കാരി

നേരിട്ടു മൂനാം ക്ലാസിലാണ്‌ ചേർന്നത്. വീട്ടിൽ നിന്നും നാലു  നാഴിക ദൂരേ യാണ് സ്കൂൾ. ക്ലാസ്സിൽ ഷർട്ടു ധരിച്ച് വരുന്നവർ ഞാനടക്കം നാലുപേർ. ബാക്കി കുട്ടികളെല്ലാം  വളരെ മുഷിഞ്ഞ തോർത്തുമുണ്ട് ഉടുത്താ ണ് വരുക..അധിക  കുട്ടികൾക്കും പഠിപ്പിനെക്കാൾ താല്പര്യം സ്കൂളിൽ നിന്നും ഉച്ചക്ക് കിട്ടുന്ന കഞ്ഞിയോടായിരുന്നു.

ക്ഷാരത്തേ അച്ചുണ്ണിയുടെ കൂടെയാണ് സ്കൂളിൽപോവുക.

മൂന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഗോപാലൻ മാഷാണ്. മാഷ് വളരെ ദയാലുവാണ്.കുട്ടികളെ അടിക്കുകയോ ശകരിക്കയോ ഇല്ല.എല്ലാ കുട്ടികളും ഒരുപോലെയാണ് മാഷ്‌ക്ക്‌.

ബെഞ്ചിൽ തൻ്റെ അടുത്തു ഇരിക്കുന്നത് കാരിയാണ്.

മെല്ലിച് നീണ്ടു  കരുവാളിച്ച ഒരു കുട്ടി.ഉണങ്ങിയ മുഖം മാസങ്ങളോളം എണ്ണ കാണാത്ത ചെമ്പിച്ച തലമുടി.

അധികം മിണ്ടാറില്ല. ആദ്യമൊക്കെ അടുത്തിരിക്കാൻ ഒന്നു പരുങ്ങി.

സ്കൂൾ വിട്ട് പോരുമ്പോൾ അച്ചുണ്ണി ചോദിച്ചു.

“നീയെന്തിനാ ആ ചെറുമച്ചെകൻടെ അടുത്ത് ഇരിക്കുന്നത്”?

“മാഷിരുത്തയത് ആണ്.അവിടെ മതി”.

കാരി അധികവും മൗനിയാണ്. നന്നായി പദ്യം ചൊല്ലും, അക്ഷരസ്പ്യൂട്ടതയോടെ.

വഞ്ചിപ്പാട്ട് നീട്ടി ചൊല്ലുന്നതുകേൾക്കാൻ നല്ല രാസമാണ്.

ഒരു ദിവസം ക്ലാസ് തുടങ്ങിയപ്പോൾ മാഷ് കാരിയോട് പ്രാർത്ഥന ചൊല്ലാൻ പറഞ്ഞു.

കാരി എഴുനേറ്റു നിന്നുകൊണ്ട് ചെല്ലാൻ തുടങ്ങി. രണ്ടു വരി കഴിഞ്ഞപ്പോൾ അവൻടെ ശബ്ദം ഇടറി തുടങ്ങി. പിന്നെ അവൻ കുഴഞ്ഞുവീണു. മാഷ് ഓടി വന്നു അവനെ എഴുന്നേല്പിച്ചിരുത്തി. വെള്ളം കൊടുത്തു

“നീ വെറുംവയറ്റിലാണോ സ്കൂളിലേക്ക് വന്നത് കാര്യേ.

രാവിലെ ഒന്നും കഴിച്ചിട്ടില്ലേ”?

“ഉം ഉം ”  അവൻ ഇല്ലെന്നു പറഞ്ഞു

“”ഇന്നലെ രാത്രിയോ” ?

അവൻ മിണ്ടിയില്ല

ക്ലാസ്സിലെ മുതിർന്ന കുട്ടിയായ അബ്ദുവിനെ വിളിച്ചു മാഷ്‌ പറഞ്ഞു

“എടാ അബ്ദു നീ പോയി ചേന്നന്റെ

പീട്യ പ്പോയി രണ്ടണക്കു പഴും അവിലും വാങ്ങിക്കൊണ്ടു കാരിക്കു കൊടുക്കു. ”

രണ്ടണ    മാഷ്‌ അബ്ദുവിന്ന് കൊടുത്തു

മാഷോട് ബഹുമാനവും കാരിയോട് സഹതാപവും തോന്നി

പിറ്റേന്ന് മുതൽ  പാടങ്ങളിൽ കൊയ്ത്തു തുടങ്ങി കാരിയടക്കം പകുതിയിലധികം കുട്ടികളും സ്കൂളിൽ വരാതയി.കൊയ്‌തിന്നു വീട്ടിലെ മുതിർന്നവരെ സഹായിക്കാൻ പോകുന്നതാണ്.

കൊയ്ത്തു കാലം കഴിഞ്ഞപ്പോൾ കാരി ഒഴികെ എല്ലാവരും വന്നു.

അപ്പോൾ അബ്ദു പറഞ്ഞു

“ഓനിനി ബരില്ല.  ഓന്റെ ബാപ്പ മയ്യത്തായി.”

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English