ലൈലാ മജ്നു: നിസാമി

പ്രണയത്തിന്റെ വേരുകളിൽ ഓർമ്മകളും വിരഹവും വേദനയും അഴിച്ചെടുക്കാനാവാത്തവിധം കെട്ടുപിണയുന്നു.

ജീവിതത്തിന്റെ പിഴവുകൾ തീർക്കാൻ കഴിയാതെപോയ വേദനയോടെ പുറത്തെ ഇരുളിൽ ഞാൻ നിനക്കായി കാവൽ നിൽക്കുന്നുണ്ട്. നെഞ്ചിൽ പെയ്തു പെരുകിയ ജലതുള്ളികളുടെ മേളപെരുക്കത്തിൽ വിങ്ങിയ ഹൃദയവുമായി നീ അവിടെയുണ്ടെന്ന് എനിക്കറിയാം. എന്റെ നെഞ്ചിലുണരുന്ന വേദനയുടെ കടലിലിപ്പോൾ ഓർമ്മകളുടെ വേലിയേറ്റമാണ്.

വാക്കുകൾ കൊണ്ട് ബലി നൽകി അരങ്ങൊഴിഞ്ഞു പോകുന്ന പ്രണയം ബാക്കി വെയ്ക്കുന്ന ഓർമ്മകളും പേറി ചോര പൊടിയുന്ന ആത്മാവുമായി ഇനിയും എത്ര കാലം? നൊമ്പരങ്ങൾ കനം വെച്ച ഹൃദയവുമായി എനിക്കിനി ഈ യാത്ര തുടരാൻ വയ്യ. കാലമെത്ര കഴിഞ്ഞാലും ചിലത് ആഴങ്ങളിൽ നിന്ന് അടർത്തി മാറ്റാനാവാത്തവിധം മറഞ്ഞു കിടക്കും. വാക്കുകൾകൊണ്ടും വഴികൾകൊണ്ടും ഒറ്റയായി പോയ സൗമ്യതാരമേ, അഗ്നിനക്ഷത്രമായി ജ്വലിക്കുക.

വിഷാദത്തിന്റെ കരിനീല വഴികളിൽ നിലാവിന്റെ വിസ്മയങ്ങളിലലിഞ്ഞ് ആരോ പാടുന്നു. രാവിന്റെ നേർത്ത നിശ്വാസംകൊണ്ട് മാതളമലരുകൾ വിടരുന്നു. ഭൂമി ഇത്രമേൽ അഗാധമായി തീരുന്നത് പ്രണയികളുടെ കണ്ണുനീർ പുരണ്ടിട്ടാണ്. അതിന്റെ നിശ്ശബ്ദതയിൽ നിലാവും മഴയും ഒന്നായി പെയ്യും.

മരുഭൂമിയിലെ ഏകാന്തനിശ്ശബ്ദതകളെ വീണ്ടെടുത്തത് അവരുടെ പ്രണയമായിരുന്നു. മരണത്തിനപ്പുറത്തേക്കു സഞ്ചരിക്കാൻ ഹൃദയനിറവോടെ കാത്തിരുന്ന രണ്ടു പേർ. ഹൃദയത്തിൽ അലയടിച്ച പ്രണയത്തിന്റെ വിസ്മയങ്ങളെ തൊട്ടറിഞ്ഞ് പരസ്പരം കാണാതെ അഗാധമായ രണ്ടു സമുദ്രങ്ങളായി മുഖാമുഖം നോക്കി നിന്നവർ. മാതളങ്ങൾ പൂക്കുകയും തളിർക്കുകയും ചെയ്തത് അവരുടെ ഹൃദയത്തിലായിരുന്നു. ഇരുളിടങ്ങൾക്കു പുറത്ത് നിലാവും സൗഗന്ധികങ്ങളും പൂത്തു കിടപ്പുണ്ടെന്ന് കാറ്റ് അവരുടെ കാതിൽ മന്ത്രിച്ചു.

നിഗൂഢവും ധ്യാനാത്മകവുമായ അനുഭൂതികളെ ഭാവഗീതംപോലെ സാന്ദ്രമായ ഭാഷകൊണ്ട് പറയുകയാണ് നിസാമി. കാലം കാത്തു വെച്ച ലോകസാഹിത്യ വിസ്മയത്തിന്റെ സമ്പൂർണ്ണ ഗദ്യപരിഭാഷ.പരിഭാഷ മുരളി മംഗലം. വര എൻ.ജി. സുരേഷ് കുമാർ, രാജേഷ് ചാലോടിനോട്
ഈ പുസ്തകത്തിനായി 9037 75 1965 ലേക്ക് വിലാസമയക്കുക. നിയതം ബുക്സാണ് പ്രസാധകർ

 

കടപ്പാട്: നിയതം ബുക്ക്സ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English