എനിക്ക് ശ്വാസം മുട്ടുന്നു *

അല്ലയോ ജന്മനാ അന്ധനായ
വിലങ്ങുവാഹകാ ഈ നിമിഷം
നിനക്ക് കീഴടങ്ങിക്കിടക്കുന്നത്
കരുത്ത് കുറഞ്ഞിട്ടോ
പാപഭീതീകൊണ്ടോ അല്ല,
ഈ മണ്ണിലിങ്ങനെ മുഖമമർന്ന്
കിടക്കുമ്പോൾ എന്റെ പൂർവ്വികന്മാർ
നയിച്ച ജന്മനാടിന്റെ സമരകാഹളം കേൾക്കുന്നതുകൊണ്ടു മാത്രമാണ്.

വാഗ്ദത്തഭൂമി കിനാക്കണ്ട്
രക്തസാക്ഷികളായവരെപ്പോലെ
എനിക്കും ഒരു സ്വപ്നമുള്ളതുകൊണ്ടാണ്.

ഓർക്കുക അധികാരത്തിന്റെ
കരിങ്കുപ്പായമഴിച്ചുവെച്ചാൽ
നീയും ഞാനും മനുഷ്യരാണ്
നമ്മുടെ സ്വപ്നങ്ങളെ ചുറ്റിയൊഴുകുന്ന
മിസിസിപ്പിയിലെ കുളിർക്കാറ്റേറ്റു
വളർന്നുവന്ന പച്ചമനുഷ്യർ.

എന്റെയും നിന്റെയും പൂജാമുറികളിൽ
ക്രൂശിക്കപ്പെട്ടിരിക്കുന്നത് ഒരേ ദൈവമാണ്
നാളെ അവനു മുന്നിൽ നിന്റെ കാൽമുട്ടുകൾ
വിറകൊള്ളുന്നെങ്കിൽ കുറ്റവാളി ഞാനായിരുന്നില്ലെന്നവനൊപ്പം
ഒരേവർണ്ണമണിഞ്ഞീദേശം
വിളിച്ചു പറയുന്ന കാലം വിദൂരമല്ല.
തൊലി കറുത്തവരൊക്കേയും
മരണയോഗ്യരെന്ന നീതിശാസ്ത്രം
നിർമ്മിച്ചെടുത്ത കോട്ടകളൊക്കേയും
തകർന്നടിയും, എന്തെന്നാൽ
കറുപ്പിനെ ഉലയൂതി
വെളുപ്പിച്ചെടുത്തതാണല്ലോ
നിന്റെയീ നായ്ക്കൾ കാവലിരിക്കുന്ന
വെളുത്ത കൊട്ടാരം.

ഇപ്പോൾ നിങ്ങളീ കാലുകൾ പിൻവലിക്കുക
നിങ്ങളെന്റെ കഴുത്തിൽ അമർത്തുകയാണ്
എനിക്ക് ശ്വാസംമുട്ടിക്കൊണ്ടേയിരിക്കുന്നു ; ”

(*2020 മെയ് 25ന് അമേരിക്കയിലെ മിന്നീപോളീസിൽ ‘ഡെറക് ഷോളോവിൻ എന്ന പോലീസുകാരൻ ശ്വാസംമുട്ടിച്ചു കൊന്ന ജോർജ്ജ് ഫ്ലോയിഡിന്റെ അവസാന വാക്കുകൾ)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅക്ഷരക്രമം
Next articleനീലക്കടമ്പ്
സുരേഷ്‌ ഗംഗാധരൻ
പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ടയിൽ ജനിച്ചു. ചെറുപ്പം മുതൽ കവിതകൾ എഴുതുന്നു.അർത്ഥങ്ങൾ തേടുന്ന വർണങ്ങൾ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് ( റെയിൻബോ ബുക്സ് -2007 ).വിലാസം ഒടിയുഴത്തിൽ കിഴക്കേക്കര, ഇലവുംതിട്ട. പി.ഒ, പത്തനംതിട്ട ജില്ല, പിൻ - 689625. Email id sureshelta15@gmail.com

1 COMMENT

  1. നല്ല കവിത. എഴുത്ത് സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഇനിയും കവിതകൾ അവതരിപ്പിക്കാൻ കഴിയട്ടെ അഭിനന്ദനങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English