അത്തം പത്തോണം

പൊന്നിൻ ചിങ്ങപ്പൂവിരിഞ്ഞു പൊന്നോണത്തിൻ നാൾ പിറന്നു

മലയാള ദേശമാകെ ഉത്സവമായ്‌

ഭവനങ്ങളെല്ലാം വെളളപൂശിമോടികൂട്ടിടുന്നു

മാവേലിയെ എതിരേൽക്കാൻ ഒരുങ്ങിടുന്നു

തുമ്പപ്പൂവും ചെത്തിപ്പൂവും മുക്കൂറ്റിപ്പൂമുല്ലപ്പൂവും

പൂക്കളത്തിലെത്താൻ വെമ്പൽ കൂട്ടിത്തുടങ്ങി

അത്തത്തിനു തുമ്പപ്പൂവ്‌ ചിത്തിരക്ക്‌ താമരപ്പൂ

ചോതിനാളിൽ ചെത്തിപ്പൂവും കളത്തിൽ വേണം

ഉത്രാടം നാൾ അന്തിനേരം വീട്ടുമുറ്റത്തൊരു ചെറു

തറ കെട്ടി മാവേലിയെ കുടിയിരുത്തും

അപ്പംവട എളളുണ്ടയും നൈവേദ്യമായ്‌ നൽകിടുന്നു

ആർപ്പുവിളിക്കുരവയും തകൃതിമേളം

തിരുവോണനാൾ പുലർന്നു ഓണക്കോടിയുടുക്കേണം

പുലർകാലേ അമ്പലത്തിൽ പോയി വരേണം

ഓണസദ്യയൊരുക്കുവാൻ അമ്മയോടി നടക്കുന്നു

അമ്മാവൻമാർ ചീട്ടുകളി തകർത്തിടുന്നു

മാവേലിയോടൊത്തോണ സദ്യയുണ്ടുകഴിയുമ്പോൾ

ബാലികാബാലന്മാർ കളിക്കളത്തിലെത്തും

നാടൻ പന്ത്‌, കിളിത്തട്ട്‌, തുമ്പിത്തിളളൽ ഊഞ്ഞാലാട്ടം

കൊച്ചു കുഞ്ഞുങ്ങളും പാറിപ്പറന്നിടുന്നു.

തെയ്യംതിറ പുലികളി ഓണംകളി വളളംകളി

എല്ലാവരും കളിച്ചാർത്തു തകർത്തിടുന്നു

പെൺകൊടികൾ പുളിയിലക്കരമുണ്ടുടുത്തിട്ട്‌

തിരുവാതിരക്കു മുന്നിൽ ദീപം കൊടുത്തി

കാറൽ മാർക്‌സിൻ സോഷ്യലിസം ഗാന്ധിജിതൻ രാമരാജ്യം

ഗുരുദേവൻ പഠിപ്പിച്ച സമത്വമന്ത്രം

എല്ലാമെല്ലാമൊന്നിക്കുന്നീ പൊന്നിൻ തിരുവോണനാളിൽ

സമത്വ സുന്ദരമെന്റെ കേരളനാട്‌

ഉളളവനും ഇല്ലാത്തോനും ഭേദമില്ലിന്നിവിടത്തിൽ

ജാതിമത വ്യത്യാസങ്ങൾ കാണാനുമില്ല.

ഉളളിൽ തിങ്ങും സന്തോഷത്താൽ വെറുതെ ചിന്തിച്ചു പോയി

‘എന്നുമെന്നും ഇവിടോണമായിരുന്നെങ്കിൽ’.

Generated from archived content: poem4_sept30_05.html Author: vinod_kaipillil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English