പ്രണയ കവി – ഇടപ്പളളി രാഘവൻപിളളയുടെ അന്ത്യസന്ദേശം

ഞാൻ ഒന്നുറങ്ങിയിട്ട്‌ ദിവസങ്ങളല്ല, മാസങ്ങൾ വളരെയായി. കഠിനമായ ഹൃദയവേദന. ഇങ്ങനെ അല്‌പാൽപം മരിച്ചുകൊണ്ട്‌ എന്റെ അവസാന ദിനത്തെ പ്രതീക്ഷിക്കുവാൻ ഞാൻ അശക്തനാണ്‌. ഒരു കർമ്മ ധീരനാകുവാൻ നോക്കി. ഒരു ഭ്രാന്തനായി മാറുവാനാണ്‌ ഭാവം. സ്വാതന്ത്ര്യത്തിന്‌ കൊതി. അടിമത്വത്തിന്‌ വിധി. മോചനത്തിന്‌ വേണ്ടിയുളള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരികൊളളിക്ക മാത്രമാണ്‌ ചെയ്യുന്നത്‌. എന്റെ രക്ഷിതാക്കൾ എനിക്ക്‌ ജീവിക്കാൻ വേണ്ടുന്നവ സന്തോഷത്തോടും സ്‌നേഹത്തോടും തരുന്നുണ്ടായിരിക്കാം. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മർദ്ദിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാഭാരമായിട്ടാണ്‌ തീരുന്നത്‌. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷബീജങ്ങളാൽ മലീമസമാണ്‌. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നതാണ്‌. ഞാൻ ഉടുക്കുന്ന വസ്‌ത്രം പോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്‌.

പ്രവർത്തിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക. സ്‌നേഹിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക. ആശിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കുക. ഈ മൂന്നിലുമാണ്‌ ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്‌. ഇവയിലെല്ലാം എനിക്ക്‌ നിരാശയാണ്‌ അനുഭവം. എനിക്ക്‌ ഏക രക്ഷാമാർഗ്ഗം മരണമാണ്‌. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപാടിൽ ആരും നഷ്‌ടപ്പെടുന്നില്ല. ഞാൻ നേടുന്നുമുണ്ട്‌. മനസാ, വാചാ, കർമണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്‌ടിയും നിയമത്തിന്റെ ഖഡ്‌ഖവും നിരപരാധിത്വത്തിന്‌ മേൽ പതിക്കരുതേ.

എനിക്ക്‌ പാട്ടുപാടാൻ ആഗ്രഹമുണ്ട്‌. എന്റെ മുരളി തകർന്നുപോയി.

കൂപ്പുകൈ

Generated from archived content: essay4_may28.html Author: edappilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English