ഇരുൾമൂടി വിജനമാം വീഥിയിലൂടെ ഞാ-
നേകാന്ത പഥികനായ് നീങ്ങീടവേ
പാതക്കിരുപുറമിടതൂർന്ന പൊന്ത-
ക്കാടുകൾ കണ്ടാൽ ഭയം നിറയും.
ചുടുചോര നക്കുവാൻ വെമ്പുന്ന കുറുനരി-
ക്കൂട്ടങ്ങൾ തൻ മാളമതായിരിക്കാം.
ഇന്നലെ രാത്രിയീതെരുവിൽ കിഴക്കി-
ലജമൊന്നിനെയയ്യോ കടിച്ചുകീറി
ഓടിമറഞ്ഞേതോ താവളം പൂകിയാ-
യിരുളിന്റെ ദുർമുഖസന്തതികൾ.
ജീവന്റെ കണികയാതനുവിൽ നിന്ന-
വസാനമടരുന്നനേരമാ മിഴികളിലെ
യാചന കാണാത്ത കാട്ടാള വർഗ്ഗമേ
നിങ്ങളും ദൈവത്തിൻ സൃഷ്‌ടികളോ?
പാതിവഴിക്കു പൊലിഞ്ഞുപോയ് സ്വപ്‌നങ്ങൾ
പട്ടട തന്നിലെരിഞ്ഞു മോഹങ്ങളും
വാടാത്ത നിന്നോർമ്മപ്പൂക്കൾ വിരിയട്ടെ
വാനിൽ നീ ശാന്തിതൻ താരമായ് തെളിയട്ടെ
നാടിൻ കവലകൾ തോറും കിരാതമാം
രണഭൂമിയാകുന്നിതെന്തു കഷ്‌ടം!
മാനവ മനസ്സിലൊരായിരം മുഷ്‌ടിക-
ളുയരട്ടെ നെറികേടിൻ നേർക്കുനേരെ.
Generated from archived content: poem7_june9.html Author: k_babu
Click this button or press Ctrl+G to toggle between Malayalam and English