ബാലചന്ദ്രൻ/ കളത്തറ ഗോപന്‍

 

പുതു കവിതയിലെ ശ്രദ്ധേയ ശബ്ദങ്ങളിൽ ഒന്നായ കളത്തറ ഗോപന്റെ ബാലചന്ദ്രൻ എന്ന കവിത വായിക്കാം

എവിടെയും ഒരു ബാലചന്ദ്രനുണ്ട് ,
സഹോദരിമാരെ
കെട്ടിച്ചുവിട്ട്
നാട്ടുകാര്‍ക്കും ബാങ്കിനും
കടപ്പെട്ട്, താല്പര്യം തോന്നിയ
പെണ്ണിനോടു അവധി പറഞ്ഞ്,
അവളുടെ കല്യാണം നടത്താന്‍
മുന്‍കൈയെടുത്ത് കൂട്ടുകാരില്‍നിന്ന്
പരിഹാസം കേട്ട്,
സര്‍ക്കാര്‍ ജോലി തേടിനടന്ന്‍
കൂലിപ്പണിയെടുത്ത്,
വലിയനിലയിലെത്തിയ
സുഹൃത്തിനെ കാണാതെ
മുഖം മറച്ച്,
പാര്‍ട്ടിയില്‍നിന്ന് പുറത്തായി
മറ്റൊരുപാര്‍ട്ടിയില്‍ചേരാന്‍
കഴിയാതെ
വിശ്വസിക്കുന്ന പാര്‍ട്ടിയ്ക്ക്
ആദ്യമേ ചെന്നു വോട്ട് ചെയ്ത്
തോല്‍ക്കുന്ന വേളയില്‍
ആത്മരോഷം പൂണ്ട്,ലൈബ്രറി മീറ്റിംഗില്‍
പങ്കെടുക്കുമ്പോള്‍തന്നെ
അയല്‍പക്കത്തെ അസുഖവിവരം
തിരക്കിയില്ലെന്നു നോമ്പരപ്പെട്ട് ,
ജാതിസംഘടനയുടെ പുച്ഛവും,
വിശ്വാസികളുടെ വെറുപ്പുമേറ്റ്
രാത്രി വളരെ വൈകി ഉറങ്ങുന്ന
ഒരു ബാലചന്ദ്രനുണ്ട് എവിടെയും.

എല്ലായിടത്തെയും അച്ഛനമ്മമാര്‍
അറിഞ്ഞുകൊണ്ട് തന്നെയാണോ
ഈ പേരിടുന്നത് എന്നു നണ്ണി നില്‍ക്കുമ്പോള്‍
അതാവരുന്നു ബാലചന്ദ്രന്‍
ആകാശത്തില്‍ നിന്ന് തെന്നി
ഭൂമിയില്‍ പതിച്ചപോലെ
മുണ്ട് തന്നെയാണിപ്പൊഴും വേഷം.
കൈയില്‍ പുസ്തകമിരിക്കുന്നു
വൈലോപ്പിള്ളിയോ..? ആശാനോ ..?

©കളത്തറ ഗോപന്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English