ഗാന്ധി

 

kudiyan-3
അത്താണിച്ചുവട്ടിലെ ഓലമേഞ്ഞ കള്ളുഷാപ്പ് അടഞ്ഞു കിടക്കുകയാണ്. ചാക്കണയുടെ എച്ചിലില വീഴുന്നിടത്ത് ചുരുണ്ടു കിടന്നിരുന്ന ചാവാലിപ്പട്ടി അയാളെ നോക്കി ഒന്നു വാലാട്ടിയശേഷം കാലുകള്‍ക്കിടയിലേക്ക് തലതാഴ്ത്തി . നീല വീപ്പകളില്‍ വന്നിറങ്ങുന്ന ചിറ്റൂരിലെ തെങ്ങിന്‍ മണ്ടകള്‍ ചുരത്തുന്ന പതയുന്ന പാനീയം നുകരാന്‍ പതിവുപോലെ ഓടിയെത്തിയ കണ്ടച്ചാമി മിണ്ടാട്ടം മുട്ടി മിഴിച്ചിരുന്നു പോയി. അല്പ്പനേരത്തെ ആ അന്ധാളീപ്പിനു ശേഷം അയാള്‍ അടുത്തുള്ള പെട്ടിക്കടയില്‍ ചെന്ന് കാര്യം തിര‍ക്കി.

” കോവാലാ , അവന്റപ്പന്‍ ചത്തോ?”

ഷാപ്പിലെ ജീവനക്കാരന്‍ കിട്ടുണ്ണിയുടെ കിടപ്പിലായ അപ്പനെയാണ് ഉദ്ദേശിച്ചതെന്ന് ഊഹിച്ചെടുത്ത ഗോപാലന്‍ ഒന്നൂറിച്ചിരിച്ചു .

” കണ്ടച്ചാമിയേട്ടാ ഇന്ന് ഒക്ടോബര്‍ രണ്ടല്ലേ അരിഷ്ടക്കടകളൊക്കെ അടഞ്ഞു കിടക്കുന്ന ദിനം”

കണ്ടച്ചാമിക്കു അപ്പോഴും കാര്യം പിടികിട്ടിയില്ല.

” ഇന്ന് ഗാന്ധി ജയന്തി കണ്ടച്ചാമിയേട്ടന്‍ പനങ്കാവിലേക്കു വിട്ടോ”

” കാന്തിയും കീന്തിയും” കണ്ടച്ചാമി പിറുപിറുത്തുകൊണ്ട് നേരെ പാടത്തേക്കിറങ്ങി.

കുളവരമ്പെത്തിയപ്പോള്‍ കൂട്ടുകാരനായ കുട്ടായിയെ കണ്ടു.

” കണ്ടച്ചാമിയേട്ടന്‍ പനങ്കാവിലേക്കു പോയിട്ടിപ്പോള്‍ കാര്യമില്ല. ചെക്കറുകാര്‍ എത്തിയിട്ടുണ്ട് ചെത്തുകാരൊ എലികളെപ്പോലെ മാളത്തിലൊളിച്ചു ”

കുട്ടായി അറിയിച്ചു.

” അപ്പഴ് ആ വഴിയും അടഞ്ഞു ”

കണ്ടച്ചാമി ഇടുപ്പില്‍ കൈ കുത്തിക്കൊണ്ട് ഒന്നു നെടുവീര്‍പ്പിട്ടു

” എന്താണ്ട കുട്ടായിയേ ഒരു പോമ്പഴി?”

ആ നില്പ്പില്‍ തൊണ്ടയിടറിക്കൊണ്ട് കണ്ടച്ചാമി ചോദിച്ചു.

” ” വഴീണ്ട് കണ്ടച്ചാമിയേട്ടന്‍ എന്റെ കൂടെ വാ” അത്രയും പറഞ്ഞ് കുട്ടായി മുമ്പേ നടന്നു.

” മിലട്ടറിയാണോ നീ ഉത്തേസിച്ചത്?”

തലയില്‍ കെട്ടിയ ഈരിഴത്തോര്‍ത്തഴിച്ചു കുടഞ്ഞു കൊണ്ട് കണ്ടച്ചാമി ചോദിച്ചു.

”അല്ലന്നേ , ഇത് മറ്റേവനാ , മലഞ്ചരക്ക്. മിലിട്ടിരിയൊന്നും ഏഴയലത്തു വരില്ല”
കുട്ടായി പറഞ്ഞു.

” കുറുക്കന്‍ വേലൂന്റെ ചരക്കെന്നു പറ”

കയ്യടിച്ചു കൊണ്ട് കണ്ടച്ചാമി നിന്നിടത്തുനിന്നും ഒന്നു ചാടീ.

” പുള്ളിക്കാരന്‍ എപ്പഴാ മലയെറങ്ങീത്? ” കണ്ടച്ചാമിയുടെ വാക്കുകളില്‍ ആവേശം നുര പൊന്തി.

” അതിപ്പോ പറയാനുണ്ടോ? നാട്ടിലെ ഷാപ്പുകള്‍ അടഞ്ഞു കിടക്കുമ്പോഴൊക്കെ വേലുവേട്ടന്‍ മലയിറങ്ങും” കുട്ടായി ഒന്നു നിറഞ്ഞു ചിരിച്ചു.

” ആപത്ത് വാന്തവന്‍” കണ്ടച്ചാമി ദൂരെ തെമ്മലയിലേക്ക് നോക്കി കൈകൂപ്പി തൊഴുതു.

വയല്‍ വരമ്പുകള്‍ പിന്നിട്ട് പുഴയിറക്കത്തിലെ കൈതപ്പൊന്തകള്‍ ലഷ്യമാക്കി അവര്‍ നടന്നു.

” അറിയാലോ അമ്പതു മില്ലിക്ക് അമ്പതുറുപ്പികയാണ്” കുട്ടായി ഓര്‍മ്മിപ്പിച്ചു.

” അമ്പതെങ്കില്‍ അമ്പത് എന്താപ്പ് ചെയ്യാ ” കണ്ടച്ചാമി ഒന്നു നെടുവീര്‍പ്പിട്ടു.
പുഴയിറങ്ങിയതും കുട്ടായി ചുറ്റും നോക്കി ആരുമില്ലെന്നു ഉറപ്പു വരുത്തിയ ശേഷം കുറുക്കനെ പോലെ മൂന്നു വട്ടം ഓരിയിട്ടു. അല്പ്പനേരത്തിനു ശേഷം മറുപടിയെന്നോണം മറുകരയിലെ കൈതപ്പൊന്തയില്‍ നിന്നും ഒരു ഓരിയിടല്‍ കേട്ടു. കുട്ടായിയുടെ മുഖം തെളീഞ്ഞു.

” കുറുക്കന്‍ ആ പൊന്തയിലാണ്”

അവര്‍ ധൃതിയില്‍ മറുകര പറ്റി കൈതപ്പൊന്തക്കുള്ളില്‍ മറഞ്ഞു. പിന്നെ പുറത്തിറങ്ങിയത് മണിക്കൂറുകള്‍ക്കു ശേഷമാണ്. നാലു കാലില്‍ പുഴമേടു കയറുമ്പോള്‍ കാലത്തു മുതല്‍ മനസിലിട്ടുകൊണ്ടു നടന്ന ആ സംശയം കണ്ടച്ചാമിയുടെ വായില്‍ നിന്നും പതുക്കെ പുറത്തു ചാടി.

” കുട്ടായി , ഒരു സംഷയം ആരണ്ടാപ്പാ ഈ കാന്തി?”

കുട്ടായി നടവഴിയില്‍ മലര്‍ന്നു കിടന്ന് ഒന്നുറക്കെ ചിരിച്ചു.

” എന്റെ കണ്ടച്ചാമിയ്യേട്ട നമ്മള്‍ കുറുക്കന് എണ്ണിക്കൊടുത്ത കടലാസാണ് ആ സാതനം” ചിരിക്കൊടുവില്‍ കുട്ടായി പറഞ്ഞു.

അപ്പോഴും കാര്യം പിടി കിട്ടാതെ കണ്ടച്ചാമി മാനം നോക്കി മലര്‍ന്നു കിടന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English