എന്റെ ഗ്രാമത്തിന്റെ അടയാളങ്ങൾ തേടി

പിടിതരാതോടുന്ന ജീവിത യാത്രയിൽ നാം എത്ര മനുഷ്യരുമായി പരിചയപ്പെടുന്നു. പക്ഷേ, എന്തുകൊണ്ടാണ്‌ ചില മനുഷ്യർ മാത്രം മനസ്സിന്റെ തിരക്കൊഴിഞ്ഞ ഇടവേളകളിൽ നമ്മോട്‌ എന്നും സംവാദിക്കുന്നത്‌ ചിലർ മാത്രം എന്താണ്‌ കാലത്തിന്റെ ഏത്‌ കുത്തൊഴുക്കിലും ഒലിച്ചു പോകാതെ ഓർമകളുടെ ഏതോ കോണിൽനിന്നും തന്റെ സാന്നിധ്യം എപ്പോഴും അറിയിച്ച്‌ കൊണ്ടിരിക്കുന്നത്‌…. നാരായണേട്ടൻ എന്ന മനുഷ്യൻ ഓർമയിലേക്ക്‌ ഓർക്കാപ്പുറത്തെത്തുമ്പോഴൊക്കെ എനിക്കങ്ങനെ തോന്നാറുണ്ട്‌. പത്തുവയസുള്ളപ്പോൾ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയിൽ നിന്നും ദൂരെ ദൂരെ കടലും കടന്ന്‌ നഗരത്തിന്റെ യാന്ത്രികതയിലേക്ക്‌ പറിച്ചു നടപ്പെടുന്നതിന്‌ മുമ്പ്‌ തന്നെ നാരായണേട്ടൻ എന്റെ ബോധതലത്തിൽ ഒരു ബിന്ദുവായി മാറിയിരുന്നു. പിന്നീടങ്ങോട്ട്‌ എന്നും തിരക്കേറിയ ജീവിതത്തിന്റെ ഏകാന്തതകളിൽ ആ ബിന്ദു നാരായണേട്ടന്റെ മുഖമായി മനസിലേക്ക്‌ കടന്നുവരും അപ്പോൾ ഗ്രാമം എന്റെ മുമ്പിൽ ഇതൾ വിടർത്തുകയായി. ഭൂതകാലത്തിന്റെ നാട്ടുവഴികൾ തുറക്കപ്പെടുകയായ്‌. അതിലൂടെ ഗ്രാമത്തിന്റെ മണം ഒരു കുളിർകാറ്റായി വീശിയെത്തുകയായ്‌. പിന്നെ ഞാനൊരഞ്ചു വയസ്സുകരാനാകും …. അഞ്ച്‌ വയസ്സുകാരനാകാൻ കാരണമുണ്ട്‌. എന്റെ ഓർമപ്പട്ടികയിലെ ആദ്യതാൾ തുടങ്ങുന്നത്‌ അഞ്ചാം വയസ്സിലാണ്‌….

അമ്മയുടെ വിരൽത്തുമ്പിൽ തൂങ്ങി സ്‌കൂളിന്റെ പടിവാതിൽക്കലെത്തി. എനിക്ക്‌ പേടിയുണ്ടായിരുന്നോ അതോ സന്തോഷമോ കണ്ണിനു ചുറ്റും ചുകപ്പുള്ള ഹെഡ്‌മാഷിനു മുമ്പിൽ അമ്മയോടൊത്ത്‌ നിന്നു.. അമ്മയോട്‌ ചോദിച്ച്‌ മാഷ്‌ എന്തൊക്കെയോ കുറിച്ചു.. പിന്നെ എന്റെ മുഖത്ത്‌ തട്ടി മിടുക്കനാകണം എന്നു പറഞ്ഞു.

അതു കഴിഞ്ഞ്‌ അമ്മ എന്നെയും കൂട്ടി സ്‌കൂളിന്റെ എതിർവശത്തുള്ള ചായക്കടയിലേക്ക്‌ പോയി.

“നാരാണേട്ടാ ഇവനൊരു വെള്ളച്ചായയും ബണ്ണും കൊടുത്തേ…” അപ്പോൾ ഞാൻ നാരാണേട്ടന്റെ മുഖത്ത്‌ നോക്കി നാരാണേട്ടൻ എന്നെയും. ചിരിച്ചുകൊണ്ട്‌ ഞാൻ നാരാണേട്ടൻ ചായ തണുപ്പിക്കുന്നത്‌ തന്നെ നോക്കി നിന്നു. ഒരു കൈ വളരെ ഉയർത്തിക്കൊണ്ട്‌ ചായക്കപ്പിൽനിന്നും വളരെ താഴ്‌ത്തിപ്പിടിച്ചിരിക്കുന്ന മറ്റേ കൈയിലെ ഗ്ലാസ്സിലേക്ക്‌ വളരെ അനായാസമായി ചായ ഒഴിച്ചു കൊണ്ടിരുന്നു. അതുപോലെ തിരിച്ചും ഞാൻ എന്റെ ഉണ്ടക്കണ്ണുകൾ പരമാവധി മിഴിച്ച്‌ ആ അൽഭുതക്കാഴ്‌ച നോക്കിക്കൊണ്ടിരുന്നു… “ഇവൻ നാരാണേട്ടൻ ചായയേന്തുന്നത്‌ തന്നെ നോക്കേന്ന്‌…” അമ്മ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. എനിക്ക്‌ നാണം തോന്നി…. അമ്മ ഒരുകഷണം ബണ്ണ്‌ വെള്ളച്ചായയിൽ മുക്കി വായിലിട്ട്‌ തന്നു.

നല്ല സ്വാദ്‌. നല്ല മധുരം. സ്‌കൂളിൽ വരാൻ പേടിക്കേന്നും വേണ്ട കുട്ടാ. നാരാണേട്ടനില്ലെ ഇവിടെ…“ ആ നാട്ടിലെ എല്ലാ അമ്മമാർക്കും ആ ഒരു ധൈര്യമുണ്ട്‌. തിരിച്ച്‌ വീട്ടിലേക്ക്‌ നടക്കുമ്പോൾ നാരാണേട്ടന്റെ മുഖം എന്റെ മനസ്സിൽ തറച്ചു നിന്നു. ഇടയ്‌ക്കിടെ നാരാണേട്ടൻ ചായ പകരുന്ന രംഗം ഞാൻ കാണിച്ചു കൊണ്ടിരുന്നു. അന്ന്‌ വീട്ടിലെത്തി കുളിമുറിയിൽ കയറി രണ്ട്‌ കപ്പിൽ വെള്ളമെടുത്ത്‌ അത്‌ പലയാവർത്തി ചെയ്‌തു…. അമ്മ കുറേ വഴക്ക്‌ പറഞ്ഞപ്പോഴാണ്‌ നിർത്തിയത്‌.

നാരാണേട്ടൻ എന്റെ നാടിന്റെ വിശേഷണം കൂടിയാണ്‌.

”സ്‌കൂളെവിടെയാ.“

”നാരാണേട്ടന്റെ ചായക്കടേടെ എതിർ ഭാഗത്ത്‌“.

”ബാർബർഷോപ്പെവിടെയാ“

”നാരാണേട്ടന്റെ കടയുടെ തൊട്ടിപ്പുറത്ത്‌“.

ആ ബാലേട്ടന്റെ വീടെവിടെയാ”.

“അത്‌ നാരാണേട്ടന്റെ കടയുടെ തൊട്ടപ്പുറത്തെ ഇടേലൂടെ താഴോട്ടിറങ്ങിയാ മതി” ഇങ്ങിനെ എന്തിനും ഏതിനും നാരാണേട്ടന്റെ ഒരു വിശേഷണമാണ്‌. നാരാണേട്ടന്റെ കടയെവിടെയാണ്‌ന്ന്‌ ആരും ആരോടും ചോദിക്കുന്നതായി ഞാൻ കേട്ടിട്ടില്ല. ആ നാട്ടിലെ ആ ചെറിയ കവല നിയന്ത്രിക്കുന്നത്‌ നാരാണേട്ടനാണ്‌. കവലയെന്നു പറഞ്ഞാൽ ആകെ നാരാണേട്ടന്റെ ചായക്കട കാദർക്കാന്റെ പീടിക. ബാലകൃഷ്‌ണന്റെ ബാർബർ ഷാപ്പ്‌. എൽ.പി. സ്‌കൂൾ. ഒരു തപാൽപെട്ടി. അശോകന്റെ മിഠായിപ്പീടിക, നവ കേരള വായനശാല.

പിന്നെ സ്‌കൂളോട്‌ ചേർന്നൊരു ചെറിയ കളിസ്‌ഥലം കവലയെ ആദ്യമുണർത്തുന്നത്‌ നാരാണേട്ടനാണ്‌. സുബിഹ്‌ നിസ്‌കാരവും കഴിഞ്ഞ്‌ കാദർക്ക പീടിക തുറക്കാൻ എത്തുമ്പോഴേക്കും നാരാണേട്ടൻ കട തുറന്ന്‌ വെള്ളം തിളപ്പിക്കാൻ തുടങ്ങിയിട്ടുണ്ടാകും നാരാണേട്ടന്റെ ആദ്യത്തെ കട്ടൻ ചായ കാദർക്കാക്കാണ്‌. പിന്നെ ഒന്നെടുത്ത്‌ നാരണേട്ടനും കുടിക്കും. ഇരുവരും ചായ കുടിച്ച്‌ കഴിയുമ്പോഴേക്കു മാത്രമേ രാമേട്ടൻ പാലും കൊണ്ട്‌ എത്തുകയുള്ളൂ അപ്പോഴേക്കും ഓരോരുത്തരായി എത്താൻ തുടങ്ങും സുലൈമാനിക്ക. കേളപ്പേട്ടൻ, രാമേട്ടൻ, കണ്ണേട്ടൻ…. ഏതു മഴയിലും മഞ്ഞിലും അവരെത്തും കാദർക്കാന്റെ കടയിലെ ദിനേഷ്‌ ബീഡിയും നാരാണേട്ടന്റെ ചായയും. ഇതൊഴിവാക്കിയാൽ ഒരു ദിവസം തുടങ്ങാൻ ബുദ്ധിമുട്ടുള്ളവർ ഒരു പാട്‌ വിശേഷങ്ങൾ പങ്കുവെച്ച്‌ ചായകുടി ഒരാഘോഷമാക്കി മാറ്റും അവർ… നാട്ടുകാര്യങ്ങൾ മുതൽ അന്തർദേശീയ കാര്യങ്ങൾ വരെ ചർച്ച ചെയ്‌ത്‌… ഉണർത്തുന്നത്‌ പോലെ തന്നെ കവലയെ ഉറക്കുന്നതും നാരാണേട്ടൻ തന്നെ. അവസാനത്തെ നിരപ്പലകയും ചാലൊപ്പിച്ച്‌ ചേർത്തുവെച്ച്‌ വലിയ ഇരുമ്പ്‌ താഴിട്ട്‌ പൂട്ടി റാന്തൽ തിരി അണച്ച്‌ കവലയെ ഇരുട്ടിലേക്കും നിശ്ശബ്‌ദതയിലേക്കും തള്ളിവിട്ട്‌ നാരാണേട്ടൻ വീട്ടിലേക്ക്‌ പോകും. ആ കവലയിൽ ആകെയുള്ള കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ കൊടിക്കീഴിലിരുന്ന്‌ ചർച്ച നടത്തുന്നവരും നാരാണേട്ടൻ കടയടക്കാൻ തുടങ്ങുമ്പോഴും പിരിഞ്ഞു പോകും. നാരാണേട്ടനും അച്ഛനും കുടുംബ സുഹൃത്തുക്കളെപ്പോലെയാണ്‌. അച്ഛൻ അവധിക്ക്‌ നാട്ടിൽ വന്നാൽ എന്നും നാരാണേട്ടന്റെ കടയിൽ പോകും. അവിടന്നേ ചായ കുടിക്കൂ… നാരാണേട്ടന്റെ കടയിലേക്കുള്ള നെയ്യപ്പം, ദോശ, കടലക്കറി എന്നിവ ഉണ്ടാക്കുന്നത്‌ നാരാണേട്ടന്റെ ഭാര്യ ലക്ഷ്‌മിചേച്ചിയാണ്‌. ഒരു ദിവസം അച്‌ഛൻ എനിക്ക്‌ ദോശയും കടലക്കറിയും വാങ്ങിത്തന്നു…. അതിനൊരു പ്രത്യേക രുചീ തന്നെയായിരുന്നു. ലക്ഷ്‌മിചേച്ചിക്കും എന്നെ വലിയ കാര്യമായിരുന്നു. ഇടയ്‌ക്കിടെ എന്റെ മുടിയിഴകൾക്കിടയിലൂടെ വിരലുകളോടിച്ച്‌ എന്നോട്‌ സ്‌നേഹം പ്രകടിപ്പിക്കും. എന്റെ ഗ്രാമത്തോട്‌ ഞാൻ വിട പറയുമ്പോൾ എന്റെ ഗ്രാമത്തിന്റെ രുചിയും യാഥാർഥ്യങ്ങളും എന്റെ കൂടെയുണ്ടായിരുന്നു.

അമ്മയുടെ മരിച്ചുകൊണ്ടിരിക്കുന്ന ഓർമകളിൽ നിന്നും കുറിച്ചെടുത്ത വഴിവിവരവുമായി ഞാനെന്റെ ഗ്രാമത്തിലേക്ക്‌ യാത്രയായി. യാത്ര തിരിക്കുമ്പോൾ തന്നെ നാരാണേട്ടന്‌ ജീവിച്ചിരിപ്പുണ്ടാവില്ല എന്ന്‌ തന്നെ മനസ്‌​‍്സ ഉറപ്പിച്ചിരുന്നു. ഉണ്ടെങ്കിൽ തന്നെ തൊണ്ണൂറുകഴിഞ്ഞിട്ടുണ്ടാകും. അമ്മയെക്കാൾ പത്തിരുപത്‌ വയസ്സ്‌ മൂപ്പ്‌ വരും എന്നാണമ്മ പറഞ്ഞത്‌. അമ്മയ്‌ക്ക,​‍്‌ എഴുപത്‌ കഴിഞ്ഞു.

മനസ്സ്‌ നിറയെ ആകാംക്ഷയായിരുന്നു. എന്തെല്ലാം മാറ്റങ്ങളായിരിക്കും എന്റെ നാട്ടിനുണ്ടാകുക. നാൽപ്പത്തിയഞ്ച്‌ വർഷങ്ങൾ കൊഴിഞ്ഞു എന്തിനാണീ യാത്ര എന്നെ അറിയുന്നവർ ആരാണുണ്ടാകുക എങ്കിലും ഈ യാത്ര ഒരനിവാര്യതയാണ്‌ പൊക്കിൾകൊടി അലിഞ്ഞ്‌ ചേർന്ന മണ്ണ്‌ തേടിയുള്ള യാത്ര. സ്വന്തം അസ്‌ഥിത്വം തേടിയുള്ള യാത്ര.

എയർപോർട്ടിൽ നിന്നും കാറിൽ കയറുമ്പോൾ ഹൃദയം തുടിച്ചു. ഇതാ എന്റെ നാടിന്റെ മണം എന്റെ നാസാദ്വാരങ്ങളിലേക്കിപ്പോൾ ഒഴുകിയെത്തും. അതെന്നെ ഒരു പുതിയ അനുഭൂതിയുടെ ഉന്നത തലങ്ങളിലെത്തിക്കും. എന്റെ ഗ്രാമ വീഥികൾ… അതിലൂടെ ഒരഞ്ച്‌ വയസ്സുകാരനായി ഓടിക്കളിക്കണം… കുന്നുകളിൽനിന്നും കുത്തിയൊഴുകി വരുന്ന കാണിച്ചാൽതോടിലെ തെളിനീര്‌ കൊണ്ട്‌ മുഖം കഴുകണം. മരങ്ങളോടും പക്ഷികളോടും സല്ലപിക്കണം എന്റെ ചിന്ത ഒരു കുട്ടിയുടെ പോലെ ബാലിശമാകാൻ തുടങ്ങി…. ആ ഗ്രാമത്തിൽ ഞാനൊരു കുട്ടി തന്നെയാ ഒരുപാട്‌ വാശികളുള്ള ഒരു കുട്ടി. ചിന്തകളെ സ്വതന്ത്രമായി മേയാൻ വിട്ടപ്പോൾ സമയം പോയതറിഞ്ഞില്ല. അതിനിടയിൽ ഡ്രൈവർ ഒന്നു രണ്ട്‌ സ്‌ഥലത്ത്‌ നിർത്തി വഴി ചോദിച്ചിരുന്നു. എനിക്ക്‌ തികച്ചും അപരിചിതമായ ഒരു സ്‌ഥലത്ത്‌ വണ്ടി നിർത്തി. സാർ ഇതാണ്‌ സാർ അന്വേഷിക്കുന്ന സ്‌ഥലം എന്നു തോന്നുന്നു.“ ഇതാകാൻ വഴിയില്ലല്ലോ എന്ന ആത്‌മഗതത്തോടെ വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ പരിസരം വീക്ഷിച്ചു ഇതൊരു ചെറിയ പട്ടണമാണല്ലോ. നമുക്ക്‌ തെറ്റിയെന്നു തോന്നുന്നു. ഞാൻ ഡ്രൈവറോട്‌ പറഞ്ഞു.

”ഏയ്‌ ഇല്ല സാർ“ അയാൾ തറപ്പിച്ചു പറഞ്ഞു.

വഴിയേ പോകുന്ന ഒരാളോട്‌ ഞാൻ അന്വേഷിച്ചു. അയാളും അത്‌ സ്‌ഥിരികരിച്ചു. എന്റെ ഓർമയിലെ നാടിന്റെ ഏതെങ്കിലും അടയാളത്തിനു വേണ്ടി ഞാൻ തിരഞ്ഞു. വലിയ കെട്ടിടങ്ങൾ, ഹോട്ടലുകൾ, ഷോപ്പുകൾ.

ഞാൻ റോഡരികിലൂടെ നടന്നു വീതിയേറിയ റോഡിൽക്കൂടി വാഹനങ്ങൾ ചീറിപ്പായുന്നു. കുറച്ച്‌ ദൂരം നടന്നു ഞാൻ. ഇനിയും ഇങ്ങനെ വെറുതെ നടക്കുന്നതിലർഥമില്ലെന്നു കരുതി ഒരു വഴിപോക്കനോട്‌ ഇവിടെ ഒരു നാരായണേട്ടണ്ടോ എന്നു ചോദിച്ചു. അവരുടെ മകൻ ഹരി. ഇങ്ങനെയുള്ള ഒരു പട്ടണത്തിൽ ചെന്ന്‌ ഒരു വ്യക്തിയെക്കുറിച്ച്‌ അന്വേഷിക്കുന്നതിലെ അർത്ഥശൂന്യത എനിക്ക്‌ ബേധ്യമുണ്ടായിട്ടും വേറെ നിവൃത്തിയില്ലാത്തത്‌ കൊണ്ട്‌ ചോദിച്ചു. അയാൾ എന്നെ ആകമാനം ഒന്നു നോക്കി, അറിയില്ല എന്നു പറഞ്ഞ്‌ നടന്നു നീങ്ങി. ഞാൻ അറ്റ കൈക്ക്‌ വേറൊരാളോട്‌ കൂടി ചോദിച്ചു.

‘ഹരി അയാൾ എന്തോ ആലോചിച്ചിട്ടെന്നപോലെ കുറച്ചകലേക്ക്‌ കൈചൂണ്ടിപറഞ്ഞു.

’ആ കാണുന്ന കാസിനോ റെസ്‌റ്റോറന്റ്‌ നടത്തുന്നത്‌ ഹരികുമാർ എന്നൊരാളാണ്‌. നിങ്ങൾ അവിടെ ഒന്നന്വേഷിച്ച്‌ നോക്ക്‌” എന്നു പറഞ്ഞു ഞാൻ അങ്ങോട്ട്‌ നടന്നു. വലിയ റെസ്‌റ്റോറന്റ്‌ രണ്ട്‌ നിലകളിലായി. ചൈനീസ്‌ ഫുഡ്‌ അവൈലബളിൾ എന്ന ബോർഡ്‌ വെച്ചിട്ടുണ്ട്‌. കാഷ്‌ കൗണ്ടറിൽ തടിച്ച്‌ കട്ടിമീശ വെച്ച ഒരാൾ ഇരിപ്പുണ്ട്‌. മധ്യ വയസ്സ്‌ കഴിഞ്ഞ ഒരാൾ ഞാൻ അയാളുടെ അടുത്ത്‌ ചെന്നു.

“ഹരികുമാർ”.

“അതെ, അയാൾ പറഞ്ഞു.

”നാരാണേട്ടന്റെ പണ്ട്‌ ഇവിടെ ചായക്കട നടത്തിയിരുന്ന നാരാണേട്ടന്റെ മകൻ ഹരി….“

”അതേ“ അയാൾ അൽപം ആകാംക്ഷയോടെ ചോദിച്ചു. ”നിങ്ങളാരാ“.

”ഞാൻ വളരെ മുമ്പ്‌ ഇവിടെ താമസിച്ചിരുന്നതാ…. അച്ഛനിപ്പോൾ….“

”അച്‌ഛൻ മരിച്ചിട്ട്‌ പത്തു പതിനഞ്ച്‌ വർഷം കഴിഞ്ഞു.“

”ഈ നാട്‌ വളരെ മാറിയിരിക്കുന്നു. എനിക്ക്‌ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല.“ അയാൾ ഒന്നു കുലുങ്ങിച്ചിരിച്ചു.

”എല്ലാം വളരെ പെട്ടെന്നായിരുന്നു. ഇവിടെ മെഡിക്കൽ കോളേജും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയും വന്നതിനു ശേഷം ഒരു കുതിച്ച്‌ കയറ്റമായിരുന്നു. ആ പിന്നെ നിങ്ങളെ എനിക്കു മനസ്സിലായില്ല“.

”ഹരികുമാറിന്‌ ഓർമയുണ്ടോ എന്നറിയില്ല. പണ്ട്‌ ഇവിടെ താമസിച്ചിരുന്ന കൃഷ്‌ണന്റെ മകൻ അനന്തു.“

”എനിക്കങ്ങോട്ട്‌ ശരിക്ക്‌ ഓർമയിൽ വരുന്നില്ല. പഴയ നാട്ടുകാരായിട്ട്‌ ഇവിടെ ഇപ്പോൾ വളരെ കുറച്ച്‌ ആൾക്കാർ മാത്രമേ ഉള്ളൂ. മെഡിക്കൽ കോളേജ്‌ വന്ന സ്‌ഥലത്തിന്‌ വില കുത്തനെ കൂടിയപ്പോൾ നല്ല കാശിന്‌ സ്‌ഥലം വിറ്റ്‌ കുറെ പേർ ഈ നാടിനോട്‌ വിട പറഞ്ഞു. ലക്ഷങ്ങളാ സെന്റിന്‌ വില ഞാനും കുറച്ച്‌ വിറ്റു. അത്‌ കൊണ്ടാ ഇത്‌ കെട്ടിപ്പൊക്കിയത്‌.“

”ഞങ്ങൾ ഇതൊക്കെ വരുന്നതിന്‌ വളരെ മുമ്പേ പോയതാ… പത്ത്‌ നാൽപത്‌ വർഷങ്ങൾക്ക്‌ മുമ്പ്‌“. ഞാൻ പറഞ്ഞു.

”അത്‌ കൊണ്ടാ എനിക്ക്‌ തീരെ ഓർമയിൽ വരാത്തത്‌.“

”അച്ഛന്റെ ചായക്കട ഇരുന്ന സ്‌ഥലം തന്നെയല്ലെ ഇത്‌. ഞാൻ നിർവികാരനായി ചോദിച്ചു.

“അതെ”

ഞാൻ എതിർ വശത്തെ പഴയ സ്‌കൂൾ ഇരുന്ന സ്‌ഥലത്തേക്ക്‌ നോക്കി.

“എവറസ്‌റ്റ്‌ ഹോട്ടൽ ബാർ അറ്റാച്ചഡ്‌”.. ഞാൻ അന്ധാളിച്ചു.

പഴയ സ്‌കൂളിലെ കുട്ടികൾ കുറഞ്ഞത്‌ കൊണ്ട്‌ അവര്‌ പൂട്ടി. സ്‌ഥലവും വിറ്റു പിന്നെ രണ്ട്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ വന്നു. എന്റെ അന്ധാളിപ്പ്‌ കണ്ട്‌ ഹരി പറഞ്ഞു.

“ഇപ്പോൾ ഇത്‌ വളരെ ബിസി ഏരിയയാ…. ഫ്ലാറ്റുകളും കുറെ വന്നു. എയർപോർട്ടിന്റെ പണികൂടി തീരുമ്പോഴേക്കും പിന്നെ പറയാതിരിക്കുന്നതാ നല്ലത്‌. പല വി.ഐ.പി.കളും സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്നതിവിടെയാ…. എന്തൊരു പുരോഗതിയാ നമ്മുടെ നാടിന്‌….” അയാൾ പറഞ്ഞു കൊണ്ടിരുന്നു.

എനിക്ക്‌ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. ഞാൻ മെല്ലെ പുറത്തേക്കിറങ്ങി.

എവിടെ എന്റെ ഗ്രാമം. എന്റെ ഗ്രാമ ഭാഷ.

നട്ടുച്ചയുടെ കനത്ത ചൂടിൽ വിയർത്തുകിടന്ന നഗര വീഥിയിലൂടെ ഞാൻ നടന്നു… എന്റെ സ്വപ്‌നങ്ങളിലേക്ക്‌ സുന്ദരമായ എന്റെ ഗ്രാമം ഇനി കടന്നു വരുമോ…. വർഷങ്ങളോളം ഞാൻ മനസ്സിൽ താലോലിച്ചിരുന്ന എന്റെ ഗ്രാമത്തിന്റെ അടയാളങ്ങൾ തേടിയുള്ള യാത്രയുടെ ഗതിയോർത്ത്‌ എനിക്ക്‌…..

Generated from archived content: story1_apr6_10.html Author: asharaf_kadannapalli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English