കെ.എം.ബി.യില്ലാത്ത ഒരു വർഷം

 

 

 

 


കെ.എം.ബി.എന്ന കെ.എം.ബഷീർ നമ്മെ വിട്ടു പോയിട്ട് ആഗസ്റ്റ് മൂന്നിന് ഒരു വർഷമാകുന്നു..എത്ര വേഗമാണ് കാലത്തിന്റെ ചിറകിലേറി ദിവസങ്ങൾ കടന്നു പോകുന്നത്.ഇന്നലെയെന്നോണം ഓർമ്മയുണ്ട്.ആഗസ്റ്റ് നാലിന് ആലപ്പുഴ മേഖല എസ്.എസ്.എഫ് സാഹിത്യോൽസവം ഉൽഘാടനത്തിന് സംഘാടകർ ക്ഷണിച്ചിരുന്നതിനാൽ ചെറിയ തയ്യാറെടുപ്പൊക്കെ നടത്തി.പിന്നെ ഫോണിൽ വാർത്തകളൊക്കെ നോക്കുന്നതിനിടയിലാണ് രാത്രി വൈകി ആ വാർത്ത എന്റെ മുന്നിലേക്ക് ഒരു ഞെട്ടലായി കടന്നു വന്നത്,പ്രശസ്ത പത്ര പ്രവർത്തകൻ കെ.എം.ബഷീർ തിരുവനന്ത പുരത്ത് വെച്ച് വാഹനാപകടത്തിൽ മരിച്ചു.നേരിട്ട് പരിചയമുണ്ടായിരുന്നില്ല,പക്ഷെ,എത്രയോ വർഷങ്ങളായി സിറാജിലൂടെ ആ പേര് മനസ്സിൽ പതിച്ചിരുന്നു,പ്രത്യേകിച്ച് സവിശേഷമായ നിയമസഭാ റിപ്പൊർട്ടിംഗിലൂടെ.ഇത് എന്റെ മാത്രം അനുഭവമല്ലായിരുന്നു,അതു കൊണ്ടാണല്ലോ ആ യുവ പത്ര പ്രവർത്തകന്റെ വിയോഗത്തിൽ പലരും കണ്ണീർ വാർത്തത്.അപ്പോൾ നേരിട്ടറിയാവുന്നവരുടെ,കുടുംബത്തിന്റെ ദു:ഖം പറയേണ്ടതില്ല.
ബഷീർ വാണിയന്നൂർ എന്ന തിരൂർ പ്രാദേശിക ലേഖകനിൽ നിന്നും കേരളം അറിയപ്പെടുന്ന കെ.എം.ബി.ആയിട്ടുള്ള വളർച്ച, അത് അർഹിക്കുന്നതു തന്നെയായിരുന്നു.2003ൽ സിറാജുമായി തുടങ്ങിയ ബന്ധം 2019 ആഗസ്റ്റ് 3 ന് മരിക്കുന്നതു വരെ തുടർന്നു.മരണപ്പെടുന്നതും സിറാജിന്റെ കൊല്ലം പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് തിരിച്ചു വരുമ്പോഴാണല്ലോ?
മർക്കസ് ബോർഡിംഗ് സ്കൂളിലെ വിദ്യാർഥി ആയിരുന്നപ്പോഴേ ആ സവിശേഷമായ പത്രപ്രവർത്തന വൈദഗ്ധ്യം ബഷീറിൽ ഉണ്ടായിരുന്നു,സംഘടനയുമായും പ്രസിദ്ധീകരണങ്ങളുമായുള്ള ബന്ധവും.അല്ലെങ്കിലും സൂഫിവര്യനായ വടകര മുഹമ്മദ്ഹാജി തങ്ങളുടെ മകന് അങ്ങനെ ആകാതിരിക്കാൻ ആവില്ലല്ലോ? 13 വർഷങ്ങൾക്കപ്പുറം തിരുവനന്തപുരത്തേക്ക് കടന്നു വന്ന ആ വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരനെ അപ്പോൾ ആരും ശ്രദ്ധിച്ചില്ല,എന്നാൽ കഴിഞ്ഞ വർഷം മരിച്ചപ്പോഴും സ്വതേയുള്ള ആ ചെറു പുഞ്ചിരി ചുണ്ടിൽ സൂക്ഷിച്ച് ബഷീർ കിടന്നപ്പോൾ കാണാനെത്തി കണ്ണീരോടെ മടങ്ങിയത് തലസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതൃത്വമായിരുന്നു,പത്ര പ്രവർത്തന ലോകത്തെയും സാംസ്കാരിക സാഹിത്യലോകത്തെയും ഉൾപ്പെടെ പ്രമുഖരായിരുന്നു,നേരിട്ടറിയാവുന്നവരും അല്ലാത്തവരുമായ ഒട്ടേറെ സാധാരണ ജനങ്ങളായിരുന്നു.. കുറഞ്ഞ കാലം കൊണ്ട് തലസ്ഥാനത്തിനും കേരളത്തിനും അത്രമേൽ പ്രിയപ്പെട്ടവനും പരിചിതനായിക്കഴിഞ്ഞിരുന്നു ബഷീർ.
കെ.എം.ബിയെപ്പറ്റി ‘’ആ ചെറുചിരിയിൽ..’’ എന്ന അനുസ്മരണ ഗ്രന്ഥം പ്രസിദ്ധീകരിച്ച പത്രപ്രവർത്തകനും പ്രസാധകനുമായ ഷാനവാസ് പോങ്ങനാട് അടക്കം ആ സവിശേഷ വ്യക്തിത്വം ഓർത്തെടുക്കുന്നുണ്ട്,അദ്ദേഹം ഗുരുതരമായ ഒരു അസുഖത്തിന്റെ പിടിയിലായിരുന്നപ്പോൾ ഒരനുജനെപ്പോലെ കൂടെ നിന്ന് ശുശ്രൂഷിച്ച ബഷീർ.അത് പിന്നീട് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് കരുതിയല്ല,അതായിരുന്നു ബഷീർ.
സ്നേഹച്ചരടിനാൽ തന്നെ മാത്രമല്ല കുടുംബത്തെയും ചേർത്തു നിർത്തിയ ബഷീറിന് തനിക്ക് ഈ അക്ഷര സ്മാരകം മാത്രമേ തിരിച്ചു നൽകാനുള്ളൂ എന്ന് ഷാനവാസ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്,അദ്ദേഹത്തിന് നൽകിയ ഏറ്റവും വലിയ സ്മാരകം തന്നെയായി ആ ഓർമ്മക്കുറിപ്പുകൾ ഇപ്പോഴും നിൽക്കുന്നു.ഇങ്ങനെ ബഷീർ ഓരോ സുഹൃത്തുക്കൾക്കും ഓരോ അനുഭവങ്ങളാണ്.നൽകിയത്,നാടിനാകട്ടെ തന്റെ സവിശേഷമായ ഒരു പത്രപ്രവർത്തന ശൈലിയും.
ബഷീറിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിൽ ഒരാളായ ജൻമഭൂമിയിലെ പ്രദീപ് അനുസ്മരിച്ചത് പോലെ പരിചയപ്പെടുന്ന ആർക്കും തന്നോടാണ് ഏറ്റവും അടുപ്പം എന്ന് തോന്നും വിധമായിരുന്നു ബഷീറിന്റെ സമീപനം.അതു കൊണ്ട് തന്നെ 15 വയസ്സിന്റെ വ്യത്യാസമുണ്ടായിട്ടും ബഷീർ പ്രിയ സുഹൃത്തായി മാറിയത്.അടുക്കുന്നവരെയെല്ലാം സ്നേഹത്തിന്റെ മാന്ത്രിക വലയത്തിലാക്കാൻ അവന് പ്രത്യേക കഴിവുണ്ടായിരുന്നു.തന്റെ രോഗാവസ്ഥയിൽ, മകൾക്ക് ഓപ്പറേഷൻ വേണ്ടി വന്നപ്പോൾ… എല്ലാം ഒരാശ്വാസമായി കൂടെയുണ്ടായിരുന്ന ബഷീറിനെ ഹൃദയസ്പർശിയായി പ്രദീപ് ഓർത്തെടുക്കുന്നു.വീട്ടിലെത്തിയപ്പോൾ അരിപ്പത്തിരിയും ബിരിയാണിയും തന്ന് സൽക്കരിച്ച കൂട്ടുകാരനെ കണ്ണീരോടെയാണ് അദ്ദേഹം അനുസ്മരികുന്നത്.
കലാകൗമുദിയുടെ സീനിയർ റിപ്പോർട്ടർ അരവിന്ദ് ശശി അനുസ്മരിച്ചതു പോലെ ’’ജീവിതത്തിൽ ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത ഒരു ദിവസം,ആവർത്തിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോകുന്ന ആ ദു:ഖദിനം.,ഇന്നലെ വരെ ആശ്വാസമായിരുന്ന ഒരു ചിരി ഇന്ന് വേട്ടയാടുകയാണ്,രാവേറെയായിട്ടും കണ്ണുകൾ അടയ്ക്കാൻ കഴിയുന്നില്ല.അടച്ചാൽ ആ നിറഞ്ഞ ചിരി..പ്രിയപെട്ട കെ.എം.ബി.യുടെ ചിരി..എന്നും രാത്രി ചർച്ചകൾ കഴിഞ്ഞ് പ്രസ്ക്ളബ്ബിന്റെ പടിയിറങ്ങുമ്പോൾ ചിരിച്ചു കൊണ്ട് കൈ വീശി യാത്ര പറയുന്ന കെ.എം.ബി.അവസാനമായി ആ പടിയിറങ്ങുമ്പോൾ ഒന്നും പറഞ്ഞില്ല.എങ്കിലും മുഖത്ത് ആ ചിരി മങ്ങാതെ നിന്നു’’
അതെ ഒരു വർഷമാകുമ്പോഴും നമ്മുടെ മനസ്സിൽ ആ ചിരി മായാതെ നിൽക്കുന്നു,പ്രിയപ്പെട്ട കെ.എം.ബിയുടെ സ്മരണകൾക്കു മുന്നിൽ ഓർമ്മപ്പൂക്കൾ.
……………………………………………………………………………………………………………………………………………………………………………………………………………………………………………………………………

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനിലവിളി
Next articleഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് യുവജന വിഭാഗം ജീവകാരുണ്യ പ്രവര്‍ത്തനം
നൈന മണ്ണഞ്ചേരി
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English