കുട്ടിയും കുതിരയും

9നാലു മണി നേരമായാല്‍
ശനിയും ഞായറുമായാല്‍
തിരിച്ചറിയുന്ന
ഒരു കുതിരക്കുട്ടിയുണ്ടായിരുന്നു
പാദസരത്തിന്റെ കൊഞ്ചലും
മൂളിപ്പാട്ടിന്റെ കിലുക്കവും
നീലക്കണ്ണുകളുടെ ആഴവും വരെ
തിരിച്ചറിയുന്ന സ്വപ്നക്കുതിര

കാര്‍ണിവല്‍ പറമ്പുകളില്‍ നിന്നും
ചക്രത്തിലോടുന്ന
കുതിരകളില്‍ കയറിയിട്ടാവണം
ബാലവാടികളിലെ
ചാഞ്ചാടുന്ന കുതിരയില്‍
ആടിയിട്ടാവണം
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍
നില്‍ക്കും കുതിര എന്ന്
കഥകള്‍ കടം പറഞ്ഞതു കൊണ്ടാവണം
അവള്‍ക്കാ കുതിരക്കുട്ടി ജീവനായിരുന്നതും

കൂട്ടുകാരി തന്ന ലഡുവിന്റെ പൊട്ട്
നാലുമണിപ്പലഹാരത്തിന്റെ പാതി

കയ്യില്‍ വച്ചാണ്
കുതിര വാലു പോലെ മുടി കെട്ടി
അവളോടിയെത്തുന്നത്

പരിഭവങ്ങളുടെ ഒരു കടല്‍
പകുത്തു വയ്ക്കാനായി
അവളെത്തുന്നതിനു മുമ്പേ
കുതിരക്കുട്ടി ഒളിച്ചുകളി
തുടങ്ങിക്കഴിഞ്ഞിരുന്നു

എന്നും ലായത്തിന്റെ വാതില്‍പ്പിറകിലോ
പൊന്തക്കാടിലോ
ഒളിക്കുമായിരുന്ന അവളെ
എത്രയെളുപ്പത്തിലാണവന്‍
പാവാടയില്‍ കടിച്ച്
പുറം ലോകത്തേക്ക്
കൂട്ടിക്കൊണ്ടുവരാറുള്ളത്

ഇന്നെന്താണിങ്ങനെ
ഒരു മുന്നറിയിപ്പിന്റെ
ചിനപ്പുപോലുമില്ലാതെ
ഒറ്റക്കൊരാള്‍ ഒളിച്ചുകളിക്കാന്‍ പോകുന്നത്… കുഞ്ഞിക്കുളമ്പുകള്‍
തട്ടിയമര്‍ന്ന പുല്‍നാമ്പുകളിലൂടെ
ഏതേതു പൊന്തയാണ് ഇളകുന്നതെന്നും
തന്നെ കളിയാക്കുന്ന
കുതിര വാലിളകുന്നതെന്നും നോക്കി
അവള്‍ തിരയാന്‍ തുടങ്ങി

മരമേ
നീയെന്റെ ഓമനക്കുതിരയെ കണ്ടോ??

ചെടിയേ പൂവേ
നീയെന്റെ കള്ളന്‍ കുതിരയെക്കണ്ടോ??

നിഴലേ പോക്കുവെയിലേ
നിങ്ങളെന്റെ പുന്നാരക്കുതിരയെക്കണ്ടോ??

കണ്ടു പിടിച്ചു തന്നാല്‍
ഞാന്‍ നിങ്ങള്‍ക്കൊരായിരം
നക്ഷത്രങ്ങളെത്തരാം
കുട്ട നിറയെ പാട്ടുകള്‍ തരാം

അതുവരെ കാണാത്ത
മുഖങ്ങളുള്ള
കുറെ ജീവികള്‍ പൊടുന്നനേ
കാട്ടുവഴിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍

നിങ്ങളെന്റെ കുതിരയെക്കണ്ടോ???
ഒളിച്ചുകളിക്കുകയാണവന്‍

കണ്ടു…
അവനീ കാട്ടിലേക്ക് കയറിപ്പോകുന്നു
മല കടന്നു പോകുന്നു
ആകാശം മുറിച്ചു പോകുന്നു
ഞങ്ങളവനെ കാണിച്ചു തന്നാല്‍
ഞങ്ങള്‍ക്കെന്തു തരും???

വളപ്പൊട്ടുകളുടെ
ഒരു കുന്നു തരാം
രണ്ടു കയ്യിലെയും കുപ്പിവളകള്‍
കൂട്ടിമുട്ടിച്ച് അവള്‍ പറഞ്ഞു…

നടന്നു നടന്ന് കാട് കനത്തു
ദൂരെ കുടിലിപ്പോള്‍
ഒരു പൊട്ടു പോലെ
അമ്മയുടെ വിളി
ഒരിലയനക്കം പോലെ

തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍
ഒപ്പം കൂടിയ ജീവികള്‍ക്ക്
കൊമ്പു മുളച്ചു
നാവു നീണ്ടു
വിരലുകളില്‍ നിന്ന്
നഖങ്ങളും
നാഭികളില്‍ നിന്ന്
ഫണസര്‍പ്പങ്ങളും
ഉയര്‍ന്നു വന്നു
സര്‍പ്പങ്ങള്‍ പിളര്‍നാവുകൊണ്ട്
ഊതി മയക്കിയപ്പോള്‍
വിഷപ്പല്ലുകളില്‍ നിന്ന്
രക്തത്തിലേക്ക് കാളിമ
നുരഞ്ഞൊലിച്ചപ്പോള്‍
അസ്ഥികള്‍ ഞെരിഞ്ഞു
പൊട്ടിയപ്പോള്‍
താഴ്വരയിലെ ഭൂതക്കൊട്ടാരങ്ങളെക്കുറിച്ച്
അമ്മ മടിയിലിരുത്തിപ്പറഞ്ഞുതന്ന
കഥകളില്‍ അവള്‍
ഭൂതങ്ങളുടെ മായാജാലങ്ങളെ
തോല്‍പ്പിച്ച്
കുതിരയെ അന്വേഷിച്ചു പോയ രാജകുമാരിയായി

ജീവികള്‍ കടിച്ചു കുടയുമ്പോള്‍
പിഞ്ഞിപ്പോയ കുപ്പായത്തില്‍ നിന്ന്
ഓരോ അവയവങ്ങളും
ഒഴുകിപ്പോകുമ്പോള്‍
രക്തം പോലെ ചുവന്ന നദികളില്‍
പാറക്കെട്ടുകളില്‍
ചുഴികളില്‍
ശ്വാസമില്ലാതെ
മുങ്ങിപ്പൊങ്ങുമ്പോള്‍
എല്ലാം സ്വപ്നമാണെന്ന്
സമാധാനപ്പെട്ട്
വേദനയുടെ വന്‍കരകളിലെല്ലാം
അവള്‍ കുതിരക്കുട്ടിയെ
തിരഞ്ഞു കൊണ്ടിരുന്നു

സ്വപ്നത്തിന്റെ ഒടുക്കം
മേഘങ്ങള്‍ക്കു മീതേ
മാലാഖമാര്‍ക്കിടയില്‍
കുതിരക്കുട്ടി ഒളിച്ചു നില്‍ക്കുന്നതും
മാലാഖമാരുടെ
ചിറകു കുപ്പായങ്ങള്‍ക്ക് പുറത്തേക്ക്
ചെമ്പന്‍ വാല്‍ രോമങ്ങള്‍
ഇളകി നില്‍ക്കുന്നതും കണ്ട്

അവള്‍ തന്നിലേക്ക്
തന്നിലേക്ക്
വര്‍ഷങ്ങള്‍ പിറകിലേക്ക്
തൊട്ടില്‍ക്കുട്ടിയിലേക്ക്
ഗര്‍ഭപാത്രത്തിലേക്ക്
ഭ്രൂണത്തിലേക്ക്
പരമാണുവിലേക്ക്
ചുരുങ്ങിച്ചുരുങ്ങി
പതുങ്ങിപ്പതുങ്ങി
കുതിരക്കുട്ടിയെ തൊട്ടു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English