മറവിയുടെ പുസ്‌തകത്തിൽ എഴുതാൻ

നന്മയിലേയ്‌ക്ക്‌ പോകാനാഗ്രഹിച്ച്‌ അവിടെ നമ്മുടെ സാംസ്‌കാരിക നായകന്മാരെ കണ്ട്‌ ഭയന്ന്‌ തിന്മയുടെ നേർക്ക്‌ തിടുക്കപ്പെട്ട്‌ കുതിരയോടിച്ചു പോയയാളാണ്‌ ജോൺ എബ്രഹാമിന്റെ സാക്ഷാത്‌കരിക്കപ്പെടാതെ പോയ ‘നന്മയിൽ ഗോപാല’നിലെ നായകൻ. ഗോപാലനിൽ ജോൺ തന്നെയാണ്‌ പ്രതിബിംബിക്കുന്നത്‌. ആഭിജാത്യത്തിന്റെ വെണ്ണക്കൽ മാളികകൾ കണ്ട്‌ ഭയന്നോടി വ്യഥയുടെയും മുറിവിന്റെയും നിലവിളികളുടെയും പീഡിതനായ സഹയാത്രികനായ ജോൺ ഇനിയും വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ഇരുണ്ട ഭൂഖണ്‌ഡമാണ്‌. ജോണിൽ മറച്ചുവയ്‌ക്കപ്പെട്ടതൊന്നുമില്ലായിരുന്നു. എന്നിട്ടും നാം ജോണിൽ നിന്നും മറഞ്ഞുനിന്നു. ജനങ്ങളുടെ സിനിമയെക്കുറിച്ചാണ്‌ ജോൺ സംസാരിച്ചത്‌. അത്തരം സിനിമയുടെ ഹൃദയവും മസ്‌തിഷ്‌കവും ജോണിനറിയാമായിരുന്നു. തന്റെ താളം തെറ്റിയ-തെറ്റിച്ച-ജീവിതം കൊണ്ട്‌ വരേണ്യകലയുടെ മുഖത്ത്‌ കാർക്കിച്ചുതുപ്പി ഇറങ്ങിനടന്ന ഈ മനുഷ്യൻ പൂനാ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ നാലുപ്രാവശ്യം പുറത്താക്കപ്പെട്ടു എന്നുളളത്‌ വ്യവസ്ഥാപിതചിട്ടകളോടുളള അയാളുടെ തെറ്റിപ്പിരിയലിന്റെ സൂചകം തന്നെയാണ്‌. കച്ചവടസിനിമയുടെ പിന്നാമ്പുറങ്ങളിൽ നിൽക്കുന്നവർപോലും വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുമ്പോൾ ‘അമ്മ അറിയാൻ, അഗ്രഹാരത്തിൽ കഴുതൈ’ എന്നീ സിനിമകളുടെ ദ്രവിച്ചു തുടങ്ങിയ ഫിലിമുകൾ അനാഥമായി നിലവിളിക്കുകയാണ്‌. ആ കരച്ചിലിന്‌ നമുക്ക്‌ പരിചിതമായ ശബ്‌ദംതന്നെയാണ്‌. പുറമ്പോക്കുജീവിതത്തിന്റെ ആരവങ്ങൾ എത്ര അപരിചിതമെന്നു നടിച്ചാലും തിരിച്ചറിയപ്പെടുമല്ലോ. ഒരിക്കൽ ജോണെഴുതി; “കിടന്നുറങ്ങാൻ എനിക്ക്‌ മേൽക്കൂര ആവശ്യമില്ല. ആകാശത്തിനു കീഴെ എവിടെയെങ്കിലും ഞാൻ കിടന്നുകൊളളും. ഞാൻ പ്രകൃതിയുടെ മകനാണ്‌. പൊടിമണ്ണാണ്‌ എനിക്ക്‌ പത്ഥ്യം. പക്ഷെ എന്നെ സിനിമയെടുക്കാനനുവദിക്കണം. അതു മാത്രമേ എനിക്കുവേണ്ടൂ. സിനിമയാണ്‌ എന്റെ ജീവിതം. അതില്ലെങ്കിൽ ഞാനില്ല.” ജോണിന്റെ സിനിമകൾ ഇല്ലാതാവുകയാണ്‌. അതിനർത്ഥം ജോൺ ഇല്ലാതാവുകയാണ്‌. നമ്മുടെ സാംസ്‌കാരിക വകുപ്പിനെ നയിക്കുന്നത്‌ വിവരമുളളവരാണ്‌. ഇതുകൊണ്ടാണല്ലോ ജോൺ എന്നു കേട്ടാൽ ഉടൻ അവർ സംസ്‌കാരത്തിന്റെ പുസ്‌തകം അടയ്‌ക്കുന്നത്‌.

Generated from archived content: essay2_june.html Author: ilavoor_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English