കുട നന്നാക്കാനുണ്ടോ…കുട…?

മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് ഞാന്‍ ഞങ്ങളുടെ നാട്ടിലെ ഇടവഴിയിലൂടെ അലസമായി നടക്കുകയായിരുന്നു. അപ്പോള്‍ ഒരു കാഴ്ച കണ്ടു. ഒരു വൃദ്ധന്‍ തലയില്‍ പഴയ കുറെ കുടകളുടെ അസ്ഥിപഞ്ജരങ്ങളുമേന്തി നടന്നു പോകുന്നു. കാഴ്ച്ചയില്‍ ഏതാണ്ട് എഴുപതു വയസ്സ് തോന്നിക്കും. പക്ഷെ സ്വരം ഒരു യുവവിന്റെത് പോലെ!

“..കുട നന്നാക്കാനുണ്ടോ….കുട…?”

ഈണത്തിലുള്ള ആ സ്വരം അന്തരീക്ഷത്തില്‍ കൂടി ഒഴുകി നടന്നു.

ആ സ്വരം എന്നെ ബാല്യകാലത്തിലേയ്ക്ക് നടത്തിക്കൊണ്ടുപോയി.

അന്ന് മഴക്കാലം തുടങ്ങുന്നതിനു മുമ്പായി വീടുകളില്‍ വന്നു കേടുവന്ന കുടകള്‍ കമ്പിയും ശീലയും മാറ്റി ഇവര്‍ ശരിയാക്കി കൊടുക്കും. ഇവരെ കാത്ത് ഞങ്ങള്‍ കുട്ടികള്‍ കാത്തിരിക്കും. ചിതറിപ്പോയ അസ്ഥികള്‍ പെറുക്കി കൂട്ടിച്ചേര്‍ത്തുവച്ച് “ജീവന്‍” വയ്പ്പിക്കുന്ന അത്ഭുതകരമായ ആ കാഴ്ച കാണാന്‍ അത്രയ്ക്ക് കൗതുകമായിരുന്നു ഞങ്ങള്‍ക്ക്!

പിന്നീട് ടിവീ മാധ്യമങ്ങളുടെ അവിര്‍ഭാവത്തോട് കൂടി കുടക്കമ്പനികളുടെ പ്രവാഹമായി. അറ്റകുറ്റപ്പണികളെല്ലാം കമ്പനിക്കാര് നേരിട്ട് നടത്താന്‍ തുടങ്ങി. അങ്ങനെ ഗ്രാമ-പട്ടണ നിവാസികളെ പുളകം കൊള്ളിച്ചിരുന്ന ആ ഈണം സ്വയം പിന്‍വലിഞ്ഞു പോയി.

ഇപ്പോഴിതാ ആ ഈണം പുനര്‍ജ്ജനിച്ചു കാതുകളെ പുളകം കൊള്ളിക്കുന്നു.

“കുട നന്നാക്കാനുണ്ടോ… കുട…?”

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും മറ്റും നോക്കി എന്നും നെടുവീര്‍പ്പിടാറുള്ള എന്‍റെ മനസ്സില്‍ പുതിയൊരു തൊഴില്‍മേഖല തെളിഞ്ഞു വന്നു: ”മനസ്സ് നന്നാക്കാനുണ്ടോ….മനസ്സ്‌…?”

വഴിയോരത്തുകൂടി ആ യുവാവ്‌ ഈണത്തില്‍ നീട്ടിവിളിച്ചു കടന്നു പോവുകയാണ്. “മനസ്സ് നന്നാക്കനുണ്ടോ…മനസ്സ്….?”

കണ്ണീരിന്‍റെ നനവുള്ള ഒരു സ്ത്രീ ആ യുവാവിനെ തന്‍റെ ചെറ്റക്കുടിലിലേക്ക് മാടി വിളിച്ചു. “ആരെയാ നന്നാക്കേണ്ടത്..?”

നിലത്ത് ഒരു കീറപ്പായില്‍ മലര്‍ന്നു കിടന്നു വായും പിളര്‍ന്ന് ഉറങ്ങുന്ന ഒരു മനുഷ്യന്‍! അയാളുടെ കടവായില്‍ കൂടി ഉമിനീര്‍ ഒലിച്ചിറങ്ങുന്നുണ്ട്. കാലി മദ്യക്കുപ്പികള്‍ നിലത്തു വീണു കിടപ്പുണ്ട്. സിഗററ്റു കുറ്റികളും ബീടിക്കുറ്റികളും ചുറ്റിനുമുണ്ട്. ഉടുതുണി സ്ഥാനം തെറ്റി കിടക്കുന്നു. മദ്യത്തിന്‍റെ രൂക്ഷഗന്ധം അയാളുടെ ഉശ്ചാസവായുവില്‍ കൂടി ആ മുറിയിലാകെ ഒഴുകി നടക്കുന്നുണ്ട്.

യുവാവിന്റെ കണ്ണുകള്‍ അടുക്കള ഭാഗത്തേക്ക്‌ നീങ്ങി. വിശപ്പുമൂലം തളര്‍ന്നുറങ്ങുന്ന മൂന്ന് പിഞ്ച് കുഞ്ഞുങ്ങള്‍! അടുപ്പ് ഈ അടുത്ത കാലത്തെങ്ങും കത്തിച്ച ലക്ഷണമില്ല. കാലിയായ കലങ്ങളും പാത്രങ്ങളും പൊട്ടിയ ചട്ടികളും ചിതറിക്കിടക്കുന്നു. ആ പാവം സ്ത്രീ തേങ്ങിക്കൊണ്ട് കണ്ണീരോഴുക്കുന്നു.

“സമാധാനിക്ക്..നമുക്ക് നന്നാക്കിയെടുക്കാം..”

യുവാവ്‌ ബാഗ്‌ തുറന്നു ഹെല്‍മറ്റിന്റെ ആകൃതിയിലുള്ള ഒരു ഉപകരണം പുറത്തെടുത്തു. ആ ഉപകരണം മദ്യപാനിയുടെ തലയില്‍ ചേര്‍ത്ത് വച്ചു. ഉപകരത്തിലെ ചില ബട്ടണുകള്‍ ചലിപ്പിച്ചു. നിമിഷങ്ങള്‍ കടന്നു പോയി. പെട്ടെന്നയാള്‍ കണ്ണ് തുറന്നു. പുഞ്ചിരിച്ചു. ഭാര്യയെ നോക്കി ധ്രിഡപ്രതിജ്ഞയോടെ പറഞ്ഞു: “ഞാനിനി മദ്യം തോടുകപോലുമില്ല.. ഇത് സത്യം..സത്യം..സത്യം..”

ഭാര്യക്ക്‌ സന്തോഷമായി. യുവാവ്‌ നടന്നകന്നു. ഈണത്തോടെ..താളത്തോടെ…

Generated from archived content: story1_dec29_15.html Author: babu_alappuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English