ഒരാള്‍ എപ്പോഴാണ് കഥ എഴുതാനിരിക്കുന്നത്?

സബീനയുടെ രാത്രിവേര് എന്ന നോവലിന് പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേതു എഴുതിയ കുറിപ്പ് വായിക്കാം  

“ഒട്ടേറെ ജീവിതാനുഭവങ്ങളുള്ള ഒരാള്‍ക്ക് എപ്പോഴാണ് അവയില്‍ ചിലതൊക്കെ മറ്റുള്ളവരോട് പറഞ്ഞുവയ്ക്കണമെന്ന് തോന്നുന്നത്? ഉത്തരം കിട്ടുക എളുപ്പമാവില്ല. ഒരിക്കലും വിട്ടുപിരിയാത്ത ചില ഓര്‍മ്മകള്‍ ഏതോ പ്രത്യേക നിമിഷത്തില്‍ ഒരാളെ വേട്ടയാടാന്‍ തുടങ്ങുമ്പോഴാവും ഇതൊക്കെ എവിടെയെങ്കിലും രേഖപ്പെടുത്തി വയ്ക്കാതെ വയ്യെന്ന് തോന്നിപ്പോകുക. അതിനുപുറകില്‍ ഏതെങ്കിലും പ്രത്യേക കഥാപാത്രമോ ഏതെങ്കിലും സവിശേഷമായ കഥാസന്ദര്‍ഭമോ ഉണ്ടായെന്നു വരാം. അങ്ങനെ നേരില്‍ കണ്ട സംഭവങ്ങളോടൊപ്പം കേട്ട കഥകളും കേള്‍പ്പിച്ച കെട്ടുകഥകളുമൊക്കെ കഥകളുടെ രൂപമെടുക്കാറുണ്ടണ്ട്. അത്തരമൊരു വിചിത്രനിമിഷത്തിനു വേണ്ടിയാണല്ലോ പൊതുവേ കഥാകൃത്തുക്കള്‍ കാത്തിരിക്കുന്നത്.

പല നാടുകള്‍ കണ്ട, പല കാഴ്ചകള്‍ കണ്ട, എന്റെ നാട്ടുകാരികൂടിയായ സബീന എം. സാലിയുടെ പക്കല്‍ പറയാനായി അത്തരം കഥകള്‍ ഒരു പാടുണ്ട്. അവ പറയേണ്ടത് എങ്ങനെയെന്ന് നന്നായറിയുകയും ചെയ്യാം. കവിത തുളുമ്പുന്ന ശൈലിയില്‍ അനായാസമായി അവരങ്ങനെ കഥ പറഞ്ഞുപോകുന്നു. വികാരതീവ്രമാകേണ്ട ചിലയിടങ്ങളില്‍ കാവ്യഭാവനയോടുള്ള ഭ്രമം കൂടുന്നുവോയെന്ന സംശയം മാത്രം ബാക്കി. അതുകൊണ്ടുതന്നെ സബീനയ്ക്ക് കൂടുതല്‍ ചേരുന്നത് കഥയെക്കാള്‍ കവിതയായിരിക്കുമോ എന്നുകൂടി തോന്നിപ്പോകാറുണ്ട്. എന്തായാലും, അതിസൂക്ഷ്മമായ നിരീക്ഷണപാടവം അവരുടെ കൈമുതലാണ്. പുരാതനദില്ലിയിലെ ചേരികളായാലും വെല്ലിങ്ടണ്‍ ദ്വീപിലെ ബ്രിസ്റ്റോ മ്യൂസിയത്തിലെ പ്രദര്‍ശനമുറിയായാലും അറബിനാട്ടിലെ ഒട്ടേറെ സവിശേഷതകളായാലും ഒന്നും അവരുടെ കാഴ്ചയില്‍നിന്ന് വിട്ടുപോകുന്നില്ല. അവയെല്ലാം കഥാഗാത്രത്തില്‍ ചേരേണ്ടവിധം വിളക്കിച്ചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഈ സമാഹാരത്തിലെ പതിന്നാലു കഥകളില്‍ മിക്കതും അനുവാചകനെ എവിടെയോ ഒക്കെ സ്പര്‍ശിക്കുന്നു.

സ്ത്രീപുരുഷബന്ധത്തിലെ ചില സവിശേഷമായ അവസ്ഥകള്‍ തന്നെയാണ് പല കഥകളിലെയും അടിസ്ഥാന പ്രമേയം. ഇക്കാര്യത്തില്‍ ഏറെ വ്യത്യസ്തരാണ് ഇതിലെ വിവിധ പ്രണയജോടികള്‍. തീര്‍ത്തും കാല്പനികമായ ഒരു പഴയ പ്രേമത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാനായി ഈ പഴയ ദ്വീപില്‍ എത്തിപ്പെടുന്നയാളെ കാത്തിരിക്കുന്നതാകട്ടെ ഒരു പൊതുസുഹൃത്തില്‍നിന്ന് കിട്ടുന്ന അസുഖകരമായ വാര്‍ത്തയാണ്. തങ്ങളുടെ സ്‌നേഹത്തിന്റെ വിശുദ്ധി ഒരിക്കലും നഷ്ടപ്പെടരുതെന്നും തങ്ങള്‍ക്കിടയില്‍ ശരീരം ഒരിക്കലും കടന്നുവരരുതെന്നും മോഹിക്കുന്നവരാണവര്‍. ഒടുവില്‍ ഇതിലെ രോഗാതുരയായ ദുരന്തനായിക ഒരു മറുപിറവിയിലൂടെയെന്നോണം അയാളുടെ കുഞ്ഞിന്റെ രൂപമെടുക്കുന്നുവെന്ന സൂചനവരെ നല്‍കുന്നുണ്ട് കഥാകൃത്ത്. കാരണം, ആ മരണമറിയുന്ന അതേ നേരത്താണല്ലോ അയാളുടെ ഭാര്യ പ്രസവിക്കുന്നത്. ഒരിക്കലും പൂക്കില്ലെന്ന് കരുതുന്ന മരങ്ങള്‍പോലും പുഷ്പിക്കുന്ന ‘ഒരു മഴയ്ക്കിപ്പുറത്ത്’ എന്ന മനോഹരമായ കഥയിലെ കാല്പനിക പ്രണയം ഒരുപക്ഷേ, പുതിയ തലമുറയുടെ പ്രണയസങ്കല്പങ്ങള്‍ ക്കപ്പുറമായിരിക്കും. മറ്റൊരു കഥയില്‍ കാമിനികാമുകന്മാരുടെ കൂടിച്ചേരല്‍ സംഭവിക്കുന്നതാകട്ടെ വേറൊരു തരത്തിലാണ്. തന്റെ യൗവനകാലത്തെ കാമുകനെ പിന്നീട് കണ്ടെത്താനായി ഒരു സ്ത്രീ അഭയം പ്രാപിക്കുന്നത് സോഷ്യല്‍ മീഡിയയെയാണ്. ഒടുവില്‍ തികച്ചും യാദൃച്ഛികമായി അതേ ഛായയുള്ള അയാളുടെ മകനെ കണ്ടുമുട്ടുന്നത് ഒരു ആശുപത്രിയില്‍വെച്ചാണ്. അപ്പോള്‍ എന്നോ കൈവിട്ടുപോയ പ്രണയത്തിന്റെ ചൂടും ചൂരും അവളറിയുന്നു. ഏറെ പാടുപെട്ട് പ്രസിദ്ധയായ ഒരു കവയിത്രിയുമായി അഭിമുഖത്തില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടിക്ക് പകര്‍ന്നുകിട്ടുന്ന പ്രേമകഥയാണെങ്കില്‍ അതിവിചിത്രമാണ്.

സ്ത്രീപുരുഷബന്ധത്തിന്റെ ഒരു വികൃതമായ വശം ‘കാമ്യം’ എന്ന കഥയില്‍ കാണാവുന്നതാണ്. ഒരു കുട്ടിക്കുവേണ്ടി ദാഹിക്കുന്ന സമ്പന്നയായ അറബിസ്ത്രീ അതു നേടിയെടുക്കാനായി ഭര്‍ത്താവില്ലാത്ത നേരത്ത് വീട്ടുജോലിക്കാരനുമായി കിടക്ക പങ്കിടാന്‍വരെ തയ്യാറാകുന്നു. ഇത്തരത്തില്‍ ഒരു വൈകാരികബന്ധവുമില്ലാതെ ശരീരം അതിന്റെ കര്‍മ്മം നിര്‍വ്വഹിക്കുമ്പോള്‍ അയാള്‍ പശ്ചാത്തപിക്കുകയാണ്. ഇങ്ങനെ സ്ത്രീപുരുഷബന്ധത്തെ പല കോണുകളിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നുണ്ട് കഥാകൃത്ത്. മിക്കതിലും തന്റെ പ്രണയത്തിനുവേണ്ടി എന്തും സഹിക്കാന്‍ തയ്യാറുള്ള കഥാപാത്രങ്ങളെ കാണാനാകും. ‘ആരൊക്കെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും എനിക്ക് നിന്നോടു ചേരാതിരിക്കാനാവില്ല. മുറിവുകളൊക്കെയും നമുക്ക് പൂക്കളായി വിവര്‍ത്തനം ചെയ്യാം’ എന്നു പറഞ്ഞുകൊണ്ട് കാമുകന്‍ ചേര്‍ത്തു പിടിക്കുമ്പോഴാണ് അക്രമിയുടെ വെടിയുണ്ട അവളെ വീഴ്ത്തുന്നത്. അതുപോലെ ഒരു ശ്രീലങ്കന്‍ പെണ്‍കുട്ടിയുടെ ദയനീയമായ ചിത്രവും ഇതില്‍ വരച്ചിടുന്നുണ്ട്.

മറ്റുചില കഥകളില്‍ വ്യത്യസ്തമായ വിഷയങ്ങള്‍ കടന്നുവരുന്നുണ്ട്. ‘ചാവേര്‍’ എന്ന കഥയില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കാനായി തെരുവുനാടകങ്ങളുമായി ഇറങ്ങിപ്പുറപ്പെടുന്ന ഒരുസംഘം ചെറുപ്പക്കാര്‍ക്ക് ഒരു ക്ഷേത്രപരിസരത്തുനിന്ന് ഒരു തേക്കിലപ്പൊതിയില്‍ കിട്ടുന്നത് ചോരയൊലിക്കുന്ന നാവും കൈപ്പത്തിയുമാണ്. പിന്നീട് വാഴുന്നോര്‍ക്കെതിരായ പ്രതിഷേധമായി ഇവയൊക്കെ നിവേദ്യമായി അര്‍പ്പിച്ച ചെറുപ്പക്കാരനെ അവര്‍ കണ്ടുമുട്ടുന്നു. സമകാലീന സമൂഹ ത്തില്‍ ഫാസിസ്റ്റ് സമൂഹത്തിന്റെ പ്രതിനിധിയെ ഇവിടെ നമുക്ക് കാണാ നാകുന്നു. ഇതുപോലെ സമകാലീനപ്രാധാന്യമുള്ള വിഷയങ്ങളായ സമ്പന്നവര്‍ഗ്ഗത്തിന്റെ നായപ്രേമവും പേപിടിച്ച നായകളുടെ കടിയേല്‍ ക്കുന്ന നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാരുടെ ദൈന്യതയും മലമ്പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുമൊക്കെ തിളക്കമുള്ള ചിത്രങ്ങളായി കടന്നുവരുന്നുണ്ട്.

പാരായണക്ഷമമാണ് ഇതിലെ പതിന്നാലു കഥകളും, കൈത്തഴക്കമുള്ള ഒരു കഥാകാരിയെപ്പോലെ അനായാസമായി കഥ പറഞ്ഞു പോകുന്നുണ്ട് സബീന സാലി എന്ന പ്രവാസി എഴുത്തുകാരി. മികച്ച നിരീക്ഷപാടവവും ഭാഷാസ്വാധീനവുമുള്ള ഈ എഴുത്തുകാരിക്ക് ഇനിയും ഏറെദൂരം പോകാനാകുമെന്നുതന്നെയാണ് എന്റെ വിശ്വാസം.

ഇതൊരു പഠനമോ അവതാരികയോ അല്ല. പുതിയ തലമുറയിലെ ഒരു കഥാകാരിയുടെ കഥകളിലേക്കുള്ള ഒരു ചെറുപ്രവേശിക മാത്രം.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English