മുഖം

കോടതികൾ ജനകീയ താൽപര്യങ്ങൾക്കും സാമൂഹികപുരോഗതിക്കും എതിരാകുന്ന അപകടകരമായ സ്ഥിതി വിശേഷത്തിലേക്കാണ്‌ അടുത്തിടെയുണ്ടായ ചില സുപ്രധാന കോടതിവിധികൾ വിരൽചൂണ്ടുന്നത്‌. സാമൂഹിക പുരോഗതിയും സാമൂഹിക നീതിയും ലക്ഷ്യമാക്കി നിയമനിർമ്മാണസഭകൾ നിർമ്മിക്കുന്ന നിയമങ്ങളെ തുറന്ന മനസോടെ സമീപിക്കാൻ പലപ്പോഴും നമ്മുടെ കോടതികൾക്കാവുന്നില്ല.

ഉന്നത വിദ്യാഭ്യാസരംഗത്ത്‌ സാമൂഹികനീതി ഉറപ്പുവരുത്താനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന സ്വാശ്രയനിയമത്തിന്റെ അന്തഃസത്തയെ കോടതി ചോദ്യം ചെയ്‌തത്‌, വിദ്യാഭ്യാസ കച്ചവടക്കാർക്ക്‌ അനുകൂലമായ പല തരം വ്യാഖ്യാനങ്ങൾ നിരത്തിയാണ്‌. സ്വാശ്രയ രംഗത്തെ ദുഷ്‌പ്രവണതകളെയും അഴിമതിയേയും വിസ്‌മരിച്ചുകൊണ്ടുളള സുപ്രീം കോടതിവിധി ആത്യന്തികമായി ഗുണം ചെയ്‌തത്‌ വിദ്യാഭ്യാസ കച്ചവടലോബിക്കാണ്‌. മാരകമായ വിഷാംശങ്ങളടങ്ങിയ കോള ഉൽപന്നങ്ങൾ നിരോധിച്ചുകൊണ്ടുളള സംസ്ഥാന സർക്കാരിന്റെ തീരുമാനം, അനിയന്ത്രിതമായ ജലചൂഷണത്തിനെതിരെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പോരാട്ടങ്ങളുടെ വിജയവും ജനാഭിലാഷത്തിന്റെ പൂർത്തീകരണവുമായിരുന്നു. എന്നാൽ ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ അവഗണിച്ചുകൊണ്ട്‌ സാങ്കേതികത്വത്തിന്റെ പേരിൽ കോള കമ്പനികൾക്ക്‌ അനുകൂലമായി വന്ന ഹൈക്കോടതി വിധി, കോടതിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്‌.

നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായ കോടതികൾക്ക്‌ പൂർണ്ണമായി ജനകീയമാകാൻ ഒരിക്കലും കഴിയില്ലെന്നതാണ്‌ വസ്‌തുത. അതുകൊണ്ടാണ്‌ തൊഴിലാളികൾ പണിമുടക്കാൻ പാടില്ലെന്നുവരെ കോടതികൾ വിധിച്ചത്‌. അടിയന്തിരാവസ്ഥക്കാലത്ത്‌ പൗരന്റെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടപ്പോൾ അതിനെ ചോദ്യം ചെയ്യാൻ ഒരു കോടതിയും ഇവിടെ ഉണ്ടായില്ല. കോടതിവിധികൾ വിമർശനവിധേയമല്ലെന്ന ധാരണ മാറണം. കോടതി വിധികളെക്കുറിച്ച്‌ ജനകീയമായ ചർച്ചകളും സംവാദങ്ങളും നടക്കണം.

ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങളായ ലെജിസ്ലേറ്റീവും എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഒരേ മനസോടെ പ്രവർത്തിക്കുമ്പോഴേ നമ്മുടെ ജനാധിപത്യത്തിന്‌ പൂർണ്ണത കൈവരികയുളളൂ. കോടതികൾ അത്‌ തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുന്നത്‌ ജനാധിപത്യത്തിന്റെ തന്നെ പ്രസക്തിയാണ്‌.

Generated from archived content: edit1_jan12_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English