ഇലഞ്ഞെട്ട്‌

മാതൃത്വത്തിന്റെ വിശുദ്ധഭാവങ്ങൾക്ക്‌ മലയാള കാവ്യലോകത്ത്‌ സ്വന്തം കയ്യൊപ്പ്‌ ചാർത്തി, കാവ്യാസ്വാദക മനസ്സിൽ വാത്സല്യത്തിന്റെ കുടമുല്ല വിരിയിച്ച്‌ ദശകങ്ങളോളം മലയാളത്തിന്‌ സത്യത്തിന്റെ സൗഗന്ധിക ശോഭ ചാർത്തിയ അതുല്യ പ്രതിഭ ബാലാമണിയമ്മയും ഓർമ്മയായി. ആകസ്‌മികമെന്നോ, അപ്രതീക്ഷിത വേർപ്പാടെന്നോ പറയാനാവില്ലെങ്കിലും ഞാനാരെന്ന ഓർമ്മ പോലും ബാക്കിയില്ലാതെ ഇത്രയും കാലം നമ്മോടൊപ്പമുണ്ടായിരുന്ന ആ മാതൃ തേജസ്സ്‌, ‘വിട്ടയയ്‌ക്കുക കൂട്ടിൽ നിന്നെന്നെ ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ…’ എന്നു പാടിയ കിളി, മൃത്യുവിന്റെ ആകാശത്തേക്ക്‌ ചിറകടിച്ചുയർന്നിരിക്കുന്നു. മാതൃത്വത്തിന്റെ ചെപ്പിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഈ മാതാവിന്റെ കവിതകൾ. അധർമ്മത്തിന്‌ ഉൽകൃഷ്‌ടമായ പരിവേഷം നൽകുന്ന ആധുനിക യുഗത്തിൽ അഹിംസാ സിദ്ധാന്തത്തിന്റെ പ്രസക്‌തിയെന്തെന്നന്വേഷിക്കാനാണ്‌ അധാർമ്മികളുടെ കുലത്തെ മുവ്വേഴു വട്ടം മുടിച്ച ഹിംസാമൂർത്തിയായ പരശുരാമനെ കൊണ്ട്‌ ‘മഴുവിന്റെ കഥ’യിലൂടെ ഹിംസാമാർഗ്ഗം വിജയിച്ചുവോ എന്ന്‌ പുനഃപരിശോധിപ്പിച്ചത്‌. പരശുരാമനെയില്ല, മനുഷ്യരെ ഒന്നായി കണ്ട മഹാബലിയെയാണ്‌ കേരളം സ്‌നേഹിക്കുന്നതെന്ന കാര്യം ഇവരുടെ കവിതയിലുണ്ട്‌. പ്രകമ്പനങ്ങളുയർത്തുന്ന മുദ്രാവാക്യങ്ങളില്ലാതെ അധഃസ്ഥിതരുടെ ദുഃഖങ്ങളാവിഷ്‌ക്കരിക്കുന്ന കവിതകളും, കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റേയും തേനൂറുന്ന വരികളും ഈ അമ്മയിൽ നിന്നും നമ്മൾ വായിച്ചിട്ടുണ്ട്‌. കവിതയെഴുത്ത്‌ പ്രാർത്ഥനയാണെന്ന്‌ വിശ്വസിച്ച ആ കവിയത്രിയുടെ വിയോഗം അനാഥമാക്കുന്നത്‌ മലയാള കാവ്യലോകത്തെയാണ്‌. ഇനിയൊരു ബാലാമണിയമ്മ നമുക്കുണ്ടാവില്ല എന്ന മലയാളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

പത്രാധിപ സമിതി

Generated from archived content: edit_nov.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English