കുന്നിൻ മുകളിലെ നക്ഷത്രങ്ങൾ

 

 

 

 

 

ഡോറിൽ മുട്ടിയിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനാൽ അവൾ മെല്ലേ വാതിൽ തുറന്ന് അകത്തേക്കു കയറി. മുറിയിലെ ലൈറ്റിടാതെ അചാച്ചൻ ജനലരികെ പുറത്തേ കാഴ്ച്ച കണ്ടു കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു.

” എന്താ അങ്കിളെ ലൈറ്റ് ഇടാതെ ഇരിക്കുന്നേ?” അവളുടെ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ അച്ചാച്ചന്റെ ചുണ്ടിൽ ഒരു വരണ്ട ചിരി വിടർന്നു.

ഹോസ്പിറ്റലിന്റെ 10ാം നിലയിൽ ആയിരുന്നു അച്ചാച്ചൻ കിടന്നിരുന്ന ആ മുറി, അവിടെ നിന്നു നോക്കിയാൽ നഗരത്തിലെ തിരക്കുമാത്രമല്ല, നഗരാതിർത്തിയിലെ മൊട്ടക്കുന്നുകളും എല്ലാം കാണാം. അച്ചാച്ചന്റെ കൈപിടിച്ചു ബെഡിലേക്ക് ഇരുത്തുമ്പോൾ അവളുടെ അന്തരംഗത്തിൽ അനുതാപവും സ്നേഹവുമൊക്കെ നിറഞ്ഞ ഒരു വികാരം അലയടിച്ചുയർന്നു. ശരീരം വല്ലാതെ ശോഷിച്ചിരിക്കുന്നു!! ക്യാൻസറിന്റെ അതിക്രമം നാലാം സ്റ്റേജിലെത്തിച്ചിരിക്കുന്നു. ഇനി പാലിയേറ്റീവ് ഘട്ടത്തിലോട്ടെത്തിയാൽ രോഗി വീണിരിക്കും!. കഴിഞ്ഞ രണ്ടാഴ്ച്ചയായി കാണും അച്ചാച്ചന് കൂട്ടായി , പെട്ടന്നുള്ള ഈ ആശുപത്രിവാസം.

” എന്താ അച്ചാച്ചൻ നോക്കിക്കൊണ്ടിരുന്നത്” ചെറു കൗതുകത്തോടെ അവൾ വീണ്ടും ചോദിച്ചു. ജനലിന് നേരെ കൈചൂണ്ടി അച്ചാച്ചൻ കുഴഞ്ഞ ശബ്ദത്തിൽ എന്തോ പറഞ്ഞെങ്കിലും വാതിലിൽ കേട്ട മുട്ടിന്റെ പ്രതിദ്ധ്വനിയിൽ അവൾക്ക് അത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

ഡ്യൂട്ടി നഴ്സ് ചെറുപുഞ്ചിരിയുമായി മെഡിസിനുമായി കടന്നുവന്നു.

” അപ്പാപ്പാ വെളിയിലെ കാഴ്ച്ചയൊക്കെ കണ്ട് ബോറടിച്ചോ”? ഞാൻ നേരത്തെ വന്നപ്പോൾ എന്നെ കൊണ്ടാ കസേരയൊക്കെ എടുപ്പിച്ചു ജനലരികിലേക്ക് ഇരുന്നത്.”. സിസ്റ്റർ അവളോടെന്നപോലെ പറഞ്ഞു.

“അപ്പാപ്പൻ കുറച്ചു നേരമായി ചേച്ചിയേ തിരക്കുന്നു, വരാൻ വൈകിയോ?”.

സിസ്റ്ററിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞെങ്കിലും അവളുടെ ശ്രദ്ധ അച്ചാച്ചന്റെ ബ്ലഡ് ചെക്ക് ചെയ്യാനെടുക്കുന്നതിലായിരുന്നു. ചുക്കിചുളിഞ്ഞ ശരീരത്തിൽ സിറിഞ്ച് കയറിയപ്പോൾ ചെറുവേദന ആ മുഖത്ത് ദൃശ്യമാകുന്നത് കണ്ടു.

” അപ്പാപ്പ ഇനി കുറച്ചു നേരത്തേക്ക് ഞാൻ വന്നു ശല്യപ്പെടുത്തില്ല കേട്ടോ, സമാധാനത്തോടെ കിടന്നുറങ്ങിക്കോ”. അച്ചാച്ചന്റെ തലയിൽ വാത്സല്യത്തോടെ കൈത്തലം അമർത്തി സിസ്റ്റർ എഴുന്നേറ്റു.

സിസ്റ്ററിനു പുറകേ നഴ്സസ് സ്റ്റേഷനിൽ പോയി ചൂടുവെള്ളവുമെടുത്തു റൂമിലേക്ക് തിരിക വന്നപ്പോൾ ഫോണിൽ ഒരു മിസ്ഡ് കോൾ കിടക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അച്ചാച്ചൻ കണ്ണടച്ചു കിടക്കുകയാണ്. മയങ്ങിയോ എന്തോ, അവൾ ഉറക്കം വരാത്തതിനാൽ ജനലരികിലേക്ക് കസേര പിടിച്ചിട്ടിരുന്നു.
ശരിയാണ്, നഗരം ദീപങ്ങളാൽ അലംകൃതമായിരിക്കുന്നു. സമയം ഒൻപതിനോടടുക്കുന്നതേയുള്ളു. റോഡുകളിൽ പക്ഷേ സന്ധ്യാസമയത്തുള്ള വാഹനങ്ങളുടെ ചീറി പായൽ കാണുന്നില്ല.

പെട്ടന്നവളുടെ വൈബറേഷൻ മോഡിലായിരുന്ന ഫോൺ വിറയ്ക്കാൻ തുടങ്ങി. പരിചയമുള്ള നമ്പരല്ല, എന്നാലും അച്ചാച്ചന്റെ മയക്കത്തിനു ഭംഗം വരുമെന്നു കരുതി അവൾ മെല്ലേ ഫോൺ ചെവിയോട് ചേർത്തു.

” ഹലോ, ഞാൻ സുദീപ്.. ഫ്രം അമേരിക്ക.. അച്ഛനെങ്ങനെയുണ്ട്.”

ഭൂമിയുടെ അങ്ങേത്തലയ്ക്കു നിന്നുള്ള അച്ഛന്റെ വിശേഷം തിരക്കിയുള്ള അയാളുടെ വിളിക്ക് ഒന്നും രണ്ടും വാക്കുകളിൽ മറുപടി പറയുവാൻ അവൾ ശ്രദ്ധിച്ചു.

” മിസിസ് സാറാ വർക്കി പറഞ്ഞ കാര്യം ശാലിനിക്ക് ഓർമ്മയുണ്ടെല്ലോ ….എല്ലാം കൃത്യമായി ചെയ്തോണം. പ്രതിഫലം ഒരു പ്രശ്നമല്ല”.

അയാളുടെ പണക്കാരൻ ഹുങ്ക് അവൾക്കിഷ്ട്ടപ്പെട്ടില്ലെങ്കിലും വെറുതെ മൂളിക്കേട്ടുകൊണ്ടിരുന്നു. അച്ഛന്റെ കൈയിൽ ഫോൺ നല്കാനാവശ്യപ്പെട്ടെങ്കിലും അച്ചാച്ചന്റെ ഉറക്കം നഷ്ടപ്പെടുത്താൻ അവൾക്ക് മടി തോന്നിയതിനാൽ അയാൾക്ക് സംഭാഷണം അവസാനിപ്പിക്കേണ്ടി വന്നു. ജനലരികിൽ നിന്നു തിരികെ പോരാൻ നേരത്ത് അച്ചാച്ചൻ മെല്ലെയെഴുനേൽക്കാൻ ശ്രമിക്കുന്ന പോലെ തോന്നി. അവൾ ഓടിച്ചെന്നു താങ്ങി.

“എന്തു പറ്റി” അവളുടെ ചോദ്യത്തിനുത്തരം നല്കാതെ അച്ചാച്ചൻ മെല്ലെയെഴുനേറ്റ് വീൽചെയറിലേക്ക് അവളുടെ കൈപിടിച്ച് ഇരുന്നു.

അച്ചാച്ചന്റെ തോളത്തും കൈത്തണ്ടയിലുമൊക്കെ കൊതുകു കടിച്ചു തുടുത്തതു കണ്ടപ്പോൾ അവൾക്കു കുറ്റബോധം തോന്നി…. താൻ മാറ്റ് കുത്താൻ വിട്ടു പോയിരിക്കുന്നു.

” എന്നെ ആ ജനാലക്കരികിലേക്ക് നീക്കിയിരുത്തു മോളെ” അയാളുടെ നേർത്ത ശബ്ദം കേട്ടു , അവൾ അയാളെ വീൽചെയറിലിരുത്തി ജനലരികിലേക്ക് മെല്ലെ തെള്ളി നീക്കി. നഗരം ശാന്തമായി തുടങ്ങിയെന്നു തോന്നുന്നു. വഴിയോര ദീപങ്ങളൊഴിച്ചുവയെല്ലാം കണ്ണടച്ചു തുടങ്ങി.

“അച്ചാച്ചന്റെ വീട് അവിടെവിടേയാണെന്ന് അറിയാമോ” ? അവൾ ജനലിനു പുറത്തേക്ക് കൈ ചൂണ്ടി കൗതുകത്തിനായി ചോദിച്ചു. സത്യത്തിൽ അതിനെക്കുറിച്ച് അയാൾക്ക് അറിവുണ്ടോയെന്ന് അവൾക്കും നിശ്ചയമില്ല.

അവൾ ‘സായന്തന’ത്തിൽ സാറയാന്റിയെ കാണാൻ ചെന്ന ദിവസമാണ് അച്ചാച്ചൻ അസുഖം കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റായത്.MSW അവസാന വർഷ പ്രോജക്ടുമായി ബന്ധപ്പെട്ട ഡേറ്റാ കളക്ഷനു വേണ്ടിയാണ്, ഫാമിലി ഫ്രണ്ട് കൂടെയായ സാറാ ആന്റിയെ കാണാൻ ചെന്നത്. ആന്റി ‘സായന്തനം’ എന്ന പേരിൽ ഒരു വൃദ്ധ സദനം നടത്തുകയാണിവിടെ.

” വീടെവിടാന്നു ചോദിച്ചാൽ എനിക്ക് കൃത്യമായി അറിയാൻ മേലാ … പക്ഷേ അന്നും എന്റെ വീടിന്റെ മുറ്റത്ത് അമ്മേടെം അമ്മൂമ്മയുടെയുമൊക്കെ ഒക്കത്തിരിക്കുമ്പോൾ ആ വലിയ നക്ഷത്രത്തെ ആ കാണുന്ന മൊട്ടക്കുന്നിന്റെ മുകളിൽ കാണാം”

അയാളുടെ ശക്തി പോയ ശബ്ദം അവളെ ഓർമ്മകളിൽ നിന്നുണർത്തി. അവളും അങ്ങോട്ട് നോക്കി. നഗരത്തിന്റെ കൃത്രിമ വെളിച്ചത്തിൽ നിന്നകന്നു നിലാവെളിച്ചത്തിൽ കുന്നിനു മുകളിൽ തിളങ്ങി നിൽക്കുന്നത് നക്ഷത്രമാണോ ഏതെങ്കിലും ഗ്രഹമാണോയെന്ന് അവൾക്ക് ചെറിയ സംശയം തോന്നാതിരുന്നില്ല.

“അന്നൊക്കെ അമ്മാമ്മ പറയണത്, മരിച്ചു പോയ മുത്തശ്ശൻ ഇന്നെ കാണാൻ വന്നു നിക്കണതാണെന്നാ” അച്ചാച്ചൻ അല്പം തമാശ ഉറക്കെ പറഞ്ഞു ചിരിച്ചു…. അടഞ്ഞ തൊണ്ടയ്ക്ക് അതുണ്ടാക്കിയ നീരസം കുത്തി ചുമയായി പുറത്തുവന്നതു മിച്ചം!

“അമ്മാമയും അമ്മയും അച്ഛനുമെല്ലാം ഇപ്പോൾ മാനത്തു അവിടവിടായി നിന്നുകൊണ്ട് എന്നെ തിരയുകയായിരിക്കും” അച്ചാച്ചന്റെ ആത്മഗതം!!! അവൾക്കു വിഷമം തോന്നി. ആന്റിയിൽ നിന്ന് അച്ചാച്ചനെ കുറിച്ച് അറിഞ്ഞിട്ടാണ് അവൾ കൂട്ടിരിപ്പുകാരിയായി ഇവിടെയെത്തിയത്.

ഈ ഗ്രാമം നഗരമായി മാറിയപ്പോഴാണ് അച്ചാച്ചനൊക്കെ വിസ്മൃതിയിലേക്ക് ആണ്ടത്. പഴയ ഗ്രാമത്തിലെ പ്രമുഖ തറവാട്ടിലൊന്നിലായിരുന്നു അച്ചാച്ചന്റെ ജനനം. പാരമ്പര്യസ്വത്തിൽ ഭൂപരിഷ്ക്കരണവും പിതാമഹൻമാരുടെ ദാന മഹിമയുമൊക്കെ കഴിഞ്ഞു വന്നപ്പോൾ നന്നായി ശോഷണം വന്നു. അച്ചാച്ചൻ ഉത്സുകനായ കർഷകനും ചെറുകിട കച്ചവടക്കാരനുമൊക്കെയായി മാറിയപ്പോൾ കൊട്ടാരം വീട് വീണ്ടും നാട്ടുകാരുടെ ശ്രദ്ധയിലായി. മകനെയും മകളേയുമൊക്കെ നന്നായി വിദ്യാഭ്യാസം കൊടുക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ബദ്ധശ്രദ്ധ അവരെ ഉയരങ്ങളിലെത്തിച്ചു. മകൻ അമേരിക്കയിലും മകൾ അഹമ്മദാബാദിലുമൊക്കെ ഉയർന്ന തസ്തികയിൽ ജോലിചെയ്യുകയാണ്. കുറേ നാൾ അച്ചാച്ചനും ഭാര്യയും വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഭാര്യയുടെ കാലശേഷം മക്കളുടെ നിർബന്ധത്തിനു വഴങ്ങി വൃദ്ധ സദനത്തിലും!!

സാറ ആന്റി കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പറഞ്ഞ കാര്യങ്ങളാ അച്ചാച്ചന്റെ മകൻ അമേരിക്കയിൽ നിന്ന് ആവശ്യപ്പട്ടിരിക്കുന്നത്. അച്ചാച്ചന്റെ കുറെ ഫോട്ടോകളും വീഡിയോകളുമൊക്കെയായി ഒരു ആൽബം കൂടി ചെയ്യണമെന്ന്. ആന്റിയെ ബുദ്ധിമുട്ടിക്കെണ്ടന്നു കരുതി കുറെ ഫുട്ടേജുകൾ കഴിഞ്ഞ ദിവസങ്ങളിൽ എടുത്തിരുന്നു. അച്ചാച്ചനുമായി ടി ദിവസങ്ങളിൽ ഒരു ആത്മബന്ധം വിളക്കിയെടുത്തെന്ന് പറയാം.

” മോളെ നിന്റെ ക്യാമറയിൽ ഈ സീൻ കിട്ടുമോ”

” നോക്കാം, അച്ചാച്ചൻ ഒന്നു ചേർന്ന് സൈഡ് ചാരി നിന്നേ”

അവൾ മൂവിക്യാം എടുത്തു ഫോക്കസ് ചെയ്തു കൊണ്ട് പറഞ്ഞു. ആ രാത്രി അച്ചാച്ചന്റെ പൂർത്തിയാക്കാൻ ബാക്കിയായ കഥകൾ മുഴുവൻ അവളുടെ മുമ്പിൽ വരച്ചു ചേർത്തിട്ടാണ് അയാൾ ബെഡിലേക്ക് ഉറക്കത്തെ വരവേൽക്കാൻ കിടന്നത്.

അതിരാവിലെ വൈകി കിടന്നതിനാൽ സിസ്റ്ററുടെ വാതിലിലുള്ള തട്ട് ദീർഘിച്ചതിനു ശേഷമാണ് അവൾക്ക് തുറക്കാൻ കഴിഞ്ഞത്.

” ചേച്ചി, അപ്പാപ്പന് പൾസ് കുറവാണെല്ലോ ? ഞാൻ ഡ്യൂട്ടി ഡോക്ടറെ ഒന്നു വിളിച്ചിട്ടു വരട്ടെ”

സിസ്റ്റർ ഒച്ചവെച്ച് ഓടുന്നത് കണ്ടു. അച്ചാച്ചനെ ആശുപത്രിക്കാർ വീണ്ടും ഐസിയുവിലേക്ക് കയറ്റിയപ്പോൾ അവൾക്ക് ഒരു വിങ്ങൽ അനുഭവപ്പെട്ടു. അവസാന കാലത്തും ഈ മക്കൾ എന്താ ഇങ്ങനെ? അവൾ ഫോൺ എടുത്തു ആന്റിയെ വിളിച്ചു വിവരം പറഞ്ഞിട്ട് ICU വിന്റെ വെയിറ്റിംഗ് ഹാളിലേക്ക് നടന്നു. ഉച്ചയ്ക്ക് ആന്റി വന്നപ്പോഴാണ് അവൾ ഹോസ്റ്റലിലേക്ക് മടങ്ങിയത്. മക്കൾ ഉടനെ എത്തില്ലെന്നു ആന്റി പറഞ്ഞതു കേട്ട് അവൾക്ക് അത്ഭുതമൊന്നും തോന്നിയില്ല.

വൈകിട്ട് ഹോസ്റ്റലിൽ നിന്നും ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ അല്പം വൈകിയിരുന്നു. ഈ സമയത്തിനിടക്ക് ആന്റിയുടെ വിളികളും എത്തിയിരുന്നതിനാൽ അവൾ ധൃതിപ്പെട്ടു ആശുപത്രിയിലേക്ക് മടങ്ങി. സ്‌കൂട്ടർ  ഷെഡിലേക്ക് വെച്ച് ഹോസ്പിറ്റലിലേക്ക് നടന്നു കയറുമ്പോൾ ഇരുട്ടിനെ പകലാക്കുന്ന നിലാവെട്ടത്തിൽ അവളുടെ കണ്ണുകൾ അറിയാതെ കുന്നിൻ ചരുവിലേക്ക് പാളിനോക്കി. അവിടെ തിളങ്ങുന്ന നക്ഷത്രങ്ങൾ!!!

അച്ചാച്ചൻ ഇറങ്ങുമ്പോൾ കാണിക്കണം, അവൾ മനസ്സിലോർത്തു. സ്റ്റെപ്പു കയറി തുടങ്ങിയപ്പോൾ ആന്റിയുടെ ഫോൺ വീണ്ടുമെത്തി… മോളെ അച്ചാച്ചൻ ഇപ്പോ നമ്മളെ വിട്ടു പോയി!! അവൾ നീറ്റലോടെ പടിയിറങ്ങി കുന്നിൻ ചരിവിലേക്ക് നോക്കി.അച്ചാച്ചൻ അവിടെ അവളെ നോക്കി ചിരി തൂകി നിൽപ്പുണ്ടായിരുന്നു…. തിളക്കമുള്ള മറ്റൊരു നക്ഷത്രമായി!!!!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English