കണക്കിനു ചിരി

തൊട്ടടുത്ത ക്ലാസില്‍ കണക്ക് പിരീഡാവുകയും , അവിടെ പഠിപ്പിക്കുന്നത് നോബിള്‍ മാഷാണെങ്കില്‍ സംഗതി പ്രശ്നമായി. അപ്പുറവും ഇപ്പുറവുമുള്ള ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പറ്റാതായി. കുട്ടികള്‍ ശ്രദ്ധിക്കുന്നത് നോബിള്‍ മാഷിന്റെ ക്ലാസിലേക്കായിരിക്കും. മിഴിയിങ്ങും മനമങ്ങും എന്ന മട്ട് .

നോബിള്‍ മാഷ് പഠിപ്പിക്കുന്നത് ഗണിതം . പറയുന്നതെന്തും ഫലിതം ! കുട്ടികള്‍ ചിരിയോടു ചിരി . ചിരി ഒരു തരംഗമായപ്പോള്‍ ഗൗരവക്കാരായ സഹജീവികള്‍ക്ക് ക്ഷമ കെട്ടു. അവര്‍ പാര പണിയാനുള്ള ശ്രമമാരംഭിച്ചു.

” ഇയാള്‍ക്ക് കലാഭവനിലായിരുന്നോ പണി?”

എച്ച്. എം. നോബിള്‍ മാഷിനെ കണ്ട് ചോദിച്ചു .

” സാര്‍, അധ്യാപകര്‍ക്ക് അല്പ്പസ്വല്പ്പം ഹ്യൂമര്‍ സെര്‍സ് വേണമെന്നാണ് എന്റെ പക്ഷം. പഠിപ്പിക്കുന്നത് ഗണിതമായതു കൊണ്ട് പ്രത്യേകിച്ചും . കണക്ക് പഠിപ്പിക്കുന്നതിനിടയില്‍ ഓരോന്ന് പറഞ്ഞു പോകുന്നതാണ്. പിള്ളേര്‍ക്ക് ബോറടിക്കാതിരിക്കാന്‍ . കോമഡിയായി പോകുന്നുവെന്നു മാത്രം അല്ലാതെ മന:പൂര്‍വം പറയുന്നതല്ല”

അര്‍ദ്ധ വാര്‍ഷിക പരീക്ഷ കഴിഞ്ഞപ്പോഴാണ് മാഷിന്റെ കണക്കു ക്ലാസില്‍ തല തല്ലി ചിരിച്ച കുട്ടികളൂടെ കണക്ക് പേപ്പറിന്റെ മാര്‍ക്ക് പുറത്തറിയുന്നത് . മാഷ് പഠിപ്പിച്ച എല്ലാ ക്ലാസുകളിലും കണക്കിന്റെ വിജയ ശതമാനം കുത്തനെ ഉയര്‍ന്നിരിക്കുന്നു.

ചാര്‍ളി മാഷ് ചിരിച്ചു. മാഷ് എത്ര പാടു പെട്ടിട്ടും സഹ അധ്യാപകര്‍ ചിരി വരുത്തിയില്ല. പക്ഷെ എച്ച്. എമ്മിനു നോബിള്‍ മാഷിന്റെ ചിരി ക്ലാസ് നന്നേ ബോധിച്ചു.

” നോബിള്‍ മാഷേ , നമ്മുടെ കുട്ടികള്‍ കണക്കിനു വളരെ പിന്നിലാണല്ലോ കണക്കിന്റെ പഠന നിലവാരമുയര്‍ന്നത് നമുക്ക് കണക്കിലല്പ്പം നര്‍മ്മം ചാലിച്ചാലോ മാഷേ? നമുക്ക് ടീച്ചര്‍മാരെയൊക്കെ തമാശ പഠിപ്പിച്ചാലോ! അതിനെന്താ വഴി?”

” ഗുഡ് ഐഡിയയാണു സാര്‍. അധ്യാപക പരിശീലനങ്ങള്‍ നടത്തുമ്പോള്‍ ഹ്യൂമര്‍ ഡവലപ്മെന്റ് പോഗ്രാമുകളും നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാം”

നോബിള്‍ മാഷിന്റെ തമാശ കേട്ട് എച്ച്. എം. ചിരിയോടു ചിരി.

സ്റ്റാഫ് മീറ്റിംഗ് വിളിച്ച് എച്ച്. എം. ഇക്കാര്യം ബോധിപ്പിച്ചു.

” മധ്യ വേനലവധിക്ക് നമ്മുടെ എല്ലാ സ്റ്റാഫ് അംഗങ്ങളും നിര്‍ബന്ധമായും ഏതെങ്കിലും മിമിക്രി ട്രൂപ്പുകളില്‍ ചേര്‍ന്ന് അത്യാവശ്യം തമാശകള്‍ പഠിച്ചിട്ടേ ഇങ്ങോട്ട് വരാവു എന്ന് പ്രത്യേകം അറിയിക്കുന്നു”

അടുത്ത കൊല്ലം സ്കൂള്‍ തുറന്ന ദിവസം സ്റ്റാഫ് റൂം ഒന്നു കാണേണ്ടതായിരുന്നു. മിമിക്രി ട്രൂപ്പിന്റെ റിഹേഴ്സല്‍ ക്യാമ്പ് ആണോയെന്ന് സംശയിച്ചു പോകും ഓരോരോ നമ്പറുകളും കൂട്ടച്ചിരിയും ! എല്ലാവരും നല്ല ഉഷാറായി .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English