കര്‍മ്മയോഗം

karmafalam

 

അഞ്ചുതിരിയിട്ട നിലവിളക്കിനുമുന്നിലിരുന്ന് അപ്പുമണി സ്വാമികള്‍ പ്രഭാഷണം ആരംഭിച്ചു.

“ഇന്നു നമുക്ക് വേലുണ്ണിയേയും പാലുണ്ണിയേയും പരിചയപ്പെടാം.”

പ്രഭാഷണ മണ്ഡപത്തിലെ നൂറുകണക്കിനു സ്രോതാക്കളെനോക്കി പുഞ്ചിരിപൊഴിച്ചുക്കൊണ്ട് സ്വാമികള്‍ ആമുഖമായിമൊഴിഞ്ഞു.

വേലുണ്ണി ഒരു കര്‍ഷകനാണ്. ആദ്യമഴയ്ക്കു പിന്നാലെ പാടം ഉഴുതിട്ടു. ഉണങ്ങിയ ചാണകപ്പൊടിയും ചാരവും വിതറി മണ്ണിനെ പോഷിപ്പിച്ചു. പതിരൊട്ടുമില്ലാത്ത വിത്തുനോക്കി വിതച്ചു. വേണ്ട സമയത്ത് കള പറിച്ച് വളമിട്ടു. വിളയെ കീടബാധയില്‍ നിന്നും സംരക്ഷിച്ചു. വേലുണ്ണിക്ക് നല്ല വിളവുകിട്ടി.

പാലുണ്ണിയും ഒരു കര്‍ഷകനാണ്. ഇടവപ്പാതി കഴിഞ്ഞിട്ടാണ് പാടം പൂട്ടലും വിതയുമൊക്കെ നടന്നത്. വിതച്ചതില്‍ പാതിമുളച്ചില്ല. മുളച്ചതില്‍ പാതി വിളഞ്ഞതുമില്ല. കളകള്‍ വിളയെ വിഴുങ്ങുന്നത് കണ്ടില്ലെന്നു ഭാവിച്ചു. കതിരില്‍ കൊണ്ടുവളംവെച്ചു. കൊയ്ത്തും മെതിയുമൊക്കെ പ്രഹസനമായിത്തീര്‍ന്നു. വിളവെടുപ്പിനുശേഷവും പാലുണ്ണിയുടെ പത്തായം ഒഴിഞ്ഞുതന്നെ കിടന്നു.

കഥയ്ക്കുവിരാമമിട്ടുകൊണ്ട് സ്വാമികള്‍ മുന്നിലിരിക്കുന്നവരുടെ മുഖങ്ങളിലൂടെ കണ്ണോടിച്ചു.

അതേ, വേലുണ്ണിയും പാലുണ്ണിയും അവരവരുടെ കര്‍മ്മഫലമാണ് ഏറ്റുവാങ്ങിയത്. നിറഞ്ഞപത്തായവും ഒഴിഞ്ഞപത്തായവും അവരവരുടെ കര്മ്മഫലമാണെന്നറിയുക. നിങ്ങള്‍ ആരാണെന്നും ആരാകണമെന്നും നിങ്ങള്‍തന്നെ തീരുമാനിക്കുക.

അപ്പുമണിസ്വാമികള്‍ പറഞ്ഞുനിര്‍ത്തി.

തുടര്‍ന്ന് സ്രോതാക്കള്‍ക്ക് ഇടപെടാനുള്ള അവസരമാണ്. ആര്‍‍ക്കും എന്തുസംശയവും ചോദിക്കാം.

“സ്വാമി, ചിലപ്പോള്‍ വേലുണ്ണിമാര്‍ക്കും നിരാശപ്പെടേണ്ടി വരാറില്ലേ?”

പിന്‍നിരയില്‍നിന്നും ഒരു ചോദ്യം ഉയര്‍ന്നു വന്നു.

നിലവിളക്കിലെ തിരിനീട്ടിക്കൊണ്ട് സ്വാമികള്‍ ഒന്നു പുഞ്ചിരിച്ചു.

“അങ്ങനെയും സംഭവിക്കാം. പക്ഷേ, അത് വേലുണ്ണിയുടെ അപരാധമാകുന്നില്ല. നിറയെ എണ്ണയുള്ളപ്പോഴും നിലവിളക്കിലെ തിരിയണയാറുണ്ട്.”

ചോദ്യങ്ങളും ഉത്തരങ്ങളുമായി ഉച്ചവരെ നീണ്ട പ്രഭാഷണത്തിനുശേഷം സ്വാമികള്‍ കല്പനയ്ക്കായി അന്ന് വേലായുധനെയാണ് ആദ്യം വിളിച്ചത്.

“കീഴിപ്പാടം ഇക്കുറി വേലായുധനെ നിരാശപ്പെടുത്തിയില്ല. നൂറുമേനി കൊയ്തെടുക്കാം.”

വേലായുധന്റെ മനസ്സുനിറഞ്ഞു.

സ്വാമികള്‍ തുടര്‍ന്നുവിളിച്ചത് കുമാരനെയാണ്. കുമാരന്‍ തൊഴുകൈകളോടേ സ്വാമികളുടെ മുന്നിലിരുന്നു.

“നീ വിതച്ചതുമില്ല കൊയ്തിട്ടുമില്ല. പിന്നെങ്ങനെ പത്തായം നിറയും?”

സ്വാമികള്‍ പതിഞ്ഞശബ്ദത്തില്‍ ചോദിച്ചു.

“വിതയ്ക്കാന്‍ വിത്തില്ല. നിറയ്ക്കാന്‍ പത്തായവുമില്ല സ്വാമീ.”

കുമാരന്റെ കണ്ണുകള്‍ നിറഞ്ഞു. ശബ്ദമിടറി.

“നീ വിതയ്ക്കും കൊയ്യുക.” – സ്വാമികള്‍ പുഞ്ചിരിച്ചു.

“പക്ഷേ, വിതയ്ക്കാനും കൊയ്യാനും വയല്‍ വേണമല്ലോ സ്വാമീ.” -കുമാരന്‍ കണ്ണുതുടച്ചു.

“നിനക്കുള്ള വയല്‍ നീ വൈകാതെ കണ്ടെത്തും.” സ്വാമികള്‍ അനുഗ്രഹിച്ചു.

സ്വാമികള്‍ പിന്നീടുവിളിച്ചത് നാകേലനെയാണ്.

“നാകേലന് വിതയും കൊയ്ത്തുമൊക്കെ മതിയാക്കാം.”

തൊണ്ണൂറോടടുത്ത നാകേലന്‍ ഒന്നും മിണ്ടാതെ തൊഴുതുനിന്നു.

അപ്പുമണി സ്വാമികള്‍ വിശ്രമമുറിയിലേക്ച്ചെന്നു.

സ്രോതാക്കള്‍ക്കു മുന്നില്‍ അഞ്ചുതിരിയിട്ട നിലവിളക്ക് അപ്പോഴും പ്രകാശിച്ചുകൊണ്ടിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English