റിയിൽ, കായലോരത്തുള്ള പ്രശസ്‌തമായ ഷോപ്പിംഗ്‌ കോപ്ലക്‌സിന്റെ അഞ്ചാം നിലയിലുള്ള മനോജിന്റെ ഓഫീസ്‌ മുറിക്കുമുന്നിൽ ഔചിത്യം പാലിക്കുവാൻ മനഃപൂർവ്വം ഞാൻ തയ്യാറായില്ല. എന്താണ്‌ കാണാൻ പോകുക എന്ന ഉറപ്പോടെ ഞാൻ വാതിൽ പതുക്കെ തള്ളിതുറന്നു.

ഓഫീസിന്‌ അനുബന്ധമായുള്ള കിടപ്പുമുറിയുടെ വാതിൽ ഒച്ചയുണ്ടാക്കാതെ തുറക്കുമ്പോൾ കട്ടിലിൽ അവനു സമീപം ചേർന്നിരിക്കുകയായിരുന്ന പെൺകുട്ടി ഒറ്റനിമിഷംകൊണ്ട്‌ ടോയലറ്റിലേയ്‌ക്കോടി. ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട്‌ മനോജിനോട്‌ ചോദിച്ചു. നിനക്ക്‌ നിർത്താറായില്ലെ. അവളേതാ മൃദുല. എന്റെ ഓഫീസ്‌ അസിസ്‌റ്റന്റാ. അവൻ പറഞ്ഞത്‌ സത്യമാകട്ടെയെന്ന്‌ ഞാൻ മനസ്സിൽ കരുതി.

ഞങ്ങൾ കാര്യത്തിലേക്ക്‌ കടന്നു. മരണം വാതിൽക്കലെത്തി നിൽക്കുന്ന അവന്റെ അവിശുദ്ധ കഥകേട്ട്‌ എന്റെ കണ്ണുകൾ നനഞ്ഞു. പുറത്തറിഞ്ഞാൽ ആരും പുച്ഛിക്കുന്ന ദുരവസ്ഥ. കൂട്ടുകാരനായിട്ടുകൂടി ദേഹത്തുതൊട്ട്‌ ഒന്നു സ്വാന്ത്വനിപ്പിക്കുവാൻ ഞാൻ മടിച്ചു എത്ര സുഖലോലുപതയോടെ, സ്വന്തം ബിസിനസുമായി നടന്നവനാണ്‌. എന്തുമാത്രം സമ്പാദിച്ചു. എല്ലാത്തിനു കാരണം ഈ കാലഘട്ടത്തിന്റെ സാമ്പത്തിക പ്രതിസന്ധിമാത്രമായിരുന്നില്ല. ധൂർത്തും, ശ്രദ്ധക്കുറവും കാരണം സമ്പന്നത ഭൂതകാലകഥയായി മാറിയിരിക്കുന്നു. ജീവനക്കാരെക്കൊണ്ട്‌ നിറഞ്ഞിരുന്ന ഓഫീസ്‌ മുറികളിൽ ആളനക്കമില്ലാതായിരിക്കുന്നു.

മനോജ്‌ അവന്റെ പദ്ധതി വിവരിച്ചു. അവനു മരിക്കണം. വിഷം കഴിച്ചോ, കെട്ടിത്തുങ്ങിയോ, വെള്ളത്തിൽ മുങ്ങിയോ, ട്രെയിനിനു തലവച്ചോ ഒന്നുമല്ല അവന്റെ മനസു പറയുന്ന അന്ത്യം. അവന്റെ പദ്ധതിപ്രകാരമുള്ള മരണം പ്രാവർത്തികമാക്കുവാൻ ഞാൻ തന്നെ വേണമത്രെ. അതിനു കെൽപുള്ളവൻ, നൈപുണ്യമുള്ളവൻ ഞാൻ തന്നെ എന്നു നിശ്ചയിച്ചുറച്ചാണ്‌ എന്നെ വിളിച്ചുവരുത്തിയതെന്നും അവൻ പറയുന്നു.

നിനക്കു കുറെ നാളുകൂടി ജീവിച്ചാ പോരെ. അതിനുതക്ക ചികിത്സയൊക്കെ ഇപ്പോഴുമുണ്ട്‌. എനിക്കുള്ള മറുപടി ശബ്‌ദമിടറിക്കൊണ്ടായിരുന്നു. ആ സ്‌റ്റേജൊക്കെ കഴിഞ്ഞെടാ. പിന്നെ ഞാനൊന്നും പറഞ്ഞില്ല. അവന്റെ ആഗ്രഹസാഫല്യമായി എന്റെയും ലക്ഷ്യം. കിടപ്പുമുറിയുടെ വലതുഭാഗം ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ ആളനക്കം കുറഞ്ഞവശമാണ്‌. കടകളിലെയും ഓഫീസുകളിലെയും, വെയിസ്‌റ്റ്‌ തള്ളുകയും, ചേമ്പിലകൾ തഴച്ചുവളർന്നുനിൽക്കുകയും ചെയ്യുന്ന പ്രദേശം. പാട്ടപെറുക്കുന്നവർ മാത്രമാണ്‌ ആ ഭാഗത്തേയ്‌ക്ക്‌ വരിക. ആ വശത്തേയ്‌ക്കുളള വലിയ ചല്ലു ജനാല തകർത്തും കിടന്ന കിടപിൽ തന്നെ പുറത്തേയ്‌ക്ക്‌ വീണുളള മരണമാണ്‌ മനോജ്‌ ആഗ്രഹിക്കുന്നത്‌.

ഞാനെല്ലാം വിശദമായി പരിശോധിച്ചു. കട്ടിലിന്റെയും താഴെ നിന്നു തുടങ്ങുന്ന കൂളിങ്ങ്‌ ഫിലിം ഒട്ടിച്ച, ചില്ലുവയ്‌ക്കാത്ത വലിയ ജനാല. ഒരു ടേപ്പ്‌ എടുത്തേ, കാര്യങ്ങളൊക്കെ കുറിച്ചുവയ്‌ക്കട്ടെ. മൃദുല ടേപ്പുമായി വന്നു. ഞാൻ ചില കണക്കുകളൊക്കെ എടത്തുകുറിച്ചു. അവളുടെ മുഖത്തെ വിഷണ്ണഭാവങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. മുദ്രുലയോടും മരിക്കാനുള്ള ആഗ്രഹം അവൻ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. എന്നെനിക്ക്‌ ബോദ്ധ്യമായി. നിന്റെ സ്വപ്ന പദ്ധതി ഞാൻ പ്രാവർത്തികമാക്കും. നാളെ രാവിലെ എട്ടുമണിക്ക്‌ ഓഫീസുകളും, ഷോപ്പുകളും തുറക്കും മുമ്പെ, ഉറക്കമില്ലാത്ത ഈ നഗരത്തിൽ അത്‌ സംഭവിച്ചിരിക്കും. മനേജ്‌ വിഷാദത്തോടെ ഒന്ന്‌ പുഞ്ചിരിച്ചു. പിന്നെ എന്റെ കൈകളിൽ ഇറുക്കിപിടിച്ചുകൊണ്ട്‌ കണ്ണുകളിലേക്ക്‌ നോക്കി സമ്മതമെന്ന്‌ മൂളി.

വർക്ക്‌ഷോപ്പിൽ ചെല്ലുമ്പോൾ ജോഷിയൊഴികെ എല്ലാവരും പോയിരുന്നു. ഞാൻ ചെല്ലുന്നതു നോക്കി ഗേറ്റുപൂട്ടാൻ നിന്നിരുന്നതാണ്‌. നന്നായി ജോഷിയുടെ കൂടി സഹായത്തോടെ, ഉപയോഗിച്ച്‌ പുറം തള്ളിയ കാലുകളില്ലാത്ത മൂന്നു സ്‌ട്രച്ചറുകൾ പരിചയമുള്ള സ്വകാര്യാശുപത്രിയിൽ നിന്നും സംഘടിപ്പിച്ചെടുത്തു. ഒപ്പം കാര്യമെന്തെന്നറിയിക്കാതെ, പുറംലോകത്തോട്‌ നാളെ ഇതൊന്നും വിളിച്ചുപറയില്ലെന്ന ഉറപ്പും അവനിൽ നിന്ന്‌ വാങ്ങി. വിജാഗിരി പിടിപ്പിച്ച്‌ രണ്ട്‌ സ്‌ട്രച്ചറുകളും പരസ്‌പരം ബന്ധിപ്പിച്ചു. ആവശ്യമായ ചരിവും ഉറപ്പും ലഭിക്കുന്നതിലേക്ക്‌ രണ്ടുകാലുകളും മദ്ധ്യഭാഗത്ത്‌ വെൽഡ്‌ ചെയ്‌തുപിടിപ്പിച്ചു. രണ്ടുവശത്തും നീളത്തിൽ പട്ടകൊണ്ട്‌ ബീഡിങ്ങ്‌ പിടിപ്പിച്ചു. മൂന്നാമത്തെ സ്‌ട്രച്ചറിന്‌ ഉള്ളിലേക്ക്‌ നീക്കി മുകളിലും, താഴെയുമായി ഈ രണ്ട്‌ വീലുകളും ഘടിപ്പിച്ചു.

രാവിലെ ഏഴരയോടെ തയ്യാറാക്കിയ ഉപകരണങ്ങളുമായി ഞാനും, ജോഷിയും ജീപ്പിൽ ചെന്നിറങ്ങി. ലിഫ്‌റ്റിൽ അഞ്ചാം നിലയിലെത്തി. മനോജും, മൃദുലയും ഭക്ഷണം കഴിക്കുകയായിരുന്നു. അവസാനമായി അവന്‌ ഏറ്റവും ഇഷ്‌ടപ്പെട്ട ഐസ്‌ക്രീമും, ഞങ്ങൾ നാലുപേരും ഐസ്‌ക്രീം കഴിച്ചു. ജോഷിയെ ഞാൻ പറഞ്ഞയച്ചു എനിക്കൊന്ന്‌ പ്രാർത്ഥിക്കണം. മാനോജിന്റെ അന്ത്യാഭിലാഷം. അവനെ കിടക്കയിൽ നിന്നും എഴുന്നേൽപ്പിച്ച്‌ കസേരയിലിരുത്തി. അഞ്ചുമിനിട്ടുനേരം അവൻ കണ്ണുകളടച്ചിരുന്ന്‌ പ്രാർത്ഥിച്ചു. കവിളുകളിലൂടെ നനവു ചാലുകൾ താഴോട്ടിറങ്ങുന്നത്‌ ഞാൻ കണ്ടു മൃദുല കരയുകയായിരുന്നു.

ജനാലയ്‌ക്കൽ നിന്നും അകന്നുള്ള കട്ടിലിന്റെ വശം മാത്രം രണ്ടു മരക്കഷ്‌ണങ്ങൾ കൊണ്ട്‌ ഉയർത്തിവച്ചു ഇപ്പോൾ കട്ടിൽ ജനാലയ്‌ക്കലേക്ക്‌ ചരിഞ്ഞ നിലയിലാണ്‌. കട്ടിൽ ജനാലയ്‌ക്കൽ നിന്നും നാലടിയോളം മാറ്റിയിട്ടു ഇരട്ട സ്‌ട്രച്ചർ കട്ടിലിന്റെ പടിയിൽ ബന്ധിച്ചു അതിന്റെ അവസാനം ജനാലയോട്‌ അടുപ്പിച്ചുവരുന്നതിലേക്ക്‌ കട്ടിലിന്റെ സ്‌ഥാനം മാറ്റി നേരെയാക്കി. വീൽ ഘടിപ്പിച്ച സ്‌ട്രച്ചർ പ്ലാസ്‌റ്റിക്‌ കയറുകൊണ്ട്‌ ഹുക്കിൽ കൊളുത്തി ജനാലയോട്‌ ബന്ധിച്ചു. ഇപ്പോൾ എല്ലാം റെഡി. ഇനി മരണക്കട്ടിലിൽ കയറി കിടക്കുകയേ വേണ്ടു ദുഃഖം ഉള്ളിലമർത്തി ചിരിയ്‌ക്കാൻ ശ്രമിച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു. തലഭാഗം കീഴോട്ടായി കിടക്കണം. വീഴ്‌ചയിൽ ഒന്നും കാണാതിരിക്കാനാ.

മനോജ്‌ പറയുന്നതിനിടയിൽ ഞാൻ വാച്ചുനോക്കി. എട്ടാവാൻ രണ്ടുമിനിട്ടുകൂടിയുണ്ട്‌ ഞാനും, മൃദുലയും കൂടി മനോജിനെ സ്‌ട്രച്ചറിൽ അവന്റെ അഭീഷ്‌ടപ്രകാരം കിടത്തി. ഞങ്ങളവന്‌ അന്ത്യചുബനം നൽകി. മൃദുല നോക്കി നിൽക്കെ പ്ലാസ്‌റ്റിക്‌ ചരട്‌ ചെറിയ കത്തികൊണ്ട്‌ ഞാനറുത്തു. കഷ്‌ടിച്ച്‌ രണ്ടു സെക്കന്റ്‌ എടുത്തുകാണും. ജനാല ചില്ലുകൾ ഭേദിച്ച്‌ മനോജ്‌ കിടന്ന സ്‌ട്രച്ചർ ശക്തമായി കെട്ടിടത്തിനു പുറത്തേക്ക്‌ പാഞ്ഞു. ശബ്‌ദത്തോടെ അത്‌ ചേമ്പിൻകാട്ടിൽ പതിച്ചു. സംസാരവിഷയമാകും മുമ്പേ, ഞങ്ങളവന്റെ ഓഫീസിൽ നിന്നും താഴെയിറങ്ങി യാത്രയായി. വിജനമായ സ്‌ഥലത്ത്‌ ഇറക്കിവിടുമ്പോൾ, മൃദലയുടെ കണ്ണുകളിൽ നിന്നും കുടുകുടാ കണ്ണീൽ വീഴുകയായിരുന്നു. അവൾ വാവിട്ടലറുന്നത്‌ കേട്ടുനിൽക്കാനാകാതെ ഞാൻ ജീപ്പ്‌ മുന്നോട്ടെടുത്തു.

മുകളിൽ വിവരിച്ചത്‌ കഥയല്ല. എന്റെ ജീവിതവുമായി ബന്ധപ്പെട്ട ചിലയഥാർത്ഥ്യങ്ങളാണ്‌. ഇതു വായിച്ച അടുത്ത സുഹൃത്തുക്കൾ ബാക്കികൂടി എഴുതണമെന്നായി. ആറുമാസങ്ങൾക്കുശേഷം പൂർണതയ്‌ക്കുള്ള അന്വേഷണം അത്രപ്രായോഗികമല്ല എന്ന തിരിച്ചറിവുണ്ടായിട്ടും, ആദ്യവായനക്കാരുടെ നിരന്തരമായ അഭ്യർത്‌ഥനയെമാനിച്ച്‌ പരിണാമഗുപ്‌തി തേടി ഞാൻ തുനിഞ്ഞിറങ്ങി. അത്തരമൊരു അന്വേഷണത്തിനിടെയിലുണ്ടായ മറ്റു ചില സംഭവവികാസങ്ങൾ എന്റെ ജീവിതത്തെതന്നെ മാറ്റിമറിക്കുകയും, ഉലയ്‌ക്കുകയും ചെയ്യുമെന്ന്‌ ഞാൻ സ്വപ്‌നേപി കരുതിയതല്ല. അങ്ങനെ ‘രക്ഷാവാതിൽ’ എന്ന പേരുതന്നെ ‘രക്ഷാവാതിൽ’ തുറന്നാറെ എന്നാക്കിമാറ്റി. ഈ അനുഭവകഥയുടെ അവസാനഭാഗം വിവരിക്കേണ്ട അവസ്‌ഥയിലായി ഞാൻ. തുടർന്നു വായിക്കുക.

എന്നാളും എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ

കഴിഞ്ഞ ആറുമാസമായി വളരെയധികം മാനസിക വ്യഥയിലായിരുന്നു ഞാൻ. മനോജിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ എനിക്കൊരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവന്നില്ല എന്നത്‌ സത്യം. അന്വേഷണം അതിന്റെ വഴിക്കുപോയി അവസാനിച്ചു. ഒരു പുനരന്വേഷണം ആവശ്യപ്പെട്ടാൽ പോലും അവനെ അറിയാവുന്ന ആരും തയ്യാറായില്ല എന്നാണ്‌ ഞാൻ മനസിലാക്കിയത്‌. ആദ്യത്തെ ഒന്നുരണ്ടാഴ്‌ചകൾ എനിക്ക്‌ ഉറക്കമില്ലായിരുന്നു. എപ്പോഴും ഒരേ ചിന്ത. ഉറങ്ങാൻ കിടന്നാൽ ജനാല ഭേദിച്ചുള്ള അവന്റെ പാച്ചിൽ മനസ്സിൽ വരും. ഉറക്കത്തിൽ നിന്ന്‌ ഞെട്ടി എണീറ്റാൽ പിന്നെ ഉറങ്ങാൻ പറ്റാത്ത അവസ്‌ഥയായിരുന്നു. രാത്രി ഉറങ്ങാത്ത ദിവസങ്ങളിൽ പകലുറക്കത്തിന്റെ പിടിയിലായി. വല്ലപ്പോഴും മദ്യപിച്ചിരുന്ന ഞാൻ, വർക്ക്‌ഷോപ്പടച്ചാൽ രാത്രി ബാറിൽ കയറിയേ വീട്ടിലെത്തൂ എന്നായി. അപ്പച്ചനും, അമ്മച്ചിയ്‌ക്കുമൊക്കെ എന്റെ മാറ്റങ്ങൾ മനസ്സിലാകുന്നുണ്ടായിരുന്നു. ബാറിലേക്ക്‌ ജോഷിയെ വല്ലപ്പോഴും കൂട്ടും. വിശ്വസ്‌തനാണ്‌. അവനാരോടും പറഞ്ഞിട്ടില്ല. പറഞ്ഞാൽ അവനും ബുദ്ധിമുട്ടാകുമല്ലോ. മനസ്സിന്റെ ബുദ്ധിമുട്ടകറ്റാൻ, പിരിമുറുക്കം കുറയ്‌ക്കാൻ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന്‌ എപ്പോഴും ചിന്തിക്കും. പതുക്കെ പതുക്കെ ഞാനതൊക്കെ മറക്കുകയായിരുന്നു.

ഒരു കാര്യം പറയാൻ വിട്ടുപോയി. കഴിഞ്ഞ ഒന്നര മാസമായി ഞാൻ പ്രണയത്തിലാണ്‌. പനിനീർപൂവുപോലയുള്ള പെൺകുട്ടിയാണ്‌. ഒരു ദിവസം ഉച്ചയ്‌ക്ക്‌ ബൈക്കിൽ പോകുമ്പോൾ അവൾ വട്ടം ചാടി. ഇടിച്ചുതെറിപ്പിച്ചേനെ. കുറച്ചുവഴക്കു പറഞ്ഞു. ഒന്നും മിണ്ടാതെയുള്ള നില്‌പുകണ്ടപ്പോൾ പറയേണ്ടിയിരുന്നില്ലെന്ന്‌ തോന്നി. ശരീരത്തിനനുസൃതമായി തയ്‌ച വിലകൂടിയ ചിരിദാർ, ഷാൾ കഴുത്തിൽ ഒന്നു ചുറ്റി മുന്നിൽ ഒരു വശത്തേക്ക്‌ ഇട്ടിരിക്കുന്നു. കുട്ടിത്തമുള്ള സുന്ദരമായ മുഖം, ഷെയ്‌പ്‌ ചെയ്‌ത പുരികങ്ങൾ, മഷിയെഴുതിയ കണ്ണുകൾ, ലൈറ്റ്‌ ഷെയിഡിൽ ക്യൂട്ടക്‌സിട്ട കൈവിരലുകൾ, പുതിയ ഫാഷനിലുള്ള രണ്ടുമൂന്നു ചെറിയ മോതിരങ്ങൾ, അല്‌പം നീട്ടിയ നഖങ്ങൾ, സ്വർണ്ണവള, മാല, സ്വർണ്ണക്കൊലുസ്‌, വിലകൂടിയ ചെരുപ്പ്‌, എല്ലാം ഒറ്റ നിമിഷംകൊണ്ട്‌ ഞാൻ മനസിൽ പകർത്തി. പോയിട്ടും മനസിൽ മായാതെ അവൾ നിന്നു. പ്രഥമ സമാഗമത്തിൽ തന്നെ അവളെ സ്വന്തമാക്കുവാൻ മനസ്‌ മോഹിച്ചു. വയസ്സ്‌ 32 ആയെങ്കിലും വിവാഹത്തിന്‌ മുതിരാതെ നിൽക്കുകയായിരുന്നു ഞാൻ.

ഒരാഴ്‌ച കഴിഞ്ഞു കാണും. ഒരിക്കൽ കൂടി ഞാനവളെ കണ്ടു. യാത്രകഴിഞ്ഞ്‌ അവൾ വീടിന്റെ ഗേറ്റടച്ച്‌ അകത്തേക്ക്‌ പോകുകയായിരുന്നു. ഗേറ്റ്‌ തുറന്ന്‌ ഞാനും പിറകെ ചെന്നു. എന്നെ കണ്ടുവെങ്കിലും മനസിലായോ എന്നറിയില്ല. ഒരു പക്ഷെ, കഴിഞ്ഞ ആഴ്‌ച നടന്ന സംഭവത്തിന്റെ ബുദ്ധിമുട്ടിൽ അറിയുന്നതായി ഭാവിക്കാതിരുന്നതാകാം. വാതിൽ ചാരി പെൺകുട്ടി വീട്ടിനുള്ളിലേക്ക്‌ പോയതിനാൽ ഞാൻ കോളിംഗ്‌ ബെല്ലടിച്ചു. അമ്മയാണ്‌ ഇറങ്ങിവന്നത്‌. ഞാൻ സെറ്റിയിലിരുന്നു സ്വയം പരിചയപ്പെടുത്തി. റോഡിലുണ്ടായ സംഭവവും, മകളെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും, തുറന്നു പറഞ്ഞു. ഈ സമയം അവളുടെ അനിയത്തിയാണെന്ന്‌ തോന്നുന്നു. ജ്യൂസുമായി വന്നു. മറ്റൊരു പെൺകുട്ടി മുറിയിലൂടെ മിന്നിമറഞ്ഞു. അപ്പോൾ രണ്ട്‌ അനിയത്തിമാരായിരിക്കും. വാടക വീടാണ്‌. അപ്പന്‌ ഗൾഫിൽ ജോലി. പെൺകുട്ടിയുടെ പേര്‌ ധന്യ. ഡിഗ്രി കഴിഞ്ഞു. തൽക്കാലം തയ്യൽ പഠിക്കാൻ പോകുകയാണ്‌. തുടർന്നു പഠിക്കുന്ന കാര്യം ആലോചിക്കുന്നു. ഏതായാലും എന്റെ വിവാഹാലോചനയ്‌ക്ക്‌ മറുപടിയൊന്നും കിട്ടിയില്ല. അമ്മയുടെ പെരുമാറ്റത്തിൽ അത്രതാല്‌പര്യം പോരെന്ന്‌ തോന്നി. ഞാനങ്ങനെ തിരിച്ചുപോന്നു.

പിന്നീടുള്ള ദിവസങ്ങളിൽ മനസ്സുനിറയെ അവളായി. ഒരുമാസക്കാലം ദിവസവും ധന്യയെ കാണുമായിരുന്നു. ഒന്നുകിൽ അവൾ വീട്ടിൽ നിന്നിറങ്ങി റോഡ്‌ ക്രോസ്‌ ചെയ്‌ത്‌ ബസ്‌ സ്‌റ്റോപ്പിൽ നിൽക്കുന്ന സമയം. അല്ലെങ്കിൽ സിറ്റിയിൽ ബസിറങ്ങി ലേഡീസ്‌ ടെയ്‌ലറിംങ്ങ്‌ ഷോപ്പിലേക്ക്‌ നടന്നുപോകുന്ന സമയം. വൈകിട്ടും തഥൈവ. എത്ര തിരക്കുപിടിച്ചപണി വർക്ക്‌ഷോപ്പിൽ ഉണ്ടായാലും രാവിലെ 11നും വൈകിട്ട്‌ 3നും ധന്യയെ കാണാൻ ഇറങ്ങും. ഒരു തരം നിശബ്‌ദ പ്രണയം. ജോഷി ഉൾപ്പെടെ പണിക്കാരോടോ, വീട്ടുകാരോടോ, ഇതേപറ്റി ഒന്നും പറഞ്ഞില്ല. ഇടയ്‌ക്ക്‌ ചില ദിവസങ്ങളിൽ വൈകിട്ട്‌ ധന്യയെ കാണാനായില്ല നേരത്തെ വീട്ടിലെത്തിയിട്ടുണ്ടാവും. ഞാനൊന്നും മിണ്ടാറില്ലെങ്കിലും എന്റെ ഇഷ്‌ടം ധന്യയ്‌ക്ക്‌ വ്യക്‌തമായി അറിയാം. അവൾക്ക്‌ താല്‌പല്യമാണെന്നു തോന്നുന്നു. എന്നെ കണ്ടാൽ അവൾ പുഞ്ചിരിക്കാറുണ്ടായിരുന്നു.

ഒരാഴ്‌ച മുൻപാണ്‌ ധന്യയുള്ള സമയം വീണ്ടും അവളുടെ അമ്മയെ കാണണമെന്ന്‌ ആഗ്രഹമുണ്ടായത്‌. വൈകിട്ട്‌ നാല്‌ കഴിഞ്ഞിരുന്നു. വാതിൽ തുറന്നത്‌ ധന്യയായിരുന്നു. ഇരിക്കാൻ പറഞ്ഞശേഷം അവൾ കിച്ചണിൽ പോയി ജ്യൂസുമായി വന്നു. അമ്മയും, അനിയത്തിമാരും രണ്ട്‌ ബന്ധുക്കളുമൊത്ത്‌ ടൂറ്‌ പോയിരിക്കുകയാണ്‌. മൂന്നാർ, കൊടൈക്കനാൽ, പഴനി, ഊട്ടി, മലമ്പുഴ, ഒക്കെ ചുറ്റി അഞ്ചുദിവസംകൊണ്ടേ മടങ്ങിവരൂ. പോയിട്ട്‌ രണ്ട്‌ ദിവസമാകുന്നു. ഞങ്ങൾ കുറെ സംസാരിച്ചിരുന്നു. എന്റെ വീട്ടുകാര്യങ്ങൾ, തൊഴിൽ, ധന്യയോടുള്ള താല്‌പര്യം ആരുമില്ലാത്തപ്പോൾ അവൾ സ്വാതന്ത്ര്യയായതുപോലെ തോന്നി. ശേഷം അവളുടെ സംസാരമായി. ജീവിതത്തിൽ എനിക്കു കിട്ടാത്തത്‌ സ്‌നേഹമാണ്‌. ആത്‌മാർത്ഥമായ സ്‌നേഹം എനിക്കു തരുമോ? വിശദാംശം തന്നില്ലെങ്കിലും, ധന്യയുടെ വാക്കുകളെ ഞാൻ വേദനയോടെ കേട്ടു ഒരു പക്ഷേ അപ്പനും അമ്മയും നല്ല ടേംസിൽ അല്ലായിരിക്കും. സംസാരത്തിനിടയിൽ അവളുടെ കണ്ണുകൾ നിറയുന്നത്‌ ഞാൻ കണ്ടു. അവളിരുന്ന സെറ്റിയിൽ പോയിരുന്ന്‌ ഞാൻ അവളുടെ കണ്ണീർ തുടച്ചു. അറിയാതെ അവളുടെ നെഞ്ചിൽ എന്റെ കൈ ഒന്നു തട്ടി. അവളെന്റെ കൈകളിൽ സ്‌നേഹപൂർവ്വം മുറുകെ പിടിച്ചു. റൂമിലേക്ക്‌ പോയ അവൾക്കൊപ്പം ഞാനും പിറകെ ചെന്നു. ഒരു നിമിഷത്തിന്റെ അന്ധതയിൽ മറ്റേ ഞങ്ങളങ്ങനെ അഗാധ തലങ്ങളിലേക്ക്‌ സ്‌പർശിച്ചിറങ്ങി. പിറ്റേന്ന്‌ പകൽ ചെല്ലാമെന്ന വാക്കിലാണ്‌ ഞാൻ പോന്നത്‌

മൊബൈലിൽ വിളിച്ച ശേഷം ചെല്ലാൻ പറഞ്ഞപ്രകാരം, ജോഷിയെ പണികളുടെ ചുമതല ഏൽപ്പിച്ചശേഷം 12 കഴിഞ്ഞപ്പോൾ ഞാൻ പോയി. ഹോട്ടലിൽ നിന്ന്‌ പാഴ്‌സലാക്കി കുറെ ഭക്ഷണവും കരുതിയിരുന്നു. ഞങ്ങളന്നു മണിക്കൂറോളം സ്‌നേഹിച്ചു കിടന്നു. എന്റെ ജീവിതം എന്നു ധന്യമാകും? എന്റെ ചോദ്യം അവൾ ആദ്യം കേട്ടില്ലന്ന്‌ തോന്നിയതിനാൽ ഞാൻ തമാശ മട്ടിൽ ഉച്ചത്തിൽ ആവർത്തിച്ചു. എന്റെ ജീവിതം എന്ന്‌ ധന്യമാകും?

ടോയലിറ്റിൽ നിന്നിറങ്ങിവന്ന കണ്ണാടിക്കു മുന്നിലിരുന്ന്‌ മേക്കപ്പ്‌ ചെയ്യുകയായിരുന്നു. അവൾ അടുക്കളയിൽ പോയി രണ്ട്‌ ഗ്ലാസുകളിൽ നിറമുളള പാനിയങ്ങളുമായി തിരികെ വന്നു ഒന്നെനിക്ക്‌ നീട്ടി സിപ്പു ചെയ്‌തുകൊണ്ടു പറഞ്ഞു. അതിന്‌ ധന്യ എന്നത്‌ കഴിഞ്ഞ ആറുമാസം മുമ്പ്‌ ഞാനിവിടെ വന്നശേഷം എനിക്കു വീണ പുതിയ പേരാണ്‌. അതിനു മുൻപ്‌ മൃദുല. അതിനുമുൻപ്‌ രതി. യഥാർത്ഥ പേര്‌ സുജ. അല്ലെങ്കിൽ പേരിലൊക്കെ എന്തിരിക്കുന്നു.? കേൾക്കുമ്പോൾ ഇമ്പമുള്ളതാകണം, എന്നെ കാണുന്നതുപോലെ. അവൾ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. ഞാനാണെങ്കിൽ എന്റെ ആയുസിന്റെ ദൈർഘ്യത്തെക്കുറിച്ചുള്ള ആധിയിലും, ഭീതിയിലും ആയിരുന്നു. ഈ കുറിപ്പുകൾ വായിക്കുന്ന നിങ്ങളോരോരുത്തരും കാലക്രമേണ അവജ്ഞയോടെ പെരുമാറിയാലും എന്നാളും എനിക്കുവേണ്ടിയും എന്നെപ്പോലുള്ള ഹതഭാഗ്യർക്കുവേണ്ടിയും പ്രാർത്ഥിക്കുമെന്ന്‌ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ബാബു ഇരുമല പാനിപ്ര പി.ഒ, എറണാകുളം ജില്ല, ഫോൺ ഃ 9388614333 0484-2658509.

Generated from archived content: story1_dec10_08.html Author: babu_irumala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English