ഗ്രീന്‍ബുക്‌സ് നോവല്‍ അവാര്‍ഡ് 2019: അവാർഡ്‌ നേടാൻ അഹർഹമായ കൃതികളില്ലെന്നു അവാർഡ് കമ്മറ്റി; പ്രതിഷേധവുമായി എഴുത്തുകാർ

 

 

 

ഗ്രീന്‍ബുക്‌സ് നടത്തിയ നോവല്‍ മത്‌സരത്തിന്റ അവാര്‍ഡ് നിര്‍ണ്ണയം ജഡ്ജിങ് കമ്മറ്റി ആയ ശ്രീ എം.മുകുന്ദന്‍, ഡോ.എം.എം.ബഷീര്‍, ശ്രീ ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ ആയിരുന്നു നടത്തിയത്. അവാർഡിന് അർഹമായ കൃതികൾ ഒന്നുമില്ല എന്നാണ് എന്നാണ് സംഘാടക സമിതി പറയുന്നത്. എന്നാൽ ഇതിനെതിരെ നോവൽ സമർപ്പിച്ച എഴുത്തുകാർ രംഗത്തെത്തി. ഗ്രീൻ ബുക്ക്സ് വിശ്വാസ വഞ്ചനനടത്തി എന്നാണ് അവർ പറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് അവർ,

അവാർഡ് കമിറ്റിയുടെ വിലയിരുത്തൽ വായിക്കാം:

നോവല്‍സാഹിത്യം വികസിച്ചുവെന്നാണ് നമ്മുടെ പൊതുവശ്വാസം. എന്നാല്‍, പുറത്തു വരുന്ന നോവലുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ വിശ്വാസത്തിന് കുറവ് വരുന്നുണ്ടോ എന്ന് സംശയിക്കണം.
ഗ്രീന്‍ ബുക്‌സിന്റെ നോവല്‍ മത്സരത്തില്‍ 32 നോവലുകളാണ് അയച്ചു കിട്ടിയത്. എം. മുകുന്ദന്‍, ഡോ. എം.എം. ബഷീര്‍, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരടങ്ങുന്ന പരിശോധനാസമിതി പരിശോധിച്ചു. വിലയിരുത്തലില്‍ അവാര്‍ഡിനര്‍ഹമായ നോവലുകളൊന്നും തന്നെ കണ്ടെത്താനായില്ല. അവയില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് 3 നോവലുകള്‍ തെരഞ്ഞെടുക്കുകയുണ്ടായി. ‘ചെമ്പകക്കൊമ്പിലെ പ്യൂപ്പ’- ഫൈസല്‍ കൊണ്ടോട്ടി, ‘അതിപൗരന്‍’ – സിനോജ് ജേക്കബ് . കെ, ‘അതിരഴിസൂത്രം – അജിജേഷ് പച്ചാട്ട് എന്നീ നോവലുകള്‍. എന്നാല്‍ ഈ കൃതികളൊന്നും അവാര്‍ഡിനര്‍ഹമല്ല എന്നാണ് സമിതിയുടെ വ്യക്തമായ അഭിപ്രായം.
പുതിയ എഴുത്തുകാര്‍ പ്രതിഭാശൂന്യരോ ജീവിതാനുഭവങ്ങള്‍ ഇല്ലാത്തവരോ അല്ല. ഒരു വിഷയം സ്വീകരിച്ച് സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും അനുക്രമമായി വികസിപ്പിച്ച് കലാശില്പമായി രൂപപ്പെടുത്തുന്ന സര്‍ഗ്ഗപ്രക്രിയയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ല. കൈകാര്യം ചെയ്യുന്ന പ്രമേയം നിലവാരപ്പെട്ടതാകുമ്പോഴും അതിനെ നോവല്‍ഘടനാശില്പത്തിലൊതുക്കി ആഖ്യാനം ചെയ്യാന്‍ സാധിക്കുന്നില്ല. പുതിയ കാലത്തിന്റെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കരുത്തുകാട്ടുന്ന എഴുത്തുകാര്‍ക്കുപോലും ഭാഷയിലൂടെ രൂപപ്പെട്ടു വരുന്ന നോവലിന്റെ സൃഷ്ടിസൗന്ദര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ പോകുന്നു.
ഈ പശ്ചാത്തലത്തില്‍ ഒരു ദളിത് പെണ്‍കുട്ടിയുടെ ജീവിതസാഹചര്യങ്ങളെ ഇതിവൃത്തമാക്കി രചിച്ചിട്ടുള്ള ‘ചെമ്പകക്കൊമ്പിലെ പ്യൂപ്പ’ എന്ന നോവല്‍ പ്രോത്സാഹനാര്‍ത്ഥം വേണ്ട തിരുത്തലുകളോടെ പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
അവാര്‍ഡ് നല്‍കാന്‍ യോഗ്യതയുള്ള നോവല്‍ ഇല്ലാത്തതിനാല്‍ ഗ്രീന്‍ ബുക്‌സിന്റെ 2019-ലെ അവാര്‍ഡ് നല്‍കേണ്ടതില്ല എന്ന് പരിശോധനാസമിതി ഐകകണ്‌ഠേന തീരുമാനിച്ചിരിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English