ഞങ്ങള്‍ വിദേശികള്‍ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു?

കുവൈറ്റില്‍ അധിവസിക്കുന്ന വിദേശികളുടെ ജീവിതം എങ്ങനെ പ്രയാസരഹിതമാക്കാമെന്നു ചിന്തിക്കുന്ന കുറെ കുവൈറ്റികളുണ്ട്, അതിലൊരാളാണ് ലബീദ് അബ്ദുള്‍. ഇന്നലെ അദ്ദേഹം കുവൈറ്റ്‌ ടൈംസില്‍ എഴുതിയ ലേഖനം അതിനെ അടിവരയിടുന്നതാണ്. ഒപ്പം കുവൈറ്റിന്റെ ആശങ്കകളും അതില്‍ പ്രതിപാദിക്കുന്നുണ്ട്.

വിദേശികളുടെ ക്രമാനുഗതമായ വളര്‍ച്ചയും, പലരുടെയും അനധികൃത അധിവാസവും, വഴിവിട്ട ജീവിതവും, നിയമ വിരുദ്ധ വാറ്റു കേന്ദ്രങ്ങളും, കുടിച്ചു കൂത്താടിയും, വേശ്യാവൃത്തി നടത്തിയും ജീവിക്കുന്നവരും, സങ്കര സംസ്കാരവുമെല്ലാം ഈ നാടിന്റെ സംസ്കാരത്തിന് ഭീതിയുണ്ടാക്കുന്നുണ്ടെന്നുള്ള വസ്തുത തള്ളിക്കളയാന്‍ കഴിയില്ല. വിദേശികള്‍ ഈ നാടിനു നല്‍കിയ സംഭാവനകള്‍ ഓര്‍ത്തുകൊണ്ടു പറയുകയാണ്‌ ഇതൊക്കെ കുവൈറ്റിന്റെ ഹാര്‍മോണിയെ തകര്‍ക്കുകയാണ്.

എല്ലാ നാട്ടുകാരും ചിന്തിക്കുന്നത് പോലെ രോഗങ്ങളില്ലാത്ത ശാന്തിയൊഴുകുന്ന നിയമാനുസൃത ജീവിതം നയിക്കുന്ന വിദേശികളോടൊത്തുള്ള ഒരു സൗഹൃദം ആണ് കുവൈറ്റികള്‍ ആഗ്രഹിക്കുന്നത്. ലോകത്തോട്‌ തന്നെ ഉദാരമായി ഇടപെടുന്ന കുവൈറ്റികള്‍ ലോകത്തിന് ഒരു മാതൃകതന്നെയാണ്.

കുവൈറ്റില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആരും അവകാശപ്പെടുന്നില്ല. അതൊക്കെ ഏതൊരു രാജ്യത്തും പതിവുള്ളതാണ്താനും. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ പോലും മനുഷ്യാവകാശ ധ്വംസനങ്ങള്‍ പതിവാണ്.

ആ രാജ്യത്തെ പൗരന്മാര്‍ ജീവിതയാനം തേടിപ്പോയി മറ്റൊരു രാജ്യത്തെ സാഹചര്യങ്ങള്‍ മൂലം അവിടത്തെ പൗരത്വം സ്വീകരിക്കുകയും ഉള്ള സമ്പാദ്യം ഇന്ത്യയിലെ ബന്ധുമിത്രാദികൾക്കുവേണ്ടി ചെലവഴിച്ച് ജീവിതാവസാനം, മാറാരോഗങ്ങളുമായി സ്വന്തക്കാരുടെ ആശ്രയത്തിനായി ഇന്ത്യയിലേക്ക്‌ വരുമ്പോള്‍ നമ്മുടെ പോലീസും കോടതിയും ജനാധിപത്യവും വാര്‍ദ്ധക്യത്തെപ്പോലും പരിഗണിക്കാതെ ക്രൂരമായ നിലയില്‍ അവരോടു പെരുമാറിയത് നമുക്ക് മുന്‍പിലുണ്ട്.

ലോകത്ത് ഒരു രാജ്യവും അനധികൃത കുടിയേറ്റക്കാരെ ഇത്ര സ്വതന്ത്രമായി ജീവിക്കുവാന്‍ അനുവദിച്ചിട്ടുണ്ടാകുകയില്ല. എത്രയെത്ര പൊതുമാപ്പുകള്‍ ഗള്‍ഫ്‌ നാടുകള്‍ അനുവദിച്ചു. എന്നിട്ടും രാജ്യം വിടാതെ നിയമ ലംഘകരായി ഈ നാടിന്റെ സമധാനത്തിനു ഭീഷണിയാകുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ആളുകളോട് എടുക്കുന്ന കര്‍ശനമായ നടപടികള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ ചില തെറ്റുകള്‍ വന്നുകൂടയ്കയില്ല.

ഉയര്‍ന്ന മേധാവികള്‍ അത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തി നടന്നിട്ടുണ്ടെങ്കില്‍ അതവരുടെ ശ്രദ്ധയിലേക്ക് എത്തിക്കുവാനും, അങ്ങനെയുള്ള ഏതെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അനുകൂല നടപടി എടുക്കാമെന്നും ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുള്ളതുമാണ്.

ലോകത്തിന്റെ നാനാ ഭാഗത്തുള്ള നിരവധി വിദേശികളും വിദേശ എംബസ്സികളും കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെയൊക്കെ നിസ്തൂലമായ പ്രവര്‍ത്തനങ്ങള്‍ വിലകുറച്ചുകാണുവാന്‍ കഴിയില്ല. വിദേശികള്‍ക്കെതിരായ നടപടി ആരംഭിച്ചപ്പോള്‍ വൈകിയാണെങ്കിലും ആദ്യം പ്രതികരിച്ചതും, ഹെല്‍പ് ലൈന്‍ അടക്കമുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതും ഇന്ത്യന്‍ എംബസി തന്നെയാണ്. അതിനെ തുടര്‍ന്നാണ്‌ ഫിലിപ്പൈന്‍സ് അടക്കമുള്ള എംബസ്സികള്‍ നടപടികളുമായി വരുന്നത്.

ഹെല്‍പ് ലൈന്‍ സംവിധാനത്തെ കുറിച്ച് ലബീദ് എഴുതി:

” As for Kuwait, which I expect to take the lead when it comes to safeguarding human rights as per international humanitarian standards, I said a big yes to the hotlines being set up by respective embassies but I would say a big no to anyone trying to threaten an expat’s human rights, or any innocent person for that matter”.

പക്ഷെ നമ്മുടെ ഹെല്‍പ് ലൈന്‍ സമ്പ്രദായം കുറ്റമറ്റതാക്കേണ്ടതുണ്ട്. ഹെല്‍പ് ലൈന്‍ ഏതു പാതിരാത്രിയിലും അലര്‍ട്ടായിരിക്കണം, ദുരിതമനുഭവിക്കുന്നവര്‍ സമയവും, കാലവും നോക്കാതെ വിളിക്കും, അതിന് ഉടന്‍ പരിഹാരമാകുക എന്നതാണ് ഹെല്‍പ് ലൈന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പലപ്പോഴും ഹെല്‍പ് ലൈനില്‍ നിന്നും ആവശ്യക്കാര്‍ക്ക് അനുകൂലമായ മറുപടിയല്ല ലഭിക്കുന്നത്: “ഈ പാതിരാത്രിക്കാണോ വിളിക്കുന്നത്‌ രാവിലെ എട്ടുമണിക്ക് വിളിക്കു” തുടങ്ങിയ നിരാശപ്പെടുത്തുന്ന വാക്കുകള്‍ ആണത്രേ ഹെല്‍പ് ലൈന്‍ വഴി ലഭിക്കുന്നത് ഇത് നിയമത്തെ ദുരുപയോഗം ചെയ്യുന്നവരെ സഹായിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുന്നവരെ നിരാശപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

ഇന്ത്യക്കാര്‍ക്കെതിരെയുള്ള ശത്രുതാപരമായ നടപടിയായി പലരും സെര്‍ച്ച്‌ നടപടികളെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. അത് തികച്ചും അവാസ്തവമാണ്.

അനധികൃത താമസക്കാരോടും കുറ്റവാളികളോടും നാടുകള്‍ക്കതീതമായ നടപടിയാണ് കുവൈത്ത് അനുവര്‍ത്തിച്ചിട്ടുള്ളത് എന്ന് മേജര്‍ ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ അലി ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് അദ്ദേഹത്തെ സന്ദര്‍ശിച്ച നേതാക്കളെ അറിയിച്ചിരുന്നു.

ആശങ്കകള്‍ അകറ്റുന്നതിനും, സംശയ ദുരീകരണത്തിനുമായി ജനങ്ങളിലേക്ക് ഇറങ്ങിവരുവാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

തൊഴിലില്ലാത്ത സ്വദേശികളുടെ ആധിക്യം കുറക്കുവാനും തൊഴില്‍ മേഖലയില്‍ സുതാര്യതയും പ്രാതിനിധ്യവും തുല്യമാക്കുന്നതിനും, സ്വദേശി വിദേശി ബാഹുല്യം ക്രമപ്പെടുത്തുന്നതിനും വേണ്ടിയുള്ള ചില നടപടികള്‍ തൊഴില്‍ മന്ത്രാലയം തുടങ്ങി വെച്ചിരുന്നു.

നിയമാനുസൃതം താമസിക്കുന്ന ആരും തന്നെ ഭയപ്പെടേണ്ടതില്ലെന്നും നിയമം ലംഘിക്കുന്നവരെ മാത്രമെ അന്വേഷണ ഏജന്‍സികള്‍ പിടികൂടുകയുള്ളൂ എന്നും ഉന്നത ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്.

വീട്ടു വിസയില്‍ വന്ന് സ്പോണ്‍സറുടെ കീഴില്‍ ജോലിചെയ്യാതെ മറ്റിടങ്ങളില്‍ജോലിചെയ്യുന്നത് കുവൈറ്റില്‍ അടക്കം എല്ലാ ഗള്‍ഫ്‌ നാടുകളിലും കുറ്റകരമാണ്, ഫ്രീവിസ എന്ന് നാം വിളിക്കുന്നതും യഥേഷ്ടം എവിടെയും ജോലി ചെയ്യാമെന്ന് നാം കരുതുന്നതുമായ സമ്പ്രദായം കുറ്റകരമാണ്. ഈ നിയമം പണ്ടേയുള്ളതാണെങ്കിലും അതത്ര കടുത്ത നിലയില്‍ പാലിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ലക്ഷകണക്കിന് ആളുകള്‍വീട്ടു വിസ വിലയ്ക്ക് വാങ്ങി പുറത്ത് ജോലി ചെയ്തു വരുകയായിരുന്നു. പലപ്പോഴുംകുടുംബവുമായി സസുഖം ഇവര്‍ കഴിഞ്ഞു കൂടുന്നുണ്ട്. മിക്കവാറും നഴ്സിംഗ് അടക്കമുള്ള ജോലിക്കാരായ ഭാര്യമാര്‍ എളുപ്പം കിട്ടുന്ന വിസ എന്ന നിലക്ക്‌ ഖാദിം (ഇരുപതാംനമ്പര്‍) വിസയില്‍ ഭര്‍ത്താവിനെ കൊണ്ടുവരുന്നു തിരിച്ചും സംഭവിക്കാറുണ്ട്. ഇത്കുവൈറ്റിന്റെ നിയമങ്ങള്‍ക്കെതിരാണെങ്കിലും അതത്ര വലിയ പ്രശ്നമായി കണക്കാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ ആ നിലയില്‍ എത്തുന്നവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന എംബസി അഫടവിറ്റ് സമ്പാദിച്ചു സാധാരണ ജീവിതം നയിച്ചുവരുകയായിരുന്നു. അത്തരക്കാര്‍ പിടിക്കപ്പെടുമ്പോള്‍ അതെങ്ങിനെയാണ് നിയമാനുസൃത കുടിയേറ്റക്കാരായി പരിഗണിക്കുന്നത്. കാലാവധി ശേഷിക്കുന്ന വിസ ഉണ്ടായിരുന്നു എന്നതുകൊണ്ട്‌ ഒരാള്‍ പിടിക്കപ്പെടാതിരിക്കണമെന്നില്ല, അയാള്‍കുടിയേറ്റ നിയമങ്ങള്‍ അനുസരിച്ചാണോ ജീവിക്കുന്നത് എന്നും പരിശോധിക്കണം. ഖാദിംവിസ അനുവദിക്കുന്നതിനു മാനദണ്ഡങ്ങള്‍ ഉണ്ട്. ആ നിയമങ്ങള്‍ അനുസരിച്ച് സ്പോണ്‍സറുടെ വീട്ടില്‍ തന്നെയാണ് ഖാദിം കഴിയേണ്ടത്.

സാധാരണ ഓരോ ഫ്ലാറ്റിലും ഹാരിസുമാരാണ് വെയ്സ്റ്റ് ഗാര്‍ബെജു ബങ്കറില്‍ നിക്ഷേപിക്കുന്നത്. കുടുംബവുമായി താമസിക്കുന്ന ഒരാള്‍ വെയ്സ്റ്റ് ബോക്സില്‍ നിക്ഷേപിക്കുമ്പോള്‍ പിടിക്കപ്പെട്ടിട്ടുങ്കില്‍ അതിനു കാരണം വീട്ടു വിസ തന്നെയാണ്. നിയമാനുസൃതം താമസിക്കുന്ന ആളുകള്‍ക്ക് ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ടെകില്‍ അവര്‍ എംബസികളെ സമീപിക്കട്ടെ. തീര്‍ച്ചയായും നീതി ലഭിക്കും എന്ന് തന്നെയാണ് മേധാവികള്‍ അടിവരയിടുന്നത്.

അധികൃതരുമായി നിരന്തര ബന്ധം പുലര്‍ത്തുകയും ആശങ്കകള്‍ ദുരീകരിക്കുവാനും എംബസികളും സംഘടന പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ട്. ആവശ്യമായ പരിഹാരങ്ങള്‍ അവര്‍ കാണുമെന്ന ആത്മവിശ്വാസവുമുണ്ട്. ഒരു നയതന്ത്ര സ്ഥാപനം എന്ന നിലയില്‍ എംബസിക്ക് പരിമിതികളുണ്ടായിരിക്കും. എങ്കിലും കഴിയുന്നതെല്ലാം ചെയ്യുക എന്നുള്ളത് പൌരനോടുള്ള രാഷ്ട്രത്തിന്റെ കടപ്പാടാണ്. ഏതു സാഹചര്യത്തെയും തങ്ങളുടെതാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഇറ്റാലിയന്‍, ഫിലിപൈന്‍ നയതന്ത്രം നമ്മുടെ പൗരന്മാര്‍ക്കുവേണ്ടി നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് പൗരന് സുരക്ഷിതത്ത്വവും അഭിമാനവും തന്റെ രാജ്യത്തെ നിയമ നയതന്ത്ര കാര്യാലയങ്ങളോട് തോന്നുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ ഹെല്‍പ്പ് ലൈന്‍ അടക്കമുള്ള ആവശ്യമായ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിന് എംബസിക്കു കഴിയണം.

ഇതിനിടയില്‍ ആശ്വാസമാകുന്ന ഒരു വാര്‍ത്തയായിരുന്നു അനധികൃത താമസക്കാര്‍ക്ക് താമസം നിയമമ വിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യം വിടുന്നതിനോ അവസരം നല്‍കുന്നതിനുവേണ്ടി പൊതുമാപ്പ് സര്‍ക്കാറിന്റെ പരിഗണനയിലെന്ന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഫൈസല്‍ നവാഫ് അസ്വബാഹ് വ്യക്തമാക്കിയത്.

അത്തരം ഒരു നടപടിക്കു തുനിയുമ്പോള്‍ അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള റെയ്ഡുകള്‍ നിര്‍ത്തിവയ്ക്കുകയും സൗദിയില്‍ പ്രാവര്‍ത്തികമാക്കിയ രീതിയില്‍ കുറച്ചു സമയം അനുവദിച്ചുകൊണ്ട് അതിനു ശേഷം തുടരുന്നവര്‍ക്കെതിരെ നടപടി എടുക്കുന്ന സമീപനം ഉണ്ടാകണമെന്നും, ഉപാധികളില്ലാതെ വിസ മാറ്റം അനുവദിക്കണമെന്നും ഐക്യ വിദേശ അംബസെഡര്‍മാര്‍ക്ക് കുവൈറ്റിനോട്‌ ആവശ്യപ്പെടാമായിരുന്നു. അത്തരം ഒരു നടപടിക്കു തുനിയുമ്പോള്‍ അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള റെയ്ഡുകള്‍ നിര്‍ത്തിവയ്ക്കുകയും സൗദിയില്‍ പ്രാവര്‍ത്തികമാക്കിയ രീതിയില്‍ കുറച്ചു സമയം അനുവദിച്ചുകൊണ്ട് അതിനു ശേഷം തുടരുന്നവര്‍ക്കെതിരെ നടപടി എടുക്കുന്ന സമീപനം ഉണ്ടാകണമെന്നും, ഉപാധികളില്ലാതെ വിസ മാറ്റം അനുവദിക്കണമെന്നും ഐക്യ വിദേശ അംബസെഡര്‍മാര്‍ക്ക് കുവൈറ്റിനോട്‌ ആവശ്യപ്പെടാമായിരുന്നു.

രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത് രണ്ടു വര്‍ഷം മുമ്പാണ്. 2011 മാര്‍ച്ച് ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള പൊതുമാപ്പ് രാജ്യത്തുണ്ടായിരുന്ന അനധികൃത താമസക്കാരില്‍ 25 ശതമാനത്തോളം ആളുകള്‍ ഉപയോഗപ്പെടുത്തി എന്നാണ് കണക്കുകള്‍. ഇതില്‍ പതിനയ്യായിരത്തോളം പേര്‍ ഇന്ത്യക്കാരായിരുന്നു. നിലവില്‍ കുവൈത്തില്‍ ഒരു ലക്ഷത്തിലധികം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് എമിഗ്രേഷന്‍ വകുപ്പിന്‍റ രേഖകള്‍. ഇരുപത്തി നാലായിരം പേരുമായി ബംഗ്ളാദേശും ഇരുപത്തി രണ്ടായിരം പേരുമായി ഇന്ത്യയുമാണ് ഇക്കാര്യത്തില്‍ മുന്‍നിരയില്‍.

രാജ്യത്തെ താമസ നിയമം ലംഘിക്കുന്നത് അമേരിക്കക്കാരായാലും പിടികൂടി നാടുകടത്തുന്നതില്‍ ദാക്ഷിണ്യം കാണിക്കില്ലെന്നും നിയമ ലംഘകരുടെ കാര്യത്തില്‍ ഒരു രാജ്യക്കാരോടും വിവേചനമില്ലെന്നും നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനമെന്നുമാണ് വകുപ്പ് മന്ത്രിയുടെ നിലപാട്. താമസ നിയമ ലംഘനം നടത്തുന്നവരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയുമാണ് പിടികൂടുന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം. നിയമവിധേയമായ രേഖകളുള്ളവര്‍ ഇഖാമയും വാഹനമോടിക്കുന്നവര്‍ ഡ്രൈവിങ് ലൈസന്‍സും കരുതണമെന്നും ഇഖാമ ലംഘകരുടെ കാര്യത്തില്‍ സ്പോണ്‍സര്‍മാരും ജാഗ്രത പുലര്‍ത്തണമെന്ന് ശൈഖ് ഫൈസല്‍ പറഞ്ഞിരുന്നു.നിയമം ലംഘിക്കുന്നവരെ ഒളിപ്പിക്കുന്നതും അവരെ കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാത്തതും കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് കൂട്ടുനില്‍ക്കുന്ന സ്പോണ്‍സര്‍മാരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പലപ്പോഴും ഇതുകൊണ്ടൊക്കെ തന്നെ പല പ്രമുഖ കമ്പനികളും തങ്ങളുടെ ഫയല്‍ കരിമ്പട്ടികയില്‍ നിന്നും മാറ്റിയെടുക്കുവാന്‍ നെട്ടോട്ടമോടുന്നതും പതിവാണ്.

പൊലീസ് കസ്റ്റഡിയിലും സി.ഐ.ഡി ഡിറ്റന്‍ഷന്‍ സെന്‍ററിലും ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലുമുള്ള ഇന്ത്യക്കാര്‍ക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ ലഭിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കിയതെന്ന് അംബാസഡര്‍ പറയുമ്പോഴും വാസ്തവങ്ങളും അവാസ്തങ്ങളുമായ ഊഹാപോഹങ്ങള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായ ഇന്ത്യക്കാര്‍ കസ്റ്റഡിയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും അനുഭവിക്കുന്നില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ സതീഷ് സി.മേത്ത പറഞ്ഞതും, സമീപകാല സംഭവങ്ങളും ഇവിടത്തെ ചില സംഘടന പ്രതിനിധികളും അംബാസഡറും തമ്മില്‍ അനാരോഗ്യകരമായ അകല്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. അത് പരിഹരിച്ചുകൊണ്ട് സംഘടന പ്രതിനിധികളുമായി കൂടി ചേര്‍ന്ന് ഇത്തരം അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

കുവൈത്തില്‍ വ്യാപകമായി നടക്കുന്ന റെയ്ഡ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുക, അനധികൃത താമസക്കാര്‍ക്ക് അവരുടെ താമസം നിയമവിധേയമാക്കുന്നതിനോ നടപടിയില്ലാതെ രാജ്യം വിടുന്നതിനോ ചുരുങ്ങിയത് ആറു മാസത്തെ ഇളവ് അനുവദിക്കുക, പിടികൂടിയവരുടെയും നാടുകടത്താനായി ഡീപോര്‍ട്ടേഷന്‍ സെന്‍ററുകളിലുള്ളവരുടെയും വിവരങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറുക, റെയ്ഡുകളുടെ ഭാഗമായി നടക്കുന്നുവെന്ന് പറയപ്പെടുന്ന പീഡനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കുവൈത്ത് അധികൃതരുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇടിവെട്ടേറ്റവനെ പമ്പ് കടിച്ചു എന്ന് പറഞ്ഞപോലെ അനധികൃത താമസക്കാര്‍ക്കും ട്രാഫിക് നിയമ ലംഘകര്‍ക്കും എതിരെ കുവൈത്ത് അധികൃതര്‍ നടത്തുന്ന പരിശോധനകളില്‍ പ്രയാസപ്പെടുന്ന വിദേശികളില്‍ നിന്നും പിടിച്ചുപറിയും കവര്‍ച്ചയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്. പണ്ടേ പതിവായ ഇത്തരം തട്ടിപ്പുകള്‍ ഇപ്പോള്‍ പരിശോധനയുടെ മറവിലും വ്യാപകമായതോടെ മലയാളികളടക്കമുള്ള വിദേശികള്‍ കൂടുതല്‍ വിഷമത്തിലുമായിരിക്കുകയാണ്. പരിശോധനക്കെത്തുന്നവര്‍ പലപ്പോഴും സിവില്‍ വേഷത്തിലാണെന്നതിനാലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കാറില്ലെന്നതിനാലും യഥാര്‍ഥ പോലീസാണോ അതോ കള്ളനാണോ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ് ഉള്ളത് എന്ന പരാതി വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സിവില്‍ വസ്ത്രത്തില്‍ വരുന്ന ഉദ്യോഗസ്ഥര്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കഴുത്തില്‍ അണിഞ്ഞാണ് വരുന്നത്, അതുകൊണ്ട് തന്നെ ആളുകളുടെ ഭയപ്പാട് വളരെ കുറഞ്ഞിട്ടുണ്ട്.

ഓരോ വാഹനവും സസൂക്ഷ്മം നിരീക്ഷിക്കുന്ന ക്യാമറകണ്ണുകള്‍ നിരത്തുകള്‍ തോറും സ്ഥാപിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി ഉറങ്ങാതെ ജാഗരൂകരായി ഉദ്യോഗസ്ഥരും. വഴിയില്‍ അസാധാരണമായി എന്തെങ്കിലും അനുഭവപ്പെട്ടാല്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുവാനുള്ള നിര്‍ദ്ദേശം മോണിട്ടറിംഗ് വിഭാഗത്തില്‍ നിന്നും ലഭിക്കുന്നതിനെ തുടര്‍ന്ന് പട്രോള്‍ വിഭാഗം അലര്‍റ്റാകുന്നു. സ്വകാര്യ വാഹനങ്ങളില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് കുവൈറ്റിലെ ഗതാഗത തിരക്ക് കുറയുമെന്നതുകൊണ്ട് കൂടുതല്‍ പേരെ കയറ്റി പോകുന്നതാണ് തനിക്കിഷ്ടമെന്നും എന്നാല്‍ നിരക്ക് വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നവരെ നാടുകടത്തുമെന്നും ഇത്തരക്കാരെ കണ്ടെത്തുവാനുള്ള മികച്ച സംവിധാനം കുവൈറ്റ്‌ സ്വയത്തമാക്കിയിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അലി പറയുന്നത്.

ഈ പ്രസ്താവന ആഴ്ചകളായി നിലനിന്നിരുന്ന ആശങ്കകള്‍ക്കും ഉദ്വേഗങ്ങള്‍ക്കും അറുതിയായിട്ടുണ്ട്. അത് കൊണ്ട് തന്നെ ഭയപ്പെട്ട് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നിരത്തില്‍ ഓടിത്തുടങ്ങി. ഭയപ്പാടു നീങ്ങിയതിനാല്‍ റോഡുകളില്‍ ചെറിയ തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുവാന്‍ കാരണമാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പഴയ നിലയിലുള്ള റൈസിങ്ങും അപകടങ്ങളും കുറഞ്ഞിട്ടുമുണ്ട്.

വീട്ടു ജോലിയില്‍ വരുന്നവര്‍ക്കൊഴികെ മറ്റു വിദേശികള്‍ക്ക് പുതിയ ഡ്രൈവിംഗ് ലൈസന്‍സ് മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായും വിജ്ഞാപനമുണ്ട്.

70,000 ട്രാഫിക് നിയമലംഘനങ്ങളില്‍ 43,000 റെഡ് സിഗ്നല്‍ മറികടന്നതും, തെറ്റായ പാതയിലൂടെ ഓടിച്ചതും, മദ്യ ലഹരിയില്‍ ഓടിച്ചതും അടക്കം ഗൗരവമേറിയ നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മൊത്തം 24 million ദീനാര്‍ പിഴ ചുമത്തിയിട്ടുമുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ച് 2.6 million വിദേശികള്‍ വാഹനം ഓടിക്കുവാന്‍ ലൈസന്സുള്ളവരായുണ്ട്.400 ദീനാര്‍ ശമ്പളവും കുവൈറ്റില്‍ രണ്ടു വർഷം പൂര്‍ത്തിയാക്കിയ ബിരുദധാരികളായ വിദേശികള്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്. അത് വീണ്ടും കൂടുതല്‍ കര്‍ശനമാക്കാനാണ് സാധ്യത.

വിദേശികളുടെ പേരില്‍ നിലവില്‍ ആറ് മില്യന്‍ ദീനാര്‍ പിഴയുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 80 ദീനാറിന് മുകളിലുള്ള ട്രാഫിക് പിഴകള്‍ എത്രയും പെട്ടന്ന് അടക്കണം. അല്ലാത്തപക്ഷം അവരുടെ ഫയലുകള്‍ ട്രാഫിക് കോടതിയിലേക്ക് റഫര്‍ ചെയ്യാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്. അടക്കാത്തവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. രാവിലെയും വൈകുന്നേരവുമായി ഗവര്‍ണറേറ്റുകളിലെ ട്രാഫിക് വകുപ്പ് കേന്ദ്രങ്ങളിലോ സര്‍വീസ് സെന്‍ററുകളിലോ സര്‍ക്കാര്‍ മാളുകളിലോ എയര്‍പോര്‍ട്ടിലോ ആഭ്യന്തര വകുപ്പിന്‍റ വെബ്സൈറ്റ് വഴിയോ ട്രാഫിക് പിഴ അടയ്ക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതിനിടയില്‍ രാജ്യത്തിന്‍റ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് പരിശോധന ശക്തമായി തുടരുകയാണ്. നിരീക്ഷണ കാമറകള്‍ വഴി രണ്ടു ദശകത്തിനു താഴെ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ക്കെതിരെ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നും അറിയുന്നു. ട്രാഫിക് വകുപ്പ് സ്വീകരിക്കുന്ന നടപടികളില്‍ ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കാമെന്നും അറിയുന്നു. സ്പോണ്‍സര്‍മാരുടെ പീഡനത്തിന് ഇരയാകുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ജലീബ് അല്‍ ശുയൂഖില്‍ തുടങ്ങുന്ന ഷെല്‍ട്ടറില്‍ അഭയം നല്‍കുന്ന ഗാര്‍ഹിക തൊഴിലാളികളെ പരിചരിക്കാന്‍ യോഗ്യതയുള്ള കൗണ്‍സിലര്‍മാരെ നിയമിക്കുമെന്നാണ് അറിയുന്നത്. പഴയ സ്കൂള്‍ കെട്ടിടം ഏറ്റെടുത്ത് നവീകരിച്ചാണ് ഷെല്‍ട്ടര്‍ ഒരുക്കിയിരിക്കുന്നത്. ഏഴു ലക്ഷം ദീനാര്‍ ചെലവില്‍ നിര്‍മിച്ച ഷെല്‍ട്ടറില്‍ ആയിരത്തിനുതാഴെ പേരെ താമസിപ്പിക്കാനാവും. ചികിത്സക്കുമുള്ള സൗകര്യങ്ങള്‍ക്ക് പുറമെ റസ്റ്റോറന്‍റ്, തിയറ്റര്‍ തുടങ്ങിയവയുമുണ്ട്. തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിയമസഹായം ലഭ്യമാക്കാനുള്ള ഉദ്യോഗസ്ഥരും ഷെല്‍ട്ടറിലുണ്ടാവുമെന്നാണ് അറിയുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ താമസിപ്പിക്കാനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഇവിടെയുണ്ടവും. ശാരീരികവും മാനസികവുമായ പീഡനങ്ങളാല്‍ സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ അഭയകേന്ദ്രം ഒരുക്കിയിട്ടുള്ളത്.

നിലവില്‍ തൊഴില്‍ വകുപ്പിന്‍റ കീഴില്‍ ഖൈത്താനില്‍ ഒരു ഷെല്‍ട്ടര്‍ മാത്രമാണുള്ളത്. 60 ഓളം പേരെ താമസിപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. ഇത് അപര്യാപ്തമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടികാണിച്ചതിനെ തുടര്‍ന്നാണ് ജലീബില്‍ പുതിയ ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ ഇന്ത്യന്‍ എംബസിയടക്കം വിവിധ രാജ്യങ്ങളുടെ എംബസികളില്‍ സ്പോണ്‍സര്‍മാരുടെ പീഡനം സഹിക്കവയ്യാതെ എത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, അഭയം തേടിയെത്തുന്നവരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇവ ഒട്ടും പര്യാപ്തമല്ല. മാത്രവുമല്ല, ചില എംബസികളില്‍ ഈ സംവിധാനം തന്നെയില്ല. സ്പോണ്‍സര്‍മാരുടെ വീടുകളില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് നേരിട്ട് ഇവിടെ അഭയം തേടിയെത്താനാവില്ല. പൊലീസില്‍ പരാതി നല്‍കുകയും അവര്‍ കൊണ്ടുചെന്നാക്കുകയും ചെയ്താല്‍ മാത്രമേ ഷെല്‍ട്ടറില്‍ പ്രവേശനം ലഭിക്കുകയുള്ളൂ.

രാജ്യത്തെ അനധികൃത താമസക്കാര്‍ക്കുവേണ്ടിയുള്ള റെയ്ഡുകള്‍ അധികൃതര്‍ വ്യാപകമാക്കിയതോടെ നാടുകടത്തല്‍ കേന്ദ്രങ്ങളും കസ്റ്റഡി കേന്ദ്രങ്ങളും ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചതിനാല്‍ ഇവിടെ കഴിയുന്നവര്‍ കടുത്ത പ്രയാസങ്ങളനുഭവിക്കുന്നതായും, തിങ്ങിനിറഞ്ഞ ജയിലുകളില്‍ രോഗം വര്‍ധിക്കുന്നതായും പകര്‍ച്ചവ്യാധി പടരുന്നതായും ജയിലുകളിലുള്ള സ്ത്രീകളും കുട്ടികളുമൊക്കെ ഇതുമൂലം യാതന അനുഭവിക്കുന്നതായും അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാതിരാത്രിയില്‍ ഫ്ലാറ്റിലേക്ക് ഇരച്ചുകയറി കൊടും കുറ്റവാളികളെന്ന പോലെ നിരപരാധികളെ കൈകാര്യംചെയ്യുന്ന രീതി മനുഷ്യത്വമുള്ള ആര്‍ക്കുംതന്നെ അംഗീകരിക്കാനാവില്ല. സാമ്പത്തിക ലാഭം മാത്രം ഉന്നം വെച്ച് നടക്കുന്ന വിസാ കച്ചവടം പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ട്‌ പ്രതികരിക്കാന്‍ കഴിയാത്ത വിദേശി സമൂഹത്തിന് നേരെ മാത്രം നടക്കുന്ന പരിശോധനയും, തിരച്ചിലും ലക്ഷ്യത്തിലേക്കെത്തില്ലെന്ന് ഷെയ്ഖ ബീവി സൂചിപ്പിച്ചിരുന്നു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് റിക്രുട്ട് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, ഷോപ്പുകളും , കമ്പനികളും തുടങ്ങുവാനുള്ള ലൈസന്‍സ് സമ്പാദിച്ച ശേഷം , ആയിരവും, രണ്ടായിരവും ദിനാറിന് വിസ വില്‍ക്കുന്ന സ്വദേശികളെയും , സ്ഥാപനങ്ങളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരിശോധനയുടെ മറവില്‍ തട്ടിപ്പുകളും , പിടിച്ചുപറികളും നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആഭ്യന്തര ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് താമസ രേഖകള്‍ ആവശ്യപ്പെടുകയും , ബലംപ്രയോഗിച്ച് കൈവശമുള്ള സമ്പാദ്യം മുഴവന്‍ കവര്‍ന്ന് കൊണ്ട് പോകുന്ന സംഘങ്ങളെ കുറിച്ച് ഉടന്‍ തന്നെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഷെയ്ഖ ബീവി വ്യക്തമാക്കി. സിവില്‍ വേഷത്തില്‍ പരിശോധനക്കെത്തുന്നവരോട്, അവരുടെ തിരച്ചറിയല്‍ കാര്‍ഡ്‌ ചോദിക്കുവാന്‍ തീര്‍ച്ചയായും ഓരോ പൌരനും, വിദേശികള്‍ക്കും അവകാശമുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും മോശമായ പെരുമാറ്റങ്ങളോ , അനുഭവങ്ങളോ ഉണ്ടായാല്‍ എത്രയുംവേഗം മുതിര്‍ന്ന ആഭ്യന്തര ഉദ്യോഗസ്ഥന്മാരെ അറിയിക്കണമെന്ന് അവര്‍ പറഞ്ഞിരുന്നു. ഇതുപോലെ വിദേശികള്‍ക്കായി കുവൈറ്റിന്റെ നാനാഭാഗത്തുനിന്നും സ്വരങ്ങളുയരുന്നുണ്ട്.

ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണത്തിന് ഉതകുന്ന തൊഴില്‍ നിയമത്തിന്റെ പണിപ്പുരയിലാണ് കുവൈറ്റ്‌, പ്രതിച്ഛായക്ക് ഭംഗം സൃഷ്ടിക്കുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നത് ഭാരിച്ച ചുമതലയാണ്. സ്പോണ്‍സര്‍മാരുടെ പീഡനങ്ങള്‍ക്ക് ഇരയാകുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാന്യമായ പരിചരണം നല്‍കുന്നതിനും , അഭയം നല്‍കുന്നതിനുമുള്ള വ്യത്യസ്തങ്ങളായ വിവിധ പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു നേരത്തെ അന്നത്തിന് പോലും തികയാത്ത മാസ വേതനം പറ്റുന്ന ഗാര്‍ഹിക തൊഴിലാളികള്‍ തെറ്റിലേക്കും , അരാജകത്വത്തിലേക്കും പോകുന്നുവെങ്കില്‍ അതിന്റെ ഭാഗിക ഉത്തരവാദിത്വം കുവൈറ്റ്‌ സര്‍ക്കാരിനുമുണ്ടന്നും ഗാര്‍ഹിക തൊഴില്‍ മേഖലയിലെ പീഡനങ്ങളെ കുറിച്ചും, ആക്ഷേപങ്ങളെ കുറിച്ചും ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തല കുനിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത്തരം ഒരവസ്ഥക്ക് എത്രയുംവേഗം മാറ്റമുണ്ടാക്കുമെന്നും, ഷെയ്ഖ പറഞ്ഞു.

കുവൈറ്റിലെ ജയിലുകളിലെ അവസ്ഥ ശോചനീയമായന്ന് സമ്മതിച്ച ഷെയ്ഖ, എത്രയും പെട്ടന്നുതന്നെ സര്‍ക്കാരിനെ ഈ വിഷയത്തില്‍ ഇടപെടുത്തുമെന്ന് വെളിപ്പെടുത്തി. വിദേശികള്‍ കൂടുതല്‍ അധിവസിക്കുന്ന സ്ഥലങ്ങളിലെ ജയിലുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാനുള്ള സൌകര്യമില്ലന്ന് നേരിട്ട് ബോധ്യമായ കാര്യമാണ്. ഇടുങ്ങിയ ചെറിയ റൂമുകളില്‍ തലങ്ങും , വിലങ്ങുമായാണ് ആളുകളെ കുത്തിനിറച്ചിരിക്കുന്നത്. ഒന്ന് തലചായ്ക്കാന്‍ പോലും ഇടമില്ലാതെ ദിനങ്ങള്‍ തള്ളിനീക്കുന്ന നിരവധി പേരെ ജയിലുകളില്‍ കണ്ടിട്ടുണ്ട്. ജനബാഹുല്യമാണ് ജയിലുകളിലെ പ്രധാന പ്രശ്നം . സെല്ലുകളില്‍ ഉള്‍കൊള്ളാനാവാത്ത രീതിയില്‍ ആളുകളെ പാര്‍പ്പിച്ചിരിക്കുകയാണ് . തീര്‍ച്ചയായും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരിക്കലും അനുവദിക്കാനാവില്ല. അന്താരാഷ്‌ട്ര മനുഷ്യാവകാശ സമിതിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജയിലുകള്‍ നവീകരിക്കുവാന്‍ ജയില്‍ അധികൃതരെ സമീപിക്കുമെന്ന് ഷെയ്ഖ ബീവി അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

മനുഷ്യക്കച്ചവടത്തിന്‍റ കാര്യത്തില്‍ കുവൈത്ത് കരിമ്പട്ടികയിലാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. സൗദി അറേബ്യ, അല്‍ജീരിയ, കുവൈത്ത്, സുഡാന്‍, ലിബിയ, യമന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളാണ് കരിമ്പട്ടികയിലുള്ള അറബ് രാജ്യങ്ങള്‍.

കുവൈത്തില്‍ മാസത്തില്‍ 450 മുതല്‍ 600 വരെ വീട്ടുവേലക്കാര്‍ സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്നു, ഇത്തരം സ്പോണ്‍സര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുന്നില്ല. മനുഷ്യക്കച്ചവടം തടയുന്നതിനുള്ള നിമയങ്ങള്‍ ശക്തമായി നടപ്പാക്കുന്നില്ല. സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്ന വീട്ടുവേലക്കാര്‍ അനാശാസ്യ കേന്ദ്രങ്ങളിലും മറ്റും ചെന്നെത്തുന്നത് കുടുതല്‍ അപകടങ്ങളുണ്ടാക്കുന്നു. തുടങ്ങിയവയാണ് കുവൈത്തുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിലുള്ള കുറ്റപ്പെടുത്തലുകള്‍. വിദേശികളുടെ പാസ്പോര്‍ട്ട് കമ്പനികളോ വ്യക്തികളോ കൈവശം വെക്കുന്നത് കുവൈത്തില്‍ നിയമം മൂലം അനുവദിക്കുന്നില്ലെങ്കിലും ഭൂരിപക്ഷം തൊഴിലാളികളുടെയും പാസ്പോര്‍ട്ട് തൊഴിലുടമയുടെ അടുത്താണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്ത് പല സമയങ്ങളിലായി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് ഉപയോഗിച്ച് സ്വന്തം രാഷ്ട്രങ്ങളിലേക്ക് പോകുവാന്‍ അനധികൃത താമസക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴുള്ള തിരച്ചലിന് കാരണമെന്നും എങ്കിലും അത്തരക്കാര്‍ക്ക് മാന്യമായി രാജ്യംവിട്ടു പോകുവാനുള്ള സൗകര്യം ഒരുക്കുന്നതിന് പൊതുമാപ്പ് പ്രഖ്യാപിക്കുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഷെയ്ഖ അറിയിച്ചു. വരുന്ന റമദാനോട് കൂടി ഇപ്പോഴത്തെ അവസ്ഥക്ക് മാറ്റമുണ്ടാകുമെന്ന് കരുതന്നതായും ഷെയ്ഖ കൂട്ടിച്ചേര്‍ത്തു.

ഇതു തന്നെയാണ് കഴിഞ്ഞ ചില ദിവസങ്ങളായി ഇവിടത്തെ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതും. റെയ്ഡുകളില്‍ പിടികൂടുന്നവരെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലേക്ക് കൊണ്ടുപോയി നാടുകടത്തേണ്ടവരെ ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍, റെയ്ഡുകള്‍ വ്യാപകമായതോടെ ഇവിടങ്ങളിലെല്ലാം ഉള്‍ക്കൊള്ളാവുന്നതിലേറെ ആളുകളാണുള്ളതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നാടുകടത്താന്‍ വിധിക്കപ്പെട്ടവരില്‍ മിക്കവരുടെയും യാത്രാ രേഖകള്‍ ശരിയാവാന്‍ ഏറെ സമയമെടുക്കുന്നതിനാല്‍ യാത്ര നീളുന്നതിനിടെ തന്നെ പുതിയ സംഘങ്ങള്‍ കേന്ദ്രത്തിലേക്ക് എത്തുകയാണ്. അതോടൊപ്പം മദ്ധ്യവേനലവധി തുടങ്ങിയതിനാല്‍ തിരക്കേറിയ വിമാന സര്‍വീസുകളില്‍ ടിക്കറ്റ് കിട്ടാന്‍ പ്രയാസമുള്ളതിനാല്‍ യാത്രാരേഖകള്‍ ഉള്ളവരുടെ യാത്ര തന്നെ നീളുന്ന അവസ്ഥയുമുണ്ട്. ഇത് പരിഹരിക്കാനായി വിമാനക്കമ്പനികളുമായി കരാറിലെത്താന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ, റെയ്ഡുകളില്‍ പിടിയിലാവുന്നവരുടെ ബാഹുല്യം മൂലം നിലവിലുള്ള സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ 800 പേരെ ഉള്‍ക്കൊള്ളാവുന്ന പുതിയ ഷെല്‍ട്ടര്‍ സജ്ജീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കനത്ത തിരിച്ചടിയേകി. രാജ്യാന്തര വിപണിയില്‍ രൂപ വന്‍ മൂല്യത്തകര്‍ച്ച നേരിടുമ്പോള്‍ കുവൈത്തിലെ പ്രവാസികള്‍ക്ക് അതൊരു വാര്‍ത്തയെ ആകുന്നില്ല. അത്രയ്ക്കും അവര്‍ ആശങ്കകളിലും വേവലാതിയിലുമാണ്.

പൊതുനിരത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചുകൊണ്ടുവേണം ദമ്പതികളായാല്‍ പോലും സഞ്ചരിക്കുവാന്‍. അല്ലാത്തവരെ അസ്വാഭാവികത തോന്നിയാല്‍ കസ്റ്റടിയില്‍ എടുക്കുവാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടി വരും. അത്തരക്കാരെ ശാസിച്ചു വിടാറാണ് പതിവ്.

സൂപ്പര്‍ ഹൈപ്പെര്‍ മാര്‍ക്കെറ്റുകളിലും മാളുകളിലും ഷോപ്പിംഗ്‌ കഴിഞ്ഞ് യഥേഷ്ടം വീടുകളിലേക്ക് തിരിച്ചു പോകുവാനുള്ള യാത്രാസൗകര്യം ഇല്ലാതെ ഇപ്പോള്‍ വിദേശികള്‍ വിഷമിക്കുകയാണ്. അനധികൃത ടാക്സി വേട്ട മൂലം ആവശ്യത്തിന് ടാക്സികളുടെ കുറവ് മിക്കവാറും അനുഭവപ്പെടുന്നുണ്ട്. മീറ്ററില്ലാത്തതും നിരക്ക് എകീകരണമില്ലാത്തതുകൊണ്ടും ടാക്സിക്കാര്‍ പറയുന്ന നിരക്ക് നല്‍കുവാന്‍ യാത്രക്കാര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

ഇതിനിടയില്‍ പ്രവാസികളുടെ ആശങ്കകള്‍ അമീറിനെ അറിയിക്കുമെന്ന് ഷെയ്ഖ ബീവിയുടെ പ്രസ്താവന വിദേശികള്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്‌. ഗതാഗത നിയമലംഘകര്‍ക്കെതിരെയും അനധികൃത താമസകാര്‍ക്കെതിരെയും നടക്കുന്ന പരിശോധനയില്‍ വ്യാപക മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ ഷെയ്ഖ ബീവി ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഉദാത്തമായ മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന കുവൈറ്റ്‌ സമൂഹത്തിന് അന്താരാഷ്ട്രാ വേദികളില്‍ നാണക്കേട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്ന ഉദ്യോഗസ്ഥ വൃന്ദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ അമീറിനോട്‌ ആവശ്യപ്പെടുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

സ്വന്തമായി വാഹനം ഉള്ളവര്‍പോലും ഭയം കാരണം വാഹനങ്ങള്‍ നിര്‍ത്തിയിട്ട് മറ്റുവഴികള്‍ തേടുകയാണ്. കടുത്ത ചൂടില്‍ കുത്തിനിറച്ചു പോകുന്ന ബസ്സുകള്‍ മാത്രമാണ് സാധാരണക്കാരുടെ അഭയം. കാര്യക്ഷമത പരിശോധനയില്‍ പെട്ട് പോകുമോ എന്നും ലൈസന്‍സ് പിടിച്ചെടുക്കുമോ എന്നും പേടിച്ചുകൊണ്ട്‌ മിക്കവാറും ആളുകള്‍ പുറത്തുപോക്ക് ഒഴിവാക്കിയിരിക്കുകയാണ്.

ഇതൊക്കെകൊണ്ട് തന്നെ കുവൈറ്റില്‍ ഇപ്പോള്‍ ഗതാഗത കുരുക്ക് പകുതിയിലേറെ കുറഞ്ഞിട്ടുണ്ട്.

ഇന്റര്നെറ്റ് കാളുകള്‍ക്ക് ഫുള്‍ സ്റ്റോപ്പ്‌ ഇട്ടത് ടെലഫോണ്‍ ദാമ്പത്യം അനുഭവിച്ചിരുന്ന ബഹുഭൂരിഭാഗം ബാച്ച്ലര്‍ ജീവിതം നയിക്കുന്നവരും അല്ലാത്തവരുമായ ആളുകളുടെ മാനസിക രതിക്ക് നേരെയുള്ള ഇടിമിന്നലായിരുന്നു.

ഇരുനൂറുമീറ്ററിനുള്ളില്‍ നടക്കുന്ന നെറ്റ് കാളുകള്‍ മോണിറ്റര്‍ ചെയ്യുവാന്‍ കഴിയുന്ന ആധുനിക ഉപകരണങ്ങള്‍ വഴി നൂറു കണക്കിന് ആളുകളാണ് ഇതിനകം പിടിക്കപ്പെട്ടിട്ടുള്ളത്. പിടിക്കപ്പെടുന്നവരെ നാടുകടത്തുകയാണ് പതിവ്.

ഇപ്പോള്‍ വൈപ്പും വാട്ട്‌സ് അപ്പും പോലുള്ള പ്രോഗ്രാമടക്കം നെറ്റ് ഫോണ്‍ പ്രോഗ്രാം എല്ലാം ഡിലീറ്റ് ചെയ്തുകൊണ്ടാണ് വിലകൂടിയ സാംസുങ്ങ് ഐ ഫോണ്‍ അടക്കമുള്ള സെല്‍ ഫോണുകള്‍ ആളുകള്‍ കൊണ്ട് നടക്കുന്നത്.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുവൈറ്റില്‍ കാള്‍ ചാര്ജ് കൂടുതലാണ്. ഇത് സാധരണക്കാരന്റെ വരുമാനവുമായി ഒത്തു ചെരാത്തതിന്റെ പേരിലാണ് മാനസിക അനുഭൂതിയുടെ ലഹരി പകരുന്ന നെറ്റ് ഫോണ്‍ വിളിയിലേക്ക് അവരെ നയിക്കുന്നത്. പെട്രോള്‍ പണം കുമിഞ്ഞു കൂടുന്ന ഗള്‍ഫ്‌ നാടുകള്‍ സാധാരണക്കാരന്റെ വര്‍ഷങ്ങള്‍ നീളുന്ന ദാമ്പത്യ ജീവിതമില്ലായ്മയുടെ പരിഹാരമായ അസാന്മാര്‍ഗിക വഴികളിലേക്ക് അവരെ നയിക്കാതെ സ്വരങ്ങള്‍കൊണ്ടുള്ള രതിയുടെ അനന്തമായ ശാന്തി സ്രോതസായി മാറുന്ന നെറ്റ് ഫോണ്‍ വിളിക്കുനെരെയുള്ള ഈ ഇരുട്ടടി വേണ്ടെന്നു വെയ്ക്കെണ്ടാതാണ്.

ഇവിടെ താമസിക്കുന്ന കുട്ടികള്‍ പ്രായത്തില്‍ കൂടുതല്‍ ശരീര വളര്‍ച്ച നേടുന്നവരാണ്. അവര്‍ വെളിയില്‍ കളിക്കാനൊ ഖുറാന്‍, ബൈബിള്‍, അവധിക്കാല ക്ലാസുകള്‍ക്ക് പോകുമ്പോള്‍ മുതിര്ന്നവരാണെന്നു ധരിച്ചു അവരെ പോലീസ് പിടികൂടുന്നുണ്ട്. പക്വതയില്ലാത്ത പ്രായമായതുകൊണ്ടും കളിക്കിടയിലും മറ്റും നഷടപ്പെടുമോ എന്ന് ഭയന്നും കുട്ടികളുടെ സിവില്‍ ID അടക്കമുള്ള ഡോകുമെന്റ്സ് രക്ഷിതാക്കള്‍ സൂക്ഷിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ ഇങ്ങനെ കുട്ടികളെ അറസ്റ്റു ചെയ്യുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.

കാല്‍ നട യാത്ര വളരെ പരിമിതമായ കുവൈറ്റില്‍ വാഹനമില്ലാത്ത വിദേശികള്‍ക്ക് സുഹൃത്തുക്കളും അനധികൃത വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും സേവനം ഒരു അനുഗ്രഹമായിരുന്നതും ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. ഇപ്പോള്‍ ആരും സുഹൃത്തുക്കളെ മാത്രമല്ല ബന്ധുക്കളെപ്പോലും കയറ്റാന്‍ ഭയപ്പെടുന്നു.

അംഗീകൃതമല്ലാത്ത ട്യുഷന്‍ സെന്ററുകള്‍ നൃത്ത സംഗീത ക്ലാസുകള്‍ അവധിക്കാല കോഴ്സുകള്‍‍ ,ഭാഷാപഠനം അതുപോലെ നഴ്സറികള്‍, എല്ലാം പ്രതിസന്ധികളില്‍ പെട്ടിരിക്കയാണ്.

ഡിപ്പെന്റന്റ് വിസയിലും ഖാദിം വിസയിലും ശൂണ്‍ വിസയിലും വന്നിട്ടുള്ള പ്രാവിണ്യമുള്ളവര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പലരും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു നാട്ടില്‍ അവധി ചെലവഴിച്ചു ഒരു മാറ്റം ഉണ്ടായാല്‍ തിരിച്ചു വരാമെന്ന കണക്കുകൂട്ടലിലാണ് ഉള്ളത്. ഇത് മൂലം ബുദ്ധി മുട്ടിലായിരിക്കുന്നത് കുടുംബവുമായി താമസിക്കുന്നവരാണ്. ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ഡേ കെയര്‍, ബേബി സിറ്റിംഗ്, നേഴ്സറി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതിനാല്‍ ജോലിക്കാരായ മാതാപിതാക്കള്‍ കുട്ടികളെ നോക്കാന്‍ ആളില്ലാതെ നെട്ടോട്ടമോടുകയാണ്. സ്പോണ്‍സറില്‍നിന്നും ഒളിച്ചോടിയും അല്ലാതെയും ജോലി ചെയ്തുവന്ന ആയമാരുടെ സേവനമായിരുന്നു പല കുടുംബങ്ങളും ഉപയോഗപ്പെടുത്തിയിരുന്നത്‌. ഈ പ്രത്യേക സാഹചര്യത്തില്‍ ജോലിക്ക് വരാത്തവരും ഒഴിവാക്കപ്പെട്ടവരുമായ ആയമാര്‍ കഷ്ടത്തിലായിരിക്കുകയാണ്.

ആയമാരില്ലാത്തതുമൂലം പലരും കുട്ടികളുമായിട്ടാണ് ഓഫിസില്‍ എത്തുന്നത്.സ്കൂള്‍ അവധിക്കാലമായതുകൊണ്ട് വീട്ടില്‍ സര്‍വെന്റ് ഇല്ലാത്ത മാതാ പിതാക്കള്‍ വീട്ടമ്മയായി കഴിയുന്ന സുഹൃത്തുക്കളെ സമീപിക്കുകയാണ്. ബേബി സിറ്റിംഗ് ആണെന്ന് കരുതി പിടിക്കപ്പെടുമോ എന്ന് കരുതി ആരും ഏറ്റെടുക്കാന്‍ മുതിരുന്നുമില്ല.

ഇത് മൂലം പല കുടുംബങ്ങളും കുവൈറ്റിലെ ജീവിതം മതിയാക്കി നാട്ടില്‍ പോകുവാന്‍ തയ്യാറെടുക്കുന്നുമുണ്ട്.

ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, എത്യോപ്യ, ഘാന എന്നിവിടങ്ങളില്‍ നിന്നും കുവൈത്തിലെത്തിയ ഭുരിപക്ഷം പേരും ഗാര്‍ഹിക തൊഴിലാളികളാണെന്നും അവരില്‍ ഭൂരിപക്ഷവും സ്പോണ്‍സറുടെ അടുക്കല്‍ നിന്നും പീഡനങ്ങള്‍ അനുഭവിക്കുന്നവരാണെന്നും അമിതമായ ജോലി, വിശ്രമമില്ലായ്മ, ശമ്പളം നല്‍കാതിരിക്കല്‍, നാട്ടിലേക്കുള്ള യാത്രക്ക് തൊഴിലാളികള്‍ ആവശ്യപ്പെടുമ്പോള്‍ പാസ്പോര്‍ട്ട് നല്‍കാതിരിക്കല്‍ എന്നീ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ മിക്കവരുമെന്നും തൊഴില്‍ കരാറുകള്‍ സ്പോണ്‍സര്‍മാര്‍ തീരെ പാലിക്കുന്നില്ല എന്ന് മാത്രമല്ല അതിനു വിപരീതമായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നതും ഇതൊക്കെ കൊണ്ടുതന്നെ കൂടുതല്‍ സുരക്ഷിതത്വവും മൂല്യവും ലഭിക്കുന്ന പുറം ജോലിക്കുവേണ്ടി അവര്‍ സാഹസികരാകുകയാണ്.

പ്രസവ ശുശ്രൂഷ കുട്ടികളെ പരിപാലിക്കല്‍ ഒക്കെയായി അറബി വീട്ടില്‍ നിന്നും കിട്ടുന്നതിന്റെ നാലും അഞ്ചും ഇരട്ടി പുറത്തുനിന്നും ആയമാര്‍ സമ്പാദിക്കുന്നുണ്ട്.

അതിനും പുറമേ സ്വാതന്ത്ര്യവും മിക്കവാറും ചിലര്‍ ചിന്നവീടുമായി കഴിയുന്നവരാണ്.താല്‍കാലിക ഭര്ത്താവിന്റെ സംരക്ഷണത്തില്‍ ചെലവും വീടും കഴിയും ജോലി ചെയ്തു കിട്ടുന്നത് നാട്ടിലെ ഭര്‍ത്താവിനും കുട്ടികള്‍ക്കുമായി എത്തിക്കാനും ഇവരില്‍ പലര്ക്കും കഴിയുന്നുണ്ട്.

കൂടുതല്‍ ശമ്പളം നല്കിയാലും നല്ല പരിചരണവും കുട്ടികളോട് ഇണങ്ങിയ ആയമാരും നഷ്ടപ്പെടരുതെന്നു കരുതി അവരെ സ്വന്തം വിസയിലേക്ക് മാറ്റുവാന്‍ പല വീട്ടുകാരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പുതിയ നിയമം സ്വദേശ പരിഗണ അനുവദിക്കുന്നില്ല മറ്റ് രാജ്യക്കാരെ പരിചാരകരാക്കുവാന്‍ പലരും മടിക്കുന്നു. കാരണം ഭാഷയും സംസ്കാരവുമാണ്. അത് പോലെ നിലവിലുള്ള ശക്തമായ നിയമങ്ങളും ഏജന്‍സി വ്യവസ്ഥകളും ആ നൂലാ മാല പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കുന്നില്ല. ഏജന്‍സി വഴി വരുന്ന ആയമാര്‍ മൂന്നുമാസം അടങ്ങി ഒതുങ്ങി കഴിയുകയും അതിനുശേഷം സ്പോണ്‍സറുമായി പിണങ്ങി ഓടിപ്പോകുകയും ചെയ്യുന്നത് ഗാര്‍ഹികപീഡനമായി മാറുമെന്നും ഭയക്കുന്നു. വീടുമായും കുട്ടികളുമായും ഒത്തിണങ്ങി ബോയ്‌ ഫ്രെണ്ട് ഇല്ലാത്ത ഒരായയെ കിട്ടുക വളരെ കുറവാണ്. ജോലിയേക്കാള്‍ കൂടുതല്‍ സമയം സെല്‍ഫോണിനെ പ്രണയിക്കുന്നവരാണത്രെ ആയമാര്‍.

കുട്ടികള്‍ ദീര്‍ഘനേരം ആയമാരുമായി ഇടപഴകുന്നതുകൊണ്ട് ആയ സംസ്കാരത്തിന് അടിപ്പെട്ടുപോകുകയാണത്രേ. കുട്ടികളുടെ മോറല്‍ സൈഡും മോശമാകുന്നുണ്ട്. പലകുട്ടികളും ലൈംഗികപീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്‌. സ്വന്തം കൂട് വിട്ടു പറന്നകലുന്ന പറവകളെപ്പോലെ കുട്ടികള്‍ സ്വന്തം സംസ്കാരത്തില്‍നിന്നും അകന്നു പോകുന്നു എന്ന വേവലാതിയും രക്ഷിതാക്കള്‍ക്കുണ്ട്.

ഇവിടെ ജനിക്കുന്ന പല കുട്ടികളും വളരെ വൈകി അതായത് 4 – 5 വയസ്സാകുമ്പോള്‍ മാത്രമാണ് സംസാരിച്ചു തുടങ്ങുന്നത്. അടഞ്ഞ ഫ്ലാറ്റില്‍ സംവദിക്കാന്‍ ആരുമില്ലാതെ മൂകമായ അന്തരീക്ഷത്തില്‍ കഴിഞ്ഞു കൂടുന്ന പൈതല്‍ ജോലി കഴിഞ്ഞു വൈകിയെത്തുന്ന മാതാപിതാക്കളുടെ അരുകില്‍ ഉറങ്ങുവാന്‍ മാത്രമാണ് ശീലിപ്പിക്കപ്പെടുന്നത്.

Generated from archived content: essay1_july2_13.html Author: ashraf_kalathode

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകണ്ണികള്‍- അധ്യായം ഇരുപത്തിമൂന്ന്
Next articleകുറ്റവും ശിക്ഷയും
Avatar
അഷ്‌റഫ്‌ കാളത്തോട് 1958 ല്‍ തൃശൂർ ജില്ലയിലെ പുരാതന ഫ്രൂട്സ് വ്യാപാര കുടുംബത്തില്‍ ജനനം, കവി, സാഹിത്യകാരൻ, പ്രഭാഷകൻ, നടൻ, നർത്തകൻ, നാടക - ചലച്ചിത്ര സംവിധായകൻ, ഗാന രചയിതാവ്, സംഗീത സംവിധായകൻ, പത്രപ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ. വിദ്യാഭ്യാസാനന്തരം 1979 മുതൽ വിദേശത്ത്. പ്രശസ്ത നാടക കമ്പനി ആയിരുന്ന കലാനിലയത്തിലും മറ്റു പല നാടക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്, നിരവധി നാടകങ്ങള്‍ രചിക്കുകയും, "മാനിഷാദ" , "സമര്‍പ്പണം യാഹോവയ്ക്ക്" "മിനസമാവാത്തി ഇലന്നൂർ തുടങ്ങി ഒട്ടനവധി നാടകങ്ങള്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. കലാരംഗത്തെ പ്രവർത്തനങ്ങൾമാനിച്ച് 2017 ൽ കേരള സംഗീത നാടക അക്കാദമി കലാശ്രീ അവാർഡ് നൽകി ആദരിച്ചു. പൊതുരംഗത്ത് വിവിധ സംഘടനകളുടെ നിർണ്ണായകമായ സ്ഥാനങ്ങൾ വഹിച്ചിരുന്ന അഷ്‌റഫ് 1987 ല്‍ തുടങ്ങിയ മലയാണ്മയുടെ പത്രാധിപരായിരുന്നു. മാതൃഭൂമി, മലയാള മനോരമ, മാധ്യമം, കുവൈറ്റ്‌ ടൈംസ്‌, ഗള്‍ഫ്‌ വോയിസ്‌, ഗള്‍ഫ്‌ മലയാളി, തേജസ്‌, പശ്ചിമതാരക, പൌരധ്വനി... തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും കഥകളും, കവിതകളും, ലേഖനങ്ങളും വിവര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും എഴുതാറുള്ള അഷ്‌റഫ് അറിയപ്പെടുന്ന ബ്ലോഗറും കൂടിയാണ്. പൊതു പ്രഭാഷണരംഗത്തും. സാംസ്കാരിക വേദികളിലും ചാനൽ ചർച്ചകളിലും സജീവമാണ്. പ്രസിദ്ധീകരിച്ച കൃതികള്‍ കവിത :മഞ്ഞുതുള്ളികളുടെ വര്‍ത്തമാനം നോവല്‍ : ഭ്രമണരാഗം കഥ : തണല്‍ മരങ്ങള്‍ നാടകം: മുഖങ്ങള്‍ ഏഴില്‍പരം ഓഡിയോ കാസറ്റുകള്‍ ലളിത ഗാനങ്ങളും, മാപ്പിള പാട്ടുകളും, ഭക്തി ഗാനങ്ങളും തോംസണ്‍ അടക്കമുള്ള കമ്പനികള്‍ ഇറക്കിയിട്ടുണ്ട്. പ്രശസ്ത ഗായഗരായ ജോളി എബ്രഹാം, ശൈലജ, പീര്‍ മുഹമ്മദ്‌, ലീന, രഞ്ജിനി, കൊടുങ്ങല്ലൂര്‍ അബ്ദുല്‍ഖാദര്‍, അക്ബര്‍, സുഗതകുമാരി, ഫ്രാന്‍സീസ്, സുനന്ദ, രമണി ജയപ്രകാശ്, യുസുഫ് സഗീര്‍, നൂറുദ്ധീന്‍ തലശ്ശേരി, രവി മാള , സിന്ധു രമേശ്, ഷെർദിൻ തോമസ്, റാഫി കല്ലായ്, സാലിഹ് അലി, റബേക്ക, ധന്യ ഷെബി, അന്ന & ജെസ്റ്റിന തുടങ്ങി ഒട്ടനവധി പേർ അഷ്‌റഫ് എഴുതിയതും സംഗീതം നൽകിയതുമായി പാട്ടുകൾ പാടിയിട്ടുണ്ട്. ജീവൻ ടി വിയിൽ ഹംസ പയ്യന്നൂരിന്റെ നിർമ്മാണത്തിൽ "ഞാനും പ്രവാസിയാണ്" I am an Expat എന്ന തുടർ എപ്പിസോഡ് സംവിധാനം ചെയ്തിരുന്നു. നിക്സൺ ജോർജിനോടൊപ്പം "ലൈലത്തുൽ ഖദർ" എന്ന ഡോക്യൂമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്, ഈ രണ്ടു ഷോയിലും ആംഗറിങ്ങും നിർവഹിച്ചിട്ടുണ്ട്. കാന്തികം കുവൈറ്റിലെ മാഗ്നെറ്റ് എന്ന സംഘടനയ്ക്കു വേണ്ടി ചെയ്ത ശ്രദ്ധേയമായ ഹൃസ്വ ചിത്രമാണ്. പ്രവാസ ലോകത്തു വെച്ച് മരണപ്പെടുന്നവരുടെ ജഡം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നൂലാമാലകളും അതിലേക്കുള്ള എളുപ്പവഴികളുമാണ് ചിത്രത്തിൻറെ പ്രമേയം. പുതുതായി ചിത്രീകരണം ആരംഭിച്ച മണൽഭൂമിയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാന രചന, സംഗീതം സർവോപരി സംവിധാനവും അഷ്‌റഫ് ആണ് നിർവഹിക്കുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കുടുംബം സജി, ഷക്കു, ജസീം, ജിശാം, നൂർ, ഹിബ, ലയാൻ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English