ചിരവപ്പെട്ടി

“…. ഓ! ഒന്നുമായില്ലെന്നേയ്‌! പുട്ടുകുടവും അപ്പച്ചട്ടിയും വാങ്ങി. ദോശക്കല്ലു പഴയതുതന്നെയാ കൊണ്ടുവരുന്നത്‌. നല്ലപോലെ മെരുങ്ങിയ കല്ലാ! അതുപോലെ, ചപ്പാത്തിപ്പലകയും ഉരുളും പഴയതു തന്നെ മതി. ആറേഴുകൊല്ലമായി ഞാൻ ഉപയോഗിക്കുന്നതാ. പിന്നെ, നമ്മുടെ ചിരവ ഇത്തിരി വലുതാ. പെട്ടിയിൽ വെച്ചാൽ പിന്നെ മറ്റുസാധനങ്ങൾ വെയ്‌ക്കാൻ സ്ഥലം തികയില്ല. ഒതുക്കമുളള ഒരു ചിരവ ചാലയിൽ പോയി വാങ്ങുന്നുണ്ട്‌. പിന്നെ, തോട്ടുപുളി രണ്ടുകിലോ കിട്ടിയിട്ടുണ്ട്‌. ഇനി നാലഞ്ചുകിലോ പിരിയൻ മുളകു വാങ്ങി ഉണക്കി പൊടിക്കണം. ഒരു മൺചട്ടി അത്യാവശ്യമായി വാങ്ങണം. മീൻകറി മൺചട്ടിയിൽ വെച്ചാലേ ശരിയാവൂ… ” മണി ഫോണിലൂടെ പറഞ്ഞു.

കെനിയയിലേക്കു വരാനുളള തയ്യാറെടുപ്പിലാണ്‌ എന്റെ ഭാര്യ. ഫെമിനിസിന്റെ പാചകം രണ്ടാഴ്‌ച കൊണ്ടുതന്നെ മടുത്തു. മാംസത്തിന്റെ പച്ചമണം മാറാത്ത പകുതി വേവിച്ച ചിക്കനും ബീഫും. ചുട്ടെടുത്ത പന്നിയിറച്ചി. സിമിന്റുകട്ട പോലെ ഉറച്ച ‘ഉഗാലി’ എന്ന ഉപ്പുമാവ്‌. ഉപ്പും മുളകും ചേർക്കാതെ പുഴുങ്ങിയ ഉരുളക്കിഴങ്ങ്‌… മടുത്തു! ഭാര്യ ഒന്നു വന്നോട്ടെ! പുളിശ്ശേരിയും മീൻകറിയും ചുട്ടരച്ച തേങ്ങാച്ചമ്മന്തിയും… ഹായ്‌… ഞാൻ നാളുകളെണ്ണാൻ തുടങ്ങി.

മണി ആദ്യമായിട്ടാണു വിദേശയാത്ര നടത്തുന്നത്‌. ബാംഗ്‌ളൂരിൽ ഞങ്ങളുടെ മകൻ പ്രദീപിനോടൊപ്പം രണ്ടാഴ്‌ച താമസം. അവിടെനിന്നും ഇളയമകൻ ദീപു മുംബയ്‌ വരെ ഫ്ലൈറ്റിൽ അനുഗമിക്കും. മുംബയിൽ നിന്നും നെയ്‌റോബിയിലേക്ക്‌ നേരിട്ടുളള ഫ്ലൈറ്റാണ്‌. തലേന്ന്‌ പ്രദീപ്‌ വിളിച്ചു പറഞ്ഞു. “അമ്മ മൂന്നു പെട്ടികൾ പായ്‌ക്കു ചെയ്‌തു കഴിഞ്ഞു. വാങ്ങക്കൂട്ടിയ കുറെ സാധനങ്ങൾ ഇനിയും ബാക്കിയാണ്‌. നാട്ടിൽനിന്നും കിട്ടാവുന്നതെല്ലാം ശേഖരിച്ചു കൊണ്ടുവന്നിട്ടുണ്ട്‌. ചിരവ, തവി, മുറം… എന്നുവേണ്ടാ! പോരാഞ്ഞ്‌ ഇവിടെ കൊമേഴ്‌സ്യൽ സ്‌ട്രീറ്റിൽ അമ്മയും മീരയും കൂടി കഴിഞ്ഞ രണ്ടു ദിവസമായി ഗംഭീരഷോപ്പിംഗ്‌ ആയിരുന്നു. ഇപ്പോൾത്തന്നെ എക്‌സ്‌ട്രാ ലഗ്ഗേജ്‌ ഉണ്ട്‌. പറഞ്ഞിട്ട്‌ അമ്മയ്‌ക്കു മനസ്സിലാകുന്നില്ല. അച്‌ഛൻ ഒന്നു വിളിച്ചു പറയണം.”

“ഓ! അവനങ്ങിനെയൊക്കെ പറയും. അത്യാവശ്യ സാധനങ്ങളൊക്കെ കൊണ്ടുവരാതെങ്ങിനെയാ? ഒരു പെട്ടിയിൽ അടുക്കളയിലേക്കു വേണ്ട അത്യാവശ്യ സാധനങ്ങളൊക്കെയാ. രണ്ടാമത്തേതിൽ എന്റെ സാരികളും തുണികളും. മൂന്നാമത്തേതിൽ മറ്റ്‌ അല്ലറ ചില്ലറ സാധനങ്ങളും! കുറച്ച്‌ എക്‌സ്‌ട്രാ ലഗ്ഗേജ്‌ ചാർജ്ജ്‌ കൊടുക്കണമെന്നല്ലേ ഉളളൂ? ഇതൊക്കെ ഇല്ലാതെ എങ്ങിനെയാ?” മണി ചോദിച്ചു.

ശരിയാണെന്നെനിക്കും തോന്നി. ശീലങ്ങൾക്കു ചേരുന്ന പലതും ഇവിടെ കിട്ടാനില്ല. സാധനങ്ങളായാലും സാമഗ്രികളായാലും. അപ്പോൾ പിന്നെ അല്പം എക്‌സ്‌ട്രാ ചാർജ്ജ്‌ അല്ലല്ലോ പ്രധാനം!

ഫാക്‌ടറി മാനേജർ ചാവക്കാടുകാരൻ ഹനീഫ കഴിഞ്ഞ ഞായറാഴ്‌ച എന്നെ ഇവിടെ ഏഷ്യൻ മാർക്കറ്റിൽ കൂട്ടിക്കൊണ്ടു പോയി. നാട്ടിൽ കിട്ടുന്ന എല്ലാ പച്ചക്കറികളും ഇവിടെ കിട്ടും. തക്കാളിയും മുരിങ്ങക്കായും പാവയ്‌ക്കയും മത്തങ്ങയും എല്ലാം. കുറെ വാങ്ങി. കൂട്ടത്തിൽ രണ്ടുമൂന്നു തേങ്ങയും.

“ഇതിന്റെ പ്രയോഗം എങ്ങിനെ ഫെമിനിസിനെ പറഞ്ഞു മനസ്സിലാക്കും ഹനീഫാ?” ഞാൻ ചോദിച്ചു.

“അതൊക്കെ ഞാൻ പറഞ്ഞുകൊടുത്തു കൊളളാം. സാറു വിഷമാക്കേണ്ട. മാഡം വരുമ്പോഴേക്കും അവളെ നമുക്കു നല്ലൊരു ദേഹണ്ഡക്കാരി ആക്കി എടുക്കാം. ഞാനും ആയിഷയും കൂടി ഞായറാഴ്‌ചതോറും അങ്ങോട്ടു വന്നുകൊളളാം.”

പിറ്റേന്നു ലഞ്ചിന്‌ മേശപ്പുറത്ത്‌ ഒരു സ്‌പെഷ്യൽ വിഭവം കൂടി ഉണ്ടായിരുന്നു. മിക്സിയിൽ അരച്ച പച്ചത്തേങ്ങ! ഒരു ഹാഫ്‌ പ്ലേറ്റിൽ കൊഴുക്കട്ടപോലെ ഉരുട്ടി, അരികിൽ പച്ചമുളകും നാരങ്ങാക്കീറുകളും ചേർത്ത്‌ വെച്ച്‌ ഭംഗിയായി ഡക്കറേറ്റ്‌ ചെയ്‌ത്‌ അവതരിപ്പിച്ചിരിക്കുന്നു! തൊട്ടടുത്ത്‌ ഒരു കുറിപ്പും.

‘സോറി! വർക്ക്‌ ഏരിയയിലെ രണ്ടുമൂന്നു ടൈൽസ്‌ പൊട്ടിപ്പോയി. തേങ്ങ തല്ലി ഉടച്ചപ്പോൾ പൊട്ടിയതാണ്‌. കോക്കനട്ട്‌ സ്‌പ്ലിറ്റു ചെയ്യുന്നതെങ്ങിനെയെന്ന്‌ മിസ്‌റ്റർ ഹനീഫ പറഞ്ഞു തന്നിരുന്നില്ല. ഞാൻ ചോദിക്കാനും മറന്നു. പിന്നെ ഞാൻ കോമൺസെൻസ്‌ ഉപയോഗിച്ചു സ്‌പ്ലിറ്റു ചെയ്യുകയായിരുന്നു. അതുപോലെ, പൾപ്പ്‌ ഫോർക്ക്‌ ഉപയോഗിച്ചു കുത്തി ഇളക്കാനും വളരെ പാടുപെട്ടു! എനിവേ, നല്ല ഒരു കോക്കനട്ട്‌ ഡിഷ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. ഹോപ്പ്‌, യു വിൽ എൻജോയ്‌!’

വിവരം അറിഞ്ഞപ്പോൾ മണി പറഞ്ഞുഃ “ഫെമിനിസിനോട്‌ ഇനി ടൈൽസ്‌ ഒന്നും തല്ലിപ്പൊട്ടിക്കേണ്ടെന്നു പറയണം. ഞാൻ നല്ല ഒരു വെട്ടുകത്തിയും ചിരവയും കൊണ്ടുവരുന്നുണ്ട്‌.”

മുംബയ്‌-നൈറോബി ഫ്ലൈറ്റ്‌ ഒരു മണിക്കൂർ വൈകിയാണു ലാൻഡ്‌ ചെയ്‌തത്‌. ഞാനും ഹനീഫയും എയർപോർട്ട്‌ ലൗഞ്ചിൽ കാത്തുനിന്നു. കസ്‌റ്റംസ്‌ ക്ലിയറൻസ്‌ കഴിഞ്ഞ്‌, പടികളിറങ്ങി ബാഗേജ്‌ കളക്‌ഷനിലേക്ക്‌ മറ്റു യാത്രക്കാരോടൊപ്പം മണി കൺവേയർ ബെൽറ്റിനരികിലേക്കു നടക്കുന്നത്‌ ഞങ്ങൾക്കു കാണാം.

“അതാ, മാഡം!” ജീവിതത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത എന്റെ ഭാര്യയെ ചൂണ്ടി ഹനീഫ വിളിച്ചു പറഞ്ഞു.

“ഹനീഫയ്‌ക്കെങ്ങിനെ മനസ്സിലായി?” അത്ഭുതത്തോടെ ഞാൻ ചോദിച്ചു.

“അതുകൊളളാം! അക്കൂട്ടത്തിൽ സാരിയണിഞ്ഞ ഒരാളല്ലേ ഉളളൂ സാർ! അതു മറ്റാരും ആകാനിടയില്ലല്ലോ!” ഹനീഫ ചിരിച്ചു.

കൺവേയറിലൂടെ വന്ന പെട്ടികൾക്കിടയിൽ നിന്നും മണി പെട്ടികൾ മൂന്നും പൊക്കിയെടുത്ത്‌ അരികിൽ വെച്ചു. ഒരു വലിയ പെട്ടി. അല്പം വലുപ്പം കുറഞ്ഞ മറ്റു രണ്ടു പെട്ടികൾ. ഒരു ട്രാവൽബാഗ്‌.

വലിയ പെട്ടി ചൂണ്ടി ഞാൻ ഹനീഫയോടു പറഞ്ഞുഃ “അതാണ്‌ ചിരവപ്പെട്ടി!”

“ചിരവപ്പെട്ടിയോ? അതെന്താണു സാർ?”

“ദി ട്രെഷർ ബോക്‌സ്‌! അതിലാണു ഹനീഫാ, ചിരവ, പുട്ടുകുടം, ചപ്പാത്തിപ്പലക മുതലായ അമൂല്യ സാമഗ്രികൾ. കഴിഞ്ഞ ഒരു മാസമായി ശ്രീമതി ശേഖരിച്ചു കൊണ്ടുവരുന്ന ട്രഷർ ഐറ്റംസ്‌!”

ട്രോളി എടുക്കാൻ തിരിഞ്ഞപ്പോഴാണ്‌ ലൗഞ്ചിൽ നിൽക്കുന്ന ഞങ്ങളെ മണി കണ്ടത്‌. ഓടിവന്ന്‌ സന്തോഷപൂർവ്വം ചിരിച്ചുകൊണ്ടു പറഞ്ഞു. “പെട്ടികൾ ഒന്നും ട്രാൻസിറ്റിൽ മിസ്സ്‌ ചെയ്‌തിട്ടില്ല. എനിക്കു പേടിയായിരുന്നു… ആശ്വാസമായി!”

ഞാൻ ഹനീഫയെ മണിക്കു പരിചയപ്പെടുത്തി. പെട്ടെന്ന്‌ ഹനീഫ പറഞ്ഞുഃ “മാഡം വേഗം പെട്ടികളുടെ അടുത്തേക്കു ചെല്ലൂ! കൂടെ നിന്നില്ലെങ്കിൽ നിമിഷങ്ങൾ കൊണ്ടു പെട്ടികൾ നഷ്‌ടപ്പെട്ടെന്നിരിക്കും… വേഗം!”

മണി തിടുക്കത്തിൽ ട്രോളിയുമായി കൺവേയർ ബെൽറ്റിനടുത്തേക്കു നടന്നു.

തിരിച്ചു വന്നതു കണ്ണുതുടച്ചു കൊണ്ടായിരുന്നു. ട്രോളിയിൽ ട്രാവൽബാഗു മാത്രമേ ഉണ്ടായിരുന്നുളളൂ.

ഞാൻ സമാധാനിപ്പിച്ചു. “സാരമില്ലെന്നേയ്‌… പോട്ടെ! എല്ലാം ഇവിടെ വാങ്ങാൻ കിട്ടും.”

“…ന്നാലും എന്റെ ചിരവ! ബാക്കിയെല്ലാം പോകട്ടെന്നു വെയ്‌ക്കാമായിരുന്നു…”

ഹനീഫ കേൾക്കാതിരിക്കാൻ മണിയെ ചേർത്തു പിടിച്ച്‌ ഞാൻ തിടുക്കത്തിൽ കാർ പാർക്കിംഗിലേക്കു നടന്നു.

Generated from archived content: keniyan3.html Author: babu_g_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article‘ജാംബോ!’
Next articleകേരളത്തിന്റെ തനതു ടൂറിസം
Avatar
പന്തളം തട്ടയിൽ പരേതനായ ജി.കൃഷ്‌ണപിളളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകൻ. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്നും കൃഷിശാസ്‌ത്രത്തിൽ ബിരുദവും കൊച്ചി യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ബി.എ ബിരുദവും നേടി. ഗജകേസരിയോഗം, മലപ്പുറം ഹാജി മഹാനായ ജോജി, ദില്ലീവാലാ രാജകുമാരൻ എന്നീ ചലച്ചിത്രങ്ങൾക്കു കഥയും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചലച്ചിത്രത്തിന്‌ കഥയും തിരക്കഥയും രചിച്ചു. നിരവധി ടെലിഫിലിമുകൾക്കും സീരിയലുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ പേയാട്‌ ‘രാധേയ’ത്തിൽ താമസിക്കുന്നു. Address: Phone: 9446435975 രാധേയം, പിറയിൽ, പേയാട്‌, തിരുവനന്തപുരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English