കുയില്‍പ്പാട്ട്


മുറ്റത്തെ മാവിന്റെ ചില്ലകള്‍ തളിത്തപ്പോള്‍
രണ്ടിണക്കുയിലുകള്‍ വിരുന്നു വന്നു
തത്തിക്കളിച്ചും ചിറകടിച്ചും, ചിലച്ചും
മാന്തോപ്പിലാമോദാമായ് വസിച്ചു

കുയിലിന്റെ പാട്ടും കുളിരും നുകര്‍ന്നാവാം
കുഞ്ഞുണ്ണി മാങ്ങകള്‍ മിഴി തുറന്നു
മാമ്പൂവ് വിരിഞ്ഞതും കായ്ച്ചതും കവിതയായ്
പൂങ്കുയിലീണത്തിലാലപിച്ചു .

മുത്തശി മാവിന്റെ തുഞ്ചത്തെ ചില്ലയില്‍
കൂടൊരുക്കി കാക്കകള്‍ തകൃതിയായ്
ചുള്ളിയും , കമ്പും , ചകിരിയും കാക്കകള്‍
പെറുക്കിയടുക്കിയാ കൂട് തീര്‍ത്തു
മാങ്ങാക്കുലകളില്‍ ഏറുവാന്‍ കമ്പുമായി
ബാലകരേറെ മാഞ്ചോട്ടിലെത്തി
കളിച്ചും രസിച്ചും കുയിലിനെ കൂക്കിയും
കൊച്ചു തെമ്മാടികള്‍ ഉല്ലസിച്ചു
കാക്കാച്ചിയമ്മ തപസു നോറ്റു
കരിങ്കുട്ടികള്‍ രണ്ട് വിരുന്നു വന്നു
തൊട്ടും തലോടിയും സ്നേഹം നല്കി
ഇളം ചൂട് ചിറക്പുതച്ചു നല്കി
കാട് താണ്ടാന്‍ പോയ കാക്കയച്ഛന്‍
തൊള്ളയില്‍ തീറ്റ നിറച്ചു വന്നു
തീറ്റ കണ്ടതും വാവിട്ടു കേഴുന്ന
കൂട്ടിലെ കുട്ടികള്‍ രണ്ടു പേരും
‘ ഒന്നല്ല കൂട്ടില്‍ രണ്ടുണ്ട് കുട്ടികള്‍,
കഥയെന്താണ് പെണ്ണെ’ കയര്‍ത്തു കാക്ക
‘ മുട്ടയൊന്നല്ലേ നീ ഇട്ടതുള്ളു പിന്നെ
കുഞ്ഞുങ്ങള്‍ രണ്ടെണ്ണം പറക സത്യം ‘
സത്യം പറഞ്ഞിടാം കൊത്തല്ലേ കൊല്ലല്ലേ,
ആ കുയില്‍ പെണ്ണിന്റേതാണൊരണ്ണം
കാകനതു കേട്ടു കല്പ്പിച്ചു കോപത്താല്‍
കൊത്തിയെറിയുകീ പീറ പറവയെ .
അവിവേവമൊന്നും കാട്ടിടല്ലേ കാകാ
അറിവില്ലതാണോ ഈ കഥകളെല്ലാം
കുയിലിന്റെ ഈറ്റമിതല്ലേ സത്യം
മാറ്റുവാനൊക്കുമോ ലോക ധര്‍മ്മം?

ചൊല്ലണ്ട നീ സഖീ ‘ സത്യവും ‘, ‘ധര്‍മ്മവും ‘
പുല്ലു വിലയുണ്ടോ രണ്ടും ഭൂമിയില്‍ ?
കാരുണ്യമൊന്നും നമ്മള്‍ കാട്ടിടേണ്ട
കാട്ടിലെറിയു നീ ഈ കോകിലത്തെ.

തൂവലുറക്കുന്ന കാലം വരെ
കോകിലാ കുഞ്ഞിനെ പോറ്റിടാം ഞാന്‍
കിളികള്‍ ഇരു ഗോത്രമാണെങ്കിലും
അവയിലെ ജീവന്‍ തുടിച്ചിതെന്‍ ചൂടിനാല്‍

വേദാന്തമൊന്നും ഓതിടെന്നോട്
സദ്ക്കര്‍മ്മം ചെയ്താലും ആര്‍ക്കാണ് നന്ദി?
നേരും നെറിയും കെട്ടതാണിക്കാലം

കാകനാ കുഞ്ഞിനെ കൊത്തിയെറിയുന്നു
മാമ്പഴം ഞെട്ടറ്റ പോലെയാ കുഞ്ഞ്
തല തല്ലി താഴെ പതിച്ച നേരം,
ദൂരെയേതോ ഒരു മാവിന്റെ ചില്ലയില്‍
കഥയറിയാതെ പാടുന്നു കുയിലമ്മ .

മധുമാസമണയുമ്പോള്‍ ഇന്നും ആ മാവില്‍
കുയിലമ്മ പാടുവാന്‍ എത്തും മുടങ്ങാതെ
കുഞ്ഞിന്റെ ദുര്‍വിധി ഓര്‍ത്തിന്നും ആ അമ്മ
ശോകാര്‍ദ്ര രാഗത്തില്‍ പാടുന്നത് കേള്‍ക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവേഴാമ്പൽ
Next articleസോയ – വെള്ളക്കടല മസാല
എം എന്‍ സന്തോഷ്
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English