അവൾ

 

നല്ല വിശപ്പ്.
അമ്പലത്തിൽ നിന്ന് തൊഴുതു ഇറങ്ങിയത് മുതൽ തുടങ്ങിയതാണ്.
വേഗം വീട്ടിലെത്തി എന്തെങ്കിലും കാര്യമായി കഴിക്കണം
ഞാൻ നടത്തത്തിനു വേഗത കുട്ടി.
“എടാ ഒന്ന് നിൽക്കെടാ..”  പുറകിൽ നിന്നുള്ള വിളി തിരിച്ചറിഞ്ഞു ഞാൻ തിരിഞ്ഞു.
“ഓ ശശിയോ. നീ എന്നെത്തി ?”
“രണ്ടു ദിവസമായി.”
“പിന്നെ സുഖം ? ഫാമിലി ?” ഞാൻ നടന്നു കൊണ്ട് ചോദിച്ചു.
“എന്ത് സുഖം. എല്ലാവരും അങ്ങനെ കഴിഞ്ഞു പോകുന്നു.” അവൻ തിടുക്കത്തിൽ എന്റെ ഒപ്പം എത്താനായി ശ്രമിച്ചു കൊണ്ട് പറഞ്ഞു.
അറബി നാട്ടിലെ ജീവിതം അവന്ടെ ശരീരത്തിൽ വരുത്തിയ കൊഴുപ്പു അവനെ കിതപ്പിച്ചു.
“എല്ലാവരും വീടുകൾ പുതുക്കുകയാണല്ലോ. പണിക്കാരെല്ലാരും ഹിന്ദിക്കാരും.” അവൻ വഴിയിലെ പണി നടക്കുന്ന വീടുകൾ നോക്കി പറഞ്ഞു.
ഞാൻ ചിരിച്ചു.
“എടാ ഇവൾ എപ്പോ എവിടെയാ ?” നടക്കുന്നതിനിടയിൽ മുൻപിൽ കണ്ട വീട് നോക്കി കൊണ്ടവൻ ചോദിച്ചു.
ഇവൻ ഇതെന്താ എന്നോട് ചോദിക്കുന്നത് ? എന്റെ മനസിലുള്ളത് ഇവൻ എങ്ങനെ അറിഞ്ഞു ? ഇനി അവളോടുള്ള ഇഷ്ട്ടം ഞാൻ  എങ്ങാനും ഇവനോട് പറഞ്ഞിട്ടുണ്ടോ ? ചിന്തകൾ തലയിലൂടെ പാഞ്ഞു.
ഞെട്ടൽ പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു ? “ആരാ ?”
“എടാ അവൾ …”  അവൻ ആ വീട് തന്നെ നോക്കി മുൻപോട്ടു നടക്കുകയാണ്.
“ഓഹ് …അവളോ … അവൾ ഫാമിലിയായി അങ്ങ് അമേരിക്കയിൽ അല്ലെ. രണ്ടു മുന്ന് മക്കളായി എന്ന് തോന്നുന്നു.”
ഞാൻ കാര്യമാക്കാതെ പറഞ്ഞുവെങ്കിലും ഒരു നിശ്വാസം ഞാൻ അറിയാതെ പുറത്തേക്കു പോയി.
“അല്ല, നീയെപ്പോഴും അവളെ കുറിച്ച് ചോദിക്കാറുണ്ടല്ലോ. എന്താ വല്ല നോട്ടവും ഉണ്ടായിരുന്നോ ?”
“ഓഹ് .. അതൊക്കെ ഇനി പറഞ്ഞെട്ടിന്തിനാ … ഉണ്ടായിരുന്നു…. പക്ഷെ അവൾ അറിഞ്ഞിരുന്നില്ല……”  അവന്ടെ മുഖത്ത് കൊഴുപ്പിനിടയിലും ഒരു നഷ്ടബോധം തളംകെട്ടി നിന്നു.
“ഓഹ് …” അത്ഭുതം കൂറിയ  കണ്ണുകളുമായി വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറി ഞാൻ നിന്നു.
“ശരിയെടാ സോമാ .. പോകുന്നതിനു മുൻപ് കാണാം “ എന്ന് പറഞ്ഞു ശശി നടന്നകന്നു.
എന്നോട് പറഞ്ഞപ്പോൾ അവനു ആശ്വാസമായിട്ടുണ്ടാകും. ഞാൻ എന്ടെ കാര്യം ആരോട് പറയും. അതാലോചിച്ചു കൊണ്ട് ഞാൻ പതുക്കെ വീട്ടിലേക്കു നടന്നു.
വിശപ്പ് എന്നെ വിട്ടുപോയിരുന്നു.
“ഇതെന്താ വീട്ടിലേക്കു വരുന്നില്ലേ….” എന്റെ നടപ്പു കണ്ടു  മതിലിനുള്ളിൽ നിന്നും തല പുറത്തേക്കു വലിച്ചു നീട്ടി ഭാര്യ ചോദിച്ചു .
എനിക്ക് വീണ്ടും വിശക്കാൻ തുടങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English