വയലേ
വയലേ
കിളിയേ
കിളിയേ
വയല്‍ക്കിളിയേ
കിളിവയലേ
വയലിലെന്തുണ്ട്
വയലിന്‍ നെഞ്ചില്‍
കുന്നുകള്‍ തന്‍ കുഴിമാടത്തിനു മീതെ
കണ്ണുമിഴിക്കും ഉറവക്കുഞ്ഞിന്‍
കണ്ണീരിനു മീതെ
ഒട്ടും വയറുകള്‍ കൊട്ടിപ്പാടും
പ്രേതപ്പാട്ടിനു മീതെ
കണ്ണില്ലാ കാതില്ലാ
യന്ത്രപ്പന്തയക്കുതിരകള്‍ പായും
സ്ഫടികപ്പെരുവഴിയുണ്ടല്ലോ
കിളികളിതെവിടെപ്പോയ്
കിളികളിവിടെ
പണ്ടു കൊയ്തൊരു
പൊന്നാര്യന്റെ മണമൂറും
പാട്ടു മറന്ന്
എന്നുമൊരിക്കലും
നമ്മുടെതാകാ മണ്ണിന്‍ ചുറ്റും
തീത്തൂവലുചുറ്റി
ചുട്ടുകനക്കും
ആഗ്നേയാണ്ഡം
നിറനെഞ്ചിലൊളിപ്പിച്ചും
കൊക്കു പിളര്‍ത്തുന്നു
പെരുവഴി വന്നാലെന്തുണ്ട്
വഴി വന്നാല്‍ വേഗം കൊണ്ടേ
സമയത്തെപ്പറ്റിക്കാം
ദാഹിക്കില്ല വിശക്കില്ല
കിനാവു പോലും വേണ്ടല്ലോ
ഇമ ചിമ്മിത്തുറക്കും മുമ്പേ
ലോകം നമ്മുടെ മുമ്പില്‍
പ്രണമിച്ചു കിടക്കും സാഷ്ടാംഗം
അത് കണികണ്ടു നമുക്കെന്നും
നെടുവീര്‍പ്പുകളിട്ടീടാം
വയലു പോകട്ടെ
കിളി പോകട്ടെ
പെരുവഴിയുണ്ടല്ലോ ശരണം
വയലേ വിട
കിളിയേ വിടയതിവേഗത്തില്‍
ബലിപീഠങ്ങളിലിങ്ങനെയെത്ര
പിണകോടികള്‍..
നാവൊതുക്കീടാം ..
Click this button or press Ctrl+G to toggle between Malayalam and English