നിത്വാഖാത്തും മുലാകാത്തും

“അവനൊരു കിറുക്കനാണ്. സാമ്രാജ്യം പോലും ഉപേക്ഷിച്ച അവനൊരു വിഡ്ഢിയാണ് “

ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പോകാനോ താമസിച്ചിരുന്ന സ്ഥലത്ത് തന്നെ താമസം തുടരാനോ അറിയുന്ന ജോലി ചെയ്യാന്‍ ഉതകുന്ന സ്പോണ്‍സറെ നേടാനോ കഴിയാതിരുന്നിട്ടു പോലും വിദേശ രാജ്യങ്ങളില്‍ അള്ളിപ്പിടിച്ച് കഴിഴേണ്ടി വരുന്ന , തന്റെ വിയര്‍പ്പില്‍ നിര്‍മ്മിച്ച വീടോ സൗകര്യങ്ങളോ ഉപയോഗപ്പെടുത്താന്‍ യോഗമില്ലാതെ ഷെയേര്‍ഡ് റൂമുകളിലെ കക്കൂസുകള്‍ക്ക് മുമ്പില്‍ ക്യു നില്‍ക്കുന്ന , വീട്ടുകാര്‍ കഷ്ടപ്പെട്ട് പാകം ചെയ്തിരുന്ന ഭക്ഷണത്തിന് അരുചി അനുഭവപ്പെട്ടതിനാല്‍ ഫാസ്റ്റ് ഫുഡിന് വാഹനമോടിച്ചിരുന്നവര്‍ ഖുബൂസിലും ഉണക്ക ചപ്പാത്തിയിലും നിര്‍വൃതി കണ്ടെത്തുന്ന വിവരങ്ങളറിഞ്ഞ ഏതെങ്കിലും പ്രവാസിയുടെ പിതാവ് പറഞ്ഞതല്ല മുകളില്‍ പറഞ്ഞ വാക്കുകള്‍. ഗള്‍ഫ് പണം മുറതെറ്റാതെ എത്തുന്നത് കൊണ്ട് പള്ളികളിലും ചായക്കടകളിലുമിരുന്ന് രാഷ്ട്രീയവും പരദൂഷണവും പറഞ്ഞ് സമയ വ്യയം നടത്തുന്ന ഒരു പിതാവും ഇങ്ങനെ പറയാനും വഴിയില്ല. സ്വയം തെരഞ്ഞെടുത്തതായ 12 വര്‍ഷത്തെ പ്രവാസത്തിന് ശേഷം തന്റെ അച്ഛനെയും വളര്‍ത്തമ്മയെയും ഭാര്യയേയും മകനെയും കാണാന്‍ വന്ന ശ്രീബുദ്ധനെ കുറിച്ച് പിതാവ് പറഞ്ഞതാണ് , അവനൊരു വിഡ്ഢിയാണെന്ന്. എന്നാലിപ്പോള്‍ നിരവധി ആളുകള്‍ എല്ലാമുപേക്ഷിച്ച് അവനോടൊപ്പം പോകാന്‍ തുടങ്ങുകയാണെന്ന്…

ബോധോദയം നേടിവന്ന ബുദ്ധനില്‍ അനുരക്തരായത്കൊണ്ടായിരുന്നു അന്ന് ആളുകള്‍ ബുദ്ധനോടൊപ്പം പോയിരുന്നതെങ്കില്‍ , സ്വന്തം നിലയ്ക്ക് പണമോ വീടോ സ്വത്തുക്കളോ വാഹനമോ നേടിയതിന്റെ പേരിലോ കുടുംബത്തിലും കൂട്ടുകാ ര്‍ക്കുമിടയില്‍ പ്രവാസികള്‍ക്ക് നല്‍കപ്പെടുന്ന അംഗീകാരം കണ്ടു വിസ്മയിച്ചോ ആണ് ഇന്ന് ആളുകള്‍ ഗള്‍ഫിലേക്ക് ഓടുന്നത്. വെളിച്ചത്തിന് ചുറ്റും പറന്നടുക്കുന്ന ഈയ്യാംപാറ്റകളെ ബുദ്ധിയുള്ളവരാരും കൊല്ലാന്‍ ശ്രമിക്കാറില്ല , അവയുടെ ആയുസ്സിന്റെ ദൈര്‍ഘ്യമറിയാവുന്നത്കൊണ്ട്. അവധിക്ക് നാട്ടിലെത്തിയ പ്രവാസി , നിഷേധിക്കപ്പെട്ടിരുന്ന സ്വതന്ത്ര വിഹാര ജീവിതം തിരിച്ചുകിട്ടുമ്പോള്‍ കാട്ടിക്കൂട്ടുന്ന പൊങ്ങച്ചങ്ങളും വിക്രിയകളും കാണുമ്പോള്‍ , ഒരിക്കലെങ്കിലും പ്രവാസ ജീവിതം അനുഭവിച്ചവര്‍ക്ക് അസൂയയായിരിക്കില്ല , സഹതാപമായിരിക്കും ; നഷ്ടപ്പെടുന്ന അവരുടെ ജീവിതവും ഉരുളടയാന്‍ പോകുന്ന ഭാവിയുമോര്‍ത്ത് ! പക്ഷേ , ഗള്‍ഫ് എന്താണെന്ന് അറിയാത്ത കൗമാരക്കാര്‍ പഠനത്തില്‍ ശ്രദ്ധിക്കാതെയും തന്നിഷ്ടത്തിന് ജീവിച്ചും 18 തികയാന്‍ കാത്തിരിക്കുകയാണ് , പാസ്പോര്‍ട്ടെടുക്കാന്‍ !

വ്യാജ വിസക്ക് വന്ന് ജയിലുകളില്‍ ദുരിതമനുഭവിക്കുന്നവരും മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ ജോലി ചെയ്യാന്‍ കഴിയാത്തവരും ചെയ്ത ജോലിക്ക് ശമ്പളം കിട്ടാത്തവരും കുട്ടികളെയും കുടുംബത്തെയും കാണാന്‍ ആഗ്രഹമുണ്ടായിട്ടും പണമില്ലാത്തത് കൊണ്ടോ സ്പോണ്‍സര്‍ ആരാണെന്ന് അറിയാത്തതുകൊണ്ടോ നാട്ടിലേക്ക് പോകാന്‍ കഴിയാത്തവരും വീടുകളിലേക്ക് ഡ്രൈവര്‍ ജോലിക്ക് ചെന്ന് ഭാഷയും ഭക്ഷണം പാകം ചെയ്യലും അറിയാതെ വിഷമിക്കുന്നവരും , ഭാര്യയെയോ പ്രണയിനിയെയോ പിരിഞ്ഞ് വിരഹനൊമ്പരത്തില്‍ നിപതിച്ച് നിദ്രാരഹിതരാകുന്നവരും ചേര്‍ന്ന ‘ഗെയിനും പെയിനും’ സമ്മിശ്രമായ ഒരു ജൂനിയര്‍ പരലോകമാണ്‌ ഗള്‍ഫ് എന്ന വസ്തുത പാസ്പോര്‍ട്ട്‌ ഓഫീസുകളിലേക്ക് ഓടുന്നവര്‍ ഓര്‍ക്കുക. അതേ സമയം , ഓക്സ്ഫോര്‍ഡിലെയോ കാംബ്രിഡ്ജിലെയോ ഹാര്‍ബാര്‍ഡിലെയോ ഹെഡില്‍ ബര്‍ഗിലെയോ ബിരുദധാരികളെക്കാള്‍ വിരുതന്‍മാരായവരും ലണ്ടന്‍ സ്കൂള്‍ ഓഫ് എകണോമിക്സിലെ സന്തതികളേക്കാള്‍ സമ്പത്തിന്റെ ശാസ്ത്രമറിയുന്നവരും സി എ , എം ബി എ , എം കോം തുടങ്ങിയ യോഗ്യതകളേതുമില്ലാതെ വ്യവസായ കേരളത്തിന്റെ കീര്‍ത്തി ലോകത്താകമാനം ഉയര്‍ത്തിയവരും വാഴുന്നുണ്ട് ഗള്‍ഫ് നാടുകളില്‍. പക്ഷേ , ഈ കേവല ന്യുനപക്ഷങ്ങളെ നിരീക്ഷിച്ചുകൊണ്ടാണ് മഹാ ഭൂരിപക്ഷം വരുന്ന ദരിദ്ര പ്രവാസികളെ അരിഞ്ഞു വീഴ്ത്താനാണ് സര്‍ക്കാരുദ്യോഗസ്ഥരും കെട്ടിടജോലിക്കാരും കത്തി മൂര്‍ച്ചകൂട്ടി കാത്തിരിക്കുന്നത്.

രാജ്യം ഭരിച്ച് കട്ടുമുടിച്ച് നാട് വിട്ടവരുടെയും നാട്ടിലെ പണം ഗള്‍ഫിലെത്തിച്ച് നേരിട്ടോ ബിനാമികള്‍ വഴിയോ ബിസിനസ്സ് നടത്തി എന്‍ ആര്‍ ഐ അക്കൗണ്ടുകള്‍ വഴി സമ്പാദ്യം വെളുപ്പിക്കുന്ന രാഷ്ട്രീയ – ഉദ്യോഗസ്ഥരുടേയും ഒളിജീവിതം തേടുന്ന ക്രിമിനലുകളുടെയും ഭാര്യമാരില്‍ നിന്ന് രക്ഷപെട്ട് ‘സമാധാന’ ജീവിതം നയിക്കുന്നവരുടെയും പലിശയ്ക്കു പണം കൊടുത്ത് മാടമ്പി ജീവിതം നയിക്കുന്നവരുടെയും വിഹാര ഭൂമിക കൂടിയാണ് ഗള്‍ഫ്. വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ പിടികൊടുക്കതെയും ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിന് കൊടുക്കാതെയും സ്വാര്‍ത്ഥരായി ജീവിച്ചിരുന്ന ചിലര്‍ക്ക് കുടുംബങ്ങളുമായി നിര്‍ബന്ധിത മുലാകാത്ത് നടത്താനുള്ള ഒരു അവസരം കൂടി നല്‍കി , സൗദിഅറേബ്യയിലെ നിതാഖാത്’.

വീട്ടുകാരോടൊന്നും പറയാതെ , തനിക്ക് പിറന്ന പുത്രന്റെ മുഖം ഒരു നോക്ക് പോലും കാണാതെ കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ഥന്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം , ഒഴിഞ്ഞ കയ്യും പക്ഷേ നിറഞ്ഞ മനസുമായി തിരിച്ചെത്തുമ്പോള്‍ ഭാര്യ പറയുന്നു : ” കഴിഞ്ഞ 12 വര്‍ഷവും എന്റെ മനസ്സില്‍ ഒരു ചോദ്യം കിടന്ന് ഉരുകുകയായിരുന്നു. അങ്ങ് ഇന്ന് നേടിയതെന്തോ അത് ഇവിടെയിരുന്ന് അങ്ങേക്ക് സ്വായത്തമാക്കാമായിരുന്നില്ലേ ? അങ്ങയുടെ മകന്‍ ഇവിടെയുണ്ട്. ഇനി അങ്ങ് അവന് എന്ത് പൈതൃകമാണ് നല്‍കുന്നതെന്ന് എനിക്കറിയണം. അവന് നല്‍കാന്‍ അങ്ങയുടെ കയ്യില്‍ എന്താണുള്ളത് …? ബുദ്ധന്‍ 12 വയസുള്ള മകന്‍ രാഹുലിനെ അടുത്ത് വിളിച്ച് തന്റെ കയ്യിലുള്ള ഭിക്ഷാ പാത്രം നല്‍കിക്കൊണ്ട് പറഞ്ഞു : എന്റെ കയ്യില്‍ മറ്റൊന്നുമില്ല. ആകെയുള്ള ഭിക്ഷാ പാത്രം നിനക്ക് തന്നു”

അനേക വര്‍ഷത്തെ പ്രവാസത്തിന് ശേഷം ഒഴിഞ്ഞ കയ്യും ദേഹം നിറയെ രോഗങ്ങളും ശരീരത്തെ മുന്നോട്ടെടുക്കാന്‍ കഴിയാത്ത വയറും മനസ്സ് നിറയെ നഷ്ടബോധങ്ങളുമായി നാടണയുന്ന ഓരോ പ്രവാസിയോടും അവരുടെ ഭാര്യമാര്‍ ചോദിച്ചേക്കാം , നിങ്ങള്‍ ഇതുവരെ നേടിയതെന്തോ , അതെല്ലാം ഇവിടെ നിന്നും സ്വയത്തമാക്കാമായിരുന്നില്ലേ? ഒരു പക്ഷേ ഇതിനേക്കാള്‍ ഭംഗിയായി ??

മകന്‍ രാഹുലിന് പിതൃസ്വത്തായി നല്‍കാന്‍ പ്രവാസിയായ ബുദ്ധന്റെ കയ്യില്‍ ഒരു ഭിക്ഷാ പാത്രമെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍, ഭൂരിപക്ഷം വരുന്ന ഇന്നത്തെ പ്രവാസികള്‍ക്ക് ഭിക്ഷാപാത്രം പോലുമുണ്ടാകില്ല സ്വന്തമായി. ഗള്‍ഫ് നാടുകളില്‍ കഠിനാദ്ധ്വാനികളും നാട്ടിലെത്തിയാല്‍ വൈറ്റ് കോളര്‍ ധാരികളും ദുരഭിമാനികളും സോപ്പുകുമിളകളില്‍ കൊട്ടാരം കെട്ടിയവരുമായ പ്രവാസികള്‍ , അന്തസ്സിനു കോട്ടം തട്ടുമെന്ന് കരുതി നാട്ടില്‍ മാത്രമല്ല വീട്ടിലെ ജോലി പോലും ചെയ്യാത്ത പ്രവാസികള്‍ – ഇവര്‍ക്കെങ്ങിനെയാണൊരു ഭിക്ഷാപാത്രം സ്വന്തമാക്കാനാവുക ?

Generated from archived content: essay2_nov6_13.html Author: at_ashraf_karuvarakundu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English