കവിതകൾ

images

കണ്ണും കാതുമുള്ളവന്റെ
വായ ബലമായി പൊത്തി വെക്കുമ്പോൾ
വിരൽ തുമ്പിലൂടെ സ്വതന്ത്രമാവുന്ന
നിലവിളികളാണു കവിതകൾ.

അടിയിൽ നിന്നുള്ള
അഗ്നിയുടെ താപവും
അകത്തു നിന്നുള്ള
മർദവും ഒന്നിച്ചു വന്നു
നോവിച്ചപ്പോൾ
ആവി പോകാൻ മാത്രമുള്ള
സുഷിരത്തിലൂടെ
ആകാശം തേടിപ്പറക്കുന്ന
ചൂളം വിളികളാണു കവിതകൾ.

കെട്ടിനിർത്തിയ വെള്ളത്തുള്ളികൾ
ഒഴുകാൻ കഴിയാതെ
മൗനമാചരിക്കുമ്പോൾ
ഉറക്കം കെടുത്താനായി
ജന്മമെടുക്കുന്ന
കൊതുകുകളാണു കവിതകൾ.

ആവാസസ്ഥലങ്ങളിൽ നിന്നും
ആട്ടിയകറ്റപ്പെട്ടു
തെരുവിന്റെ ദൈന്യതകളിൽ
തള്ളിനീക്കപ്പെടുന്ന
പട്ടി ജന്മങ്ങളുടെ
അർധരാത്രികളിലെ
ഓരികളാണു കവിതകൾ..

ദാഹജലം കിട്ടാതെ
വരണ്ടുണങ്ങിയ വിത്തുകൾ
കണ്ണീർ തുള്ളികൾ കുടിച്ചു
തോടു പൊട്ടിച്ചു
പുറത്തേക്കു നീട്ടുന്നതലയും
മണ്ണിലേക്ക് താഴ്ത്തുന്ന
വേരുകളുമാണു കവിതകൾ.

ആത്മസംഘർഷങ്ങൾ തീർത്ത
സമരങ്ങൾക്കൊടുവിൽ
തീയും വെളിച്ചവും ശബ്ദവുമായി
പൊട്ടിച്ചിതറുന്ന
വെടിമരുന്നുകളാണു കവിതകൾ.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English