കണ്ടതും കേട്ടതും

വിനയനെ പറ്റി ആരെന്തു പറഞ്ഞാലും അത്രക്കു വിശ്വസിക്കാന്‍ തോന്നിയിരുന്നില്ല
അച്ഛന്റെയും അമ്മയുടെയും നിഴല്‍ പറ്റിയാണ് അവന്‍ വളര്‍ന്നത്.

അതുകൊണ്ടു തന്നെ വേറെ കൂട്ടുകെട്ടുകളും കാര്യമായി അവനുണ്ടായിരുന്നില്ല.

പെങ്ങളെയും പൊന്നു പോലെയായിരുന്നു കൊണ്ടു നടന്നിരുന്നത്.

പക്ഷെ,

വിവാഹം കഴിഞ്ഞതോടെയാണ് കാര്യങ്ങള്‍ എല്ലാം മാറി മറഞ്ഞത്.

എത്ര ആലോചിച്ചിട്ടും അങ്ങട് പൊരുത്തപ്പെടാന്‍ പറ്റണില്ല.

പെങ്ങളെ കാണെണ്ടന്നായി.

അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു.

വാടക വീട്ടിലേക്കു താമസം മാറ്റി.

ആരുമായും അധികം ചങ്ങാത്തം ഇല്ലാതിരുന്നതിനാല്‍ പുറത്താരും ഇതൊന്നും തിരക്കാനും നടന്നില്ല.

കേട്ടതെല്ലാം അവന്റെ ഭാര്യയെകുറിച്ചുള്ള പരാതികളാണ്.

തന്റേടിയും അഹങ്കാരിയും, അനുസരണയില്ലാത്തവളും അങ്ങനെ അതു നീണ്ടു.

കുടുംബവഴക്കുകള്‍ക്കിടയില്‍ കേട്ട് മടുത്ത അതേ പല്ലവി.

ഒടുവില്‍ മാനസിക രോഗിയെന്നു പറയാതെ പറഞ്ഞു അവളെ മുദ്ര കുത്തി.

അവനോടു തിരക്കിയിട്ടും ഒന്നും തുറന്നു പറഞ്ഞില്ല.

എല്ലാം പിന്നീടൊരിക്കല്‍ ബോധ്യമാകുമെന്നു മാത്രം.

അവനെ അറിയാവുന്നതുകൊണ്ട് അതൊന്നും കേട്ടതായി ഭാവിച്ചില്ല.

ഇപ്പോഴാണ് ഒരു പാടു സാഹചര്യ തെളിവുകള്‍ മുന്നിലെത്തിയത്.

മരുമകള്‍ക്കല്ല അമ്മായിയമ്മക്കാണത്രെ മാനസിക രോഗം.

അതും സ്വന്തം കെട്ടിയോനെ കുറിച്ചുള്ള സംശയം തലക്കു പിടിച്ചതിന്റെ രോഗം തന്നെയെന്നാണ് കേള്‍ക്കുന്നവര്‍ പറയുന്നത്.

ഇപ്പോഴും മരുമകളെ കുറ്റം പറയുന്നതില്‍ യാതൊരു കുറവും അവര്‍ വരുത്തിയിട്ടില്ല.

കുടുംബമായാല്‍ ഇങ്ങനെയൊക്കെയുണ്ടാകും നിങ്ങള്‍ ഇതിലൊന്നും തലയിടണ്ട എന്നാണ് ഭാര്യയുടെ കര്‍ശന നിര്‍ദ്ദേശം.

ഇല്ലേല്‍ ഇനി നിങ്ങളെപറ്റിയും അവര്‍ കഥകള്‍ പറഞ്ഞുണ്ടാക്കും.

സൂക്ഷിച്ചു നട‍ക്കാന്‍ നോക്കെന്നു ഒരു ഉപദേശവും.

അതിനാല്‍ ഞാനൊന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.
——————————————————
ഷാജി ഇടപ്പിള്ളി

കടപ്പാട് : – സായാഹ്ന കൈരളി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English