വാരാന്ത്യചിന്തകള്‍

നാലുദിവസമായി മഴ കനത്തുനില്‍ക്കുകയാണ്. ലോകാവസാനമടുത്തെന്ന അവകാശവാദത്തോടെ 312ബിയിലെ കോശിച്ചായന്‍ ഇന്നെലെയൊരു ചര്‍ച്ചക്കെത്തിയതാണ്. ആടിത്തളര്‍ന്ന് അരങ്ങില്‍ നിന്നിറങ്ങുന്നപോലെയാണ് ഓഫീസില്‍ നിന്നും വരുന്നത്. ജൂനിയേര്‍സിനും സുപീരിയേര്‍സിനുമിടയില്‍ താന്‍ ആടുകയാണ്, വേഷങ്ങള്‍ മാറിമാറി. തലയ്ക്കുമുകളില്‍ കുമിഞ്ഞുകൂടുന്ന ഉത്തരവാദിത്വങ്ങള്‍ പലതാണ്. കൃത്യതയോടും സൂക്ഷമതയോടും ചെയ്യേണ്ടവ. അതിനുപുറമേ കുടുംബം, കുട്ടികള്‍… അതുകൂടി താങ്ങുവാനാകില്ലെന്ന നിഗമനമാണ് ഇന്നും തുടരുന്ന ഈ ബാച്ചിലര്‍ വേഷം… റിട്ടര്‍മെന്‍റിന്‍റെ സ്വാതന്ത്ര്യം നേടിയവര്‍ക്ക് എന്തായികൂടാ… ആളെ പിടിച്ചുനിറുത്തി വധിക്കുവാന്‍ അവര്‍ക്ക് സമയം ധാരാളമുണ്ട്. പക്ഷേ ഒരുകണക്കിനു നോക്കിയാല്‍ അവര്‍ക്കും വേണ്ടേ നേരംപോക്കുകള്‍…..

ഇടവേളകളില്ലാതെ കുമിഞ്ഞുകൂടുന്ന ജോലികള്‍ക്കിടയില്‍ ഊളിയിടുമ്പോള്‍ തോന്നും ഒന്നു വിശ്രമിക്കുവാനായെങ്കിലെന്ന്. പക്ഷേ ഈ തിരക്കുകളെല്ലാമൊഴിഞ്ഞ് പ്രശ്നങ്ങളെല്ലാം അവസാനിച്ചാലോ??? അത്തരത്തിലൊരു അവസ്ഥയുണ്ടായാലോ??? പിന്നെയെന്ത് ജീവിതം? പിന്നെ ആകെയൊരു വിമ്മിഷ്ടമായിരിക്കും. ചെയ്യുവാനും ചെയ്തുതീര്‍ക്കുവാനും ഒന്നുമില്ലെങ്കില്‍, “മനുഷ്യനെന്തിന്?” എന്ന ചോദ്യംപോലും ഉടലെടുക്കാം… ഒരിക്കലും വന്നെത്താത്ത നാളെയെ പ്രതീക്ഷിച്ച് മനുഷ്യര്‍ കാത്തിരിക്കുന്നതുതന്നെ തനിക്ക് പ്രാപ്യമായ പ്രവര്‍ത്തികളില്‍ മുഴുകിയാണ്…

കഴിഞ്ഞ മാസം ശിരസ്സിന് മുകളില്‍ ചാര്‍ത്തികിട്ടിയ ആ പ്രൊമോഷന്‍ കിരീടം ഈ ഇടയായി വല്ലാത്ത വേദന നല്‍കുന്നുണ്ട്… തലയിലെ ഓരോ ഞരമ്പുകളും വേദനയാല്‍ നിലവിളിക്കാറുണ്ട്… മെഡിക്കല്‍ ഷോപ്പില്‍ പേരുപറഞ്ഞുവാങ്ങിയ ടാബ് ലറ്റുകളില്‍ പലപ്പോഴും അതിനെ തളച്ചിടുമെങ്കിലും ഇടയ്ക്കിടെ അത് പുറത്തുചാടാറുണ്ട്… പാതി തുറന്ന ജനാലയിലൂടെ അകത്തേയ്ക്കെത്തിനോക്കിയ മഴകാറ്റുപോലും അയാളുടെ നിദ്രയ്ക്കു ഭംഗം വരുത്താതെ ഒരു തലോടല്‍ നല്‍കികൊണ്ട് കടന്നുപോയി… ആ തലോടലിന്‍റെ സുഖം നുകര്‍ന്നാവാം മറുവശത്തേയ്ക്ക് തിരിഞ്ഞ് കിടന്നത്.

ഇന്ന് ഞായറാഴ്ചയാണ്….. ‘ഒരാഴ്ചത്തെ ജീവിതത്തില്‍ ആകെ വീണുകിട്ടുന്ന ഒഴിവുദിനം’ എന്നൊക്കെ ഭംഗിവാക്കു പറയാം….. ഒഴിവുദിനങ്ങള്‍ വിശ്രമദിനങ്ങളാണെങ്കില്‍, അങ്ങനെയൊന്ന് ഈ എട്ടുവര്‍ഷത്തിനിടയില്‍ ലഭിച്ചിട്ടില്ല… കഴിഞ്ഞ ആറുദിവസങ്ങളിലെ വിഴുപ്പുംപേറി ജലസ്പര്‍ശത്തിനായി കാത്തുകിടക്കുകയാണ് ഒരുഡസന്‍ തുണികള്‍. അച്ചടക്കമില്ലാതെ സ്ഥാനം തെറ്റികിടന്നിരുന്ന സാമാനങ്ങള്‍ തന്നെ ഭ്രാന്തു പിടുപ്പിച്ചിരുന്നത് പിന്നിലെവിടെയോ കൈമോശം സംഭവിച്ച തന്‍റെ അച്ചടക്കമാര്‍ന്ന ജീവിതത്തിന്‍റെ ശേഷിപ്പുകളുടെ ഫലമായിരുന്നിരിക്കാം… എന്നിരുന്നാലും ഘടികാരസൂചിപോലെ ആവര്‍ത്തിക്കപ്പെടുത്ത പ്രവര്‍ത്തിദിവസങ്ങളില്‍ ഇത്തരത്തിലുള്ള ചിന്തകള്‍ അശേഷം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

മഴ വീണ്ടും തകര്‍ക്കുകയാണ്… റൂഫിങ്ഷീറ്റിന് കീഴെ അലക്കിവിരിച്ച തുണികള്‍ ഉണങ്ങികിട്ടുവാന്‍ ഇനി തപസ്സിരിക്കണം. ഒറ്റമുറിയും അടുക്കളയും ബാത്ത്റൂമുമടങ്ങുന്ന തന്‍റെ സാമ്രാജ്യത്തെ വൃത്തിയാക്കി മനുഷ്യവാസം തോന്നിപ്പിച്ചപ്പോഴേക്കും സമയം ഉച്ചയോടടുത്തിരുന്നു…

ഭക്ഷണമൊന്നും ഉണ്ടാക്കിയിട്ടില്ല…

രാവിലെ കുടിച്ച ചായയില്‍ വിശപ്പ് ദഹിച്ചില്ലാതായോ?

എന്തായാലും കുടയെടുത്ത് തോരാതെനിന്ന മഴയിലേയ്ക്ക് ഇറങ്ങിനടന്നു. ആളുകള്‍ക്ക് ചൂടെന്നോ തണുപ്പെന്നോ ഇല്ലാതായിരിക്കുന്നു. റോഡിനിരുവശത്തും തിരക്കുതന്നെയാണ്. ഉയര്‍ന്നുനിന്ന പ്രൈവറ്റ് കമ്പനിയ്ക്കുമുന്നില്‍ കെട്ടിയ ഒറ്റമുറിയില്‍ വര്‍ത്തമാനപത്രവും വായിച്ചിരിക്കുന്ന അയാള്‍ക്ക് ഒരിക്കലും അവധികളെ ഉണ്ടായിട്ടില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുപക്ഷേ നൈറ്റ് ഷിഫ്റ്റ് മറ്റൊരാള്‍ക്കാകാം… ജീവിക്കുവാന്‍ എന്തെന്ത് വേഷങ്ങള്‍ കെട്ടണം. ഒരിക്കലഴിച്ച യൂണീഫോമിനുപകരം ഇന്ന് മറ്റൊന്ന്, മറ്റൊരു നിറത്തില്‍ നെഞ്ചില്‍ ചാര്‍ത്തിയിരിക്കുന്ന ബാഡ്ജിലെ സ്ഥാനപ്പേരില്‍ മാത്രമാണ് മാറ്റം… സ്വന്തം പേര് പഴയതുതന്നെയാണ് എഴുതിവെച്ചിരിക്കുന്നത്. അതുമാത്രമാണല്ലോ മാറാതെ ജീവിതാവസാനം വരെ കൂടെയുണ്ടാകുന്നത്. അത് നല്‍കിയവര്‍ പിരിഞ്ഞാലും അതുമാത്രം അവശേഷിക്കും…. ഭക്ഷണം കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ ഫ്ലാറ്റിനുമുന്നിലൊരു ബഹളം. കോശിച്ചായന്‍റെ നേതൃത്വത്തിലുള്ള പ്രകൃതിസ്നേഹികള്‍ നട്ടു വളര്‍ത്തിയ മുരിങ്ങ മരം നിലംപതിച്ചിരിക്കുന്നു…

പാവം എത്രയെന്ന് കരുതി പിടിച്ചുനില്‍ക്കും. ഉയര്‍ന്ന് വരുന്ന അംബരചുംബികളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് അടിത്തറപാകുന്നവര്‍ ഓര്‍ക്കുന്നില്ല അവയ്ക്കും ചുവടുറപ്പിക്കുവാന്‍ കരുത്തുള്ള മണ്ണുവേണമെന്ന്. മരമായാലും മനുഷ്യനായാലും അടിസ്ഥാനമില്ലേല്‍ വീഴും… അത് ഉറപ്പാണ്…..

രാവിലെ മുതലുള്ള പണികളും മഴയത്തുള്ള നടത്തവും നല്‍കിയ ക്ഷീണം കട്ടിലിലേയ്ക്ക് നയിച്ചതുമാത്രം ഓര്‍മ്മയുണ്ട്. സ്വപ്നങ്ങള്‍പോലുമില്ലാതെ ശരീരത്തിന്‍റെ സകലഭാരവും ആ കട്ടിലിലേയ്ക്ക് നല്‍കി ഒരു ഉറക്കം.

ചിലപ്പോള്‍ കട്ടിലാഭാരത്തെ കോണ്‍ക്രീറ്റ് കെട്ടിടത്തിന്‍റെ പ്രതലത്തിലേയ്ക്ക് കൈമാറിയിട്ടുണ്ടാകാം… അത് ഭൂമിയിലേയ്ക്കും… എല്ലാം ഒടുവിലെത്തുന്നത് അവിടേയ്ക്ക് തന്നെയാണ്… ഭൂമിയിലേയ്ക്ക്… ന്യൂട്ടന്‍റെ ആപ്പിളും പറക്കുന്ന പക്ഷികളും എന്തിനേറെ കുതിച്ചുയരുന്ന റോക്കറ്റുപോലും ഒടുവില്‍ അവിടേയ്ക്കുതന്നെയല്ലേ എത്തുന്നത്. ഈ ഭാരമൊക്കെ അവളെങ്ങനെയാണ് സഹിക്കുന്നത്??? സഹിക്കാനാകാതെ വരുമ്പോള്‍ എന്തുചെയ്യും??? ചിലപ്പോള്‍ കുടഞ്ഞെറിയുമായിരിക്കും അല്ലെങ്കില്‍ സഹനത്തിന്‍റെ മൂര്‍ദ്ധന്യതയില്‍ ഉള്ളില്‍ തിളയ്ക്കുന്ന ലാവകുടഞ്ഞ് അഗ്നിശുദ്ധിവരുത്തുമായിരിക്കാം… അതിനിനി അധികം നാളില്ലെന്നുതന്നെയാണ് കോശിച്ചായന്‍റെ അഭിപ്രായം. മണിക്കൂറുകള്‍ കഴിഞ്ഞ് ഉണരുമ്പോഴേയ്ക്കും മഴതോര്‍ന്നിരുന്നു. കാര്‍മേഘങ്ങള്‍ നീങ്ങി തെളിഞ്ഞുകിടന്ന ആകാശത്ത് സൂര്യന്‍ അസ്തമിക്കാന്‍ തയ്യാറാകുന്നു. നൈറ്റ് ഡ്യൂട്ടിക്കെത്തിയ ശശാങ്കന്‍ എവിടെയോ തെളിഞ്ഞിരുന്നു. അപ്പോഴും അവള്‍ സഹിക്കുകയായിരുന്നു… തന്നില്‍ നിറഞ്ഞുകൊണ്ടിരിക്കുന്ന ഭാരം വെച്ചുമാറാന്‍ മറ്റൊരാളില്ലാതെ…..

Generated from archived content: story2_oct7_14.html Author: anamika_r

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English