ചോദിക്കരുതേ
ചൂളംവിളിയടുത്തിട്ടും
പാളം മുറിച്ചുകടക്കുന്നവനോട്
ജീവിതത്തെക്കുറിച്ച്.
കടൽക്കരയിലൊറ്റയ്-
ക്കിരിക്കുന്നവനോട്
പ്രണയത്തെക്കുറിച്ച്.
പറയരുതേ
പൂവുകൾ മണപ്പിക്കുന്ന
പെൺകുട്ടിയോട്
വസന്തത്തിന്റെ മുറിവുകളെക്കുറിച്ച്
നിലാവ് നോക്കിയിരിക്കുന്നവളോട്
ഭൂമിയുടെ
നരകഞ്ഞരക്കത്തെക്കുറിച്ച്.
ഓർമ്മിപ്പിക്കരുതേ
കൈകൾ
നഷ്‌ടപ്പെട്ടവനോട്
കലാപത്തെക്കുറിച്ച്
പുഴ
കുടിച്ചുതീർത്തവനോട്
ദാഹത്തെക്കുറിച്ച്
സഖീ,
വഴിതെറ്റി
നടപ്പാതയിലൊരു
വൻമരമായ് ഞാൻ
പൈതൃകം തെരയുമ്പോൾ
മഴുവായെന്റെ
ചില്ല മുറിക്കരുതേ
“ങ്‌ഹേ….?”
ചോദിക്കരുതേ
എന്നോട്
ഒന്നും.
Generated from archived content: poem_june12.html Author: abdulsalaam
Click this button or press Ctrl+G to toggle between Malayalam and English