ഒരാള്‍ക്ക്‌ കമ്യുണിസ്റ്റായിക്കൊണ്ട് ഹ്യുമനിസ്റ്റും ആകാമോ ?

നല്ല മനുഷ്യനായാലേ നല്ല കമ്യുണിസ്റ്റാകൂ എന്ന് സീതാറാം യെച്ചൂരി പറഞ്ഞതില്‍നിന്നും പൊതുജനം എന്താണ് മനസ്സിലാക്കേണ്ടത് ? കമ്യുണിസ്റ്റ്കാരെ തന്നെ കൊല്ലുക മാത്രമല്ല, മുഖം വെട്ടി വികൃതമാക്കുന്നവരും ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍ പ്രതി യോഗികളെ കൊന്നു തള്ളുന്നവരും അത് സ്റ്റേജില്‍ കയറി വിളിച്ചുപറയുന്നവരെ ധീര നേതാവാക്കുന്നവരും സംസ്കാര ചിത്തരായവരെ ‘പരനാറി’കളാക്കുന്നവരും ഇനിമുതല്‍ കമ്യുണിസ്റ്റ്കാരാകില്ല എന്നാണോ ? അതോ, കണ്ണും കാതും പൊട്ടിയ ‘ പാവങ്ങള്‍ക്ക് സൗജന്യം അനുവദിച്ചത്കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായത് എന്ന് പറഞ്ഞതിലൂടെ മനുഷ്യവിരുദ്ധനായ എളമരം കരീം മുതലാളി ഇനിമുതല്‍ കമ്യുണിസ്റ്റ് ആകില്ല എന്നാണോ ?

കുഞ്ഞുങ്ങള്‍ കമ്യൂണിസം പഠിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ചൈനയിലെ ഒരു സ്‌കൂളില്‍, ആറു വയസുകാരി കുട്ടി, ടീച്ചറോട് കുശലം പറയുന്നതിനിടയില്‍ പറഞ്ഞു : ടീച്ചര്‍ , ഞങ്ങളുടെ വീട്ടിലെ പൂച്ച പ്രസവിച്ചു. എല്ലാം കമ്യൂണിസ്റ്റ് പൂച്ചക്കുട്ടികള്‍’

ഇതു കേട്ട് കമ്യൂണിസ്റ്റുകാരി ടീച്ചര്‍ക്ക് വളരെ സന്തോഷം. തന്റെ അധ്യാപനത്തെകുറിച്ച് മതിപ്പ് ഉണ്ടാക്കാന്‍ ഈ വിവരം, ഇന്‍സ്‌പെക്ഷന് വരുന്ന ഉദ്യോഗസ്ഥനോട് പറയണമെന്ന് ടീച്ചര്‍ കുട്ടിയെ ഉപദേശിച്ചു. ഇന്‍സ്‌പെക്ടര്‍ വന്നു. കുട്ടികളുടെ കമ്യൂണിസ്റ്റ് വിദ്യാഭ്യാസ പുരോഗതി അറിയാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ ഈ ആറുവയസുകാരി എണീറ്റ് നിന്ന് പറഞ്ഞു : സാര്‍, എന്റെ വീട്ടിലെ പൂച്ച പ്രസവിച്ചു. കുഞ്ഞുങ്ങളെല്ലാം ഹ്യുമനിസ്റ്റ്കള്‍.

ഇതുകേട്ട് ടീച്ചര്‍ ഞെട്ടി ; ഇന്‍സ്‌പെക്ടര്‍ കോപാകുലനായി ; പരിഭ്രമത്തോടെ ടീച്ചര്‍ കുട്ടിയോട് ചോദിച്ചു : ഇന്നലെയല്ലേ കുട്ടി പറഞ്ഞത് , പൂച്ചക്കുഞ്ഞുങ്ങളെല്ലാം കമ്യൂണിസ്റ്റ്കളാണെന്ന് ? എന്നിട്ടിപ്പോള്‍ മാറ്റിപ്പറയുന്നോ ? കുട്ടി പറഞ്ഞു : മാറ്റിപ്പറഞ്ഞതല്ല ടീച്ചര്‍. ഇന്നലെ പിറന്നു വീണപ്പോള്‍ പൂച്ചക്കുഞ്ഞുങ്ങളെല്ലാം കമ്യൂണിസ്റ്റ്കള്‍ തന്നെയായിരുന്നു. ഇന്നു രാവിലെ അവ കണ്ണ് തുറന്നു !

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ ഇന്‍സ്‌പെക്ടറായിരുന്ന പിണറായി വിജയന്‍ പാലക്കാട്ടെ പാര്‍ട്ടി പ്ലീനത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി സ്വരാജിന്റെ അധ്യാപന രീതിക്കെതിരെ കടുത്ത വിമര്‍ശനം നടത്തുകയും ശൈലി മാറ്റിയില്ലെങ്കില്‍ നേതൃത്വത്തെ മാറ്റാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നപ്പോള്‍, നേതൃത്വതിന്റെ തകരാറല്ല, സാമൂഹിക സാഹചര്യങ്ങളാണ് ഡി വൈ എഫ് ഐയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതെന്നും യുവാക്കള്‍ കൂടുതലും അരാഷ്ട്രീയരും സോഷ്യല്‍ മീഡിയകളില്‍ താല്പര്യം കാണിക്കുന്നവരും ആയിക്കൊണ്ടിരിക്കുന്നു എന്നുമാണ് ഡി വൈ എഫ് ഐ സ്‌കൂളിലെ അധ്യാപകന്‍ എം സ്വരാജ് ന്യായീകരിച്ചത്.

കാലഹരണപ്പെട്ട സിദ്ധാന്തങ്ങള്‍ മാറോട് ചേര്‍ത്ത് നടക്കുന്ന കമ്യൂണിസ്റ്റ് കാരണവന്‍മാര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്; ചൈനയിലെ പൂച്ചക്കുട്ടികളെപോലെ, പശ്ചിമ ബംഗാളിലെയും കേരളത്തിലെയും കമ്യുണിസ്റ്റ് കുഞ്ഞുങ്ങള്‍ കണ്ണ് തുറക്കാനും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കാനും ‘ദേശാഭിമാനി’ യല്ലാത്ത പത്രങ്ങള്‍ വായിക്കാനും അതുകൊണ്ടുതന്നെ ഹ്യുമനിസ്റ്റുകളായി മാറാനും തുടങ്ങിയിരിക്കുന്നുവെന്ന്.

യഥാര്‍ത്ഥ കമ്യൂണിസം പരിത്യജിക്കാന്‍ മനസ്സനുവദിക്കാത്തവരും വെറും ആള്‍ക്കൂട്ടമായി മാറുന്ന കമ്യുണിസത്തോട് ചേര്‍ന്ന് കൂടയോട്ടം നടത്താന്‍ തയ്യാറാകാത്തവരും കുലംകുത്തികളാക്കപ്പെടുകയോ രക്ത ബന്ധുക്കളാല്‍ രക്തസാക്ഷികളാക്കപ്പെടുകയോ ഇളം തലമുറക്കരാല്‍ ക്യാപിറ്റല്‍ പണിഷ്മെന്റിന് വിധേയരാക്കപ്പെടുകയോ ചെയ്യുന്നു. കമ്യുണിസം മടുത്ത, നട്ടെല്ലുള്ള ധൈര്യശാലികള്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ എത്തിപ്പെടും. ജീവനില്‍ കൊതിയുള്ള ഡി വൈ എഫ് ഐക്കാരാകട്ടെ, അരാഷ്ട്രീയരായിമാറുകയോ സോഷ്യല്‍ മീഡിയകളില്‍ അഭിരമിച്ച് കൊല്ലാനും ചാകാനും തയാറാകാതെ ശിഷ്ട കാലം പ്രശാന്തമാക്കി മാറ്റുകയോ ചെയ്യും.

ഇന്ത്യയിലുടനീളം കമ്പ്യുട്ടര്‍ വല്‍കരണമെന്ന രാജീവ്ഗാന്ധിയുടെ പദ്ധതി നടപ്പിലാക്കിയാല്‍ എസ് എഫ് ഐ, ഡി വൈ എഫ് ഐക്കാര്‍ ലോക വിവരം നേടുകയും അപ്പോള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കൊല്ലാനും ചാകാനും അവരെ കിട്ടില്ലെന്ന് ദീര്‍ഘ വീക്ഷണം നടത്തിയത് കൊണ്ടായിരിക്കാം, 1987ല്‍ ഭരണത്തിലെത്തിയ നായനാര്‍ സര്‍ക്കാരിന്റെ പ്രഥമ പ്രവര്‍ത്തനം തന്നെ കമ്പ്യുട്ടര്‍ പദ്ധതി നിര്‍ത്തിവെക്കലാക്കിയത്. എന്നാല്‍, അടുത്ത ഭരണ ഊഴം വന്നപ്പോഴേക്കും , തങ്ങള്‍ കണ്ണടച്ചതുകൊണ്ട് മാത്രം ഭൂലോകം ഇരുട്ടിലാകില്ലെന്നും ദേശാഭിമാനി മാത്രം വായിപ്പിച്ച്, നെറികേട് നേരത്തെ അറിയിച്ചുകൊണ്ട് ബൗദ്ധികമായി ഒരു തലമുറയെ എക്കാലത്തും ബന്ധനത്തിലാക്കാന്‍ കഴിയില്ലെന്നും ബോധ്യം വന്നതുകൊണ്ടായിരിക്കണം, സകലമാന വകുപ്പുകളും കമ്പ്യൂട്ടര്‍ വല്‍കരിക്കാന്‍ ബജറ്റ് തുകയുടെ മൂന്ന് ശതമാനം നീക്കിവെക്കുകയായിരുന്നു !

പലിശയ്ക്ക് പണം കടം കൊടുക്കുന്നവര്‍ക്കും സ്ഥിര മദ്യപാനികള്‍ക്കും ബ്രോക്കര്‍മാര്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം കൊടുക്കാന്‍ പാടില്ല എന്ന് പാര്‍ട്ടി പ്ലീനത്തില്‍ പറഞ്ഞപോലെ, കമ്യൂണിസ്റ്റ്കാരോ അവരുടെ മക്കളോ ഒരിക്കലും സോഷ്യല്‍ മീഡിയകള്‍ ഉപയോഗപ്പെടുത്താന്‍ പാടില്ല എന്ന് പണ്ട് കര്‍ശനമായി പറഞ്ഞിരുന്നുവെങ്കില്‍ ഇത്രമാത്രം കമ്യുണിസ്റ്റ്കള്‍ ഹ്യുമനിസ്റ്റ്‌കളായി മാറില്ലായിരുന്നു. അഹങ്കാരികള്‍ക്കും ഗുണ്ടകള്‍ക്കും കൊലയാളികള്‍ക്കും മുതലാളിമാര്‍ക്കും സ്വാശ്രയ കോളജുകളില്‍ മക്കളെ പഠിക്കാന്‍ വിടുന്നവര്‍ക്കും അംഗത്വം കൊടുക്കരുത് എന്ന് നിര്‍ബന്ധം പിടിക്കാതിരുന്നത് ഭാഗ്യം. അങ്ങനെയെങ്കില്‍, അംഗങ്ങളെ കിട്ടാത്തത് കാരണം പിരിച്ചുവിടപ്പെട്ട ലോകത്തിലെ ആദ്യത്തെ പാര്‍ട്ടി എന്ന ഖ്യാതി നേടാമായിരുന്നു കമ്യുണിസ്റ്റ് പാര്‍ട്ടിക്ക്.

അഴിമതി നടത്തി ഉണ്ടാക്കിയ പണത്തില്‍ അഹങ്കരിക്കുന്ന ഇളമരം കരീമും പണച്ചാക്ക് രാധാകൃഷ്ണനും വാഴ്ത്തപ്പെടുകയും വി എസ് അവമതിക്കപ്പെടുകയും ചെയ്യുന്ന കേരളാ കമ്യുണിസ്റ്റ് കാലത്ത്, നല്ല മനുഷ്യനായാലേ നല്ല കമ്യുണിസ്റ്റ് ആകൂ എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറയുമ്പോള്‍, അനിവാര്യമായ തിരിച്ചറിവിലൂടെ ഉണ്ടാകുന്ന അവസാന നിശ്വാസം ഗവേഷണ വിധേയമാക്കേണ്ടതുണ്ട് പ്രവര്‍ത്തകര്‍. ഭീഷണികള്‍ കൊണ്ടും കൊലകള്‍ കൊണ്ടും ഒരു വ്യക്തിയെയോ അവന്റെ കുടുംബത്തെയോ തകര്‍ക്കാന്‍ കഴിഞ്ഞേക്കാം. താല്‍ക്കാലികമായി ഒരു പഞ്ചായത്തിന്റെയോ ജില്ലയുടെയോ ഭരണം നേടാനായേക്കാം. പക്ഷേ, അകാരണമായി തകര്‍ക്കപ്പെട്ടവന്റെയോ കൊല്ലപ്പെട്ടവന്റെയോ ആശ്രിതരുടെ നെഞ്ചുരുകിയുള്ള രോദനത്തില്‍ നിന്ന് ഉതിര്‍ന്നു വീണ കണ്ണുനീര്‍ പതിഞ്ഞ ഭൂമിയില്‍ പാദുകമമര്‍ത്തുന്ന ഓരോ കൊലയാളിയും അവനെ പറഞ്ഞുവിട്ടവനും വൈയക്തികമായ നാശത്തിലേക്കും മാനസികമായ അപഭ്രംശത്തിലേക്കും വലിച്ചിഴക്കപ്പെടുകതന്നെ ചെയ്യുമെന്നതിന്റെ തെളിഞ്ഞ ഉദാഹരണമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇക്കാണുന്ന തകര്‍ച്ച ; ആരോടൊപ്പം പോകണം, ആരെയൊക്കെ ചേര്‍ക്കണം എന്ന പതര്‍ച്ച.

Generated from archived content: essay1_may5_15.html Author: at_ashraf_karuvarakundu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English