കൃത്രിമഭൂമി

 

3bf76094bb7dcd7e3596b45a78ed3527

 

പുൽ നാമ്പുണങ്ങിയ മണ്ണില്‍ നിന്നേ

ഉള്‍ക്കാമ്പു കരിഞ്ഞു ഞാന്‍ പാടിടട്ടെ

ഉള്ളം നീറി പശ്ചാതപിച്ചു  ഞാന്‍

അമ്മ ധരിത്രീ, നിന്‍റെ മുന്‍പില്‍  മാപ്പിനായി കേണിടട്ടെ

നിന്‍റെ നിറഞ്ഞ പുഞ്ചിരി കാണാതിരിക്കാന്‍

വാതായനങ്ങള്‍ വലിച്ചടച്ച ഞങ്ങൾ

നിന്‍റെ താരാട്ടിന്നീണം കേള്‍ക്കാതിരിക്കാന്‍

കാതുകളും കൊട്ടിയടച്ചു.

ഊഞ്ഞാലാട്ടാന്‍ വെമ്പിയ നിന്‍റെ കരങ്ങള്‍

ഞങ്ങളെന്നേ  നിര്‍ദയം  അറുത്തുമാറ്റി

നിന്‍റെ നെഞ്ചം പിളര്‍ന്നതില-

വസാന രക്തകണികയും ഊറ്റികുടിച്ചു

നിന്നിടനെഞ്ച് പിടഞ്ഞതിന്‍

കണ്ണീര്‍കണങ്ങള്‍  കാണ്‍കേ, ഊറിചിരിച്ചു

ഇന്നതേ ചിരി നീ ചിരിക്കുന്നു.

 

വേനല്‍തപത്തില്‍ വെന്തു  വിയര്‍ക്കുമ്പോള്‍

വസന്തത്തെയും നിന്നെയും തമ്മില്‍  പിരിച്ചപ്പോള്‍

ഒന്നുമേ തോന്നിയില്ലന്നു നമ്മുക്ക്

ഇന്നാ വസന്തത്തെ നിന്നോടൊന്നടുപ്പിക്കുവാന്‍

ഇനിയേതു തപം ചെയ്തിടണം ഞങ്ങള്‍

പ്രതികാരദാഹിയാം പ്രഭാകരകിരണങ്ങള്‍

ആയിരം തലയുള്ള  അഹങ്കാരത്തിന്മേല്‍

കാളിയ മര്‍ദ്ദനമാടുമ്പോള്‍

അതുകണ്ടു പരിഹസിച്ചു ചിരിക്കുന്നു

ദൂരെ വാനിലൊരു കോണില്‍

മുകിലിന്‍ കൂട്ടങ്ങള്‍

ഒന്നു ചാറാതെയനുഗ്രഹങ്ങള്‍ ചൊരിയാതെ

എങ്ങോയൊഴുകിയകന്നുപോകുന്നു

പാലിലും പാരിലും വ്യവഹാരത്തിലും

മായം പൂശികൊണ്ടൊരു

മായാലോകം പണിതതില്‍

വിഹരിക്കും മര്‍ത്ത്യാ, നീയറിയണം

നിനക്കുയിരു തന്നുണര്‍ത്തിയ ഭൂമീദേവിക്കും

നിന്നെ കുളിര്‍പ്പിച്ച, സ്വപ്നം കാണാന്‍

നിന്നെ പഠിപ്പിച്ച  മഴയ്ക്കും

ആയുസ്സെനിയെത്രയോ തുച്ഛം

ശാസ്ത്രതുംഗത്തില്‍  കയറിനിന്നിന്നെല്ലാം

നേടിയെന്നു പറയുന്ന നീയിന്നേ

ചിന്തിച്ചു തുടങ്ങുക, വസിക്കുവാനൊരു

കൃത്രിമഭൂമി പണിയുന്നതിനെ പറ്റി,

അതിനായി സജ്ജരായി കൊള്‍ക.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English