പൂച്ചയ്‌ക്ക്‌ മണികെട്ടി

ഭ്രാന്താശുപത്രിയിലെ ഡോക്‌ടർ ഓടുമേഞ്ഞ ഒരു പഴയ വീട്ടിലാണ്‌ താമസം. ഡോക്‌ടർക്ക്‌ ഒരു പൂച്ചയുണ്ട്‌. കറുത്ത ഒരു കണ്ടൻപൂച്ച.

എലികളെ കണ്ടാൽ പൂച്ച അവയെ ജീവനോടെ വച്ചേക്കുകയില്ല.

പൂച്ചയുടെ ശല്യം കാരണം എലികൾക്ക്‌ ജീവിക്കാൻ നിവർത്തിയില്ലാതായി. അവ യോഗം ചേർന്ന്‌ പൂച്ചയുടെ ശല്യം ഒഴിവാക്കാനുളള മാർഗ്ഗം ആലോചിച്ചു.

പലരും പല അഭിപ്രായങ്ങളും പറഞ്ഞ കൂട്ടത്തിൽ മിടുക്കൻ എലി പറഞ്ഞു.

“ഇരുട്ടുപോലെ കറുത്ത പൂച്ച പമ്മി വരുമ്പോൾ അതിനെ കാണാൻ കഴിയുന്നില്ല. വരുന്ന ശബ്‌ദവും കേൾക്കുന്നില്ല.

പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടിയാൽ അവൻ വരുമ്പോൾ മണിയുടെ ശബ്‌ദം കേൾക്കും. അപ്പോൾ നമുക്ക്‌ ഓടി രക്ഷപ്പെടാം.‘

’കൊളളാം നല്ല കാര്യം. നിന്റെ ബുദ്ധി അപാരം. എല്ലാ എലികളും മിടുക്കൻ എലിയുടെ അഭിപ്രായം ശരിവച്ചു.

അപ്പോൾ കൂട്ടത്തിൽ ഒരു വയസ്സൻ എലി ചോദിച്ചു.

‘ആരാണ്‌ പൂച്ചയുടെ കഴുത്തിൽ മണി കെട്ടുന്നത്‌?’ ആരും അതിനു ഉത്തരം പറഞ്ഞില്ല.

അതിനുളള ധൈര്യം, ആർക്കും ഉണ്ടായില്ല.

എല്ലാ എലികളും ഒഴിഞ്ഞു മാറുന്നതു കണ്ടപ്പോൾ വയസ്സൻ എലി പറഞ്ഞു.

”ഒരു കാര്യം ചെയ്യൂ. മണികെട്ടുന്ന കാര്യം പറഞ്ഞ മിടുക്കൻ തന്നെ പോയി പൂച്ചയുടെ കഴുത്തിൽ മണികെട്ട്‌. മണി ഞാൻ സംഘടിപ്പിച്ചു തരാം.‘

’എന്നാൽ ഞാൻ കൊണ്ടുപോയി മണി കെട്ടാം.‘ മിടുക്കൻ എലി പറഞ്ഞു.

പിറ്റേദിവസം വയസ്സൻ എലി ആട്ടിൻകൂട്ടിൽ ചെന്നു. ആടിന്റെ കഴുത്തിൽ ചരടിൽ കോർത്ത്‌ കെട്ടിയിരുന്ന മണി ചരടു മുറിച്ച്‌ എടുത്തുകൊണ്ടുവന്നു. ഒരു കമ്പിയിൽ കോർത്ത്‌ മിടുക്കൻ എലിയുടെ കയ്യിൽ കൊടുത്തുകൊണ്ടു പറഞ്ഞു.

“ധൈര്യമുണ്ടെങ്കിൽ കൊണ്ടുപോയി പൂച്ചയുടെ കഴുത്തിൽ കെട്ട്‌.”

’ഞാൻ കൊണ്ടുപോയി കെട്ടാം.‘

മിടുക്കൻ എലി പറഞ്ഞു.

’എടാ വേണ്ട നീ വെറുതെ ചാവാനുളള പണിക്കു പോകണ്ട. പൂച്ച നിന്നെ പിടിച്ചുതിന്നും.‘ മറ്റുളള എലികൾ പറഞ്ഞു.

’എന്നെ പിടിച്ചു തിന്നാതെ ഞാൻ നോക്കിക്കൊളളാം.‘ മിടുക്കൻ എലി തെല്ല്‌ അഹങ്കാരത്തോടെ പറഞ്ഞു.

മിടുക്കൻ എലി കമ്പിയിൽ കോർത്ത മണി എടുത്തുകൊണ്ടുപോയി. പാതിരാത്രിയാകാൻ കാത്തിരുന്നു.

പാതിരാത്രിയായപ്പോൾ പൂച്ച കിടന്നുറങ്ങുന്നതു കണ്ടു. മിടുക്കൻ എലി മണി എടുത്തുകൊണ്ടുപോയി പൂച്ചയുടെ കഴുത്തിൽ കെട്ടി.

അതിനുശേഷം മറ്റുളള എലികളെ വിളിച്ചു. പൂച്ചയുടെ കഴുത്തിൽ മണി കെട്ടിയിരിക്കുന്നതു കാണിച്ചു കൊടുത്തു.

ആ കാഴ്‌ച കണ്ടപ്പോൾ മറ്റുളള എലികൾ അത്ഭുതത്തോടെ ചോദിച്ചു.

’നീ എങ്ങനെ പൂച്ചയുടെ കഴുത്തിൽ മണികെട്ടി. പൂച്ച നിന്നെ ഒന്നും ചെയ്‌തില്ലേ?‘

മിടുക്കൻ എലി ചിരിച്ചുകൊണ്ടു പറഞ്ഞു.

’പൂച്ച കിടന്നുറങ്ങുന്നതു കണ്ടോ? അവൻ നേരം വെളുത്താലെ ഇനി എഴുന്നേൽക്കുകയുളളൂ. അവന്റെ കഴുത്തിൽ മണികെട്ടിയ വിവരമൊന്നും അവൻ അറിഞ്ഞിട്ടില്ല.

പൂച്ചയ്‌ക്ക്‌ ഞാൻ ഉറക്ക ഗുളിക കൊടുത്തു. അതാണ്‌ പൂച്ച ബോധംകെട്ടുറങ്ങുന്നത്‌.‘ മിടുക്കൻ എലി പറഞ്ഞു.

’എടാ നീ കൊളളാമല്ലോ? നിനക്ക്‌ എവിടെ നിന്നാണ്‌ ഉറക്കഗുളിക കിട്ടിയത്‌?‘ കൂട്ടുകാരായ എലികൾ ചോദിച്ചു.

ഡോക്‌ടറുടെ ഭാര്യക്ക്‌ അല്‌പം ഭ്രാന്തുണ്ട്‌. അവർക്ക്‌ ഉറങ്ങാൻ വേണ്ടി കൊടുക്കുന്ന ഗുളിക വക്കുന്ന സ്ഥലം ഞാൻ കണ്ടിട്ടുണ്ട്‌. അവിടെ നിന്ന്‌ രണ്ടു ഗുളികകളുമായി ഞാൻ അടുക്കളയിൽ ചെന്ന്‌ ഒരു ഉണക്ക അയല എടുത്ത്‌ അതിന്റെ ഉളളിൽ ഗുളികകൾ ഒളിപ്പിച്ചു വച്ചു. എന്നിട്ട്‌ പൂച്ച വരുന്ന വഴിയിൽ കൊണ്ടുപോയി വച്ചു. പൂച്ച ഉണക്ക അയില എടുത്തു തിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൂർക്കം വലിച്ചു കിടന്നുറങ്ങി’- മിടുക്കൻ എലി പറഞ്ഞു.

‘എടാ നീ മിടുക്കൻ തന്നെ പേരുപോലെ തന്നെ നിന്റെ പ്രവൃത്തിയും. നീ അപാര ബുദ്ധിമാനാണ്‌.’ കൂട്ടുകാർ മിടുക്കൻ എലിയെ അഭിനന്ദിച്ചു.

Generated from archived content: story1_may17.html Author: sathyan_thannipuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English